ഭയവും മരണവും മയക്കുന്നതാരെ . .?
ഭയവും മരണവും കേരളത്തിൻ്റെ ഇടവഴികളിൽ തോളിൽ കയ്യിട്ടു നടക്കുകയാണ് . അവരുടെ വഴികളിൽ തൽക്കാലം ചെറിയ തടസങ്ങൾ മാത്രം . നിയമം അവർക്കൊരു പ്രതിസന്ധിയോ ചെറുതടസമോ അല്ല . അവരുടെ വഴികൾക്ക് അനുകൂലമായ മനസും ജീവിത ഘടനയും മലയാള സംസ്‌കൃതി കയ്യെത്തിപ്പിടിച്ചിരിക്കുന്നു . ആത്മവിശ്വാസത്തോടെ അവരോട് തടസം പറയാൻ ആരുമില്ലാതായിരിക്കുന്നു . ഏറ്റവും അനാഥമായ ഒരു സമൂഹമായി കേരളീയ ജീവിതത്തെ പരിവർത്തനം ചെയ്തെടുത്തത് ആരാണ് . ..?
കേരളത്തിലെ സംഘടനകൾ .
ഇത്രയധികം രാഷ്ട്രീയവും സാമൂഹികവും മതപരവും സാമുദായികവുമായ സംഘടനകൾ നിറഞ്ഞ ഒരു സമൂഹം ലോകത്ത് ഒരിടത്തും കാണില്ല . എല്ലാവരും സംഘടിതരാണ് .
ആദിവാസികൾ ഒഴികെ .
എല്ലാവർക്കും സംഘടനകൾ നൂറായിരം ഉണ്ട് . പ്രധാന മത വിഭാഗമായ ഹിന്ദുക്കൾക്കിടയിൽ ഓരോ ജാതിക്കുമുണ്ട് സംഘടനകൾ . ഒരു ജാതിയിൽത്തന്നെ അനേകം സംഘടനകൾ . അതിൻ്റെ ഉപവിഭാഗങ്ങളായി ബാലകർ മുതൽ വയോവൃദ്ധർ , സ്ത്രീകൾ എന്നിവർ അണിനിരക്കുന്നു . എല്ലാ ദിവസവും പരസ്പരം ബന്ധപ്പെടേണ്ടി വരുന്ന വിധം ദൈനം ദിന പ്രവർത്തനങ്ങൾ ,വാട്സാപ്പ് ഗ്രൂപ്പുകൾ , പ്രാർത്ഥനാ ഗ്രൂപ്പുകൾ , കുടുംബ യൂണിറ്റുകൾ, വിവാഹ - മരണ സംഘങ്ങൾ .
ക്രൈസ്തവർക്കിടയിൽ വിവിധ സഭകളിലായി നൂറുകണക്കിന് സംഘടനകൾ . ജനനം മുതൽ മരണം വരെ മനുഷ്യരെ പിന്തുടരുന്ന ക്രൈസ്തവ മതത്തിൻ്റെ ഓരോ സഭയ്ക്കും വിവിധ കാര്യങ്ങൾക്കായി സംഘടനാ സംവിധാനങ്ങൾ ഉണ്ട് . അതിൻ്റെ വേലിക്കെട്ടിന് പുറത്ത് ജീവിക്കുന്ന മനുഷ്യർ അത്യപൂർവ്വമാണ് .പൗരോഹിത്യ സംവിധാനത്തിൻ്റെ നേതൃത്വത്തിൽ ആശുപത്രികൾ , സ്‌കൂളുകൾ ,കോളേജുകൾ തുടങ്ങി എത്രയോ സ്ഥാപനങ്ങൾ .
കേരളീയ മുസ്ലീങ്ങൾക്കിടയിലാണ് ഏറ്റവും കൂടുതൽ സംഘടനകൾ ഉള്ളത് . ആത്മീയത മുതൽ രാഷ്ട്രീയം വരെയായി എണ്ണിയാലൊടുങ്ങാത്ത സംഘടനകൾ,സ്ഥാപനങ്ങൾ ,സ്കൂളുകൾ കോളേജുകൾ എല്ലാമുണ്ട് . വ്യക്തിയുടെ ജീവിതത്തിൽ ക്രൈസ്തവ സഭ ഇടപെടുന്നപോലെ ഇടപെടുവാൻ ശേഷിയുള്ള ഒരു പൗരോഹിത്യം ഇല്ലെങ്കിലും ഒറ്റയ്‌ക്കൊറ്റയ്ക്ക് സുഘടിതമാണ് ഈ സംഘടനകളും . ഇസ്‌ലാം മതം ഉപേക്ഷിച്ചവർ പോലും സംഘടന ഉണ്ടാക്കിയിട്ടുണ്ട് .
അതിനും വെളിയിൽ യുക്തിവാദികളുടെ , നിരീശ്വരരുടെ സംഘടനകൾ . അതിനും വിവിധ അവാന്തര വിഭാഗങ്ങൾ പ്രവർത്തിക്കുന്നു .
അത്രയും തന്നെ സജീവമാണ് ദലിത് പരിപ്രേക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘടനകളും വ്യക്തികളും . മറ്റ് സംഘടനാ സംവിധാനങ്ങൾ പോലെ സുഘടിതമോ സാമ്പത്തിക ചുറ്റുപാടുകളോ ഇല്ലെങ്കിലും സാമൂഹിക ജീവിതത്തിൽ ഇവരുടെ സാന്നിധ്യവും പ്രകടമാണ് കേരളത്തിൽ .
നമുക്ക് ഒന്നിൻ്റെയും കുറവില്ലല്ലോ .
രാഷ്ട്രീയ പാർട്ടികൾ / മുന്നണികൾ .
പുതുതായി നാലോ അഞ്ചോ മുന്നണികൾ ഉണ്ടാക്കാൻ പറ്റുന്ന വിധം എണ്ണത്തിൽ ഒരുപാടുണ്ട് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ . ഇന്ത്യയിലെ 95 ശതമാനം രാഷ്ട്രീയപാർട്ടികൾക്കും കേരളത്തിൽ യൂണിറ്റുകൾ ഉണ്ട് . പ്രധാന മുന്നണികൾ രണ്ടാണെങ്കിലും മൂന്നാം സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു മുന്നണിയും കേരളത്തിൽ സജീവമാണല്ലോ . ഇവയുടെ ബലാബലത്തിൽ അധികാരം ഇവരിൽ ആരെങ്കിലും പങ്കുവയ്ക്കുന്നു . ഓരോ മുന്നണിയിലും കുറഞ്ഞത് 10 പാർട്ടികൾ എങ്കിലുമുണ്ട് . ഓരോ രാഷ്ട്രീയ പാർട്ടിക്കും മതങ്ങൾക്കുള്ളതുപോലെ പ്രായം,തൊഴിൽ , ലിംഗം , സമുദായം എന്നിവയുടെ അടിസ്ഥാനത്തിൽ ഉപ വിഭാഗങ്ങൾ വെള്ളംചോരാത്ത വിധം ചേർന്ന് നിന്ന് പ്രവർത്തിക്കുന്നു .
കിട്ടിയ അധികാരം തൃപ്തികരമായി പങ്കുവച്ച് വളരുകയാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികൾ . കൂടെ നിൽക്കുന്നവർക്കായി എന്തും ചെയ്യും എന്ന സഹായ മനഃസ്ഥിതി ഉള്ളതിനാൽ കാര്യസിദ്ധ്യർത്ഥം ജാഥകളിൽ എല്ലാവരും അണിനിരക്കുന്നുണ്ട് . ജാഥകളിലും സമരങ്ങളിലും ശക്തി കാണിക്കുന്ന കാര്യത്തിൽ ഒരു പാർട്ടിയും പിന്നോട്ട് പോകാറില്ല എന്നത് കേരളത്തിൻ്റെ സവിഷേതകളിൽ ഒന്നാണ് .
നമുക്ക് എന്തിൻ്റെ കുറവാണുള്ളത് . ..?
മാനസിക പശ്ചാത്തലം .
ലോകത്ത് എല്ലായിടത്തും ജീവിതം കണ്ടെത്തിയ മലയാളിക്ക് ലോകത്തിലെ ഒന്നും ഇതുവരെ അന്യമായിട്ടില്ല . ലോകത്തിൻ്റെ ഏത് മൂലയിലെ സംഭവത്തിനും ഇവിടെ പ്രതികരണങ്ങൾ ഉണ്ടാകാറുണ്ട് . സദ്ദവും ഹുസൈനു വേണ്ടി ഒരു ഹർത്താൽ തന്നെ നമ്മൾ നടത്തിയിട്ടുണ്ട് . ഗാസയ്ക്കും ക്യൂബയ്ക്കും ടിയാനെൻമെൻ സ്ക്വയറിനും നമ്മൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട് .
അന്യദേശങ്ങളെ തൊഴിലിനും സാമ്പത്തിക പര്യാപ്തതയ്ക്കുമായി ആശ്രയിക്കുന്ന ഒരു സമൂഹത്തിൽ ഇത് അസാധാരണമല്ല . കൂടാതെ ഏറ്റവും കൂടുതൽ സാക്ഷരതയും , സാമാന്യമായി ലഭ്യമാകുന്ന വിദ്യാഭ്യാസ സാഹചര്യങ്ങളും ഏറ്റവും കയറ്റുമതി ചെയ്യാൻ പാകത്തിലുള്ള തൊഴിൽ ശേഷിയെ ഇവിടെ സൃഷ്ടിച്ചിട്ടുണ്ട് . എല്ലാ കാര്യങ്ങളെക്കുറിച്ചും ഒരു മലയാളിക്ക് എന്തെങ്കിലും പറയാനുണ്ടാകും . എല്ലാ മുലകളിലും ചുരുങ്ങിയത് ഒരു നൂറ് പണ്ഡിതർ സന്നിഹിതരാണ് .
മാധ്യമങ്ങൾ .
മാധ്യമ സാന്ദ്രത കൊണ്ടും കേരളം സമ്പുഷ്ടമാണ് . എത്രയോ പത്രങ്ങളും ചാനലുകളും , മാസികകളും നമുക്കുണ്ട് . എല്ലാ മതങ്ങൾക്കും , രാഷ്ട്രീയ പാർട്ടികൾക്കും പത്രവും ചാനലും ഉണ്ട് . എന്നിട്ടും ഏറ്റവും കൂടുതൽ വിറ്റഴിയുന്നതും , കാഴ്ചക്കാരുള്ളതും സ്വകാര്യ ഉടമസ്ഥതയുള്ള പത്രങ്ങളും ചാനലുകളും ആണ് . രാപകൽ സമരം മാത്രമല്ല , ചാനൽ ജീവിതവും ഒരുപക്ഷെ ലോകത്തിൽ മലയാളിക്ക് മാത്രമാണ് ഉണ്ടാവുക .
പോരാത്തതിന് പാതിരാത്രിയായാൽ ചാനലുകളെല്ലാം പ്രത്യേകം ക്രിമിനൽ സംഭവങ്ങളുടെ പ്രത്യേക പരിപാടികളും സംപ്രേക്ഷണം ചെയ്യുന്നുണ്ട് . നമ്മളെ അവർ അറിവുള്ളവർ ആക്കുകയാണല്ലോ .
നമുക്കെന്തെങ്കിലും .കുറവുണ്ടോ . ?
സമകാലികം .
രണ്ട് സമകാലിക ദുരന്തങ്ങൾ മലയാളികളുടെ മാനസിക പരിസരത്തെ വേട്ടയാടുകയാണ് . അതിൽ ഒന്നാമത്തേത് യുവജനങ്ങളുടെ വർധിച്ച തോതിലുള്ള കുടിയേറ്റമാണ് . കേരളത്തെ ഒരു വാർധക്യ സംസ്ഥാനമായി പരിവർത്തനപ്പെടുത്താനുള്ള ഉള്ളടക്കം അതിലുണ്ട് .
മറ്റൊന്ന് മയക്കു മരുന്നും അതിൻ്റെ അനുബന്ധമായി രൂപപ്പെടുന്ന ക്രിമിനൽ പ്രവൃത്തികളുമാണ് . എല്ലാ ദിവസവും എന്നവണ്ണം അതിൻ്റെ രൂപവും ഭാവവും കരാളമാകുന്നത് ഞെട്ടലോടെയാണ് മലയാളികൾ കണ്ടുനിൽക്കുന്നത് . ഇത്രയും ഹിംസാത്മകത എങ്ങിനെ നമ്മളിലേക്ക് പടർന്നുകയറി എന്ന് അന്ധൻ ആനയെക്കണ്ടപോലെ നമ്മൾ വിവരിച്ചു വിയർക്കുകയാണ് .
പോം വഴിയിലേക്ക് നമ്മൾ എത്തുമോ . .?
ഒരു പ്രതിസന്ധിയെ അതിൻ്റെ ആഴത്തിലും പരപ്പിലും കണ്ടറിയാനും വസ്തുതകളെ അംഗീകരിക്കാനും കഴിയുമ്പോൾ മാത്രമല്ലേ അതിനെ മറികടക്കാനുള്ള വഴികൾ തെളിയൂ .
ഇത്രയേറെ സംഘടിതരായി മലയാളികൾ ,
അതിൻ്റെ പേരിലുള്ള അഹന്തകളിൽ ലോകോത്തരമായ അഹന്ത സൂക്ഷിക്കുന്ന നമ്മൾ !
എങ്ങനെയാകും ഈ പ്രതിസന്ധിയെ നേരിടുക ? മറികടക്കുക ?
ചില ചോദ്യങ്ങൾ എല്ലാവരുമായി പങ്കുവയ്ക്കുവാൻ "യരലവ" ആഗ്രഹിക്കുന്നു .
1) ഇത്രയേറെ സംഘടിതരും സുഘടിതരും ആയിട്ടും എങ്ങിനെയാണ് മയക്കുമരുന്ന് നമുക്കിടയിൽ , ചെറു കുട്ടികൾക്കുപോലും ലഭ്യമാകുന്ന വിധത്തിൽ പടർന്നത് . .?
2 ) വെറും വാറ്റു ചാരായവും പൊതിക്കഞ്ചാവും പിടിക്കാൻ മാത്രം പരിശീലിക്കപ്പെട്ട നമ്മുടെ എക്സൈസ്/ പോലീസ് സംവിധാനങ്ങൾക്ക് ഏറ്റവും ആധുനികമായ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്ന മയക്കുമരുന്ന് മരണവ്യാപാരികളെ നേരിടാൻ കഴിയുമോ . .?
3) ലഘുവായ ശിക്ഷകളും ,കർശനമായ നടപടിക്രമങ്ങളും മൂലമല്ലേ മയക്കുമരുന്ന് കേസിലെ പ്രതികൾ രക്ഷപ്പെടുന്നത് ?
4 ) ശിക്ഷിക്കപ്പെടുന്നു എന്ന് പറയുന്ന കേസുകളിൽ വെറും പിഴശിക്ഷയല്ലേ ചുമത്തിയിരിക്കുന്നത് . .? ഇത് എന്തുതരം സഹായമാണ് മയക്കുമരുന്ന് സംഘങ്ങൾക്ക് നൽകുന്നത് . .?
5 ) ഈ അവസ്ഥയെ നേരിടാൻ നമ്മുടെ പരമ്പരാഗത രാഷ്ട്രീയ സൂത്രപ്പണികളായ , ബോധവൽക്കരണം , പദയാത്ര , ധർണ , പിക്കറ്റിങ് , പ്രതിജ്ഞ , ചങ്ങല , മതിൽ , എന്നിവയ്ക്ക് സാധ്യമാണോ . ?
6 ) അത്തരം പരിഹാസ്യമായ പരിപാടികൾ മയക്കുമരുന്ന് വ്യാപാരത്തിന് ഗുണമല്ലേ ചെയ്യുക . .?
7 ) കേരളത്തിലെ രാഷ്ട്രീയ അധികാരത്തിൻ്റെ യും ഔദ്യോഗിക സംവിധാനങ്ങളുടേയും അറിവില്ലാതെ ഇത്രയും വ്യാപകമായ വിധത്തിൽ സർവനാശ സ്വഭാവത്തിൽ മയക്കുമരുന്ന് സംഘങ്ങൾക്ക് വളരാൻ കഴിയില്ല എന്ന ആശങ്ക ശരിയാണോ . .?
8 ) പിടിക്കപ്പെടുന്ന മയക്കുമരുന്നുകൾ തന്നെ പതിനായിരക്കണക്കിന് കോടി രൂപയുടേതാണ് . അപ്പോൾ പിടിക്കപ്പെടാതെ പോകുന്നത് അതിലും എത്രയോ ആയിരിക്കും . ഇത്രയേറെ തുക മുടക്കി വ്യാപാരം നടത്തുന്നവർ ആരുടേയും സംരക്ഷണമില്ലാതെ അതിനു തുനിയുമോ ...? ആരാണ് ഈ വലിയ കച്ചവടക്കാർ . .?
9) ആരായിരിക്കും അവരുടെ സംരക്ഷകർ എന്നാണ് നിങ്ങൾ കരുതുന്നത് . .?
10) ഞങ്ങളറിയാതെ കേരളത്തിൽ ഒന്നും നടക്കില്ല എന്ന സംഘടനകളുടെ വീരവാദങ്ങളെ നിങ്ങൾ എങ്ങനെ കാണുന്നു . .?
ഈ ചോദ്യങ്ങളിൽ നിന്നും ഓരോ മലയാളിയുടേയും ഉത്തരം രൂപപ്പെടുകയും ,
ആ ഉത്തരങ്ങളിൽ നിലപാടുകൾ ഉണ്ടാവുകയും ചെയ്യുമ്പോഴല്ലേ
നമ്മളെ ചുറ്റി വിരിയുന്ന ഭയവും മരണവും അകന്നുപോവുക . ..?
വെളിവുള്ള പിള്ളേർ നാടുവിടുകയും ,
ബാക്കിയുള്ളതിൽ കുറേപ്പേർ മയക്കുമരുന്നിനാൽ അടിഞ്ഞു പോവുകയും ,
കുറേപ്പേർ കൊല്ലപ്പെടുകയും, ബാക്കിയുള്ളവർ ഹിംസയിൽ ആഹ്ളാദിക്കുകയും ,
പിന്നെയും ബാക്കിയുള്ളവർ ഭയത്താൽ ഒതുങ്ങുകയും ചെയ്യുന്ന
ഒരു കേരളമാണോ നമ്മളെ കാത്തിരിക്കുന്നത് . ..?
നിങ്ങളുടെ ഉത്തരങ്ങളും "യരലവ" യെ അറിയിക്കുക .
നമ്മുടെ അന്വേഷണം തുടരാം .
മറക്കാതിരിക്കാൻ ഒരു കാര്യം സൂചിപ്പിക്കാം .
നമ്മുടെ ചെറുപ്പക്കാർ ഇപ്പോൾ രാസലഹരി സ്വയം നിർമ്മിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ട് .
ആത്മഹത്യയ്‌ക്കും കൊലയ്ക്കും ഇടയിൽ നമുക്ക് സംഭാഷണങ്ങൾ തുടരാം .
അടുത്ത ലക്കത്തിൽ തുടരും . ......,
What's Your Reaction?