*ഐ ആം സ്റ്റിൽ ഹിയർ : ഇരുമ്പഴിക്കുള്ളിലാകുന്ന ജനാധിപത്യം-സിനിമാ നിരൂപണം .

   09-Dec-2025 : 10:22 AM   0      78

The revolution is a dictatorship of the exploited against the exploiters.

Fidel Castro

"എൻ്റെ മകനെ എന്തിനാണ് നിങ്ങൾ എന്നും മഴയത്ത് നിർത്തിയിരിക്കുന്നത്?"

എന്ന് ഒരച്ഛൻ്റെ ഹൃദയം പൊട്ടിയുള്ള വിലാപം മലയാളികളുടെ കണ്ണീരണിഞ്ഞ ഓർമ്മയാണ്. ചെയ്ത തെറ്റെന്താണെന്നറിയാതെ ദീർഘകാലം കാരാഗൃഹവാസം അനുഭവിക്കേണ്ടി വരിക, എന്നെങ്കിലും പുറത്തിറങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഉറ്റവരെ ഒരു നോക്കു കാണാൻ നാളുകളെണ്ണി കഴിയുക, വെളിച്ചത്തിൻ്റെ ഒരു തരി പോലും ജീവിതത്തിൽ അവശേഷിക്കാനിടയില്ല എന്നു ബോധ്യമാകുമ്പോഴേക്കും തെളിവുകൾ ശേഷിക്കാതെ ഭൂമിയിൽ നിന്നു തന്നെ അപ്രത്യക്ഷമാവുക......ഏകാധിപത്യ ഭരണകൂടങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ കാലാകാലമായി കാത്തിരിക്കുന്ന വിധിയാണിത്. കാലദേശഭേദമന്യേ ആവർത്തിക്കുന്ന ക്രൂരമായ നരഹത്യകൾക്കും പീഡന പരമ്പരകൾക്കും നൈരന്തര്യമുണ്ട്, എതിർപ്പുകളെ ആഭ്യന്തരമായി നേരിടാനുള്ള കെല്പുമുണ്ടാകും.


Iffk 30 -ാമത് എഡിഷൻ തുടങ്ങാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ
29 -ാമത് iffk ഉദ്ഘാടന ചിത്രമായ 'ഐ ആം സ്റ്റിൽ ഹിയർ'  എന്ന ചിത്രത്തെക്കുറിച്ച് ഓർക്കുകയാണ്. യുഎപിഎ പോലുള്ള നിയമങ്ങൾ ചുമത്തി വിചാരണ പോലും കൃത്യമായി നടത്താതെ തടവറക്കുള്ളിൽ കഴിയുന്ന സഞ്ജീവ് ഭട്ടിനെയും ഉമർ ഖാലിദിനെയും ഓർമ്മിപ്പിക്കുന്നതാണ് ഈ സിനിമ.  ബ്രസീലിലെ സൈനിക ഭരണകൂടത്തിൻ്റെ  മാൻ മിസ്സിംഗ് കേസുകളിലൊന്നിൻ്റെ അഭ്രാവിഷ്കാരമാണ് ഐ ആം സ്റ്റിൽ ഹിയർ. എന്നാൽ സാധാരണ കേസുകളിൽ നിന്നതിനെ വ്യത്യസ്തമാക്കുന്നത് കാണാതായ വ്യക്തിയെ അന്വേഷിച്ച് ദീർഘകാലം നിയമപോരാട്ടം നടത്തുന്ന അദ്ദേഹത്തിൻ്റെ ഭാര്യയുടെ അതീവ സാഹസികമായ അതിജീവനം കേന്ദ്ര പ്രമേയമായി ആവിഷ്കരിച്ചതിനാൽ ഏറെ വൈകാരികവും രാഷ്ട്രീയ പ്രാധാന്യവുമുള്ള ഒരു ചലച്ചിത്രമെന്ന നിലയിൽ നിശാഗന്ധിയിലെ നിറഞ്ഞ സദസ്സിനെ രണ്ടു മണിക്കൂർ നേരം ഒരേ മനസ്സായി നിലനിർത്തിയ അവിസ്മരണീയമായ അനുഭവമായിരുന്നു ഉദ്ഘാടന പ്രദർശനം. റൂബൻസ് പായ് വ അല്ലലുകളില്ലാത്ത ഒരു കുടുംബ ജീവിതം നയിക്കുന്ന ഉയർന്ന സാമ്പത്തികമുള്ള മധ്യവർത്തിയായ ഒരു കുടുംബ നാഥനാണ്. ആരെയും അസൂയപ്പെടുത്തുന്ന ഒരു ജീവിതമാണ് അഞ്ചു മക്കളും ഭാര്യാ ഭർത്താക്കന്മാരും  ഒരു വേലക്കാരിയും ഒരു ചെറിയ നായയും അടങ്ങുന്ന കുടുംബം നയിക്കുന്നത്.  വീട്ടിൽ വലിയ പുസ്തക ശേഖരമുള്ള, ഇടതുപക്ഷ ചായ്വുള്ള, കുടുംബത്തോടൊപ്പം ഉല്ലാസയാത്ര ഇഷ്ടപ്പെടുന്ന അദ്ദേഹത്തിൻ്റെ മൂത്ത മകൾ ലണ്ടനിൽ പഠിക്കുകയാണ്. റൂബൻസിൻ്റെ ബന്ധങ്ങളും സുഹൃത്തുക്കളും ഭരണകൂടത്തിൻ്റെ നിരന്തര നിരീക്ഷണത്തിലാണ് എന്നു നാം മനസ്സിലാക്കുന്നത് ശാന്തമായ അവരുടെ കുടുംബാന്തരീക്ഷം തകർത്തുകൊണ്ട് റൂബൻസിനെ ചോദ്യം ചെയ്യാൻ കൊണ്ടു പോകേണ്ടതുണ്ട് എന്നു പറഞ്ഞ് വീട്ടിലേക്ക് കടന്നു വരുന്ന ചില സൈനിക ഉദ്യോഗസ്ഥരുടെ കടന്നു വരവോടെയാണ്. റൂബൻസ് മികച്ച വസ്ത്രങ്ങളണിഞ്ഞ് പുഞ്ചിരിയോടെ സെനിക വാഹനത്തിൽ കയറിപ്പോകുന്നു. എന്നാൽ രണ്ടു ദിവസത്തിനകം തന്നെ ഗൃഹനാഥയായ ഉനൈസ് പായ്വയെയും രണ്ടാമത്തെ മകളെയും സൈനികർ ഡിറ്റൻഷൻ സെൻ്ററിലെത്തിക്കുന്നു. മുഖംമൂടിയണിയിച്ച് തങ്ങളെ കൊണ്ടു പോയി താമസിപ്പിക്കുന്ന സ്ഥലം ഏതെന്ന് പോലും കൃത്യമായി തിരിച്ചറിയാൻ കഴിയാതെ ദീർഘങ്ങളായ ചോദ്യംചെയ്യലുകൾക്ക് വിധേയമായും ദിവസങ്ങൾ എത്ര കഴിഞ്ഞുവെന്നത് പോലും അറിയാതെയും ഏകാന്ത തടവറയിൽ അവർ കഴിച്ചു കൂട്ടുന്നു. എന്നാണ് അവിടെ നിന്നൊരു മോചനം എന്നും യാതൊരു ഉറപ്പുമില്ല. ഒരുമിച്ചാണ് അവിടേക്ക് എത്തിയതെങ്കിലും അവിടെ ചെന്നതിനു ശേഷം അമ്മയ്ക്കും മകൾക്കും പരസ്പരം കാണാൻ സാധിച്ചിട്ടില്ല. പല സെല്ലുകളിൽ നിന്നും ചോദ്യംചെയ്യലിന്റെ ഭീകരത വെളിപ്പെടുത്തുന്ന നിലവിളി ശബ്ദങ്ങളാണ് ഏകാന്തതയെ ഇടയ്ക്കിടെ ഭഞ്ജിക്കുന്നത്. ഭർത്താവിനെ അവിടെ കാണാൻ സാധിക്കുമെന്ന പ്രതീക്ഷ വിഫലമാകുന്നതായും താമസിയാതെ മനസ്സിലാകുന്നു. ഭർത്താവിന്റെയും ലണ്ടനിൽ താമസിക്കുന്ന മകളുടെയും രാജ്യവിധ്വംസക പ്രവർത്തനങ്ങളെക്കുറിച്ച് അവർക്ക് അറിയാമെന്നും അത് തുറന്നു പറയണമെന്നും മിസിസ് ഉനൈസ് പായ്വയോട് പോലീസുകാർ ആവർത്തിച്ചെങ്കിലും  അവർ നിസ്സഹായയായിരുന്നു. ശരീരം ശുദ്ധിയാക്കാനും തൻ്റെ ഉറ്റവരെ കാണാനും ഒരു അവസരം പോലും ഇല്ലാത്ത ചുറ്റുപാടിൽ നിന്നും പന്ത്രണ്ടാമത്തെ ദിവസം അവരെ വീട്ടിലേക്ക് എത്തിക്കുന്നു. അവരുടെ മറ്റു മൂന്നു മക്കൾ അവരുടെ  പുന:സമാഗമത്തിൽ ഏറെ ആഹ്ലാദിക്കുന്നുണ്ട്.  മകളും തിരിച്ചെത്തിയിരിക്കുന്നു. പക്ഷേ ക്രൂരമായ ഒരു വിധിയാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് താമസിയാതെ അവർക്ക് മനസ്സിലാകുന്നു. പട്ടാളക്കാരുടെ പിടിയിലായ അവരുടെ പ്രിയപ്പെട്ട ഭർത്താവ് ഇനി ഒരിക്കലും തിരിച്ചു  വരില്ല എന്ന തിരിച്ചറിവ് അവരെ കുടുംബത്തിൻ്റെ സന്തോഷം ഇല്ലാതാക്കുന്നു. വിനോദയാത്രകളും നിറഞ്ഞ തീൻമേശകളുമായും പാട്ടും കളിയും ഉല്ലാസവും നിറച്ചിരുന്ന വീട് പെട്ടെന്ന് പട്ടാളക്കാരുടെ നിരീക്ഷണത്തിൽ ആകുന്നു. വീടിനു മുൻവശത്ത് സ്ഥിരമായി കിടക്കുന്ന ഒരു കാറും നിരീക്ഷകനായി റോഡിൽ പലയിടത്തും നിൽക്കുന്ന ഇൻറലിജൻസ് ഉദ്യോഗസ്ഥന്മാരും അവരുടെ സ്വകാര്യതയെ തീർത്തും ഇല്ലാതാക്കുന്നു. അവർ ഓമനിച്ച് വളർത്തിയിരുന്ന പട്ടി ഈ ഉദ്യോഗസ്ഥന്മാരാൽ കൊല്ലപ്പെടുന്നു. അതിദാരുണമായ ആ കാഴ്ചയും കുടുംബാംഗങ്ങളെ വല്ലാത്ത ഭീതിയിലാഴ്ത്തുന്നുണ്ട്. സാമ്പത്തിക ഞെരുക്കം മൂലം വീട്ടിലെ ജോലിക്കാരിയെയും മിസ്സിസ് പായ്വ പറഞ്ഞുവിടുന്നു. കൂടാതെ റിയോ ഡി ജനീറോയിൽ നിന്നും അവർ സാവോപോളയിലേക്ക് മാറി താമസിക്കാൻ തീരുമാനിക്കുന്നു. ഈ അവസരങ്ങൾ എല്ലാം അവർ കാണിക്കുന്ന മനസ്സ്ഥൈര്യവും സ്ഥിതപ്രജ്ഞതയും കുടുംബാംഗങ്ങൾക്ക് എല്ലാവർക്കും ധൈര്യവും ശുഭാപ്തി വിശ്വാസവും നൽകുന്നുണ്ട്.  അതിന് ഏറ്റവും നല്ല ഉദാഹരണം അവിടെ നിന്നും യാത്രയാകുമ്പോൾ അവർ തങ്ങളുടെ വീടിനു മുൻപിൽ നിന്ന് എടുത്ത ഫോട്ടോയാണ്. പിന്നീട് വർഷങ്ങളോളം നീണ്ട നിയമ യുദ്ധത്തിനൊടുവിൽ ഭർത്താവിന്റെ തിരോധാനം വിചാരണയ്ക്കിടയിലെ കൊലപാതകമാണെന്ന് തെളിയിക്കാൻ അവർക്കാവുന്നു. അതിനായി അവർ ഭർത്താവിന്റെ പല സുഹൃത്തുക്കളുമായും സംസാരിക്കുകയും തെളിവുകൾ കോടതിക്ക് മുൻപാകെ വെക്കാൻ നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. റൂബൻസ് കൊല്ലപ്പെട്ടതാണെന്ന് സർക്കാരിനും ഒടുവിൽ സമ്മതിക്കേണ്ടി വന്നു. റൂബൻസ് പായ്വയുടെ ഡെത്ത് സർട്ടിഫിക്കറ്റ് മിസിസ് പായ് വ കൈപ്പറ്റുന്ന സന്ദർഭമാണ്ഈ സിനിമയിലെ ഹൈലൈറ്റ്. ഒരു മനുഷ്യനോട് ചെയ്ത നീതി നിഷേധത്തിന് സർക്കാർ മറുപടി നൽകേണ്ടിവന്ന ഏറ്റവും അനുയോജ്യമായ സന്ദർഭം. മക്കളെ എല്ലാവരെയും അവരവർക്ക് യോജിച്ച രീതിയിൽ വിദ്യാഭ്യാസം ചെയ്യിച്ച് ജോലി സമ്പാദിക്കാനും അനുയോജ്യരായ പങ്കാളികളെ കണ്ടെത്തി വിവാഹം കഴിപ്പിക്കാനും ഉനൈസ് പായ്വയ്ക്ക് കഴിഞ്ഞിരുന്നു. വളരെ ലളിതമായ, അത്രമേൽ സ്നേഹോഷ്മളമായ ഒരു കുടുംബാന്തരീക്ഷം ദുരാധികാരത്തിന്റെ പ്രമത്തതയിൽ അപ്പാടെ കലങ്ങിമറിയുന്നതും വ്യവസ്ഥയോട് കലഹിച്ചു തന്നെ ജീവിതം മുന്നോട്ടു നയിച്ചവർ ചെറു വിജയങ്ങൾ നേടുന്നതും നൽകുന്ന ആഹ്ലാദം ചെറുതല്ല. ഏകാധിപത്യത്തിൽ ആയാലും ജനാധിപത്യത്തിൽ ആയാലും ഭരണകൂടം സ്വേച്ഛാധിപത്യപരമായി പെരുമാറിയാൽ എന്തൊക്കെ സംഭവിക്കുമെന്നും കൃത്യമായിവരച്ചു കാണിക്കുന്ന ഒരു സിനിമയാണിത്.

 പട്ടാള ഭരണകൂടത്തെ അട്ടിമറിച്ച് ജനാധിപത്യ ഭരണകൂടം നിലവിൽ വന്നപ്പോഴാണ് തിരോധാനത്തിന് ഒരു ഉത്തരം കിട്ടിയത്. പക്ഷേ ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിലും കസ്റ്റഡി മരണങ്ങൾക്കും തിരോധാനങ്ങൾക്കും യാതൊരു കുറവുമില്ല എന്നുള്ളത് ജനാധിപത്യത്തിന്റെ കറുത്ത കാലത്തെയാണ് കാണിക്കുന്നത്. എത്ര ലളിതമായ ജീവിതങ്ങളെയാണ് നാം വെറുപ്പ് വൈരാഗ്യവും  അധികാര പ്രമത്തതയും മൂലം വെറുതെ നശിപ്പിച്ചു കളയുന്നത്.


വാൾട്ടർ സാലസിന് മികച്ച  കഥയ്ക്കും സംവിധാനത്തിനും വെനീസ് ചലച്ചിത്രമേളയിൽ  അവാർഡ് നേടിക്കൊടുത്ത സിനിമയാണ് 'ഐ ആം സ്റ്റിൽ ഹിയർ'. ഉനൈസ് പായ്വയായി അഭിനയിച്ച ഫെർണാണ്ട ടോറസിന്റെ അഭിനയവും മനം കവരുന്നതാണ്.

What's Your Reaction?