സൂഫിസം - വിലയനം
സൂഫിസം എന്നത് ചേര്‍ക്കലാണ്. ചേരലാണ്., ശരീരത്തെ. ഇന്ദ്രിയങ്ങളെ, പ്രാണനെ, സമ്പത്തിനെ, സ്വജനങ്ങളെ, ബന്ധുത്വത്തെ, നല്ല പാതിയെ, യജ്ഞങ്ങളെ, തപസ്സിനെ, ചിന്തകളെ, വാക്കുകളെ, പ്രവര്‍ത്തികളെ, സകലത്തിനെയും പരമസത്തയോട് ചേര്‍ക്കലാണ്. പ്രത്യക്ഷമായതിനെ, കാണുന്നതിനെ, കേള്‍ക്കുന്നതിനെ, മിണ്ടുന്നതിനെ, അറിയുന്നതിനെ, ദൈനംദിന ജീവിതത്തിനെ, ആഗ്രഹങ്ങളെ, നല്ലതിനെ, ചീത്തയെ, സുഖത്തെ, ദു:ഖത്തെ, ഭയത്തെ, സ്ഥൂലത്തെ, സൂക്ഷ്‌മത്തെ, മനസ്സിനെ ഹൃദയത്തെ, ആത്മാവിനെ, മാനത്തെ, അപമാനത്തെ, ഇഹത്തെ, പരത്തെ, സന്ദേഹങ്ങളെ, ഉറപ്പിനെ, ഭൂതത്തെ, ഭാവിയെ, വര്‍ത്തമാനത്തെ, അഹന്തയെ, വിനയത്തെ, പ്രണയത്തെ, ആവശ്യങ്ങളെ, സകലതിനെയും കേവലമായതിനോട് ചേര്‍ത്തു വെക്കലാണ്.
ഗുരുപരമ്പരയെയും, ശ്രേണിയെയും മാനിക്കുമ്പോള്‍ തന്നെ, ഫ്രെയിമിനെ ആദരിക്കുമ്പോള്‍ തന്നെ, ഓരോ മനുഷ്യനും ദൈവവുമായുള്ള വ്യക്തിപരമായ, ഗാഢ ബന്ധത്തെ അത് നിരന്തരം സത്യപ്പെടുത്തുന്നു. ഫ്രെയിമിനകത്തും പുറത്തുമുള്ള മനുഷ്യരെ, നിരന്തരം ദൈവത്തിലേക്ക് വലിച്ചടുപ്പിക്കുന്നു. ദിവ്യതയെ തൊടാനുള്ള ചില ഉപാധികളെ ഇട്ടേച്ചു പോവുന്നു. ഗ്രന്ഥത്തില്‍ നിന്നും മുത്തുകള്‍ കണ്ടെടുക്കുന്നു. പഴയതിനും പുതിയതിനും ഇടയില്‍ പാലമായിരിക്കുന്നു. ക്ലാസ്സിക്കലിനെയും കണ്ടമ്പറിയെയും ചേര്‍ത്തു വെക്കുന്നു. ഇന്റഗ്രേഷന്റെ പുതിയ മാതൃകകള്‍ നിരന്തരം സൃഷ്ടിക്കുന്നു. പുണ്യവാളനും പാപിക്കും സുഹൃത്താവുന്നു. പുരോഹിതനും സാധാരണക്കാരനും ആശ്രയമാവുന്നു. വര്‍ത്തമാനത്തിന്റെ ബഹളങ്ങള്‍ക്കിടയില്‍ അനന്തതയുടെ പ്രകാശമാവുന്നു. ഭൂമിയില്‍ ആകാശമാവുന്നു. ദൈവത്തിന്റെ കയ്യാവുന്നു. ദൈവത്തിന്റെ കണ്ണും, ഹൃദയവും, മനസ്സും, ശരീരവും, ഉപായവും, പ്രതിനിധിയും ആവുന്നു. വ്യക്തിയെ, സമൂഹത്തെ, ലോകത്തെ തന്നെ അഭിഷേകം ചെയ്യുന്നു. അഭിഷേകം എന്നത് ദിവ്യതയോട് ചേര്‍ക്കലാണല്ലോ. വൊര്‍ടെക്‌സുകള്‍ ഉണ്ടാക്കുന്നു. പാറ്റേണുകളെ പൊട്ടിക്കുന്നു., പാറ്റേണുകളെ ഉണ്ടാക്കുന്നു. പാറ്റേണുകളെ കൊണ്ട് കളിക്കുന്നു. സമൂഹത്തെ നവീകരിക്കുന്നു. മുന്നോട്ടേക്ക് നയിക്കുന്നു. ആളുകൾക്ക് ധൈര്യം കൊടുക്കുന്നു. അച്ഛനും അമ്മയും ആവുന്നു. ഇമേജറീസും, മെറ്റഫറുകളും, പാരബിള്‍സും കൊണ്ടും ഭാഷയെ സമ്പന്നമാക്കുന്നു. മുടിയന്മാരായ പുത്രന്മാര്‍ക്കു വീടാവുന്നു. ധൈര്യം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്നു. അനന്തമായ ഒരാശ്ചര്യമുണ്ടെന്ന് അവരെ പരിചയിക്കുമ്പോള്‍ നമ്മുക്കു ബോധ്യം വരുന്നു. കാരുണ്യത്തിന്റെ ഒരു കടലിനെ ഉളളില്‍ സൂക്ഷിക്കുന്നു. അവര്‍ നമ്മുക്ക് വേണ്ടി ബലിയാവുന്നു. സാധാരണയില്‍ സാധാരണവും അതീതത്തിന്റെ അതീതവും ആവുന്നു. മനുഷ്യവംശത്തിന്റെ കൂട്ടായ പരിണാമത്തിനു സഹായവും ബലവും ആവുന്നു. ദൈവത്തെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നു. ഉറച്ചിരിക്കുന്നു. ഉറപ്പുള്ള അറിവാകുന്നു. നമ്മുക്കു ചൊല്ലി ആനന്ദിക്കാന്‍ ഗീതങ്ങള്‍ രചിക്കുന്നു. സന്തുലിതത്വം ഉപദേശിക്കുന്നു. നടുക്കൂടെ നടക്കാന്‍ പറയുന്നു. വിശപ്പില്‍ നിന്നു മോചനവും ആത്മാവിനു അഭയവും ആവുന്നു. സമൂഹത്തെ വഴി നടത്തുന്ന ധീഷണാശാലികള്‍ക്കു വിളക്കാവുന്നു.
സൂഫി ഇമേജുകളെ കുറിച്ചോര്‍ക്കുമ്പോള്‍ തെക്കീലെ മക്കാനിയെ ഓര്‍ക്കുന്നു. അവിടുത്തെ ഉറൂസ്, വിളക്കുകള്‍, അവിടെ വരുന്ന, താമസിക്കുന്ന, ചുറ്റിപ്പറ്റി നിക്കുന്ന ഫഖീറന്മാര്‍, മസ്തുകള്‍, സിറ്റിയിലെ തെക്ക്യാവ്, കുഞ്ഞു കുഞ്ഞു സ്രാമ്പികള്‍, മൊയ്തീന്‍ ശൈഖിന്റെയും രിഫായി ശൈഖിന്റെയും ശാദുലി ശൈഖിന്റെയും പേരിലുള്ള പള്ളികള്‍, അവിടെയുള്ള ഔറാദുകള്‍, ഹദ്ദാദ്, ഇമാം ബൂസിരിയുടെ ബുര്‍ദ, കല്‍വത്തിരിക്കുന്ന മുറികള്‍, കാട്ടിലും മലയിലും ഒറ്റക്കിരിക്കുന്ന ചില്ലകള്‍ (നാല്‍പത് ദിവസത്തെ സാധനകള്‍) രാത്രിയിലുള്ള പ്രാര്‍ത്ഥനകള്‍.
ബഷീറിനെ, പുനത്തിലിനെ, ഖാളിയാരും ശൈഖ് തങ്ങളും സത്യം എന്നു പറഞ്ഞ വിനീതനായ മനുഷ്യനെ, അല്ല രഖാ രഹ്‌മാനെ, അമീര്‍ ഖുസ്‌റുവിനെ, ഉമര്‍ ഖാളിയെ, തമ്പുരാന്റെ കണ്ണിനു ‘ലാല്‍’ ആയ കലന്തര്‍ ഷഹബാസിനെ, ബൂ അലിയെ, ഷാ വാരിസിനെ, മന്‍സൂറിനെ, ഖാദിരികളുടെ പിതാമഹന്‍ ആയ മൊയ്തീന്‍ ശൈഖ് തങ്ങളെ………
ഇങ്ങനെ ഓര്‍ത്തു കൊണ്ടു ഓര്‍മ്മകളെ ദൈവത്തോട് ചേര്‍ക്കുന്നു. പാട്ടു നിര്‍ത്തുമ്പോള്‍ സൗമ്യദീപന്‍ ബിസ്മി ചൊല്ലിയതു പോലെ ബിസ്മി ചൊല്ലിക്കൊണ്ട് നിര്‍ത്തുന്നു. അവസാനത്തെയും ദൈവത്തിലേക്കാണല്ലോ ചേര്‍ക്കേണ്ടത്. ചിലപ്പോള്‍ തുടര്‍ന്നേക്കാം. ഇന്‍ശാ അല്ലാ.
എല്ലാ ഹാലിലും അല്‍ഹംദുലില്ലാ.
‘ഉള്ളതിനു’ സമര്‍പ്പിക്കുന്നു, അറിവിന്, ആനന്ദത്തിന്.
ദൈവത്തിന്റെ മുഖം മാത്രം ബാക്കിയാവട്ടെ.
What's Your Reaction?