1876-ലെ മദിരാശീ മഹാക്ഷാമം.
ബ്രിട്ടീഷുകാർ പല നേട്ടങ്ങളും അതിലേറെ കോട്ടങ്ങളും ഇന്ത്യക്ക് സമ്മാനിച്ചിടുണ്ടെന്നതിൽ സംശയമില്ല. ബ്രിട്ടീഷ് നയങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ കോടിക്കണക്കിന് ഇന്ത്യക്കാരെ മരണത്തിലേക്ക് തള്ളിവിട്ടിടുമുണ്ട്.വികലമായ കാർഷിക നയങ്ങൾ, ഭക്ഷ്യകൃഷിയിൽ നിന്ന് നാണ്യവിള കൃഷിയിലേക്കുള്ള നിർബന്ധിത പരിവർത്തനങ്ങൾ , അമിത നികുതി, കിരാതമായ പല ആക്ടുകൾ എന്നിങ്ങനെ ജനജീവിതം ദുസ്സഹമാക്കിയ ബ്രിട്ടീഷ് നടപടികൾ എമ്പാടുമുണ്ട്.
1876 മുതൽ 1901 വരെയുള്ള ഇരുപത്തിയഞ്ച് വർഷക്കാലയളവിൽ
ഇന്ത്യയുടെ ചക്രവർത്തിയായ വിക്ടോറിയ രാജ്ഞിയുടെ ഭരണകാലത്ത് മൂന്ന് വലിയ ക്ഷാമങ്ങളുണ്ടായി. അവയിൽ ആദ്യത്തേത് 1876-78 ലെ മദ്രാസ് മഹാക്ഷാമമായിരുന്നു. വിളനാശത്തിന്റെ ഫലമായി ഈ ക്ഷാമം ഏകദേശം 55 ലക്ഷം ഇന്ത്യക്കാരെ പട്ടിണിയിലാക്കിയെന്നാണ് ബ്രിട്ടീഷ് രേഖകൾ സൂചിപ്പിക്കുന്നത്.ഈ ക്ഷാമം കർണാടക, ആന്ധ്രാപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ്, ദക്ഷിണേന്ത്യയിലെ തമിഴ്നാട്ടിൽ നിന്നാണ് ആരംഭിക്കുന്നത്.പഴയ മദിരാശിയുടെ ഭാഗമായതിനാൽ ഇന്നത്തെ കേരളത്തിലെ പലപ്രദേശങ്ങളെയും ക്ഷാമം കാര്യമായി ബാധിക്കുകയും ചെയ്തു. പട്ടിണിമൂലം സ്വന്തം കുഞ്ഞുങ്ങളെ വിറ്റ അച്ഛനമ്മമാരെ കുറിച്ച് ഭാസ്കരനുണ്ണി 'പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിൽ' എഴുതിയിടുണ്ട്. അക്കാലത്ത് ഒട്ടനേകം കീഴ്ജാതിക്കാർ പട്ടിണിമരണത്തോടെ ഇല്ലാതെയായി.
ജനം ക്ഷാമം കൊണ്ട് വറുതിയിലായപ്പോഴും ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് ടൺകണക്കിന് ധാന്യങ്ങൾ കയറ്റുമതി ചെയ്തുകൊണ്ടിരുന്നു. കഴിയുന്നത്ര കുറച്ച് മാത്രമെ കയറ്റുമതി ചെയ്യാൻ ശ്രമിച്ചിട്ടുള്ളു എന്നത് ബ്രിട്ടീഷ് ഔദ്യോഗിക നയമാക്കി ഒടുക്കം രേഖകളിൽ എഴുതിച്ചേർത്തു. ഏറ്റവും സങ്കടകരമായ വസ്തുത, ജനം പട്ടിണികൊണ്ട് മരിക്കുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ലിട്ടൺ പ്രഭു വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണാർത്ഥം 60,000 പേർക്ക് മഹത്തായ വിരുന്നൂട്ട് നടത്തി എന്നുള്ളതാണ്!.
ചില പ്രവർത്തനങ്ങളുടെ ഫലമായി ദശലക്ഷക്കണക്കിന് ആളുകൾ രക്ഷപ്പെട്ടു എന്നിരുന്നാലും, മറുഭഗത്ത് ദശലക്ഷക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു. 1943 ലെ അവസാനത്തെ ഒരു ക്ഷാമത്തിനുശേഷം ബ്രിട്ടീഷുകാർ ഒടുവിൽ ഈ രാജ്യം വിട്ടുപോകുന്നതുവരെ ക്ഷാമത്തിന്റെയും പട്ടിണിയുടെയും തിരമാലകൾ ഇന്ത്യയിൽ തിരത്തല്ലികൊണ്ടിരുന്നു.
കുറഞ്ഞ കണക്ക് പ്രകാരം 55 ലക്ഷം മനുഷ്യർ, ഉയർന്ന കണക്ക് പ്രകാരം 9.6 ദശലക്ഷം പേർ ഇത്രയുമാളുകൾ പട്ടിണി കിടന്ന് മരിച്ച ഇന്ത്യയുടെ വേദന നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഇംഗ്ലീഷ് കേണൽ വില്ലോബി വാലസ് ഹൂപ്പർ ((1876-1879) എടുത്ത ഈ ചിത്രങ്ങൾ ആ ഭയാനകമായ നാളുകളിലെ കഥ പറയുന്നു.
Shameer P Hasan
ശമീർ പി ഹസൻ
എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് സ്വദേശി. ആനുകാലികങ്ങളിൽ എഴുതുന്നു.
ഡിക്സിംഗ് ടെക്നോളജീസ് സ്ഥാപകനാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള മുസ്ലിം സമൂഹം, സാധകൻ എന്നീ കൃതികൾ രചിച്ചു. യാത്രയും, ചരിത്രാന്വേഷണവും ഇഷ്ടമേഖല.
വിലാസം: പാണ്ഡ്യാല ഹൗസ്, ചെങ്ങമനാട്, ആലുവ 683578. : 9895101243,
meetshamee@gmail.com