കള്ളനും രത്നവ്യാപാരിയും

   19-Jan-2025 : 8:37 PM   0      112

ഇരുട്ടുപരന്ന വിജനവഴിയിലൂടെ സത്രത്തെ ലക്ഷ്യമാക്കി നടക്കുമ്പോൾ രത്നകച്ചവടക്കാരൻ പിന്തിഞ്ഞു നോക്കി. കുറെ നേരമായി തന്റെ പിറകെ ഒരു മനുഷ്യരൂപം വിടാതെ പിന്തുടരുന്നുണ്ടെന്ന് അയാൾക്ക് ബോദ്ധ്യമായി.ദൈവമേ.. ആരായിരിക്കും ? കഴിഞ്ഞ ദിവസം ബസറയിലെ ചന്തയിൽ രത്നവ്യാപാരികൾക്ക് മുന്നിൽ കെട്ടഴിഞ്ഞു നിരത്തി വെച്ച തന്റെ കയ്യിലുള്ള വിലപിടിച്ച രത്നങ്ങൾ ഇവൻ കണ്ടുവോ? അത് കൈക്കലാക്കാൻ തന്റെ പിന്നാലെ തക്കം പാർത്ത് കൂടിയ മോഷ്ടാവായിരിക്കുമോ ഇവൻ എന്നെല്ലാം ചിന്തിച്ചയാൾ ഉടവാളിൽ പിടിമുറുക്കി ദൃതിയിൽ മുന്നിൽ കണ്ട സത്രത്തിലേക്ക് കയറി. പിന്നാലെ പിന്തുടരുന്ന മനുഷ്യരൂപവും.

സത്രത്തിനകത്ത് വിശ്രമിച്ചു കൊണ്ടിരുന്ന രത്നവ്യാപാരിക്കരികിൽ പുഞ്ചിരിച്ചു കൊണ്ടൊരാൾ പ്രത്യക്ഷപ്പെട്ടു. അകലെ ദൂര ദേശത്തുള്ള വ്യാപാരിയാണ് താനെന്ന് അയാൾ സ്വയം പരിചയപ്പെടുത്തി. പക്ഷെ, ഈ ദിവസം മുഴുവനുമുള്ള യാത്രയിൽ തന്നെ വിടാതെ പിന്തുടർന്ന മനുഷ്യരൂപമാണതെന്ന് രത്നവ്യാപാരി ഉടനെ തിരിച്ചറിഞ്ഞു. മാന്യമായി പെരുമാറുന്ന ഇയാളെ എങ്ങനെ സംശയിക്കും? ഇനി ഇയാൾ പഠിച്ചൊരു മോഷ്ടാവാണെങ്കിൽ ഏതുവിധേനയും എന്റെ രത്നങ്ങൾ അവൻ കൈക്കലാക്കുമെന്ന് തീർച്ചയാണ് എന്താണ് പോംവഴി ? രത്നവ്യാപാരി ചിന്താനിമഗ്നനായി. അന്ന് രാത്രി അവർ രണ്ടുപേരും ആ വഴിയമ്പലത്തിൽ അന്തിയുറങ്ങി.

പാതി രാത്രിയുടെ രണ്ടാം യാമത്തിൽ എല്ലാവരും ഗാഢനിദ്രയിലേക്ക് വഴുതിയപ്പോൾ അപരിചിതൻ മെല്ലെ എഴുന്നേറ്റു. നിഴലുപോലും അറിയാതെ ഇരുളിൽ അയാൾ പരതാൻ തുടങ്ങി. വിദഗ്ദമായി രത്നവ്യാപാരിയുടെ കീശയും വസ്ത്രങ്ങളും അയാൾ പരിശോധിച്ചു. ഒന്നുമില്ല ശൂന്യം ! മുറി മുഴുവൻ അരിച്ചുപെറുക്കിയിട്ടും രത്നങ്ങൾ കിട്ടിയില്ല.അയാൾ നിരാശനായി.

പിറ്റേന്ന് രാവിലെ മോഷ്ടാവ് രത്നവ്യാപാരിയോട് പലതും സംസാരിച്ചു.കൂട്ടത്തിൽ ഈ നാട് അത്ര ശരിയല്ലെന്നും കള്ളന്മാരെ സൂക്ഷിക്കണമെന്നും ഉപദേശിച്ചു. ഇന്നലെ രാത്രി നിങ്ങളുടെ കയ്യിലുള്ള ഒന്നും നഷ്ടപ്പെട്ടില്ലല്ലോ ? ഉറപ്പുവരുത്തികൊൾക ! അപരിചിതൻ പറഞ്ഞു. രത്നവ്യാപാരി പുഞ്ചിരിച്ചു കൊണ്ട് തന്റെ കൈവശമുള്ള രത്നങ്ങൾ അയാൾക്ക് കാണിച്ചു കൊടുത്തു.അതു കണ്ട് മോഷ്ടാവ് സ്തംഭിച്ചുപോയി. വളരെ മെയ് വഴക്കവും കഴിവും ഉള്ള കള്ളനായിട്ടുകൂടി തനിക്കീ രത്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ എന്നയാൾ അത്ഭുതപ്പെട്ടു. ഏതായാലും വ്യാപാരിയെ പിന്തുടർന്ന് രത്നങ്ങൾ എങ്ങിനെയെങ്കിലും കൈക്കലാക്കുക തന്നെ... അയാൾ ഉറച്ചു.
പിറ്റേദിവസം രണ്ടാളും ഒരുമിച്ച് യാത്രചെയ്തു. രാത്രി എത്തിച്ചേർന്ന വഴിയമ്പലത്തിൽ രണ്ട് പേരും തങ്ങി. അന്ന് രാത്രിയും വ്യാപാരി ഉറങ്ങിയപ്പോൾ മോഷ്ടാവ് സകലതും തപ്പിയെങ്കിലും ഒന്നും കിട്ടിയില്ല.വീണ്ടും അയാൾ നിരാശനായി. നേരം പുലർന്ന് രത്നങ്ങൾ നഷ്ടപ്പെട്ടുവോ എന്ന് പരിശോധിക്കാൻ മോഷ്ടാവ് വ്യാപാരിയോട് അഭ്യർത്ഥിക്കുന്നു. വ്യാപാരി രത്നങ്ങൾ അയാൾക്ക് കാണിച്ചു കൊടുക്കുന്നു. മൂന്നാം ദിവസവും ഇത് തന്നെ തുടർന്നപ്പോൾ മോഷ്ടാവ് ഇതെന്ത് മറിമായമെന്ന് ചിന്തിച്ചു തലയിൽ കൈവെച്ചു. അതെകുറിച്ച് ആലോചിച്ച് അയാൾക്ക് ഭ്രാന്ത് പിടിക്കാൻ തുടങ്ങി. എവിടെയാണ് വ്യാപാരി അതിരഹസ്യമായി  രത്നങ്ങൾ സൂക്ഷിക്കുന്നത് ? പരിശോധിക്കാൻ ഒരിടവും പയറ്റാനായി ഒരടവും  ഇനി ബാക്കിയില്ലല്ലോ?
നാലാം ദിവസം യാത്രമദ്ധ്യേ രണ്ട് പേരും വഴിപിരിയുന്നിടത്തു വെച്ച് അപരിചിതൻ യതാർത്ഥത്തിൽ താനാരാണെന്നും തന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്നും വ്യാപാരിയോട് തുറന്നു പറഞ്ഞു. എന്നാലും നിങ്ങളെവിടെയാണ് അപഹരിക്കാൻ കഴിയാത്തവിധം അതിരഹസ്യമായി ആ രത്നങ്ങൾ ഒളിപ്പിച്ചുവെച്ചതെന്ന് അവസാനമായി എന്നോട് പറയാമോ? കള്ളൻ ചോദിച്ചു. മറുപടിയായി രത്നവ്യാപാരി പറഞ്ഞു ' താങ്കൾ ഒരു മോഷ്ടാവാണെന്ന് എനിക്കാദ്യമെ മനസിലായിരുന്നു. എന്റെ രത്നങ്ങൾ നിങ്ങളിൽ നിന്നെങ്ങനെ സുരക്ഷിതമാക്കണമെന്നതിനെ കുറിച്ച് ഞാൻ ഗാഢമായി ചിന്തിച്ചു. അപ്പോഴെനിക്ക് വിശുദ്ധ ഖുർ ആനിലെ ഒരു സൂക്തം  ഓർമ്മവന്നു "നിങ്ങളിലുണ്ട് ദൃഷ്ടാന്തങ്ങൾ, എന്നിട്ടും നിങ്ങളതറിയുന്നില്ലല്ലോ" (ദാരിയാത്ത്:21) . രാത്രിയിൽ നിങ്ങളറിയാതെ നിങ്ങളുടെ പോകറ്റിൽ ഞാൻ രത്നങ്ങൾ നിക്ഷേപിച്ചു. നിങ്ങളൊരിക്കലും സ്വന്തം പോകറ്റ് തിരയില്ലെന്നെനിക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു'.

സ്വന്തം കുറവുകളും ന്യൂനതകളും മനസിലാക്കാതെ അന്യരിലെ കുറ്റങ്ങൾ തിരയുന്നവർ മേൽ പറഞ്ഞ കള്ളനെ പോലെയാണ്.

What's Your Reaction?

Shameer P Hasan ശമീർ പി ഹസൻ എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് സ്വദേശി. ആനുകാലികങ്ങളിൽ എഴുതുന്നു. ഡിക്സിംഗ് ടെക്നോളജീസ് സ്ഥാപകനാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള മുസ്ലിം സമൂഹം, സാധകൻ എന്നീ കൃതികൾ രചിച്ചു. യാത്രയും, ചരിത്രാന്വേഷണവും ഇഷ്ടമേഖല. വിലാസം: പാണ്ഡ്യാല ഹൗസ്, ചെങ്ങമനാട്, ആലുവ 683578. : 9895101243, meetshamee@gmail.com