ഏക് ക്യാറ്റ് കി കഹാനി
രാവിലെ നടക്കാനിറങ്ങിയപ്പോള്‍ താഴത്തെവീടിൻ്റെ മതിലിന്മേലിരുന്ന് 'മ്യൂവൂ’ എന്ന് വിളിച്ചു പ്യാരി. അവളിരുന്നമതില്‍ വള്ളിച്ചെടികള്‍ പടര്‍ന്ന് ഏതാണ്ട് മറഞ്ഞ അവസ്ഥയിലായിരുന്നു. കരിമ്പച്ച ഇലകള്‍ക്കിടയിലേക്ക് അടര്‍ന്നുവീണ ഒരു പഞ്ഞിക്കെട്ട്! അതില്‍ നീലഗോലികള്‍പോലെ വെട്ടിത്തിളങ്ങുന്ന രണ്ട് കണ്ണുകള്‍. പുലര്‍വെട്ടം പ്യാരിയെ കൂടുതല്‍ സുന്ദരിയാക്കി.
പരിചിതഭാവത്തില്‍ അവളെന്നെനോക്കി രണ്ടുമൂന്നുവട്ടം 'മ്യാവൂ' എന്ന് വിഷ് ചെയ്തെങ്കിലും മുഖംകൊടുക്കാതെ മുന്നോട്ടുനടന്നു.
രണ്ട് മാസംമുന്‍പ് ഞങ്ങള്‍ താമസമാക്കിയ വാടകവീട്ടിലേക്ക് ആദ്യംവന്ന അതിഥിയാണ് പുള്ളിക്കാരി. ആദ്യ വരവില്‍തന്നെ നിഷ്കളങ്കമായ നോട്ടവും അച്ചടക്കവുംകൊണ്ട് കിച്ചണ് പിന്നാമ്പുറത്ത് തുടരുവാനുള്ള അനുവാദം അവള്‍ നേടിയെടുത്തു.
“ഞാനൊരു പരീക്ഷണം നടത്തിനോക്കി”, താമസം തുടങ്ങിയതിൻ്റെ, പിറ്റേ ദിവസം ബ്രേക്‌ഫാസ്റ്റ് ടേബിളിലേയ്ക്ക് വയ്ക്കുന്നതിനിടെ മായ പറഞ്ഞു.
"പൂച്ചയില്‍ എന്താണ് പരീക്ഷണം?”, ആകാംക്ഷയോടെ എന്നിലെ സുവോളജിക്കാരന്‍ ഒരുപീസ് ചപ്പാത്തിയടര്‍ത്തി വെജിറ്റബിള്‍ക്കറിയില്‍ മുക്കി. മായ നടത്താറുള്ള പരീക്ഷണങ്ങള്‍ സയന്‍സിൻ്റെ കണക്കുകൂട്ടലുകളെ നിരാകരിക്കുന്നവയാണ് മിക്കപ്പോഴും.
"കള്ളത്തരമുണ്ടോ എന്ന്?”
"ആര്‍ക്ക്?”, ചപ്പാത്തി എൻ്റെ തൊണ്ടയില്‍ ചെറുതായി ഒന്നിറുകി.
"വെള്ളംകുടിയ്ക്ക്”, അവള്‍ നിറഞ്ഞകപ്പ് മുന്നിലേക്ക് നീക്കി. എങ്ങനെ എന്ന് ഞാന്‍ചോദിച്ചില്ല. ചപ്പാത്തി ഞെരുങ്ങി താഴേക്കിറങ്ങിയതിൻ്റെ ആശ്വാസത്തില്‍ ഒന്ന് നിവരുക മാത്രം ചെയ്തു.
"ഫ്രീസറീന്ന് മീനെടുത്ത് കിച്ചൻ്റെ സ്‍ലാബില് കൊണ്ട് വച്ചു. വാതില് തുറന്ന് കിടന്നിട്ടും ഈ നേരംവരെ അകത്തേക്ക് കേറി അതീന്നൊരെണ്ണം എടുക്കാന്‍ നോക്കീട്ടില്ല”.
"അപ്പൊ ഡിസിപ്ലിനൊണ്ട്”.
"അതെ മര്യാദക്കാരിയാണ്. മറ്റേ വിക്രമനേം മുത്തുവിനേം പോലെയല്ല”.
ഞങ്ങള്‍ നേരത്തെ താമസിച്ചിരുന്നിടത്ത് മോഷ്ടാക്കളുടെ ജീവിതം നയിച്ചുപോന്നിരുന്ന രണ്ട് പൂച്ചകളാണ് വിക്രമനും മുത്തുവും.
"ടീ പൂച്ച എന്ന് പറഞ്ഞാല്‍ ക്യാറ്റ് ഫാമിലി. ഭക്ഷണം കിട്ടാന്‍വേണ്ടി ചില അടുപ്പങ്ങള്‍ കാണിക്കുമെന്നല്ലാതെ ഈ ടീംസിന് മനുഷ്യനോട് പൂര്‍ണ്ണമായും ഇണങ്ങാന്‍ പറ്റില്ല”,
കൈകഴുകുന്നതിനിടെ ഞാനല്‍പം സുവോളജിപാഠം വിശദീകരിച്ചു.
"നോക്കാം. ഏതായാലും നമ്മള് പോയി ക്ഷണിച്ചോണ്ട് വന്നതല്ലല്ലോ".
പതിനൊന്നരമണിക്ക് ഓഫീസീന്നിറങ്ങി യൂണിവേഴ്‍സിറ്റീടെ മുന്നിലെ തട്ടു കടേന്ന് ചായകുടിച്ചോണ്ട് നില്‍ക്കുമ്പോ വാട്സാപ്പ് ഒന്ന് കിലുങ്ങി. തുറന്നു നോക്കുമ്പൊ മായേട മെസ്സേജാണ്. ഒരു ഇമേജ്. അടുക്കളയുടെ പുറത്തിട്ടിരുന്ന ചവിട്ടുമെത്തയില്‍ കണ്ണുംപൂട്ടിക്കിടക്കുന്നു പൂച്ച. ഉറക്കമാണോ കള്ളയുറക്കമാണോ എന്ന് കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റില്ല. മുഖത്ത് നേര്‍ത്ത ചിരിയുണ്ട്.
'ഒരു കുഞ്ഞിനെപ്പോലെയുണ്ട് '
ചായഗ്ലാസ് തട്ടിനുമുകളിലേക്കുവച്ച് ഞാന്‍ ടൈപ്പുചെയ്തു. സെന്റ് ചെയ്യുംമുന്‍പ് പെട്ടെന്നത് ഡിലീറ്റാക്കി. ഒരു കുഞ്ഞിനു വേണ്ടീട്ടുള്ള കാത്തിരിപ്പ് ഞങ്ങള് തുടങ്ങീട്ട് കൊല്ലം ഏഴെട്ടായി. ഇടയ്ക്കൊക്കെ മായയ്ക്ക് അതിൻ്റെയൊരു ഓഫായിപ്പോകലുണ്ട്. ആ മെസ്സേജ് വേണ്ട.
'ലവ്‍ലി…’, ഒരു പൂച്ചയുടെ ഇമോജി കൂടെ ചേര്‍ത്ത് ഞാനയച്ചു. റോഡീന്ന് കേറി വന്ന പൂച്ചയാണെങ്കിലും കണ്ടാല്‍ ബ്യൂട്ടീപാര്‍ലറീന്ന് ചാടിവന്നപോലെ ഭംഗിയുണ്ടായിരുന്നു.
'പ്യാരി’, അവളുടെ മറുപടി വന്നു.
'ഒരു ഹിന്ദിക്കാരി’, ഞാന്‍ ചിരിച്ചു.
ഓഫീസില്‍നിന്ന് തിരികെ വരുമ്പോള്‍ വൈകുന്നേരം പതിവായി കയറുന്ന ബേക്കറിയില്‍ നിന്നും രണ്ടുകവര്‍ ബിസ്കറ്റും ഒരുകവര്‍ പാലും കൂടുതലായി വാങ്ങി. ബസിറങ്ങി അല്പംനടന്ന് വീട്ടിലേക്ക് തിരിയുന്ന ചെറിയ കലുങ്കിനുമുകളില്‍ എത്തുമ്പൊഴേ കേള്‍ക്കാം ദൂരേന്ന് മായേടെ സംസാരം. വീട് അല്പം ഉയരത്തിലിരിക്കുന്നതുകൊണ്ട് കലിങ്കിനപ്പുറത്തുള്ള താമസക്കാര്‍ക്കും ഒച്ച കേള്‍ക്കാന്‍പറ്റും.
മായ പറയുന്നതുമുഴുവന്‍ ഹിന്ദിയിലായതുകൊണ്ടും, മറുവശത്ത് പ്യാരിയുടെ മറുപടികള്‍ 'മ്യാവൂ' ഭാഷയിലായതുകൊണ്ടും, ഏതായാലുമത് ഭര്‍ത്താവുമായുള്ള കലഹമാണെന്ന് ആരും സംശയിക്കാനിടയില്ല.
മാത്‍സാണ് മായേടെ വിഷയമെങ്കിലും അവളുടെലോകം ഹിന്ദിയാണ്. നേരത്തെ താമസിച്ചിരുന്നിടത്തെ ഹൗസ്ഓണറുടെ ചെറിയ രണ്ടു മക്കളും ഭാര്യയും മാത്രമല്ല മായയോട് തര്‍ക്കിച്ചുതര്‍ക്കിച്ച് വിക്രമനും മുത്തുവും കൂടെ ഹിന്ദി പറയാന്‍ പഠിച്ചു. ചിലപ്പോഴൊക്കെ 'ക്യാഹെ' എന്ന് വിക്രമനും 'മ്യാഹൂ' എന്ന് മുത്തുവും മായയോട് കൊമ്പുകോര്‍ക്കുന്നത് കേള്‍ക്കാം.
ദൂരദര്‍ശനിലെ സീരിയലുകള്‍ കണ്ടുകണ്ടാണ് അവള്‍ ഹിന്ദി പഠിച്ചത്. ഇത്രേംകൊല്ലം കൂടെജീവിച്ചിട്ട് നാലു സെന്റന്‍സ് ഹിന്ദീല് തെറ്റാതെപറയാന്‍ ഞാന്‍ പഠിച്ചില്ല. അല്ലെങ്കിലും എന്നോട് അവള് ഹിന്ദി പറയാറുമില്ല. സങ്കടം വരുമ്പോഴൊക്കെ അവള്‍ മണിക്കൂറുകളോളം ഹിന്ദി പാട്ടുകള്‍ കേള്‍ക്കും. അപ്പോഴെനിയ്ക്ക് തോന്നും ആ ഭാഷ അറിയാത്തത് എത്ര നന്നായി, ഒന്നും മനസ്സിലാകാത്തപോലെ ഇരിക്കാമല്ലോ എന്ന്. എങ്കിലും എനിക്കറിയാന്‍പറ്റും അവളുടെദുഃഖം ഒരു കുഞ്ഞിനെപ്പോലെ ടീപ്പോയിലും കസേരയിലും പിടിച്ചെഴുന്നേറ്റും, ഭിത്തിയില്‍പിടിച്ച് രണ്ടുചുവട് നടന്നും, പിന്നെ വീണും, ശാഠ്യം പിടിച്ച് കരഞ്ഞും, ഒടുവില്‍ പിണങ്ങിയിരുന്നും വീടാകെ നിറയുന്നത്.
'ഞാനിനി സ്കൂളിലേക്ക് പോണില്ല' എന്നുപറഞ്ഞ് ഒരുദിവസം അവള്‍ ജോലിയ്ക്ക്പോക്ക് നിര്‍ത്തിയപ്പോഴും കുടുംബത്തിനകത്തുള്ള വിശേഷങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിച്ചപ്പോഴും ഞാനവളോട് ഒന്നും ചോദിച്ചില്ല. അവളുടെ ഉള്ളുപറയുന്ന 'മാതൃ'ഭാഷ എനിയ്ക്കല്ലാതെതന്നെ മനസ്സിലാകുമായിരുന്നു. മായ വീടിനകത്തേക്ക് കൂടുതല്‍ ഉള്‍വലിഞ്ഞപ്പോള്‍ അതുവരെ അകത്തുണ്ടായിരുന്ന സങ്കടംമുഴുവന്‍ പുറത്തേക്കൂറിവന്ന് അവളുടെ സന്ധികളില്‍ ചുവന്നുതടിച്ച നീര്‍ക്കെട്ടുകളായി. സഹിക്കാന്‍ പറ്റാത്ത വേദനയായി.
"ഓട്ടോഇമ്യൂണ്‍ ആണ്. മരുന്നുണ്ട്. എങ്കിലും മനസ്സിനധികം ടെന്‍ഷന്‍ കൊടുക്കണ്ട”,
മുന്നിലിരുന്ന കമ്പ്യൂട്ടറില്‍ നിന്നും കണ്ണെടുക്കാതെ ഡോക്ടര്‍ പ്രിസ്ക്രിപ്ഷന്‍ ഫാര്‍മസിയിലേക്കയച്ചു.
"എത്ര കാലം കഴിക്കണം?” കസേരയില്‍ നിന്നെഴുന്നേല്‍ക്കും മുന്‍പ് ഞാന്‍ ശബ്ദം താഴ്ത്തി ചോദിച്ചു.
"ലൈഫ്‍ലോങ് വേണ്ടിവരും”, ഡോക്ടര്‍ അടുത്ത ആളിന്റെ ടോക്കണ്‍ ക്ലിക്ക് ചെയ്തു.
"നമുക്ക് മോണിട്ടര്‍ ചെയ്യാം, ഇപ്പൊ ഈ കണ്ടീഷനൊന്ന് കണ്‍ട്രോള്‍ഡ് ആകട്ടെ”.
തിരിച്ചു വീട്ടിലേക്ക് വണ്ടിയോടിക്കുന്നതിനിടെ ഞാന്‍ തന്നെയാണ് അവളോട് നമുക്ക് അൽപ്പകാലം നാട്ടീന്ന് മാറി നില്‍ക്കാമെന്ന് പറഞ്ഞത്. ഏതായാലും എനിയ്ക്കുടനെ സ്ഥലംമാറ്റമൊന്നും ഉണ്ടാകാനിടയില്ല. ഓഫീസിനടുത്ത് ഒരു വീടെടുത്താ യാത്രയും എളുപ്പം.
ഒരുപാട് ആലോചിച്ചുറപ്പിച്ച് പറഞ്ഞതല്ലെങ്കിലും ആ തീരുമാനത്തിന് വിചാരിച്ചതിനേക്കാള്‍ റിസള്‍ട്ടുണ്ടായി. പുതിയ താമസസ്ഥലവും പരിസരവും നന്നായുണങ്ങിയ തുണിയെപ്പോലെ മായയുടെ ദേഹത്തുനിന്നും വേദനയുടെ നീര്‍കണങ്ങളെ വേഗത്തില്‍ ഒപ്പിയെടുത്തു.
"കഹാം ഹെ നമ്മുടെ നയാ ഗസ്റ്റ്?” മായ വാതില്‍ തുറന്നയുടന്‍ ബാഗില്‍ നിന്ന് ബിസ്‍കറ്റെടുത്ത് നീട്ടിക്കൊണ്ട് ഞാന്‍ അന്വേഷിച്ചു. അടുക്കളയുടെ പുറത്തെ അരഭിത്തിയിലേക്ക് അവള്‍ കണ്ണ് കാണിച്ചു.
കൗതുകത്തോടെ വീടിനുള്ളിലേക്ക് തിളങ്ങി നില്‍ക്കുന്നു രണ്ട് നീലക്കണ്ണുകള്‍.
"ഹായ് പ്യാരി, തൂനേ ഹിന്ദി പഠിയ്ക്കാന്‍ തുടങ്ങിയോ?” ചെറിയ കുശലാന്വേഷണത്തോടെ ഞാന്‍ അടുത്തേക്ക് നടന്നു.
ഇതേത് ലാംഗ്വേജ് എന്ന പുച്ഛത്തോടെ പ്യാരി എന്നെ തുറിച്ച് നോക്കി. ഞാന്‍ അടുത്തചോദ്യം ചോദിക്കും
മുന്‍പ് ഇനിയിവിടെ നിന്നാല്‍ ശരിയാകില്ല എന്ന മട്ടില്‍ അരഭിത്തിയില്‍ നിന്ന് താഴേക്ക് ചാടി അവള്‍ മറഞ്ഞു.
"വരും… അവള് നല്ല കമ്പനിയായി”, മായ ബിസ്‍കറ്റ്കവര്‍ പൊട്ടിച്ച് ചെറിയൊരു കിണ്ണത്തിലേക്ക് രണ്ടെണ്ണം എടുത്തുവച്ചു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങില്‍ സമയാസമയം മായ എടുത്തയയ്ക്കുന്ന പ്യാരിയുടെ ചിത്രങ്ങള്‍കൊണ്ട് എൻ്റെ ഫോണ്‍ഗാലറി നിറഞ്ഞു. ഓരോ ചിത്രത്തിനും ഓരോ കാപ്ഷനുമുണ്ടാകും. ചെടി നനയ്ക്കുന്നതിനിടെ മഴത്തുള്ളിപോലെ ചിതറുന്ന വെള്ളത്തിലേക്ക് നോക്കി മഹാതിശയം കാണുന്ന മട്ടില്‍ പ്യാരിനില്‍ക്കുന്ന ഫോട്ടോയുടെ അടിക്കുറിപ്പ് 'എന്തൊരു മഴാ...നുഭവന്‍’.
തന്നെനോക്കി കുരച്ചുകൊണ്ട് മതിലിനു പുറത്തുനില്‍ക്കുന്ന പട്ടികള്‍ക്കുനേരെ വീര്യംകലര്‍ന്ന ശാന്തഭാവത്തിലിരിക്കുന്ന പടത്തിൻ്റെ കമന്റ് ' ഇതോ അങ്കം’. പ്യാരിയുടെ അപ്പോഴത്തെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയാല്‍ അവളുടെ മുഖത്തൊരു ചന്തുച്ചേകോന്‍ ഒളിച്ചിരിക്കുന്നില്ലേയെന്ന് ആര്‍ക്കും തോന്നിപ്പോകും. 'കാവല്‍നായ!’ എന്നായിരുന്ന തുറന്നുവച്ച കിച്ചണ്‍ഡോറില്‍ പ്യാരി കാവലിരിക്കുന്ന ചിത്രത്തിൻ്റെ കമന്റ്. ടെലിവിഷന്‍ കാര്‍ട്ടൂണുകള്‍ കണ്ട് അതിനൊപ്പം തറയില്‍കിടന്ന് വിശ്രമമില്ലാതെ ഉരുണ്ടുമറിഞ്ഞ ക്ലിക്കിന് 'അങ്കമാലീലെ പ്രധാനമന്ത്രീടെ ഇപ്പോഴത്തെ അവസ്ഥ’. കിലുക്കത്തിലെ ലാലേട്ടന്‍ കണ്ണുംതള്ളി നില്‍ക്കുന്ന സ്റ്റിക്കറൊരെണ്ണം ഞാന്‍ തിരിച്ചയച്ചു.
"കാപ്ഷനുണ്ടോ കാപ്ഷന്‍?” ഒരു തവണ, എൻ്റെ ബുക് ഷെല്‍ഫിനു മുന്നില്‍ എല്ലാപുസ്തകങ്ങളും വായിച്ചുകഴിഞ്ഞു എന്നമട്ടില്‍ പ്യാരി ശാന്തമായിക്കിടക്കുന്ന ഫോട്ടോ അയച്ചു തന്നിട്ട് മായ ചോദിച്ചു.
ഞാനുടനേ കാച്ചി,
'ഏക് ക്യാറ്റ് കീ കഹാനി'
അവള്‍ക്കത് നന്നായി ഇഷ്ടപ്പെട്ടു. പുതിയ ഹൈവേയുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സർവെ ജോലികൾ ഓഫീസിൽ തകർക്കുകയായിരുന്നു. അളക്കലും തിരിക്കലും ആളുകളുടെ നൂറുകൂട്ടം സംശയം തീർക്കലും തുടങ്ങി ഫീൽഡിലെ സകലവിധ തലപ്പെരുപ്പുകൾക്കും പുറമെ മിനുട്ടിനുമിനുട്ട് മേലോട്ടുള്ളവർ വിളിക്കുന്ന മീറ്റിംഗുകൾകൂടി അറ്റൻഡ് ചെയ്തു കൊണ്ടിരിക്കുന്ന സമയം. ഉച്ചകഴിഞ്ഞ് കളക്ടർ സൈറ്റ്‍വിസിറ്റ് ചെയ്യുമെന്നറിയിച്ചൊരു ദിവസം, ഓഫീസീന്നിറങ്ങി വണ്ടീക്കേറുമ്പോ മായേട മെസ്സേജ്.
പതിവ് പ്യാരിച്ചിത്രമാകുമെന്ന് കരുതി ഓപ്പൺ ചെയ്തുനോക്കുമ്പൊ അത് അവൾടെ കൈത്തണ്ടയുടെ പടമാണ്. കൈക്കുഴയ്ക്ക് മുകളിലായി രക്തം പൊടിഞ്ഞ ചെറിയൊരടയാളം.
'ആക്രമം...' എന്നുപറഞ്ഞ് ചിരിക്കുന്നതിൻ്റെ ഇമോജി കൂടിയുണ്ട്. വണ്ടീലിരുന്നുകൊണ്ട് സ്ഥിരമായി കാണുന്ന ഡോക്ടർക്ക് ആ പടം ഫോർവേഡ് ചെയ്തുകൊടുത്തു. ഉടൻ മറുപടിയെത്തി,
'പെട്ടെന്ന് റാബീസ് വാക്സിനെടുക്കണം'.
കളക്ടർ പോയിക്കഴിഞ്ഞ് ഓടിപ്പിടിച്ച് തിരികെ വീടെത്തി വാക്സിനെടുക്കാൻ പോകുന്ന കാര്യം മായയോട് പറഞ്ഞപ്പൊ അവൾക്കത് പുല്ലുവില.
"പ്യാരി വെറുതെയൊന്ന് തടവിയതാ. കൈ വേദനിയ്ക്കുന്നൂന്നെങ്ങാണ്ട് ഞാൻ വെഷമിച്ചപ്പൊ”, അവൾ കൈത്തണ്ടയിൽ വിരലോടിച്ചു.
"ചെലനേരം...”, ക്ഷമ കൈവിട്ട് പോകുമെന്ന് തോന്നിയെങ്കിലും ബാക്കി വായിൽ വന്നത് ഞാൻപറഞ്ഞില്ല. ഇനി അതുമതി വാക്സിനെടുക്കാനേ പോണ്ട എന്നവള് തീരുമാനിയ്ക്കാന്‍.
"ഏതായാലും ഡോക്ടറ് പറഞ്ഞതല്ലേ, നമുക്ക് പോയെടുക്കാം”,
മുന്നോട്ടാഞ്ഞുവന്ന ദേഷ്യത്തിൻ്റെ കൂർത്തനഖങ്ങളെ നയത്തിന്റെ പൂച്ചരോമങ്ങൾക്കുള്ളിലേക്ക് ഞാൻവലിച്ചു. വണ്ടിയോടിച്ച് ഹോസ്പിറ്റലിലേക്ക് പോകുംവഴി പ്യാരിയുടെ സ്നേഹപ്രകടനത്തെക്കുറിച്ച് മായപറഞ്ഞേ ഓരോ വാചകത്തെയും
'ങ്ആഹാ…’, 'കൊള്ളാമല്ലോ’, 'പൊളി' എന്നൊക്കെ അരണ്ട ചിരിയുടെ പരിചകൾവീശി പൂർണമായും വെട്ടിയൊഴിക്കാനും ഞാൻ ശ്രദ്ധിച്ചു.
ആദ്യ ഇഞ്ചക്ഷന് ശേഷം തുടർന്നു ചെല്ലേണ്ട ദിവസങ്ങളെ ഏഴ്, പതിനാല്, ഇരുപത്തൊന്ന് എന്നിങ്ങനെ ഫോണിലെ റിമൈൻഡറില്‍ അടയാളപ്പെടുത്തി. ആദ്യത്തെ ഡോസ് കഴിഞ്ഞതിൻ്റെ അന്ന് രാത്രിതന്നെ മായയ്ക്ക് കടുത്തപനി തുടങ്ങി. പിറ്റേന്ന് സന്ധികള്‍ പഴയപോലെ നീരുവന്നു വീങ്ങി.
"ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ്റെ ഒരു ഇഷ്യൂ ഇതാണ്. എപ്പോൾ എങ്ങനെ ബോഡി റിയാക്ട് ചെയ്യുമെന്നൊന്നും പറയാൻപറ്റില്ല”,
ഡോക്ടറുടെ വോയ്സ് മെസ്സേജ് രണ്ടുനിമിഷം നിശബ്ദമായി ഇഴഞ്ഞു.
"ബട്ട് എന്തുസംഭവിച്ചാലും വാക്സിന്‍ മുടക്കാൻ പറ്റില്ല. ബികോസ് ദേറീസ് നോ സബ്സ്റ്റിറ്റ്യൂട്ട് ഫോർ ദറ്റ് . ബാക്കി അതിനുശേഷം നോക്കാം”,
തള്ളവിരലുയർത്തി ബൈപറഞ്ഞ് ചാറ്റവസാനിപ്പിക്കുമ്പോൾ ഇനി എല്ലാഡോസും കഴിഞ്ഞിട്ട് വിളിച്ചാൽമതി എന്നുകൂടി ഡോക്ടർ പറയാതെ പറഞ്ഞു.
മായയുടെ വേദനനിറഞ്ഞ ഞരക്കങ്ങൾക്കനുസരിച്ച് പ്യാരിയുടെ മ്യാവൂ വിളികളോടുള്ള എൻ്റെ അകലം കൂടിക്കൂടിവന്നു. പൂർണ്ണമായും ഒഴിവാക്കുന്നു എന്ന ഘട്ടമെത്തിയപ്പോൾ അവൾ പറഞ്ഞു,
"പാവം അതെന്ത് പിഴച്ചു. എത്ര ദിവസമായി കിടന്ന് കരയുന്നു. ഒന്നും തിന്നാൻ കൊടുക്കണ്ട. എന്തെങ്കിലുമൊന്ന് മിണ്ടിയാല്‍ തീരുന്നതല്ലേയുള്ളൂ”.
ഓഫീസിൽ നിന്നു കൊണ്ടുവന്ന ഫീൽഡ് മഹസ്സറുകളിലേക്ക് ഞാൻ മുഖം കടുപ്പിച്ചു. 'എവിടെനിന്നോ വന്നുകയറിയ ഒരുപൂച്ച. വീട്ടിലെയൊരു അംഗം എന്നതിന് തോന്നിത്തുടങ്ങീട്ടുണ്ട്. എത്രയുംവേഗം പുറത്താക്കിയേപറ്റൂ’, കൂർപ്പിച്ച പെൻസിൽ മുനകൊണ്ട് ഫയൽ മാർജിനുകളിലൊന്നിൽ ഞാൻ അമർത്തി വരച്ചു. എന്നിട്ടും ഇടയ്ക്കിടെ പകുതിചാരിയ വാതിലിനിടയിലൂടെ പ്യാരി ഉള്ളിലേക്ക് വന്നിരുന്നത് ഞാൻ കണ്ടില്ലെന്നുനടിച്ചു. വയ്യാതെ കിടക്കുന്നൊരാളെ സന്ദർശിക്കാൻ വരുന്നതല്ലേ, അടുത്തേക്ക് പോകാതെ കണ്ടിട്ടുപോണെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി. എന്നാൽ പ്യാരിയുടെ സ്നേഹം മായയുടെ ചുമലിൽ വീണ്ടുമൊരിക്കൽകൂടി ചുവന്നമഷികൊണ്ട് കോറിയപ്പോൾ എന്റെ നിയന്ത്രണം തീർത്തും നഷ്ടപ്പെട്ടു. കൈയ്യിൽ തടഞ്ഞൊരു വടിയുമായി ഞാൻ പാഞ്ഞു,
"ഇനിയീ പരിസരത്തു കണ്ടുപോകരുത്”.
പ്യാരി ജീവനും കൈയ്യിലെടുത്ത് മതിലിനപ്പുറത്തേക്ക് പറന്നു.
"അവളെന്നെ കളിപ്പിക്കുന്നതിനായി ഒരു കസർത്ത് കാണിച്ചിട്ട് ദാ കണ്ടോയെന്ന് വിളിച്ച് കാണിച്ചതാ. അല്ലാതെ മനപ്പൂർവ്വം മാന്തിയതല്ല”. അറച്ചറച്ചാണെങ്കിലും പ്യാരിക്കായി ഒരു ന്യായീകരണം മായ മുന്നോട്ട് വച്ചു.
"മിണ്ടരുത്...” ഞാൻ ശബ്ദമുയർത്തി. "ഇനി ഈ ഏര്യേക്കണ്ടാ അന്ന് അന്ത്യം”.
നാലുവീടപ്പുറം കേൾക്കെ പ്യാരിയെ താക്കീതു ചെയ്തുകൊണ്ട് കൈയ്യിലിരുന്ന തടിക്കഷ്ണം ഞാൻ പുറത്തേക്ക് വലിച്ചെറിഞ്ഞു, കൊള്ളുന്നെങ്കിൽ അതിന്റെ ദേഹത്ത് കൊള്ളട്ടെ.
"പാവം അതിനെന്തറിയാം, കുറേക്കഴിഞ്ഞ് വീണ്ടും വരും”, വയ്യെങ്കിലും ഒരു മുൻകൂർ ജാമ്യാപേക്ഷയുമായി മായ കട്ടിലിൽ നിന്നെഴുന്നേൽക്കാൻ ശ്രമിച്ചു.
"വരട്ടെ അപ്പൊക്കാണാം”, പറ്റിയൊരായുധത്തിന് അടുക്കളയിലേക്ക് എൻ്റെ കണ്ണ് പരതി. ഒരെണ്ണം കിട്ടുകയും ചെയ്തു, ചെടി നടാനായിട്ട് മായ വാങ്ങിയ ചെറിയ മൺവെട്ടിയുടെ ഒടിഞ്ഞ കൈ. പെട്ടെന്നെടുക്കാൻ പാകത്തിന് എഴുത്തുമേശയുടെ അരികിൽ കൊണ്ടുവച്ച് കാത്തിരുന്നെങ്കിലും ആയുധം പിന്നീട് തൊടേണ്ടി വന്നില്ല.
പ്യാരിയെ പിന്നെ കണ്ടതേയില്ല!
വാക്സിന്റെ ഡോസ് കഴിഞ്ഞെങ്കിലും മായേട സന്ധികളിൽനിന്നും നീര് മാറിയില്ല. അപ്പോൾപെറ്റിട്ട പൂച്ചക്കുഞ്ഞുങ്ങളെപോലെ അസ്ഥികൾ ചേരുന്നിടത്തെല്ലാം അവ മുതുകുവളച്ച് കൂനിയിരുന്നു. കുട്ടികളുടെ ശിരസ്സിൽ അമ്മ സ്നേഹത്തോടെ വിരലോടിക്കുംപോലെ ആ വേദനകൾക്കുമേൽ വളരെ മൃദുവായി മായതലോടി.
ആദ്യമൊക്കെ ഓഫീസിൽ നിന്ന് ഞാൻവരുമ്പൊ പ്യാരിയെ വഴിയിലെങ്ങാനും കണ്ടിരുന്നോ എന്നവൾ തിരക്കി. ചോദ്യം തുടങ്ങും മുൻപ് ഇല്ല എന്ന് പറയാൻ തുടങ്ങിയതോടെ ആ അന്വേഷണം അവള്‍ നിർത്തി. രണ്ടു ദിവസം മുൻപ് നടക്കാനിറങ്ങുന്നതിനിടെ താഴത്തെ വീടിൻ്റെ മതിലിനുമുകളിൽ വച്ച് പ്യാരിയെ കണ്ടകാര്യം പറഞ്ഞാലോ എന്നാലോചിച്ചതാണ്. പിന്നെക്കരുതി മായേട ശരീരത്തിന് പ്യാരിയുടെ തൊട്ടുവിളികൾ താങ്ങാനുള്ള ത്രാണി ഉടനെ ഒന്നുകൂടി ഉണ്ടായിക്കൊള്ളണമെന്നില്ല, കുറച്ചു കഴിയട്ടെ.
"ജോയിന്റ്സിൽ നീരിങ്ങനെ കുറയാതെ നിന്നാൽ പ്രശ്നമാണ്. ഇന്റെണലി അതെങ്ങനെയൊക്കെ ബാധിക്കുമെന്ന് പറയാൻ പറ്റില്ല”, കമ്പ്യൂട്ടറിലേക്കു വന്ന ലാബ്റിസൾട്ട് ഡോക്ടർ ഓപ്പൺചെയ്തു. സ്ക്രീനിൽ തെളിഞ്ഞുവന്ന അക്കങ്ങളിലേക്ക് നോക്കവെ ഇത് സാധാരണയല്ലല്ലോ എന്ന് കണ്ണടയ്ക്കു പിന്നിൽ പുരികം ചുളിഞ്ഞു.
"എല്ലാത്തിലും കാര്യമായ ഡിഫറൻസുണ്ട്. മാനസികമായി എന്തെങ്കിലും ടെൻഷനുണ്ടോ?”,
ഡോക്ടർ ചോദിച്ചു.
"അങ്ങനെയൊന്നും ഇല്ല”, മായ പറഞ്ഞു.
"പുതിയ മെഡിസിനൊന്നും ആഡ് ചെയ്യാനില്ല. സ്റ്റിറോയ്ഡ് എടുക്കണം. ഡോസ്സേജ് അല്പം കൂടുതലാണ്, ഈ കണ്ടിഷൻ അധികം തുടരാൻ പറ്റില്ല. സോ പരമാവധി റിലാക്സ് ചെയ്തേപറ്റൂ, ശ്രദ്ധിക്കണം”, എഴുന്നേൽക്കുംമുൻപ് അവസാന വാചകം ഡോക്ടർ ഒന്നുകൂടി ഓർമിപ്പിച്ചു.
തിരികെ വരുമ്പോൾ കാറിൻ്റെ സീറ്റ് പിന്നിലേക്ക് താഴ്ത്തിയിട്ട് മായ പുറത്തെ ആകാശത്തേക്ക് മുഖം ചെരിച്ച് കിടന്നു. അവളോടെന്തൊക്കെയോ പറയണമെന്ന് ഞാൻ ആഗ്രഹിച്ചെങ്കിലും വെളിയിലെ ഇരുട്ടിലേക്കുറപ്പിച്ചു നിർത്തിയ നോട്ടം എനിയ്ക്ക് ഭേദിച്ചു ചെല്ലാൻ പറ്റാത്ത അതിർത്തിയായി.
രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല. പ്യാരിയുടെ കാൽപ്പെരുമാറ്റം എവിടെയെങ്കിലും കേൾക്കുന്നുണ്ടോ എന്ന് ഞാൻ കാതോർത്തു. വെട്ടം വീണയുടൻ എഴുന്നേറ്റ് അവളിരിക്കാറുള്ള മതിലിനടുത്തേക്ക് പാഞ്ഞു.
ദൂരെ നിന്നേ തിളങ്ങുന്ന നീല കണ്ണുകൾ കാണുന്നില്ല!
കാടുകയറിയ മതിലിനു മുകളിലൂടെ ഏന്തിവലിഞ്ഞ് ഉള്ളിലേക്ക് നോക്കി. എങ്ങും അവളെക്കാണുന്നില്ല.
"പ്യാരീ...”, ഞാൻ ഉറക്കെ വിളിച്ചു. കാട്ടുവള്ളികളെത്തട്ടി ഒരു കാറ്റു പോലും ആ വഴി വന്നില്ല. അടുത്തവിളിയിൽ എൻ്റെ ഒച്ച കരച്ചിൽപോലെ നേർത്തു.
അൽപം അകലെ, ഇലകൾക്കിടയിൽ നിന്ന് രണ്ട് കൂർത്തചെവികൾ മുകളിലേക്കുയർന്നു. പിന്നെ പച്ചപ്പിനെ വകഞ്ഞുമാറ്റി നിഷ്കളങ്കമായ കുഞ്ഞ് മുഖവും.
"ആവോ ബേട്ടാ...”,
എൻ്റെ ശബ്ദം വിറച്ചു, മതിലിനിപ്പുറംനിന്ന് രണ്ട് കൈകളും ഞാനവളുടെ നേർക്ക് നീട്ടി.
കുറേനേരം നോക്കി നിന്നശേഷം ഇലകൾക്കിടയിലേക്ക് അവൾ വീണ്ടും ഒളിച്ചു.
ഞാൻ വേഗം തിരികെവന്ന് ഒരു കിണ്ണത്തിലേക്കല്പം പാലൊഴിച്ച് പുറത്തെ അരഭിത്തിയിൽ കൊണ്ടുവച്ചു. റൂമിലേക്ക് വന്നുനോക്കുമ്പോൾ മായ ഉണർന്നിട്ടില്ല. മരുന്നിൻ്റെ ക്ഷീണമാണ്.
ശബ്ദം കേൾപ്പിക്കാതെ അടുക്കള ഭാഗത്തേക്ക് തുറക്കുന്ന ജനലിന്റെ ഒരു പാളി തുറന്നിട്ടു. അതിലൂടെ നോക്കിയാൽ പുറത്തെ ഭിത്തി കാണാം.
"പ്യാരീ യേ തേരീ കഹാനി ഹെ, വേഗം വാ...”
ജനാലയുടെ ചതുരത്തിനുള്ളിലേക്ക് ഒരു പഞ്ഞിക്കെട്ട് പാറിയെത്തുന്നതിന് ക്ഷമയൊട്ടുമില്ലാതെ ഞാൻ കാത്തുനിന്നു.
വര : സബാഹ്
What's Your Reaction?