റൂമിയെ എഴുതാൻ തുടങ്ങുമ്പോൾ ...
ആകാശഭൂമികൾ നനഞ്ഞു കുതിർന്നിട്ടുണ്ട്. വിത്തു മുളയ്ക്കാൻ ആവശ്യമായ അഗ്നിയുമുണ്ട്. ഹൃദയത്തിൽ നിന്നും ഒഴുകിയെത്തേണ്ട വാക്കുകൾക്കു മുന്നിൽ നമിച്ചു നില്ക്കുമ്പോൾ അകവും പുറവും തിങ്ങിവിങ്ങി നിറയുന്നത് റൂമിയുടെ ഈ ഹൃദയസ്പന്ദങ്ങൾ മാത്രമാണ്...
" ഞാനൊരു ക്രിസ്ത്യനല്ല.
ജൂതനല്ല. മുസ്ലിമല്ല.
കിഴക്കോ പടിഞ്ഞാറോ ഉള്ളവനല്ല.
കരയിൽനിന്നോ കടലിൽനിന്നോ അല്ല.
പ്രകൃതിയുടെ ഭാഗമോ
സ്വർഗ്ഗത്തിന്റെ അംശമോ അല്ല.
ഭൂമിയോ ജലമോ
വായുവോ അഗ്നിയോ അല്ല.
ആകാശത്തു നിന്നോ
പൊടിയിൽ നിന്നോ ഉണ്ടായവനല്ല.
ഉള്ളവനോ ഇല്ലാത്തവനോ അല്ല.
ഇന്ത്യക്കാരനോ ചൈനക്കാരനോ
ബൾഗേറിയനോ അല്ല.
ഇറാഖിയോ കൊറാസാനിയോ അല്ല.
ഞാൻ ഈ ലോകത്തുള്ളവനോ
ആ ലോകത്തുള്ളവനോ അല്ല.
സ്വർഗ്ഗീയനോ നരകീയനോ അല്ല.
ആദമിൽനിന്നോ ഹവ്വയിൽനിന്നോ
ഉണ്ടായവനല്ല.
ഏദനിൽ നിന്നോ ആനന്ദത്തിൽ നിന്നോ
വന്നതുമല്ല.
എന്റെ ഇടമെന്നു പറയാനൊരിടമില്ല.
എന്റെ രൂപമെന്നു പറയാനൊരു രൂപമില്ല.
ഞാൻ ശരീരമോ ആത്മാവോ അല്ല.
പ്രാണനാഥന്റെ പ്രാണാംശം മാത്രം.
എല്ലാ ദ്വൈതങ്ങളും എനിക്കന്യം.
രണ്ടായിരിക്കുന്നതിലെല്ലാം
ഞാൻ ഒന്നുമാത്രം കാണുന്നു.
അന്വേഷിക്കുന്നതും അറിയുന്നതും
കാണുന്നതും വിളിക്കുന്നതും ഒന്നു തന്നെ.
അതാണ് ആദി. അതാണ് അന്ത്യം.
അകവും പുറവും അതു തന്നെ.
അതല്ലാതെ മറ്റൊന്നും
ഞാൻ അറിയുന്നേയില്ല. യാ .. ഹൂ...
എല്ലാ ദ്വൈതങ്ങളെയും വിലയിപ്പിക്കുന്ന
ആനന്ദാതിരേകത്തിന്റെ സ്നേഹപാത്രം.
അതോടൊപ്പമല്ലാതായാൽ
ഞാൻ വിരഹാർത്തനാകും.
അതോടൊപ്പമായാലോ
ഈ ലോകങ്ങളിൽ നിന്നെല്ലാമുണർന്ന്
ഹർഷോന്മാദത്തോടെ നൃത്തം ചെയ്യും.
ഓ.. ശംസ് തബ്രീസ് ..
ഞാൻ ഈ ലോകത്തിൽ
ലഹരിപിടിച്ചവനാണ്.
ഈ ലഹരിയെയും വിരഹത്തെയും കുറിച്ചല്ലാതെ
ഒരു പാട്ടുമെനിക്ക് പാടാനില്ല.
ഒരു കഥയുമെനിക്ക് പറയാനില്ല."
What's Your Reaction?