വന്യതയുടെ കനക കാന്തികൾ - ഫോട്ടോ ഫീച്ചർ . ഡോ .എം . പി . രാജേഷിൻ്റെ ചിത്രങ്ങൾ .
ഡോ .എം . പി . രാജേഷ് കുമാർ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ പുതിയ നിഴലും വെളിച്ചവും തേടുന്നവരുടെ കൂടെ സഞ്ചരിക്കുന്ന ആളാണ് .
പല വിതാനങ്ങളിൽ നിന്നും അദ്ദേഹം പകർത്തുന്ന ചിത്രങ്ങളുടെ വൈവിദ്ധ്യവും വന്യതയുടെ ചാരുതയും കാഴ്ചക്കാരെ സ്വാധീനിക്കുന്നുണ്ട് . ജോലികൊണ്ട് ആതുര സേവകൻ ആണെങ്കിലും തൻ്റെ പാഷനും പ്രാണനും പോലെ ഛായാഗ്രഹണ കലയെ അദ്ദേഹം തന്നോട് ചേർക്കുന്നു . കേരളത്തിലെ വന മേഖലയിലും , ഹിമാലയൻ മേഖലയിലും അദ്ദേഹം പകർത്തിയ ചിത്രങ്ങളാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത് .
പച്ച മരങ്ങളുടെ മറവിലും , വരണ്ടുണങ്ങിയ പാറക്കൂട്ടങ്ങളിലും വന്യവിഹാരങ്ങളുടെ താളവും ചലനവും ബോധ്യപ്പെടുത്തുന്ന ഫ്രെയിമുകളാണ് അദ്ദേഹം നമുക്ക് നൽകുന്നത് .
സർപ്പ ശ്രേണിയുടെ ഉടലും പുളവും മാത്രമല്ല ,സൂക്ഷ്മമായ തീക്ഷ്ണതയും കൊണ്ട് നമ്മളെ നടുക്കുവാൻ ഡോ .രാജേഷിന്റെ സർപ്പ ചിത്രങ്ങൾക്ക് കഴിയുന്നുണ്ട് . ഘടനയിലും , ഫ്രെയിമിലും ,വെളിച്ചത്തിലും നിഴലിലും ചേർത്ത് രൂപപ്പെടുന്ന ഈ ചിത്രങ്ങൾ ഒരു വലിയ പാമ്പനുഭവമായി സർപ്പസൗന്ദര്യത്തെ ബോധ്യപ്പെടുത്തുന്നു .
പക്ഷി ചിത്രങ്ങളും മോഹനവും രൗദ്രവുമായി നമ്മെ വിസ്മയിപ്പിക്കുന്നു .
കേവലം ഛായാചിത്രങ്ങൾ എന്നതിനും അപ്പുറം , നമ്മുടെ ജൈവ വൈവിധ്യ കലവറയായ പശ്ചിമഘട്ടത്തിലെ തവളകളെക്കുറിച്ചും ഡോ .എം . പി രാജേഷും , സഹധർമിണിയായ ഡോ .പി . എസ് .സുഷമയും ചേർന്ന് നിരവധിയായ അന്വേഷണങ്ങളും ചിത്രം പകർത്തലും നടത്തിയിട്ടുണ്ട് . ഇലത്തവള ,ഈറ്റത്തവള ,അനിലിത്തവള ,പൊന്മുടിത്തവള ,മഴത്തുള്ളിത്തവള ,രാത്തവള അങ്ങനെയങ്ങനെ നിരവധി അപൂർവ തവളകളെ നിരീക്ഷിച്ചും ചിത്രമെടുത്തുംച്ച ഈ ഡോക്ടർ ദമ്പതികൾ മുന്നോട്ടു പോകുന്നു . രോഗീ പരിചരണത്തെ സമർപ്പിതമായി നിർവഹിച്ചു കൊണ്ട് തന്നെയാണ് ഇവർ ഈ ഇഷ്ടവഴിയിൽ സഞ്ചരിക്കുന്നത് .
ചാരുതയാർന്ന ലാൻഡ് സ്‌കേപ്പുകളും ഡോക്ടർ . രാജേഷിന്റെ ക്യാമറയിൽ ചിത്രങ്ങളായിട്ടുണ്ട് .
What's Your Reaction?