പൊന്മുട്ടയിടുന്ന പൊന്മാൻ
പെണ്ണും പൊന്നും മണ്ണും എക്കാലവും സിനിമയിൽ ആവിഷ്കരിക്കപ്പെട്ട വിഷയങ്ങളാണ് . അർഹിക്കാത്തവൻ്റെ കൈയ്യിൽ സ്നേഹമുള്ള പെണ്ണും മൂല്യമുള്ള പൊന്നും സത്യമുള്ള മണ്ണും നിലനിൽക്കില്ലെന്നതോ സാർവത്രിക സത്യവും . പൊന്മുട്ടയിടുന്ന താറാവ്, കാർബൺ, കനകം മൂലം കാമിനിമൂലം എന്നിങ്ങനെ നിരവധി മലയാള സിനിമകളിൽ മേൽ വിഷയം വൈവിദ്ധ്യമാർന്ന രീതിയിൽ ചിത്രീകരിക്കപ്പെടുകയുണ്ടായി.എന്നാൽ, നിസ്സംശയം പറയാം ഈ ശ്രേണിയിലേക്ക് ചേർത്ത് വെക്കാൻ കഴിയുന്ന പൊൻതൂവലാണ് ജി ആർ ഇന്ദുഗോപന്‍റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കി ജോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ'.
"ജീവസില്ലാത്ത പൊന്നിന്റെ കോലാൽ
ജീവ ബന്ധങ്ങൾ അളക്കുന്നു പാരിൽ" എന്ന കവി മെഹറിന്റെ വരികളെ അന്വർത്ഥമാകുന്ന വിധത്തിൽ ജീവിക്കുന്ന കുറെ സാധാരണക്കാരിലേക്ക് കഥ നമ്മെ കൂട്ടികൊണ്ടുപോകുന്നു. കൊല്ലമാണ് കഥയുടെ ഇല്ലം. അവിടെ പൊന്ന് സമ്പാദിക്കാൻ കഴിയാത്തവരും, പെണ്ണിന്റെ മനസറിയാത്തവരും, മണ്ണ് പണയം വെച്ചവരുമായി കുറെ മനുഷ്യജന്മങ്ങൾ. അവരുടെ നിവൃത്തികേടിൻറെ മാനസിക സംഘർഷങ്ങൾ, ഉദ്വേഗജനകമായ പിരിമുറുക്കങ്ങൾ, സ്ത്രീധനമെന്ന ചീഞ്ഞു നാറിയ വ്യവസ്ഥയുടെ അവസ്ഥകൾ എല്ലാം കൃത്യമായി പൊൻമാൻ വരച്ചുകാട്ടുന്നു. ഒപ്പം പൊന്നിന്റെ രാഷ്രീയവും പശ്ചാത്തലത്തിൽ കോറിയിടുന്ന പൊന്മാൻ മികച്ചൊരു 'ലൈഫ് ത്രില്ലര്‍' എന്ന് തന്നെ വിശേഷിപ്പിക്കാം. അജേഷ് പിപിയും, ബ്രൂണോയും, സ്റ്റെഫിയും, മരിയോയും, മമ്മയും, ശര്‍മ്മയും തുടങ്ങിയ എല്ലാ കഥാപാത്രങ്ങളും നമ്മുടെ പരിസരത്ത് ജീവിക്കുന്ന മനുഷ്യരായി അനുഭവപ്പെടുന്നു.
അജേഷ് പിപി എന്ന പൊൻ'മാനായി' വേഷമിട്ട ബേസിൽ ജോസഫ് ആണത്വമെന്ന സ്ഥിരം ക്ളീഷേകളെ പൊളിക്കുന്ന തരത്തിൽ ഗംഭീര പ്രകടനം കാഴ്ചവെക്കുന്നു. ആവേശത്തിലെ അമ്പാനിലൂടെ മലയാളികള്‍ക്കിടയില്‍ സ്ഥാനം നേടിയ സജിൻ ഗോപു മരിയൻ എന്ന റോളില്‍ നിറഞ്ഞാടുന്നു. ഇക്കാലം വരെയുള്ള സജിന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്ന്. സ്റ്റെഫി എന്ന നായികയായി ലിജോമോൾ, കഥക്കനുസരിച്ച് വളരുന്ന പെൺകരുത്തുള്ള കഥാപാത്രമായി പരിവർത്തനം ചെയ്യപ്പെടുന്ന രീതി അസ്സലായി ചെയ്തിരിക്കുന്നു.
ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
കൊല്ലം തീരദേശ മേഖലയും, മൻഡ്രോ തുരുത്തുമെല്ലാം നന്നായി ഒപ്പിയെടുക്കുന്നുണ്ട് ഛായാഗ്രാഹകൻ സനു വർഗീസ്. ജിതിൻ വർഗീസിന്റെ സംഗീതവും ഒപ്പത്തിനൊപ്പം കിടപിടിക്കുന്നു. 2025-ലെ ഏറ്റവും മികച്ച സിനിമകളിൽ പൊന്മാൻ ഇടം പിടിക്കുമെന്നുറപ്പാണ്.
What's Your Reaction?