*ശത്രു*-
നീ കാത്തിരിക്കുമെന്നറിയാം
ഞാൻ
ഓടിയെത്തില്ലെന്നുമറിയാം
ഓരോ കാലവും
നിറവും മണവുമില്ലാതെ
കടന്നുപോയത്
ഓരോ ദിനവും പ്രതീക്ഷകളില്ലാതെ
അസ്തമിച്ചത്
കയ്ച്ചു കയ്ച്ച്
കയ്പിൻ്റെ രുചി പോലും
അറിയാതായത്
അസ്തമനം തന്നെയാണ്
ഉദയമെന്ന്
തോന്നിത്തുടങ്ങിയത്
കാൽവെക്കുന്നിടത്തെല്ലാം
നീ വാരിക്കുഴികൾ
ഒളിപ്പിച്ചു വെച്ചത്
നീയങ്ങനെ
രസിച്ചു രസിച്ചു
നോക്കി നിൽക്കുമ്പോൾ
എനിക്കെങ്ങനെ
തോൽക്കാനാവും?
പ്രിയപ്പെട്ട ശത്രു,
ഒരിക്കലും കാണാത്ത
ഇടവഴികളിൽ
നീയിനിയും
കാത്തു നിൽക്കുമെന്നറിയാം
നിന്നോളം
എന്നെ ഓർമ്മിക്കുന്ന
മറ്റാരുണ്ട്?
എൻ്റെ കാലടി വെപ്പുകൾ
ആരെക്കാളും നന്നായി
നീയല്ലാതാര്
മണത്തറിയും?
കാത്തിരിക്കൂ,
ജീവിക്കാൻ മറന്ന് മറന്ന്,
ഒരു ചിരിയിൽ
മുഖം മറച്ച് ....
What's Your Reaction?

