കാതറീന എന്ന അടിമപ്പെണ്ണിൻ്റെ കഥ .

   11-Mar-2025 : 3:22 PM   0      239

ഇന്ത്യയിലെ ഡച്ചു കൊളോണിയൽ കാലഘട്ടത്തിൽ അടിമയായി പിടിക്കപ്പെട്ട് പിന്നീട് ഏതാനും ഡച്ചു ഉദ്യോഗസ്ഥരുടെ ഭാര്യയായി ജീവിതം നയിക്കേണ്ടിവന്ന ഒരു തമിഴ് യുവതിയുടെ അറിയപ്പെടാത്ത കഥയാണ് ഇന്നു പങ്കുവയ്ക്കാനുള്ളത്. കാതറീന എന്നു ഡച്ചുകാർ പേരിട്ടുവിളിച്ച പെൺകുട്ടിയെ തമിഴ്നാട്ടിലെ പുലിക്കാട് എന്ന പ്രദേശത്തുനിന്നാണ് പിടികൂടുന്നത്. നല്ല ആരോഗ്യവും കരുത്തുമുണ്ടായിരുന്ന ഈ കറുത്ത സുന്ദരിയുടെ മാതാപിതാക്കൾ ആരെന്നോ അവളുടെ യഥാർത്ഥപേര് എന്തെന്നോ അറിയാൻ രേഖകൾ ഒന്നുമില്ല. എന്നാൽ പ്രായം ചില ഡച്ചു രേഖകളിൽ കാണുന്നതിനാൽ CE1637ലാണ് ജനനം എന്നു കരുതാം.

(ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം കാതറീനയുമായി ബന്ധപ്പെട്ട്

ചില ഉറവിടങ്ങളിൽ നിന്ന് കിട്ടിയ പഴയ ഒരു ഫോട്ടോഗ്രാഫാണ്.

പതിനേഴാം നൂറ്റാണ്ടിൽ ഫോട്ടോഗ്രാഫി പ്രചാരത്തിൽ ഇല്ലാത്തതിനാൽ

 ചിത്രം ആധികാരികമല്ല. ഒരു പ്രതീകം മാത്രമാണ്.)

പുലിക്കാട് എന്ന പഴവേർക്കാട് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ആസ്ഥാനമായിരുന്നു. അവിടെ ഇന്നും ഗെൽഡ്രിയ എന്നറിയപ്പെടുന്ന കോട്ടയും അതിനുള്ളിലെ ഡച്ചുകാരുടെ ശ്മശാനവും കാണാം. ചെന്നൈ നഗരത്തിൽ നിന്ന് 50 കിലോമീറ്റർ വടക്ക് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയ്ക്ക് തെക്കായി കടൽത്തീരത്താണ് പുലിക്കാട്. CE1660 ൽ നാഗപട്ടണത്തെ ഡച്ചുകോട്ട ആസ്ഥാനമാകും വരെയും കൊറോമാണ്ഡൽ തീരത്തെ വ്യാപാരം നിയന്ത്രിച്ചിരുന്നത് പുലിക്കാട് കേന്ദ്രീകരിച്ചായിരുന്നു. അക്കാലത്ത് ഡച്ചുകാർ  അടിമകളായി നാട്ടുകാരെ പിടികൂടുകയും അവർക്കിടയിൽ തന്നെ വില്പന നടത്തുകയും ചെയ്തിരുന്നു. അതിലൊരാളായിരുന്നു കാതറീന. 

അടിമയായി പിടിക്കപ്പെട്ട് അധികം വൈകാതെ തന്നെ കാതറീനയെ കൊച്ചിയിലേക്ക് കൊണ്ടുവന്നു. കൊച്ചിയിൽ അവൾ കുറെക്കാലം കഴിഞ്ഞിരുന്നു. മലബാറിൽ നിന്നുള്ള കാതറീന( Katharina de Malavar) എന്ന് രേഖകളിൽ പരാമർശിക്കുന്നതിനാൽ ചില ഡച്ചു ഗവേഷകർ കാതറീന മലയാളിയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. കൊച്ചിയിൽനിന്ന് നിന്നാണ് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലേക്ക് അവളെ കൊണ്ടുപോയത്. കേപ്പ് ടൗൺ കിഴക്കൻ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന ഡച്ചുകപ്പലുകളുടെ ഇടത്താവളമായി വികാസം പ്രാപിച്ചുവരുന്ന കാലമായിരുന്നു അത്.

പല തവണ അവൾ വിൽക്കപ്പെടുകയും പലരെയും അടിമയെന്ന നിലയിൽ സേവിക്കേണ്ടിവരികയും ചെയ്തു.  CE1663ൽ കൊച്ചിയിൽനിന്ന് പോർച്ചുഗീസുകാരെ തുരത്തി കൊച്ചിനഗരത്തിലൂടെ മാർച്ച് നടത്തിയ സിലോണിലെ ഡച്ചു ഗവർണറായ റിക്ലോഫ് വാൻ ഗോയൻസ് CE1669-ൽ ടെക്സലിലേക്ക് പോകും വഴി കാതറീനയെ ജേക്കബ് വാൻ ബോർഗോർസ്റ്റിൽ നിന്നും 240 പൗണ്ടിന് വാങ്ങി. CE1675ൽ വാൻ ഗോയൻസ്  സിലോണിലേക്ക് തിരികെപോന്നു എങ്കിലും കാതറീനയെ ഒപ്പം കൂട്ടിയില്ല.

അടിമയായിരുന്നു എങ്കിലും ഡച്ചുപരിസരങ്ങളുമായി വേഗമിണങ്ങിയ കാതറീന ഡച്ചുസംസ്കാരവും മര്യാദരീതികളും സ്വായത്തമാക്കുകയും ചെയ്തു. അവളുടെ ബുദ്ധിശക്തിയും കാര്യശേഷിയും സൗന്ദര്യവും അടിമജീവിതത്തിലും താരതമ്യേന മെച്ചപ്പെട്ട അവസരങ്ങൾ കിട്ടാനിടയാക്കി.

കാതറീനയുടെ മകൾ കൊർണേലിയയുടെ ബാപ്റ്റിസം പള്ളി രജിസ്റ്ററിൽ.

CE1673 ഒക്‌ടോബർ 29-ന് കേപ്‌ടൗണിലെ നെഡെർഡ്യൂറ്റ്‌സ് ഗെർഫോർമീർഡെ കെർക്കിൽ വെച്ച് 36-ാമത്തെ വയസ്സിൽ കാതറീനയുടെ ജ്ഞാനസ്നാനം നടന്നു. 1674ൽ മകൾ കൊർണേലിയയുടെ വിവാഹസമയത്ത് കാതറീന അടിമത്തത്തിൽ തന്നെയായിരുന്നു. തുടർന്ന് CE 1674 നവംബർ 18നും 1676 മാർച്ച് 15നും ഇടയിലുള്ള ഏതോ ഒരു ദിവസം അവൾ അടിമജീവിതത്തിൽനിന്ന് വിമോചിതയായി. അടിമത്തത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്ക് മാറ്റപ്പെടുന്നവർക്ക് ജ്ഞാനസ്നാനം ചെയ്ത് ഡച്ച് പ്രോട്ടസ്റ്റൻ്റ് സഭയിൽ അംഗമാകേണ്ടതുണ്ടായിരുന്നു.
സ്വാതന്ത്ര്യം നേടിയ ശേഷം അവൾക്ക് സ്വത്ത് സമ്പാദിക്കാൻ കഴിഞ്ഞു. അടിമപശ്ചാത്തലമുള്ള ഒരു സ്ത്രീക്ക് ഇത്തരമൊരു അവസരം വളരെ അപൂർവമായിരുന്നു.

ഗബ്രിയേൽ വാൻ സാംബൂവ, ഗബ്രിയേൽ ജൂസ്റ്റൻ, കോർണലിസ് ക്ലാസ് ക്ലാസെൻ, ആൻഡ്രീസ് വൂർമീസ്റ്റർ എന്നീ ഡച്ച് പൗരൻമാർ കാതറീനയെ പല കാലങ്ങളിലായി വിവാഹം കഴിച്ചു. അടിമകാലത്തും വിവാഹജീവിതത്തിലുമായി നിരവധി കുട്ടികൾ അവൾക്കുണ്ടായി. കോർണലിസ് - കാതറിന ദമ്പതിമാർക്കു തന്നെ എട്ടു മക്കൾ ഉണ്ടായിരുന്നതായി രേഖകളിൽ കാണുന്നു. ഇന്ന് ലോകത്ത് പലയിടത്തായി ഡച്ചുപാരമ്പര്യമുള്ള ഇരുനൂറിൽപരം കുടുംബങ്ങൾ തങ്ങളുടെ പത്തുതലമുറകൾക്ക് മുമ്പുണ്ടായിരുന്ന മുത്തശ്ശിയായി ദക്ഷിണേന്ത്യക്കാരിയായ കാതറീനയെ തിരിച്ചറിയുന്നു. CE1709 ൽ തൻ്റെ 72-ാമത്തെ വയസ്സിൽ കാതറീന അന്തരിച്ചതായി ഒരു സൂചന കാണുന്നുണ്ട്. കാതറീനയുടെ അടിമത്തത്തിൻ്റെയും ഡച്ചുകാരുമായുള്ള കുടുംബജീവിതത്തിൻ്റെയും കാലഘട്ടങ്ങളിലെ അനുഭവങ്ങളെ വിവരിക്കുന്ന ഒന്നും തന്നെ ഇതുവരെ ലഭ്യമല്ല.

കൊളോണിയൽ കാലത്തിൽ വേട്ടയാടപ്പെട്ട് മാതാപിതാക്കളിൽ നിന്നും സ്വന്തക്കാരിൽ നിന്നും എന്നെന്നേയ്ക്കുമായി വേർപെട്ട് അടിമജീവിതം നയിക്കേണ്ടിവരികയും പീഡനങ്ങൾക്കിടയിൽ ആരോടുമറിയാതെ ഒടുങ്ങേണ്ടിവരികയും ചെയ്ത കോളനിരാജ്യങ്ങളിലെ ലക്ഷക്കണക്കിന് മനുഷ്യരിൽ ഒരാൾ മാത്രമാണ് കാതറീനയും. എന്നാൽ ജീവിതത്തിൻ്റെ പകുതിയോളം അടിമയായി ശാരീരികമായ ചൂഷണത്തിന് വിധേയയാകുകയും ദുരിതം അനുഭവിക്കുകയും ചെയ്ത അവളുടെ പാരതന്ത്ര്യം അടിമയ്ക്ക് നൽകപ്പെടാവുന്ന "സ്വാതന്ത്ര്യം" എന്ന നിലയിൽ ഭൗതികസുഖങ്ങളോടെ ജീവിതാന്ത്യംവരെ തുടരുകയും ചെയ്തു എന്നാണ് കാണേണ്ടത്. അടിമകാലത്ത് ഒരു സ്ത്രീ എന്ന നിലയിൽ ഡച്ച്കമ്പനിയുടെ ഉദ്യോഗസ്ഥരാൽ പീഡനത്തിനിരയായ അവൾക്ക് ജ്ഞാനസ്നാനത്തിന് ശേഷമുള്ള രണ്ടാംപിറവികാലത്ത് തുടർച്ചയായി കടന്നുവന്ന ഭർത്താക്കൻമാരുടെ ഗാർഹിക അടിമത്തത്തിന് ഇരയാകേണ്ടി വന്നു എന്നും നമുക്ക് വിലയിരുത്താം.

മുമ്പ് ഞാൻ പോസ്റ്റ് ചെയ്തിരുന്ന മറ്റൊരു കഥയിലേക്ക് ഇനി വരാം. നമുക്കെല്ലാം ഏറെ പരിചിതനായ ഹെൻറിക് ആഡ്രിയാൻ വാൻറീഡ് എന്ന ഡച്ച് ഗവർണറുടെ വളർത്തുപുത്രിയായ ഫ്രാൻസിനയുടെ ദുരന്തകഥയാണത്. പ്രേമനൈരാശ്യം കാരണമായി ആത്മഹത്യ ചെയ്ത ഫ്രാൻസിന ഒരു ഡച്ച് ഉദ്യോഗസ്ഥന് ഒരു ഇന്ത്യൻ അടിമപ്പെണ്ണിലുണ്ടായ മകളാണെന്നും അവിവാഹിതനായ വാൻറീഡ് എടുത്തുവളർത്തുകയാണ് ഉണ്ടായതെന്നും ആ സംഭവവുമായി ബന്ധപ്പെട്ട രേഖകളിൽ കാണുന്നു. നിശ്ചയമായും കാതറീനയുടെ പുത്രിയാണ് ഫ്രാൻസിന എന്ന് നമ്മുക്ക് അനുമാനിക്കേണ്ടിവരും. അതിനെ സാധൂകരിക്കുന്ന തെളിവ് ഈ വിഷയത്തിൽ ഗവേഷണം നടത്താൻ ഇറങ്ങിപ്പുറപ്പെടുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് ലഭ്യമായേക്കാം. ഫ്രാൻസിനയുടെ മുമ്പെഴുതിയ ദുരന്തകഥ അതേപടി ഇവിടെ ചേർക്കുന്നു:

ശ്രീലങ്കയിലെ ട്രിങ്കോമാലിയിലെ പ്രശസ്തമായ സ്വാമിപ്പാറയ്ക്ക് സമീപമുള്ള കടൽത്തീരത്തെ പാറയിടുക്ക് "Lovers Leap" എന്ന പേരിലാണ് അറിയപ്പെടുന്നത്. നിരാശാകാമുകർ ഉയരത്തിൽനിന്ന് ചാടി ജീവനൊടുക്കുന്ന ഉയർന്ന പാറക്കെട്ടുകൾ പൊതുവേ ഇങ്ങനെയാണ് അറിയപ്പെടുന്നത്. 

ട്രിങ്കോമാലിയിലെ പ്രസ്തുത പാറയിടുക്ക് ചരിത്രത്തിൽ ഇടം നേടുന്നത് ഡച്ച് ഗവർണർ ആയിരുന്ന ഹെൻറിക് വാൻറീഡിൻ്റെ പുത്രിയായ ഫ്രാൻസിനയുടെ ദുരന്തകഥയുമായി ബന്ധപ്പെട്ടാണ്. അവിവാഹിതനായിരുന്ന ഹെൻറിക് വാൻറീഡിൻ്റെ വളർത്തുമകളായിരുന്നു ഫ്രാൻസിന എന്നാണ് ചിലർ കരുതുന്നത്. AD1660 ൽ കേപ് ടൗണിൽ വച്ച് ഫ്രാൻസിനയെ ബാപ്റ്റിസം ചെയ്തതിൻ്റെ രേഖകളുണ്ട്. ഒരു ഡച്ചു ഉദ്യോഗസ്ഥന് ഒരു ഇന്ത്യൻ സ്ത്രീയിൽ ജനിച്ച മകളെ മാതാപിതാക്കൾ നഷ്ടപ്പെട്ടതോടെ വാൻറീഡ് ദത്തെടുത്തു വളർത്തിയതാണ് എന്ന് അനുമാനിക്കാം.

വാൻറീഡ് ഫ്രാൻസിനയെ സ്നേഹിച്ചും ലാളിച്ചും വളർത്തി. ഡച്ചു കുലീനവനിതകൾക്ക് ലഭിക്കേണ്ടതായ പരിഗണനയും വിദ്യാഭ്യാസവും നൽകി. സിലോണിലാണ് അവൾ വളർന്നത്. കൊളംബോ അക്കാലത്ത് ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഒരു ആസ്ഥാനം കൂടിയായിരുന്നു. 

"Lovers Leap"| ട്രിങ്കോമാലി | ശ്രീലങ്ക . 

സുന്ദരിയായ ഫ്രാൻസിനയെ യുവാവായ ഒരു ഡച്ചു കമാൻഡർ പ്രണയിച്ചു. വാൻറീഡിന് ഈ ബന്ധം ഇഷ്ടമായില്ല. മകളുടെ പിടിവാശിയിൽ വാൻറീഡ് അയഞ്ഞു. അവളുടെ വിവാഹനിശ്ചയം നടന്നു. എന്നാൽ അവളുടെ കാമുകൻ അജ്ഞാതമായ ഏതോ കാരണത്താൽ ആ ബന്ധത്തിൽ നിന്ന് ഒഴിവായി. അയാൾ ഒരിക്കലും തിരിച്ചു വരില്ല എന്ന ഭാവത്തിൽ നെതർലൻഡിലേക്ക് കപ്പൽ തിരിച്ചു. ഹതാശയയായ ഫ്രാൻസിന കപ്പൽ തീരത്തുനിന്ന് അകന്നുപോകുന്നതു കണ്ട് അതിന് നേർക്ക് ഓടി. പാറയിടുക്കിൻ്റെ വിടവിലൂടെ അവൾ താഴേക്ക് പതിച്ചു. അവളുടെ ശരീരം താഴെയുള്ള പാറക്കെട്ടിൽ പതിച്ചു ചിതറി. അവൾ ആത്മാഹൂതി ചെയ്തതാണോ കാൽ വഴുതി വീണതാണോ എന്ന് ഉറപ്പാക്കാനാവില്ല. മകളുടെ ദാരുണമായ അന്ത്യം വാൻറീഡിനെ കടുത്ത ദുഖത്തിലാക്കി. അവളുടെ ഓർമ്മയ്ക്കായി ഇൻഡ്യൻ മാതൃകയിൽ വാൻറീഡ് ഒരു സ്മാരകസ്തംഭം സ്ഥാപിച്ച് അതിൽ

IN MEMORY OF FRANCINA VAN RHEDE 
WOMAN OF MYDREGHT DESEN
A0.24 APRIL ON THIS YEAR
എന്ന് ഡച്ചു ഭാഷയിൽ രേഖപ്പെടുത്തി.

ഇന്ന് ഈ സ്മാരകം അവിടെ കാണപ്പെടുന്നില്ല. ട്രിങ്കോമാലിയിലെ പ്രശസ്തമായ ശിവക്ഷേത്രത്തിൻ്റെ സാമീപ്യത്താൽ തീർത്ഥാടനകേന്ദ്രമാണ് സാമിപ്പാറ. ഫ്രാൻസിനയെ തുടർന്ന് മുൻകാലങ്ങളിൽ പലരും ആത്മഹത്യ ചെയ്യാനായി ഈ പാറയിടുക്ക് തെരഞ്ഞെടുത്തിരുന്നു ഇപ്പോൾ കമ്പിവേലി കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. 

1692 ജനുവരി 3 ന് സൂററ്റിൽ വച്ച് നടന്ന വാൻറീഡിൻ്റെ ശവസംസ്കാരച്ചടങ്ങിൽ മകൾ ഫ്രാൻസീൻ പങ്കെടുത്തതായുള്ള പരാമർശവും ചില ഗ്രന്ഥങ്ങളിൽ കാണുന്നത് ഈ കഥയിലെ ഒരു വൈരുദ്ധ്യമാണ്.

What's Your Reaction?