ലാഖ്ഹോത്ത കോത്ത കോട്ട)
(കോട്ട # 148)
ദിവസം # 133 - രാത്രി 09:00)
------------------------------------
സ്വയം പുകഴ്ത്താൻ ഒരു അവസരം എനിക്ക് തരുമെങ്കിൽ ഞാൻ ഒരു കാര്യം പറയാം. എനിക്കിപ്പോൾ കോട്ടകളെ ഒളിപ്പിച്ച് വെച്ചാലും കാണാനാകും. അതെന്താണെന്നല്ലേ? വഴിയേ പറയാം.
രാവിലെ രാജ്കോട്ടിൽ നിന്ന് രണ്ട് സമൂസ പ്രാതലിൻ്റെ രൂപേണ കിട്ടി. അതും കഴിച്ച് ജാംനഗറിലേക്ക് പുറപ്പെട്ടു. ജാംനഗറിൽ ഒരു കൊട്ടാരമുണ്ട്. പ്രതാപ് വിലാസ് പാലസ്. അത് കാണുകയാണ് ലക്ഷ്യം. ബാക്കി സമയമുണ്ടെങ്കിൽ മറ്റെന്തെങ്കിലും കണ്ടെത്തി അതിന്റെ പിന്നാലെ പോകും. പക്ഷേ ജാംനഗറിൽ എത്തിക്കഴിഞ്ഞപ്പോളാണ് കൊട്ടാരം മിനുക്ക് പണികൾക്കായി അടച്ചിട്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കിയത്. ഞാൻ നിരാശനായി.
ആദ്യം കണ്ട ഒരു ബാർബർ ഷോപ്പിൽ കയറി, താടിയും മുടിയും മുറിച്ച ശേഷം ഉച്ചഭക്ഷണം കഴിച്ച് നഗരത്തിലൂടെ ഭാഗിയേയും കൊണ്ട് ഒന്ന് കറങ്ങി. ജാംനഗറിൽ മറ്റൊന്തൊക്കെ കാണാനുണ്ട് എന്ന് കാര്യമായി പിടിയില്ല. വലിയൊരു തടാകവും അതിന്റെ നടുക്ക് കോട്ട സമാനമായ ഒരു നിർമ്മിതിയും കണ്ടപ്പോൾ ഭാഗിയെ ഒതുക്കി അങ്ങോട്ട് നടന്നു. അതാണ് റൺമൽ തടാകം. പ്രവേശന ഫീസ് പത്തുരൂപ.
തടാകത്തിന്റെ കരയിലേക്ക് കടന്നപ്പോൾ, തടാകത്തിന്റെ നടുക്കുള്ള നിർമ്മിതിയിലേക്ക് പോകാൻ വീണ്ടും 25 രൂപ ടിക്കറ്റ് എടുക്കണം. അവിടെ ആർക്കിയോളജിയുടെ മ്യൂസിയം എന്നാണ് എഴുതി വെച്ചിരിക്കുന്നത്.
പക്ഷേ അകത്തേക്ക് കടന്നതോടെ കഥ മാറി. ആ കെട്ടിടത്തിന് ഒരു കോട്ടയുടെ എല്ലാ ഭാവങ്ങളും ലക്ഷണങ്ങളും ഉണ്ട്. അത് കോട്ട തന്നെയാണ്. ആ വിവരങ്ങളൊക്കെ അവിടെത്തന്നെ എഴുതിയും വെച്ചിട്ടുണ്ട്. ലാഖ്ഹോത്ത കോത്ത എന്നാണ് അതിന്റെ പേര്.
* മഹാരാജ റൺമൽ ആണ് ഈ കോട്ടയും തടാകവും ഉണ്ടാക്കിയത്.
* 1834, 1839 കാലഘട്ടങ്ങളിൽ ഇവിടെ മഴ കിട്ടിയില്ല. നല്ല വരൾച്ച ഉണ്ടായിരുന്നു. അതിനെ അതിജീവിക്കാൻ വേണ്ടി ഉണ്ടാക്കിയ സംഭരണിയാണ് ഈ തടാകം.
* പക്ഷേ അതിനും മുൻപ് ഇതൊരു കോട്ട തന്നെ ആയിരുന്നു. കോട്ടയ്ക്ക് ചുറ്റുമുള്ള കിടങ്ങായിരുന്നു ആ തടാകം.
* പിന്നീട് രാജാക്കന്മാർ ഇതിനെ അവരുടെ വേനൽക്കാല വസതിയായി ഉപയോഗിച്ചു പോന്നു.
* 90 ഏക്കർ വ്യാപ്തിയാണ് റൺമൽ എന്ന ഈ തടാകത്തിനുള്ളത്.
* സിലിണ്ടർ ആകൃതിയിലാണ് ലാഖ്ഹോത്ത കോത്ത കോട്ട തടാകത്തിന് നടുവിൽ ഉള്ളത്.
* കോട്ടയ്ക്ക് ചുറ്റും, തടാകക്കരയിൽ 34 സ്മൃതി മണ്ഡപങ്ങൾ ഉണ്ടായിരുന്നു. അതിൽ ആറെണ്ണം ഒഴികെ എല്ലാം ഭൂകമ്പത്തിൽ തകർന്നുപോയി. ഇപ്പോൾ അതെല്ലാം പുനർനിർമ്മിച്ചിട്ടുണ്ട്.
* കോട്ടയുടെ അകത്ത് ഫോട്ടോഗ്രാഫി അനുവദിക്കുന്നില്ല.
* തടാകത്തിന് നടുവിൽ ക്ലോക്കിന്റെ പെൻഡുലത്തിന്റെ ആകൃതിയിൽ ഒരു കിണറുണ്ട്. അതിന്റെ പേര് ഘടിയാലി കുവോ എന്നാണ്. ഘടിയാലി എന്നാൽ ഘടികാരം; കുവോ എന്നാൽ കിണർ.
* തടാകത്തിന് നടുവിൽ സ്ഥാപിച്ചിട്ടുള്ള, കുതിരപ്പുറത്തിരിക്കുന്ന മഹാരാജ ജാം റാവൽജിയുടെ പ്രതിമയാണ് ഇവിടത്തെ ഒരു പ്രധാന ആകർഷണം. നവനഗറിന്റെ നിർമ്മാതാവാണ് അദ്ദേഹം.
* 12ൽപ്പരം പീരങ്കികൾ കോട്ടയുടെ അകത്തുണ്ട്.
* ഒരുപാട് ശിലാ ലിഖിതങ്ങളും ചെമ്പ് ലിഖിതങ്ങളും നാണയങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.
* കോട്ടയുടെ ഉത്തരത്തിലുള്ള പെയിന്റിങ്ങുകൾ എടുത്തു പറയേണ്ടതാണ്.
* കൂടാതെ ഒരു തിമിംഗലത്തിന്റെ അസ്ഥികൂടവും പ്രദർശനത്തിൽ ഉണ്ട്.
148 കോട്ടകളിലൂടെ കടന്നു പോയെങ്കിലും, ഒരു തടാകത്തിന്റെ നടുക്ക് ആദ്യമായിട്ടാണ് ഒരു കോട്ട കാണുന്നത്. അത്തരത്തിൽ ഈ കോട്ടയെ പ്രചരിപ്പിക്കേണ്ടതിന് പകരം, മ്യൂസിയം എന്ന് പേരിട്ട് നിർത്തിയിരിക്കുന്നത് കഷ്ടമാണ്. ഫോട്ടോകളിലൂടെ മനുഷ്യർക്കിടയിലേക്ക് ഇത് എത്തിക്കുന്നതിന് പകരം, പടം പിടിക്കാൻ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് അതിലേറെ കഷ്ടമാണ്.
ഇനി സ്വയം പുകഴ്ത്തിയ വിഷയത്തിലേക്ക് വരാം. പ്രതാപ് വിലാസ് കൊട്ടാരം കാണാൻ പറ്റാത്തതിൻ്റെ നിരാശയിൽ പോകുകയായിരുന്ന എനിക്ക്, പെട്ടെന്ന് തടാകത്തിന്റെ നടുക്കുള്ള നിർമ്മിതി ഒരു കോട്ട പോലെ തോന്നുകയും, അതിനകത്തേക്ക് കയറിയതും ഒക്കെ ഒരു നിമിത്തമാണ്. ഇങ്ങനെ ഒരു കോട്ടയുടെ പേര് പോലും ഇന്ത്യയിലെ കോട്ടകളുടെ ലിസ്റ്റിൽ ഇല്ല എന്നതാണ് തമാശ. ഇതിപ്പോൾ ASI യുടെ മ്യൂസിയം എന്ന പേരിലാണ് അറിയപ്പെടുന്നത്. കോട്ട എന്ന പേരിൽ അവർ അത് പ്രചരിപ്പിക്കുന്നില്ല. പക്ഷേ അവിടത്തെ ബോർഡുകളിൽ എല്ലാം കോട്ടയുടേയും തടാകത്തിന്റേയും ചരിത്രം വിശദമാക്കുന്നുണ്ട്.
ഞാനിതിനെ വിക്കിപീഡിയയുടെ കോട്ട ലിസ്റ്റിലേക്ക് ചേർക്കുന്നു. ഞാൻ കണ്ടിട്ടുള്ള കോട്ടകളുടെ ലിസ്റ്റിലേക്കും.
ഞാൻ ഒരു തമാശ പറയട്ടെ? ആഴ്ചയിൽ 4 കോട്ടകളെങ്കിലും കണ്ടില്ലെങ്കിൽ രക്തത്തിൽ 'കോട്ടജന്റെ' അംശം കുറയുന്നതിന്റെ ബുദ്ധിമുട്ട് വരാൻ തുടങ്ങിയിട്ടുണ്ട് എനിക്ക്. ഭാഗ്യത്തിന് ലിസ്റ്റിൽ ഇല്ലാത്ത ലാഖ്ഹോത്ത കോട്ട ഇങ്ങോട്ട് വന്ന് ചാടി. അങ്ങനെ ഇന്നത്തെ ദിവസം ധന്യമായി.
തടാകക്കരയിൽ നിന്ന് പുറത്ത് കടന്ന്, നഗരത്തിലൂടെ ഒരുപാട് ദൂരം നടന്നു. തടാകത്തിൽ നിന്ന് 100 മീറ്റർ മാറിയുള്ള ഖംമ്പാലിയ ഗേറ്റ് നല്ലൊരു കാഴ്ച്ചയാണ്. ആ കവാടത്തിന് തുടർച്ചയായി പഴയ നിർമ്മിതികൾ പലതും ഉണ്ട്. പക്ഷേ നഗരം വികസിച്ചപ്പോൾ അതെല്ലാം തകർത്തടുക്കി. ഇപ്പോൾ അതെല്ലാം പുനരുദ്ധരിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാം.
സാമാന്യം വൃത്തിയുള്ള ആ തെരുവോരത്തിരുന്ന് അത്താഴം കഴിച്ചു. ശേഷം ഭാഗിയുമായി നഗരത്തിന് വെളിയിലേക്ക് കടന്നു. വലിയ നഗരങ്ങളുടെ ഉള്ളിൽ പാർക്ക് ചെയ്യാൻ സ്ഥലം അന്വേഷിക്കുന്നത് വിഡ്ഢിത്തമാണ്. നഗരത്തിന് വെളിയിൽ കടന്ന് ആദ്യം കണ്ട മയൂരം ഗ്യാസ് സ്റ്റേഷനിൽ അനുവാദം ചോദിച്ചു. സസന്തോഷം അനുമതി കിട്ടി.
നാളെ രാവിലെ ദ്വാരകയിലേക്കാണ് പോകേണ്ടത്. അതെ ശ്രീകൃഷ്ണന്റെ ദ്വാരക തന്നെ.