ക്യാപ്പിറ്റലിസം
അയാൾ അങ്ങനെ മുന്നോട്ടു നടന്നു സ്വപ്നങ്ങളോ ഓർമ്മകളോ കൂട്ടില്ലാതെ.
ജീവിതമായതുകൊണ്ടായിരിക്കണം മുന്നോട്ടുതന്നെ നടക്കേണ്ടി വരുന്നത് .
വല്ലപ്പോഴും ഒഴുകുന്ന കനാൽ കടന്നയാൾ പീടികത്തിണ്ണയിലേക്ക് കയറി.
"ഒരു പിൻ" പറഞ്ഞതിനുശേഷമാണ് കടയിലേക്ക് നോക്കിയത് .പാതി ഉറക്കത്തിൽ കസേരയിൽ ചുരുണ്ടിരിക്കുന്ന വൃദ്ധൻ പുറകിൽ ഏതാണ്ട് ഒഴിഞ്ഞ ഷെൽഫുകളിൽ സാധനങ്ങൾ അവിടവിടായി പൊടി പിടിച്ചിരിക്കുന്നു .
തിരിഞ്ഞു നടക്കണോ...? അയാൾ ഒന്ന് സംശയിച്ചു.
ഒരു സേഫ്റ്റി പിൻ ഈ പൊടികൾക്കിടയിൽ ഇല്ലാതിരിക്കുമോ ? അതല്ല തിരിഞ്ഞു നടക്കുമ്പോഴാണെങ്കിലോ കടക്കാരൻ കണ്ണുതുറക്കുന്നതെങ്കിൽ ? അയാൾ ചിന്തിച്ചു.
ഇപ്പോൾ അങ്ങനെയാണ് അയാൾ ചിന്തിച്ച് ചിന്തിച്ച് മരിക്കും പിന്നെയുംചിന്തിക്കാനായി ഉയിർക്കും.
ഏതായാലും ഇപ്പോൾ അതിൻ്റെ ആവശ്യം വന്നില്ല വൃദ്ധൻ കണ്ണുകൾ വലിച്ചു തുറന്ന് തുറിച്ചു നോക്കി
"സേഫ്റ്റി പിൻ" ക്ഷമാപണ സ്വരത്തിൽ അയാൾ ചോദിച്ചു ഒരു ഉത്തരവുമില്ല .
തന്നെ തുറിച്ചു നോക്കുന്ന കണ്ണുകളിലേക്കയാൾ അനുകമ്പാ പൂർവ്വം നോക്കി നിന്നു .
താങ്ങാൻ കഴിയാത്ത മട്ടിൽ വൃദ്ധന്റെ കണ്ണുകൾ കൂമ്പി അടയുകയും ഇടതുകൈ
പതിയെ പാതി ഉയർന്ന് ഇല്ല എന്ന് ആംഗ്യം കാട്ടുകയും ചെയ്തു
ഇനി അടുത്ത ജംഗ്ഷനിൽ എത്തണം ..നടക്കാം ആസ്വദിച്ചുകൊണ്ട്.. നടത്തം നല്ലൊരു വിനോദമാണ് മുന്നേ നടന്നവർ വിഷമവും വിശപ്പും ഒളിപ്പിച്ചത് വിനോദം കൊണ്ടാണ് നോക്കാം അയാൾ നടന്നു
തിരക്കുപിടിച്ച തെരുവ്. കോളേജ് ഗേറ്റിനു മുന്നിലും തെരുവിലുമായി കുട്ടികൾ ചിലർ ഗേറ്റിന് അകത്തേക്ക് ഓടുന്നു ശഠാന്ന് തിരിച്ചെത്തുന്നു . എല്ലാ മുഖങ്ങളിലും സന്തോഷം. അങ്ങനെ നോക്കി നിന്ന ശേഷം അയാൾ എന്തോ ഓർത്തെടുക്കാൻ ശ്രമിച്ച് പരാജിതനായി. മുന്നോട്ടുനടന്ന് പായുന്ന വാഹനങ്ങൾക്കിടയിലൂടെ ചുറ്റും നോക്കി . അവിടെ തന്നെ ഉറക്കെ വിളിച്ചു കൊണ്ട് ആദരപൂർവ്വം ക്ഷണിച്ചുകൊണ്ട് കൊതി തോന്നിപ്പിക്കുന്ന കടകൾ.
വശീകരണാനന്ദത്താൽ അയാൾ കടയിലേക്ക് നടന്നു ഒരു മിടുക്കി വന്ന് ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു കൊടുത്തു , പുഞ്ചിരിച്ചു അയാളും ശ്രമിച്ചു വലിയ ഷെൽഫുകൾക്ക് മുന്നിലേക്ക് ആനയിക്കപ്പെട്ടു "ഷാൽ ഐ " മറ്റൊരു മധുരസ്വരം അയാളെ നോക്കി
"സേഫ്റ്റി പിൻ"? അയാൾ പറഞ്ഞു .
പിന്നീടെല്ലാം വേഗത്തിലായിരുന്നു പല രൂപത്തിലും നിറത്തിലും വലിപ്പത്തിലുമായി സേഫ്റ്റി പിന്നുകൾ നിറഞ്ഞ കവറുകൾ അയാൾക്ക് മുന്നിൽ വന്ന്നിറഞ്ഞു
അയാൾ പ്രയാസപ്പെട്ട് ശ്വാസം വലിച്ചു ,.. ചിന്തിച്ചു
" വൺ... എനിക്ക് ഒരെണ്ണം മതി " അയാൾ പതിയെ പറഞ്ഞു.
"സർ ബ്രാൻഡഡ് പ്രോഡക്റ്റ് വൺ പാക്കറ്റ് ടെൻ റുപ്പീസ് " മധുര സ്വരം പുഞ്ചിരി വിടാതെ മറുപടി നൽകി. ഇപ്പോളയാൾക്ക് ആകെ കയ്യിലുള്ള പത്ത് രൂപയെ കുറിച്ച് കാര്യമായി ചിന്തിക്കാൻ കഴിഞ്ഞില്ല പോക്കറ്റിൽ നിന്ന് വേഗത്തിൽ അതെടുത്തു നൽകി സേഫ്റ്റി പിൻ വാങ്ങി.
കവറിൽ നിന്നും ഒരെണ്ണം പുറത്തെടുത്ത് തൻ്റെ പാന്റിൻ്റെ അടർന്നുപോയ ബട്ടൺ സ്ഥാനത്ത് കുത്തി. അയാൾ പുറത്തേക്ക് നടന്നു
"സർ " വിളികേട്ടയാൾ പുറകിലേക്ക് തിരിഞ്ഞു നോക്കി പാക്കറ്റ് നീട്ടിക്കൊണ്ട് മിടുക്കി പുഞ്ചിരി വിടാതെ തുടർന്നു.
"ഇത് അങ്ങയുടെ താണ് " ആ മുഖത്തുനോക്കി അയാൾക്ക് ഒന്നും പറയാൻ കഴിയാതെ അതുവാങ്ങി വേഗത്തിൽ പുറത്തു കടന്നു
കടയുടെ പുറത്തെ ചൂട് അയാളെ തട്ടി ആദ്യം അയാൾക്കത് മനസ്സിലായില്ല. എതിർവശത്ത് കാണുന്ന സമാവറിൽ നിന്നാണോ അയാൾ സംശയിച്ചു ? മനസ്സിലായപ്പോൾ ആവി പൊന്തുന്ന സമാവറിൽ നിന്നുള്ള നോട്ടം കയ്യിലെ സേഫ്റ്റി പിന്നിലേക്ക് വീണു അയാൾ പിന്നെയും ചിന്തിച്ചു ചുറ്റും നോക്കി ചുറ്റൊക്കെയും സമാവറിൽ ഉടക്കി. പ്രയാസത്തോടെ അയാൾ പാക്കറ്റിൽ നിന്നും ഒരു സേഫ്റ്റി പിൻ കൂടി ഞെക്കി പുറത്തെടുത്ത് പോക്കറ്റിൽ ഇട്ടു. ശേഷിച്ചവ പാക്കറ്റോടെ വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞ് മുന്നോട്ട് നടന്നു ...ജീവിതമല്ലേ?
'വേസ്റ്റ് ബിൻ പിന്നേയും നിറഞ്ഞ് കുന്നായി..., മലയായി '
What's Your Reaction?