എമ്പുരാൻ : കോടികളുടെ കിലുക്കം

   02-Apr-2025 : 7:53 PM   1      423

ചോര കൊണ്ടല്ലാതെ ഒരു സാമ്രാജ്യവും കെട്ടിപ്പടുക്കപ്പെട്ടിട്ടില്ല. അധികാര കസേരകൾ കാലുറപ്പിച്ചിരിക്കുന്നത് നിരപരാധികളായ അനേകം പേരുടെ ജീവനു മുകളിലാണ്. നമ്മൾ മറക്കാൻ ശ്രമിക്കുന്ന ചില ചോരക്കളികളെ തൊട്ടാൽ ഇനിയും പൊട്ടിയൊലിക്കുമെന്ന് ഭയപ്പെടുന്ന ചില മുറിവുകളെ തുറന്നു കാണിക്കാനും വർഷങ്ങൾക്കിപ്പുറം തങ്ങൾ അറിയാത്ത ചില ചരിത്ര കഥകൾ 2 K കിഡ്സിനെ കൂടി ഓർമ്മിപ്പിക്കുക എന്ന ചരിത്ര ദൗത്യമാണ് പൃഥ്വിരാജ് സുകുമാരൻ ഏറ്റെടുത്തത്. ചരിത്രവും ഫിക്ഷനും സമാസമം ചേർത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൃശ്യമികവുള്ള വമ്പൻ സിനിമയാക്കി പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പക്ഷേ വടു കെട്ടിയ ചില മുറിവുകളെ കുത്തിയെടുത്ത് പുറത്തു കാണിക്കാനുള്ള ചില ശ്രമങ്ങളില്ലായിരുന്നെങ്കിൽ 200 കോടിയുടെ കിലുക്കത്തിലേക്ക് സാങ്കേതികവിദ്യയുടെ മാത്രം സഹായത്തോടെ ഒരു സിനിമ എത്തിച്ചേരുമായിരുന്നോ എന്ന ചിന്തയാണ് തിയേറ്റർ വിട്ടിറങ്ങുമ്പോൾ  മനസ്സിനെ അലട്ടിയിരുന്നത്.

മുരളി ഗോപി എഴുത്തിൽ അതിപ്രഗത്ഭനാണെന്ന് തെളിയിക്കാൻ ലൂസിഫർ പോലെ തന്നെ എമ്പുരാനിലും സാധിച്ചിട്ടുണ്ട്. പക്ഷേ ഒരു സിനിമ കാണുമ്പോൾ ലഭിക്കുന്ന ആത്യന്തികമായ ഒരു രസൗന്നത്യം സിനിമയിൽ നിന്ന് ലഭിക്കാതെ പോയത് കഥയിലെ ചില ദൗർബല്യങ്ങൾ കൊണ്ടായിരിക്കണം. ഒരു മൂന്നു മണിക്കൂർ സിനിമയുടെ പ്ലോട്ടിനുള്ളിൽ ഉൾപ്പെടുത്താൻ കഴിയാവുന്നതിന്റെ മൂന്നിരട്ടി ഉൾപ്പെടുത്താൻ ശ്രമിച്ചതിന്റെയും ഇന്ത്യയിലെ എല്ലാ മുൻനിര പാർട്ടികളെയും സമാസമം വിമർശിക്കാനുള്ള മിനിക്കഥകൾ ചേർത്ത് സമീകരിക്കാനുള്ള ശ്രമത്തിന്റെയും ഒരു പാഴ് ശ്രമം സിനിമയുടെ ടോട്ടാലിറ്റിയെ വല്ലാതെ ബാധിക്കുന്നുണ്ട്. ഇടത്, വലത്, തീവ്രവലത് പാർട്ടികളെ അവതരിപ്പിക്കുമ്പോൾ തീവ്ര വലതിൻ്റെ തീവ്രവാദത്തിന്റെ അപകടകരമായ ഹിംസാത്മകത നേരിടാൻ വീണ്ടും രംഗപ്രവേശം ചെയ്യുന്ന ലൂസിഫർ 2 ആയ എബ്രാം ഖുറേഷി, കഥാപാത്രം എന്ന നിലയിൽ വലിയ പുതുമകൾ ഇല്ലെങ്കിലും അവതരണ മികവുകൊണ്ട് നന്നായിട്ടുണ്ട്. എന്നാൽ ലൂസിഫർ പോലെ തീയറ്ററുകളിൽ പ്രേക്ഷകരെ ഇളക്കിമറിക്കാൻ എമ്പുരാന് കഴിഞ്ഞില്ല എന്നുള്ളതിന് തീയേറ്റർ അനുഭവം സാക്ഷ്യമാകുന്നു. 

ഒരു ബിഗ് ബജറ്റ് സിനിമ എന്ന രീതിയിൽ ആർട്ട് ഡയറക്ഷൻ അതിമനോഹരം ആയിട്ടുണ്ട്. എൽ എന്ന സിമ്പൽ ഇടയ്ക്ക് പലതരത്തിൽ പ്രത്യക്ഷപ്പെടുന്നതും എമ്പുരാൻ്റെ രംഗപ്രവേശത്തിൽ ഒരു മരം നിന്ന് കത്തുന്നതും അമാനുഷികമായ നായക സങ്കല്പത്തെ മനസ്സിലേറ്റാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതാണ്. ഇറാഖിലെ സ്ഫോടനത്തിൻ്റെ ചിത്രീകരണവും എബ്രാം ഖുറേഷിയുടെ അന്തർദ്ധാനവുമെല്ലാം മികച്ച കലാവിരുന്നായിട്ടുണ്ട്. എന്നാൽ എമ്പുരാൻ്റെ സാമ്രാജ്യം ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്നു എന്നത് കാണിക്കാൻ ഓരോരോ  രാജ്യങ്ങളിലായി കാണിക്കുന്ന ആക്ഷൻ സീൻസ് പലപ്പോഴും സഫാരി ചാനൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു ഫീലിംഗ്സ് ആണ് തന്നത്. മികച്ച ഒരു ബിജിഎം ഇല്ലാതെ പോയത് സിനിമയെ ബാധിച്ചിട്ടുണ്ട്. സിനിമയ്ക്ക് ഒരു വമ്പൻ ഫീൽ ഉണ്ടാക്കുന്ന ഹെലികോപ്റ്റർ സീൻസും ഡ്രോൺ ഷോട്ടുകളും വലിയ ദൃശ്യാനുഭവമാണ്. സുജിത് വാസുദേവൻ്റെ ക്യാമറ വിശ്രമമില്ലാതെ ജോലിയെടുത്തിട്ടുണ്ട്.

മോഹൻലാൽ എന്ന മഹാ നടൻ്റെ എത്രയോ നല്ല അഭിനയ മുഹൂർത്തങ്ങൾ നമ്മൾ കണ്ടിരിക്കുന്നു. എന്നാൽ ചലനങ്ങളിലും മുഖഭാവങ്ങളിലും ഒരു എ ഐ കൃത്രിമത്വം പലപ്പോഴും കണ്ടത് എൻ്റെ മാത്രം തോന്നലാണോ എന്തോ ? വില്ലനായ ബജ്രംഗിയുടേയും പ്രിയദർശിനിയായി പ്രത്യക്ഷപ്പെട്ട മഞ്ജുവാര്യരുടെ അവസ്ഥയും വ്യത്യസ്തമല്ലായിരുന്നു. ഒട്ടും തന്നെ നമ്മളെ സ്വാധീനിക്കാതെ പോയ കഥാപാത്രം പ്രതികാരത്തിനായി ഒരുമ്പെട്ടിറങ്ങിയ, സിനിമയുടെ ഡയറക്ടർ തന്നെയായ പൃഥ്വിരാജ് അവതരിപ്പിച്ച സൈദ് മസൂദ് ആണ്. തൻ്റെ പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടതിനാൽ പ്രതികാരത്തിനായി ഇറങ്ങുന്ന ആ കൊച്ചു പയ്യൻറെ അനാഥത്വം പ്രേക്ഷകരെ സ്പർശിക്കാതെ പോയത് നേരത്തെ പറഞ്ഞതുപോലെ മികച്ച ഒരു ബിജിഎമ്മിൻ്റെ അഭാവം കൊണ്ടായിരിക്കാം. കഥാപാത്രങ്ങളുടെ കണക്കെടുത്താൽ ഒരല്പമെങ്കിലും മനസ്സിൽ തങ്ങിനിൽക്കുന്നത് ജതിൻ രാമദാസ്സായി അഭിനയിച്ച ടോവിനോ തോമസും മുരുകനായി അഭിനയിച്ച ബൈജുവിന്റെയും ആൻഡ്രിയയായി വേഷമിട്ട അനുഷ്കയുടെയും കഥാപാത്രങ്ങളാണ്. 

പൊളിറ്റിക്കൽ ത്രില്ലറുകളിൽ ഒഴിവാക്കാനാവാത്ത ഘടകമാണ് മീഡിയയുടെ സാന്നിധ്യം. എമ്പുരാനിലും മീഡിയ ഉണ്ട് പക്ഷേ  വാർത്ത വായനക്കാരായി മാത്രം പ്രത്യക്ഷപ്പെടുന്നവർ. നൈല ഉഷ അവതരിപ്പിച്ച കഥാപാത്രമൊക്കെ എന്തിനോ തിളയ്ക്കുന്ന സാമ്പാർ ആയി അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുണ്ട്. കണ്ണ് മൂടിക്കെട്ടി ഫ്രാൻസിലോ മറ്റോ പോയി വന്ന ഗോവർദ്ധന്റെ അവസ്ഥയാണ് ഇവിടുത്തെ മാധ്യമങ്ങൾക്ക് എന്നാണോ കഥാകൃത്ത് ഉദ്ദേശിച്ചത് എന്ന് പറയാനും വയ്യ.

കേരള പൊളിറ്റിക്സും ഇന്ത്യൻ പൊളിറ്റിക്‌സും കാണിച്ച് കടുംവെട്ട് വാങ്ങി അസ്സലായി മാർക്കറ്റ് ചെയ്തതിനാൽ എമ്പുരാൻ ഇനിയും കോടികൾ ബാഗിലാക്കും എന്ന് സംശയമില്ല. ലൂസിഫറില കൗണ്ടർ ഡയലോഗായ 'നിൻ്റെ തന്തയല്ലേടാ എൻ്റെ തന്ത' എന്നതുപോലെയുള്ള ഡയലോഗുകൾ ഒന്നും എമ്പുരാനിലില്ല എങ്കിലും, 'എല്ലാം അറിയാവുന്ന ഒരാളുണ്ട് നിൻ്റെ തന്ത' എന്ന് പറയുമ്പോൾ വലിയ കയ്യടി ഒന്നും തിയറ്ററിൽ ഉയർന്നില്ല എന്നത് ഡയലോഗ് പ്രസന്റേഷന്റെ ദൗർബല്യവും എടുത്തു കാണിക്കുന്നു. ദേശീയ തലത്തിൽ നിന്നും അന്തർദേശീയ തലത്തിലെ കഥകൾ അവതരിപ്പിച്ചു കൊണ്ട് ലൂസിഫർ മൂന്ന് വരുമെന്ന് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ഈ കുറവുകൾ എല്ലാം നികത്തപ്പെടുമെന്ന് പ്രതീക്ഷിക്കാം

What's Your Reaction?