ബ്ലാക്ക് വാറണ്ട് : തിഹാറിൻ്റെ ഇരുണ്ടകാഴ്ച്ച
"സുനിൽ, ജയിലുകളെ നിയന്ത്രിക്കുന്നത് പോലീസുകാരല്ല, ക്രിമിനലുകളാണ്' എന്ന് ഡിഎസ്പി തോമർ (രാഹുൽ ഭട്ട്) പുതുമുഖ ജയിലർ സുനിൽ കുമാർ ഗുപ്തയോട് ( സഹാൻ കപൂർ) പറയുന്നിടത്ത് നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും പുതിയ ക്രൈംത്രില്ലർ സിരീസ് "ബ്ലാക്ക് വാറണ്ട്" തീഹാർ ജയിലിൻ്റെ അന്തരീക്ഷം പ്രേക്ഷകഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കുന്നു. പുറമെ ജീവിക്കുന്നവർക്ക് തീഹാർ എന്നും പേടിസ്വപ്നമാണ്. ഇന്ത്യയിലെ ഏറ്റവും കൊടും ക്രിമിനലുകൾ താമസിക്കുന്നയിടം. മറ്റൊരു ജോലിയും തനിക്ക് കിട്ടാതെ വരുമ്പോൾ മാത്രമാണ് സുനിൽ കുമാർ ഗുപ്ത തിഹാർ ജയിലറായി ചുമതലയേൽക്കാൻ തയ്യാറാവുന്നത്. എന്തെങ്കിലും ഒരു ജോലി അയാൾക്ക് അത്ര അത്യാവശ്യമായിരുന്നു. എന്നാൽ തടവുകാരെ നിയന്ത്രിക്കാൻ ആവശ്യമായ കൈകരുത്തോ കഴിവോ ഇല്ലെന്ന കാരണത്താൽ നിഷ്കളങ്കനായ സുനിലിന്റെ ജോയന്റ് ലെറ്റർ വരെ തിഹാറിന്റെ പടിവാതിലിൽ നിഷേധിക്കപ്പെടുന്നു. ആ സാഹചര്യത്തിൽ അവിചാരിതമായി എത്തുന്ന തടവുകാരൻ "ബിക്കിനി കില്ലർ" ചാൾസ് ശോഭരാജ് അയാൾക്ക് വേണ്ടി ശുപാർശ ചെയ്യുകയും, ജോലി ലഭിക്കുകയും ചെയ്യുന്നു. 1980-കളിലെ ഡൽഹിയിലെ തിഹാർ ജയിലിൻ്റെ ഇരുണ്ട ലോകത്തേക്ക് നമ്മെ കൂട്ടി കൊണ്ടുപോകുന്ന ഏഴ് എപ്പിസോഡുകളുള്ള ബ്ലാക്ക് വാറണ്ട് വിക്രമാദിത്യ മോട്‌വാനെയുടെ മുൻപരമ്പര 'സേക്രഡ് ഗെയിം' നേക്കാൾ നിലവാരം പുലർത്തുന്നുണ്ട് എന്ന് നിസ്സംശയം പറയാം.
പത്രപ്രവർത്തക സുനേത്ര ചൗധരിയും തിഹാർ ജയിൽ മുൻ സൂപ്രണ്ട് സുനിൽ കുമാർ ഗുപ്തയും ചേർന്ന് എഴുതിയ 2019 ലെ ഇന്ത്യൻ "ബ്ലാക്ക് വാറൻ്റ്: കൺഫെഷൻസ് ഓഫ് എ തിഹാർ ജയിലർ" എന്ന നോൺ ഫിക്ഷൻ പുസ്തകമാണ് പരമ്പരയുടെ കഥക്ക് ആധാരം.ഈ പുസ്തകം നിരവധി വിവാദങ്ങൾക്ക് വഴിമരുന്നായി മാറി.
ജയിലിനെ പുറത്തെ രാഷ്ട്രീയമാറ്റങ്ങളെയും, ഒരളവോളം അതെങ്ങനെ ജയിലിനെ സ്വാധീനിക്കുന്നുവെന്നും പരമ്പര വ്യക്തമാക്കുന്നുണ്ട് ഉദാഹരണത്തിന് സിഖ് വിരുദ്ധ കലാപം. ജീർണ്ണിച്ച വ്യവസ്ഥകളെ , അത് ജയിലിന് പുത്തതാണെങ്കിലും അകത്താണെങ്കിലും മാറ്റിമറിക്കാൻ പ്രയാസമാണെന്ന് അടിവരയിടുന്നുണ്ടെങ്കിലും, നിരന്തരമായ പ്രയത്നം പലപ്പോഴും ഫലപ്രാപ്തി കൈവരിക്കുന്നു എന്ന് പരമ്പര ചൂട്ടിക്കാട്ടുന്നു. ദരിദ്രരും സാധാരണക്കാരുമായ തടവുകാർക്ക് വേണ്ടി തിഹാറിൽ ആദ്യത്തെ നിയമസഹായ സെൽ ആരംഭിക്കുന്ന ജയിലർ സുനിലിന്റെ പോരാട്ടം അത്തരത്തിലൊന്നാണ്.
ജയിൽ ഭക്ഷണം കഴിച്ചാൽ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് അന്ധമായി വിശ്വസിക്കുന്ന വീട്ടമ്മയിലൂടെ കാണിക്കുന്നത് ആശ്ചര്യമായി അനുഭവപ്പെടാമെങ്കിലും ഇന്ത്യയിൽ അന്ധവിശ്വാസങ്ങൾക്ക് ഒരു പഞ്ചവുമില്ലെന്ന് ദ്യോതിപ്പിക്കുന്നു. ജയിൽ സൂപ്രണ്ടിൻറെ ഭാര്യയുടെ പ്രണയലീലകൾ മറ്റൊരു തടവറ ജന്മകളുടെ പ്രതിഫലനമാകാം.
ചാൾസ് ശോഭരാജ്, രംഗ ബില്ല, മക്ബൂൽ ഭട്ട് എന്നിങ്ങനെ തീഹാറിന്റെ ചരിത്രത്തിലെ എക്കാലത്തെയും മായാത്ത തടവുകാരിലൂടെയും പരമ്പര സഞ്ചരിക്കുന്നു. നെറ്റ്ഫ്ലികിസിൽ മലയാളം ഡബ്ബിംഗ് ഇല്ലെന്ന പോരായ്മയുണ്ട്.. ജയിലർ സുനിൽ കുമാറായി മികച്ച വേഷമിട്ട സഹാൻ കപൂർ മുൻകാല ഹിന്ദി നടൻ ശശി കപൂറിൻ്റെ ചെറുമകനാണ്. ഡിഎസ്പി തോമറായി രാഹുൽ ഭട്ട് വേഷം നന്നായി കൈകാര്യം ചെയ്തു.
What's Your Reaction?