മാറി വരുന്ന ടെക്നോളജികളോട് മുഖം തിരിഞ്ഞു നിൽക്കുന്ന കമ്പനികളൊക്കെ കാലയവനികകുള്ളിലേക്ക് മറയുന്ന ചരിത്രമാണ് നമുക്ക് മുൻപിലുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും കൃത്യസമയം കാണിക്കുന്നതുമായ 'ക്വാർട്ട്സ്' വാച്ചുകൾ തങ്ങൾ ഒരിക്കലും നിർമ്മിക്കുകയില്ലെന്ന് ഒരു വാച്ചു കമ്പനി ശപഥം ചെയ്യുകയും അത് തന്നെ കമ്പനിയുടെ മുദ്രാവാക്ക്യമാക്കി മാറ്റുകയും ചെയ്താലോ ? അതും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വാച്ചുനിർമ്മാതാവ് എന്ന ഖ്യാതിയുള്ള 'ബ്ലാങ്ക് പെയിൻ' കമ്പനി.
'Blancpain has never
made a quartz watch and never will'. 1735-ൽ സ്വിറ്റ്വ്സർലഡിലെ വില്ലെറൈറ്റിൽ വെച്ച് ഒരു കർഷക കുടുംബത്തിൽ ജനിക്കുകയും പിന്നീട് അദ്ധ്യാപകനായി ജോലിചെയ്യുകയും ചെയ്ത ജെഹാൻ-ജാക്ക് ബ്ലാങ്ക്‌പെയിൻ ആണ് ആദ്യമായി വാച്ചുകൾ നിർമ്മിക്കാൻ ആരംഭിച്ചത്.തന്റെ ഫാം ഹൗസിന്റെ മുകൾ നിലയിൽ ഒരു വർക്ക്ഷോപ്പ് അദ്ദേഹം രൂപാന്തരപ്പെടുത്തി. അതിന്റെ താഴത്തെ നിലയിൽ നിറയെ കുതിരകളും കന്നുകാലികളുമായിരുന്നു.വാച്ച് മേക്കിംഗ് ബിസിനസിന്റെ സാധ്യതകൾ ജെഹാൻ-ജാക് മനസ്സിലാക്കിയിരുന്നു, അതിനാൽ അദ്ദേഹം ഒരു സ്കൂൾ അധ്യാപകനായിരിക്കുമ്പോൾ തന്നെ പോക്കറ്റ് വാച്ചുകളുടെ ഭാഗങ്ങൾ നിർമ്മിക്കാൻ തുടങ്ങുകയും ഒടുക്കം പരിപൂർണ്ണമായ വാച്ച് നിർമ്മിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. ലൂയി പതിനാറാമൻ ഉപയോഗിച്ചിരുന്നത് ബ്ലാങ്ക് പെയിൻ വാച്ചുകളായിരുന്നെന്ന് കണ്ടെത്തിയിടുണ്ട്.
287 വർഷമായിട്ട് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബ്രാൻഡായി ബ്ലാങ്ക് പെയിൻ ഇന്നും നിലനിൽക്കുന്നു. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ കമ്പനി അവരുടെ മുദ്രാവാക്യമനുസരിച്ച് ഒരിക്കലും ക്വാർട്ട്സ് വാച്ചുകളോ ഡിജിറ്റൽ വാച്ചുകളോ നിർമ്മിച്ചിട്ടില്ല. വൈഡിംഗ്, ഓട്ടോമാറ്റിക് അനലോഗ് വാച്ചുകൾ മാത്രമാണ് നിർമ്മിച്ചിടുള്ളത്. പ്രതിദിനം 2,000 വാച്ചുകൾ നിർമ്മിക്കുന്ന വാച്ച് നിർമ്മാണത്തിലെ രണ്ടാമത്തെ പഴക്കം ചെന്ന കമ്പനിയായ റോളക്‌സിനെപ്പോലുള്ള ഒരു വലിയ വാച്ച് മേക്കറുമായി താരതമ്യപ്പെടുത്തുമ്പോൾ , ബ്ലാങ്ക്‌പെയിൻ പ്രതിദിനം മുപ്പതിൽ താഴെ വാച്ചുകൾ മാത്രമെ നിർമ്മിക്കുന്നുള്ളു. അതും ഓരോ വാച്ചുകളും വിദഗ്ദനായ ഒരു വാച്ചുനിർമ്മാതാവിന്റെ കരസ്പർശനത്താൽ മാത്രം നിർമ്മിക്കപ്പെടുന്നു. ഇന്നും ലോകത്തെ ഏറ്റവും ഊർജ്ജസംഭരണശേഷിയുള്ള ഓട്ടോമാറ്റിക് വാച്ചുകൾ ബ്ലാങ്ക് പെയിൻ വാച്ചുകളാണ്. മെർലിൻ മൺറോ, ബ്രാഡ് പിറ്റ്, വ്ലാഡിമിർ പുടിൻ എന്നീ പ്രശസ്തരൊക്കെ ബ്ലാങ്ക് പെയിൻ വാച്ചുകളുടെ ഉപയോക്താക്കളിൽ പ്രശസ്തരായവരാണ്.