" പൂവ് "
വിരിയുന്ന വിധം !
ആഹ്ളാദകരമായ കാര്യങ്ങളിൽ ഒന്ന് സംഭവിച്ചിരിക്കുന്നു . "പൂവ്" സിനിമയ്ക്ക് അന്താരാഷ്ട്രാ അംഗീകാരം കിട്ടിയിരിക്കുന്നു . നേപ്പാൾ കൾച്ചറൽ ഇൻ്റെർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സിനിമയായി പൂവ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു . മഞ്ജുളൻ നല്ല നടനായും തെരഞ്ഞെടുക്കപ്പെട്ടു .
അനീഷ് ബാബു
മഞ്ജുളൻ
ജോൺസൻ വി ദേവസി
അനീഷ് ബാബു അബ്ബാസും ബിനോയ് ജോർജ്ജും ചേർന്നാണ് പൂവിൻ്റെ സംവിധാനം നിർവഹിച്ചിട്ടുള്ളത് . സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ജോൺസൻ . വി . ദേവസി. കാമറ ചലിപ്പിച്ചത് സംവിധായകൻ അനീഷ് ബാബു അബ്ബാസ് തന്നെയാണ് . Pinks Visual Space ൻ്റെ ബാനറിൽ നിർമിച്ച സിനിമയുടെ നിർമാണം നിർവഹിച്ചത് ഇ . സന്തോഷ്‌കുമാർ അനീഷ് ബാബു കൂട്ടുകെട്ടാണ് . കെ പി എ സി ലീല , മഞ്ജുളൻ , മീനാക്ഷി അനൂപ് , ശാന്തി റാവു ,ശ്രുതി വിപിൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ
മനുഷ്യൻ്റെ ആത്മസഞ്ചാരങ്ങൾ ചിത്രീകരിച്ച അനേകം സിനിമകൾ വിശ്വസിനിമയിൽസംഭവിച്ചിട്ടുണ്ട്. അബ്നോർമൽ ആയ മനുഷ്യർക്കേ ആത്മസഞ്ചാരങ്ങൾ ഉള്ളൂ എന്ന് തോന്നിപ്പിക്കും വിധമാണ് മലയാളത്തിൽ പലപ്പോഴും ആവിഷ്കാരങ്ങൾ സംഭവിച്ചിട്ടുള്ളത്. ഇന്ത്യയിലെ മറ്റു ഭാഷകളിലും വിദേശസിനിമകളിലും സാധാരണ ജീവിതമുള്ളവരുടെ ആത്മാന്വേഷണങ്ങളും ജീവിതയാത്രകളും ഉള്ളുരുക്കും വിധം ചിത്രഭാഷയിൽ വരഞ്ഞിട്ടുണ്ട്.
മലയാള സിനിമയിലെ ആ കുറവ് പരിഹരിക്കുന്ന സിനിമ ഒരുക്കാൻ "പൂവ്" സിനിമയുടെ സ്രഷ്ടാക്കൾക്ക്
കഴിഞ്ഞിട്ടുണ്ട്. അവനവനിൽ നിന്നും അകത്തേക്കും പുറത്തേക്കുമുള്ള 'ജീവൻ്റെ ' സഞ്ചാരങ്ങളാണ് പൂവ്
പ്രമേയമാക്കുന്നത് . നാല് സ്ത്രീകളുടെ ജീവിതങ്ങളിലൂടെ ഒഴുകുന്ന ജീവൻ എന്ന നായകൻ്റെ ജീവിതത്തിൻ്റെ വഴിയും സത്യവുമാണ് സിനിമ കാഴ്ചക്കാരന് നൽകുന്നത്. ജീവൻ്റെ ജീവിത നദിക്ക് അതിരടയാളങ്ങളായ പെൺ
സാന്നിധ്യങ്ങൾ അയാളുടെ കരകളും കാഴ്ചകളുമായി നമ്മളനുഭവിക്കുന്നത് പൂവ് നൽകുന്ന കാഴ്ചയുടെ
സൗഭാഗ്യങ്ങളെയാണ്.
സ്വച്ഛമായ ആകാശക്കീറിന് താഴെ ഇളകുന്ന പച്ചിലച്ചാർത്തുകൾക്കും ഇടയിൽ പെൺമയുടെ നാമവും
രൂപങ്ങളും നിറയുന്നിടത്തു നിന്നാണ് സിനിമയുടെ ആദ്യ ഷോട്ട് എന്നതിൽ ദൃശ്യങ്ങളുടെ ആഖ്യാനങ്ങൾ
നമ്മളെ ഏതെല്ലാം തുറവികളിലേക്കാണ് കൊണ്ടുപോകുന്നതെന്ന സൂചനകൾ നൽകുന്നുണ്ട്.
നിറഞ്ഞ പച്ചപ്പിൽ നിന്നും ജീവിതപുണ്യം പോലെ ഒരു പൂവ് അടരുന്നതും , ആകർഷണ ഗുരുതയാൽ കറങ്ങി കറങ്ങി ഒടുവിൽ ജീവൻ്റെ കൂട്ടായ പെണ്ണിൻ്റെ കൈകളിൽ ആ പൂവ് വന്നുചേരുന്നതും മുതൽ പൂവ് സിനിമ ജീവിതമായി ഓരോ ഷോട്ടിലും കാഴ്ചയുടെ മനോഹാരിതയുടെ അനുസ്യൂതിയോടെ വിടർന്നു നിറയുകയാണ്. ആകാശത്തു നിന്നും പൂവുകൾ കൊഴിയുമ്പോൾ ഖസാക്കിലെ രവി ആകാശത്തു നിന്നും ദേവന്മാർ പൊഴിക്കുന്ന തൊണ്ടുകൾ കണ്ടത് നമ്മളും ഓർക്കും.
നിശബ്ദതയുടെ മന്ദതാളത്തിൽ നിന്നും പങ്കാളിയായ സ്ത്രീ വിളിച്ചുണർത്തുമ്പോൾ ജീവൻ ഉണരുന്നതാകട്ടെ
അമ്മയുടെ വിളി കേട്ടിട്ടെന്ന പോലെയാണ്. ആകാശം മുട്ടുന്ന മലമുകളിൽ നിന്നും പെട്ടന്ന് അയാൾ വിജനതയുടെ തീരഭൂവിലേക്ക് എടുത്തെറിയപ്പെടുകയാണ് . ചേലപോലെ തിര അതിരിടുന്ന തീരഭൂവിൽ നിന്നും അയാൾ അമ്മയേയും ഭാര്യയേയും കൂട്ടിയുള്ള സഞ്ചാരം ആരംഭിക്കുന്നു.
മൗനം പോലും മധുരിക്കുന്ന ഒരു സ്മൃതിയാത്ര പോലെ നമ്മളും യാത്രയിലേക്ക് മധുരം പോലെ അലിയുന്നു.
പക്ഷേ , ജീവൻ്റെ യാത്രയുടെ എതിർദിശയിൽ മരണവും യാത്ര ചെയ്യുന്നുണ്ട്. അതിൻ്റെ സൂചനാരൂപകങ്ങൾ വഴിയിൽ കടന്നു പോകുന്നതും ജീവിതത്തിലെ യാദൃശ്ചികതപോലെ തന്നെ സംഭവിക്കുന്നുണ്ടെന്ന കാര്യം വൈകിയാണ് കാഴ്ചക്കാരനും ഓർക്കുക. ജീവിതത്തിൻ്റെ വിപരീത സാന്നിധ്യമായ മരണം ജീവൻ്റെ യാത്രയുടെയും, ഇഴപിരിയാത്ത സന്ദേഹരഹിതമായ ഉണ്മയായി നമ്മെ തൊട്ടുതലോടി നിൽക്കുന്നു .
വഴിയരികിലൂടെ മനമിടിഞ്ഞു നടന്നു പോകുന്ന കുട്ടിയുടെ ദൃശ്യത്തിൽ നിന്നും ജീവൻ്റെ സ്വാഭാവികമായ
തിണർപ്പുകളെ വകഞ്ഞുമാറ്റുന്ന 'അമ്മ' ജീവൻ ശരിക്കും എത്ര ഹൃദയാലുവാണ് എന്ന പാത്രചിത്രീകരണം
പൂർണമാക്കുന്നുണ്ട് . അതിലേറെ ജീവനെക്കുറിച്ച് സിനിമയിൽ ഇനിയൊന്നും പറയാനില്ലെന്ന് കാഴ്ചയുടെ
യാത്രയിൽ നമുക്ക് ബോധ്യപ്പെടുന്നുണ്ട്. ജീവൻ്റെ കൗമാര ജീവിതവും അയാളുടെ ശൂന്യസ്ഥലികളും
അടയാളപ്പെടുത്തുന്നുണ്ട് , പുനരാവർത്തിക്കാത്ത ആ വഴിയോരദൃശ്യം .
പിന്നീടങ്ങോട്ട് , യാത്രയും ഓർമകളും ദൃശ്യങ്ങളും ഒരു വേലിയേറ്റത്തിലെന്ന പോലെ കാഴ്ചയുടെ സമൃദ്ധിയാവുകയാണ്. ഭൂമിയുടെ പച്ചപ്പുതപ്പിനിടയിലൂടെയും , മലയിറക്കങ്ങളിലൂടെയും , വെളിച്ചവും നിഴലും
ചതുരംഗമാകുന്ന തെങ്ങിൻ തോപ്പുകളിലൂടെയും , പാടവരമ്പുകൾക്കിടയിലൂടെയും, കായൽനിലങ്ങൾക്കരികിലൂടെയും , കടൽക്കരയിലൂടെയും കേരളീയ ദൃശ്യചാരുതയുടെ ആമാടപ്പെട്ടി തുറന്നുവയ്ക്കുന്ന വിസ്മയങ്ങളുടെ സാക്ഷിയാക്കി ക്യാമറ നമ്മളെ ജ്ഞാനസ്നാനം ചെയ്യിക്കുന്നുണ്ട് . പ്രകൃതി അമ്മയുടെ മടിത്തട്ടായി ജീവനും പ്രേക്ഷകനും അനുഭവപ്പെടുന്നു.
സംഭാഷണ ശകലങ്ങളിൽ , മൂന്ന് യാത്രികരും , ജീവനും ഭാര്യ സന്ധ്യയും അമ്മയും, ഓരോ ആഗ്രഹങ്ങൾ
നിറവേറ്റുന്ന കളിയിലേക്ക് കടക്കുന്നു. ഒരാൾക്ക് ഒരാഗ്രഹം പറയാം . മറ്റുള്ളവർ ചേർന്ന് ഓരോരുത്തരുടെയും
ആഗ്രഹം നടത്തിക്കൊടുക്കണം എന്നതാണ് കരാർ.
"സെവൻത് സീലിൽ" (Seventh Seal- Ingmar Bergman) മരണവുമായി ചതുരംഗം കളിക്കുമ്പോൾ ഇവിടെ ജീവിതവുമായിട്ടാണ് എന്ന വ്യത്യാസമുണ്ട്. ഓരോ ആഗ്രഹങ്ങൾ പറയുന്നിടത്ത് 'ഒന്നുകൂടി പറയട്ടെ !' എന്ന് തിടുക്കപ്പെടുന്നത് കാണുമ്പോൾ ചെമ്മീനിലെ പരീക്കുട്ടി പാടുന്ന കടലിലെ ഓളവും കരളിലെ മോഹവും കാതുകളിൽ കേൾക്കാൻ പ്രേക്ഷകന് കഴിയുന്നുണ്ട്.തിരക്ക് ഒട്ടുമില്ലാതെ , കടലിലേക്ക് താണു താണു പോകുന്ന സൂര്യൻ്റെ അസ്തമയം പൂർണമായും കണ്ടിരിക്കണം എന്നാണ് അമ്മയുടെ ആഗ്രഹം .
കെട്ടിപ്പൂട്ടിയ വസ്ത്രങ്ങളിൽ നിന്നും അയഞ്ഞുതൂങ്ങിയ വസ്ത്രങ്ങളിലേക്ക് മാറണം എന്നാണ് സന്ധ്യ ആദ്യം പ്രകടിപ്പിക്കുന്ന ആഗ്രഹം . അൽപ്പം കഴിഞ്ഞ് , തനിക്ക് ഒരു യഥാർത്ഥ പള്ളീലച്ചൻ്റെ മുന്നിൽ കുമ്പസരിക്കണം എന്ന് സ്വന്തം ആഗ്രഹത്തിന് ഉദാത്തമായ ഒരു ഭേദഗതി നൽകുന്നുണ്ട് ജീവൻ്റെ ജീവിത പങ്കാളി സന്ധ്യ .
ജീവൻ തൻ്റെ ആഗ്രഹം ആദ്യം വെളിപ്പെടുത്തുന്നില്ല.
ആകാശത്തു നിന്നെന്നപോലെ ഒരു കൗമാര പ്രണയത്തിൻ്റെ - വെറും ഏഴു ദിവസത്തെ പ്രണയത്തിൻ്റെ
ഓർമകളുമായി ഒരു പെണ്ണ് അവരുടെ യാത്രയുടെ ഭാഗമാകുന്നു. മറ്റൊരു സ്ത്രീയുടെ , അതും തൻ്റെ
ഭർത്താവിൻ്റെ കൗമാരത്തിൽ കണ്ടു മറന്ന കാമുകിയുടെ സാന്നിധ്യം സന്ധ്യയിൽ അസ്വസ്ഥതകൾ
ഉണ്ടാക്കുന്നുണ്ട് . ഒരു പള്ളീലച്ചന് മുന്നിൽ കുമ്പസരിച്ച ആദ്യാനുഭവവുമായി പെയ്തൊഴിഞ്ഞ
ആകാശത്തിൻ്റെ തെളിമയോടെ യാത്രയിൽ സന്തോഷവതിയാകുന്നു. ഈ യാത്രയിൽ ഈ കൗമാരപ്രണയം
കൂടി ഉണ്ടാകണം എന്നതാണ് തൻ്റെ wish എന്ന് ജീവൻ വെളിപ്പെടുത്തുന്നു. അമ്മയുടേയും ഭാര്യയുടെയും ജീവൻ്റെയും ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നു എങ്കിലും കാമുകിയുടെ ആഗ്രഹം മാത്രം തീരുമാനമാകാതെ ഇടറുന്നു.
ജീവൻ്റെ യാത്രയുടെ സന്തോഷകരമായ ഒരു പരിണതിയിൽ , ജലസമാധിക്ക് ഒരുങ്ങിയവനെപ്പോലെ , തുഴയും
യന്ത്രവുമില്ലാതെ കറങ്ങുന്ന യാനത്തിൽ ആകാശത്തേക്ക് നോക്കി അയാൾ മലരുന്നു . ഒരു പൂവിൻ്റെ
അവസാനത്തെ ഇതളിൻ്റെ വിടരൽ പോലെ .
ഏറ്റിറക്കങ്ങളിലൂടെ കടന്നു പോയ ഓരോ ജീവിതത്തോടും ആഴങ്ങളിൽ മന്ത്രിക്കുന്ന ഒരു സിനിമയാണ് പൂവ് എന്ന് കാഴ്ചയുടെ നേരം ചേരുമ്പോൾ നമ്മളറിയും .
സ്നേഹപൂർവ്വം ജീവിതത്തിലേക്ക് എടുത്തുവയ്ക്കാം ഈ പൂവിനെ .
പ്രകൃതിയുടെ ഓരോ ഫ്രെയിമും അന്തർദേശീയ സിനിമകളിൽ നമ്മൾ കാണുന്നവയ്ക്കും ഒപ്പമോ അതിനും
മേലെയോ അനുഭവിക്കാൻ ഈ സിനിമയിൽ കഴിയുന്നുണ്ട്. അന്തർദേശീയ സിനിമാ മേളകളിൽ
പൂവിന് സ്വാഗതം ലഭിക്കുന്നതിന് ഒരു കാരണം ഈ മുഗ്ദ്ധത ആകാം . ധാക്ക ഫിലിം ഫെസ്റ്റിവലിൽ ഈയിടെ ഈ സിനിമ പുരസ്കരിക്കപ്പെട്ടിരുന്നു . കഥയിലും സംവിധാനത്തിലും ക്യാമറയിലും നവ്യമായ അനുഭവങ്ങളുടെ ഉറപ്പും വാഗ്ദാനവുമാണ് "പൂവ്" എന്ന് സംശയരഹിതമാണ്.
പശ്ചാത്തല സംഗീതം സിനിമയുടെ വസ്ത്രാഞ്ചലത്തിലെ കസവുപോലെ മാറ്റുകൂട്ടുന്നതുതന്നെ . എഡിറ്റിങ്
യാത്രയുടെ അനുസ്യൂതിയെ അനുഭവിപ്പിക്കും വിധം ചേർന്ന് നിൽക്കുന്നു. പൂവിനെ പ്രേക്ഷകർ എതിരേൽക്കുന്ന ദിവസത്തിനായി കാത്തിരിക്കുന്നു.