യയാതിയുടെ യൗവനവും ഏഴിലംപാലയുടെ ഇലകളും

   25-Feb-2025 : 9:53 AM   0      26

യയാതിയുടെ യൗവനവും
ഏഴിലംപാലയുടെ ഇലകളും

രണ്ടായിരത്തി രണ്ടിലോ  മൂന്നിലോ  ആയിരിക്കണം,മലയാള മനോരമ ദിനപ്പത്രത്തിലെ ആഴ്ച്ചക്കോളത്തിൽ

എ രാമചന്ദ്രൻ എഴുതി;

പുതിയൊരു ക്രമീകരണം സൃഷ്ടിക്കലാണ് കല. എല്ലാവർക്കും അറിയുന്ന വരകളും നിറങ്ങളുമാണ് കലാകാരനും ഉപയോഗിക്കുന്നത്. പക്ഷേ അവൻ അതിനു പുതിയൊരു ക്രമീകരണം നല്കുന്നു. നമുക്കെല്ലാം അറിയാവുന്ന വാക്കുകൾ തന്നെയാണു കവികളും പ്രയോഗിക്കുന്നത്. പക്ഷേ അവരതിനു പുതിയൊരു ക്രമീകരണം നല്കുന്നു. അവിടെയാണ് കല പിറക്കുന്നത് '’

കലയിൽ അദ്ദേഹത്തിന് പുതിയ ഒരു ക്രമീകരണം സൃഷ്ടിക്കാൻ കഴിഞ്ഞോ?

അതിനുള്ള ഉത്തരം രവിവർമ്മയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കാഴ്ച്ചപ്പാടിലുണ്ട്.  ‘സി.വി.രാമൻപിള്ളയും ഒ ചന്തുമേനോനും നോവൽകഥനരീതി മലയാളത്തിലേക്ക് സ്വാംശീകരിച്ചതുപോലെ രവിവർമ്മ ഹിന്ദുമിഥോളജിയെ പുതിയൊരു രീതിയിൽ പരിഭാഷപ്പെടുത്തുകയായിരുന്നു .യൂറോപ്യൻ റിയലിസത്തെ സ്വാംശീകരിച്ച് .

കേരളീയചുവർച്ചിത്രങ്ങൾ ഗവേഷണത്തിന് വിഷയമാക്കിയ രാമചന്ദ്രൻ്റെ പലചിത്രങ്ങളും ഇരുവശത്തേക്കും വീണ്ടും വരച്ചു പോകാവുന്ന വിധത്തിലുള്ളവയാണ്.,ചുവർച്ചിത്രങ്ങളുടെ ഒരുതുടർച്ച അവയിലുണ്ട്. ‘സർഗജീവിതത്തിനൊടുവിൽ ‘മഹാഭാരതത്തിലെ യയാത്യുപാഖ്യാനം പ്രമേയമായി രാമചന്ദ്രൻ സ്വീകരിച്ചതും ശ്രദ്ധേയമാണ്. പൂരുവിന് തൻ്റെ വാർദ്ധക്യം നൽകി പുതിയൊരു ക്രമം സൃഷ്ടിക്കുകയായിരുന്നല്ലോ യയാതിയും!

എൺപതുകളുടെ തുടക്കത്തിൽ ഒരു കണ്ണിൻ്റെ കാഴ്ചയ്ക്ക് പൊടുന്നനെയുണ്ടായ നഷ്ടത്തോടെയാണ് ഐതിഹാസികമായ ഉടലാഘോഷങ്ങളുടെ നിറച്ചാർത്തുകളിലേക്ക് രാമചന്ദ്രൻ്റെ പ്രതിഭ വഴിതിരിഞ്ഞത്. 1986 അവസാനമാണ് 'യയാതി' പൂർത്തിയാക്കിയത്. അറുപതടി വലുപ്പത്തിൽ ചെയിൻറ് ചെയ്ത ആഖ്യാനവും പിന്നെ 13 ശിൽപങ്ങളും ചേർന്ന ഒരു പടുകൂറ്റൻസൃഷ്ടിയാണത്.

ഗുരു രാം കിങ്കറുടെ സുപ്രസിദ്ധമായ ശില്പം ‘സന്താൾ കുടുംബം' എന്നും രാമചന്ദ്രന് പ്രചോദനമായിരുന്നു. എൻ്റെ ഗുരു രാംകിങ്കർ എന്ന ലേഖനത്തിൽ രാമചന്ദ്രൻ എഴുതി :-
ഞാൻ പെയ്ൻ്റ് ചെയ്യുമ്പോൾ അദ്ദേഹം എൻ്റെ ചുമലുകൾക്ക് മുകളിലൂടെ ശ്വസിക്കുന്നതുപോലെ എനിക്ക് തോന്നുന്നു.

ചുവർച്ചിത്രങ്ങളുടെ ആരാധകനായതുകൊണ്ടാവാം മറഞ്ഞുനില്ക്കുന്ന കലാകാരൻമാരെ പരാമർശിക്കുന്നതിനു കിട്ടുന്ന ഒരവസരവും അദ്ദേഹം പാഴാക്കിയിരുന്നില്ല. രവിവർമ്മയുടെ സഹോദരർ രാജരാജവർമ്മയെക്കുറിച്ച് രാമചന്ദ്രൻ എഴുതിയത് വായിച്ചാലും.
‘ രാജരാജവർമ്മ ഒരു പുരാണകഥാപാത്രത്തേയും വരച്ചില്ല. ലാൻഡ്സ് കേപ്പുകളും സാധാരണ മനുഷ്യരെയുമായിരുന്നു അദ്ദേഹത്തിനു പ്രിയം. കള്ളുഷാപ്പ്, പൂവിൽപനക്കാരി, പച്ചക്കറിവിൽപനക്കാരി തുടങ്ങിയ ' കുറെ നല്ല ചിത്രങളുണ്ട്. രവിവർമ്മയുടെ ദമയന്തിയുടെ പശ്ചാത്തലം മുഴുവർ വരച്ചത് രാജരാജവർമ്മയാണ്. രവിവർമ്മ ശ്രദ്ധിച്ചത് ദമയന്തിയുടെ സൗന്ദര്യം വർണ്ണിക്കുന്നതിൽ മാത്രമായിരുന്നു’

നമ്മുടെ കലാശാലകളിൽ ഇന്നും നിലനില്ക്കുന്ന യൂറോപ്യൻകേന്ദ്രിതമായ അനുഷ്ഠാനങ്ങളോട് പരാങ്മുഖനായ
രാമചന്ദ്രൻ വിശ്വഭാരതിയിലെ ഒരു രസകരമായ ചടങ്ങിനെക്കുറിച്ച് വിവരിക്കുന്നത് വായിച്ചാലും ,

‘ ഒരിക്കൽ വിശ്വഭാരതിയിൽ അച്ചടിച്ച ഡിഗ്രി സർട്ടിഫിക്കറ്റുകൾ സമയത്തിനെത്തിയില്ല.നന്ദലാൽ ബോസ് പ്രതീകാത്മകമായി ഒരു വഴി കണ്ടെത്തി. ടാഗോർ ധ്യാനിച്ചിരുന്ന സ്ഥലത്തെ ഒരു ഏഴിലം പാലയുടെ ഇലകൾ ഡിഗ്രിയായി കൊടുത്തു. ഇന്നും ഡിഗ്രിയോടൊപ്പം ഏഴിലംപാലയുടെ ഇലകൾ ചാൻസ്'ലർ നല്കും.' 

പടുകൂറ്റൻ ചിത്രശില്പസമുച്ചയങ്ങൾ യാഥാർത്ഥ്യമാക്കിയ രാമചന്ദ്രൻ അരയിഞ്ച് ചതുരശ്രയിടം മാത്രമുള്ള സ്റ്റാമ്പുകളുടെ ഡിസൈനിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.' മധുബാണി പെയ്ൻ്റിങ്ങുകൾ മിനിയേച്ചറുകൾ, പ്രാചീനതുണിത്തരങ്ങൾ എന്നിവയിൽ നിന്നെല്ലാം പല ഡിസൈൻസും സ്റ്റാമ്പുകളിലെക്ക് അദ്ദേഹം കൊണ്ടുവന്നു.


ഒരു പഴയ മിനിയേച്ചർ ചിത്രത്തിൻ്റെ പുനരാവിഷ്കാരമായ മയിൽ, സംഘനീർ വുഡ് ബ്ലോക്കിൽ നിന്നുമെടുത്ത ‘ആനയും സഞ്ചാരിയും’ തുടങ്ങിയവ ഇന്നും ഓർമ്മയിലുണ്ട്.

കുട്ടികൾക്കുള്ള പുസ്തകങ്ങൾ എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് രാമചന്ദ്രൻ കുറിച്ചു.’ വായിച്ചു സ്വപ്നം കാണാനുള്ള പുസ്തകങ്ങളാണ് കുട്ടികൾക്ക് നൽകേണ്ടത്.ഹാരിപോട്ടർ വായിക്കുമ്പോൾ അവർ ഹാരി പോട്ടറായി മാറുകയാണ്. ആലീസും അത്ഭുതലോകവും വായിക്കുമ്പോൾ അവർ ആലീസായി മാറുകയാണ്. എന്നാൽ നമ്മുടെ നാട്ടിൽ പുസ്തകങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുന്നവയാണ് - നീതിസാരം! കുട്ടികൾക്ക് ഇതല്ല വേണ്ടത് ‘

കുറച്ചു കാലം മുൻപ്   കവികളുടെ വില സമൂഹത്തിനു മുമ്പിൽഉയർത്തിക്കാട്ടാൻ ശ്രീബാലചന്ദ്രർ ചുള്ളിക്കാടുയർത്തിയ  യാത്രാബത്താവിവാദം മറന്നിരിക്കില്ലല്ലോ. ഇതാ കലയുടെ സാമ്പത്തികമൂല്യത്തെക്കുറിച്ച് രാമചന്ദ്രൻ കാൽനൂറ്റാണ്ടുമുമ്പെഴുതിയ വാക്കുകൾ ചുള്ളിക്കാടിനുള്ള കവചമായി മാറുന്നു.


‘ ഇന്ന് ഇന്ത്യൻ ചിത്രകാരന്മാർ അവരുടെ ചിത്രങ്ങൾക്ക് വൻവില വാങ്ങുന്നുണ്ടെങ്കിൽ അതിന് നന്ദി പറയേണ്ടത് എം എഫ് ഹുസൈനോടാണ്. ഓരോ കലാസൃഷ്ടിക്കും പണവുമായി ബന്ധമുണ്ടെന്ന സകല്പം തന്നെ വളർത്തിയത് ഹുസൈനാണ്. ഒരു ചലച്ചിത്രതാരത്തിൻ്റെ വില ആ താരം അഭിനയിക്കുന്ന ഓരോ ചിത്രത്തിനും കിട്ടുന്ന കോടികളുടെ അടിസ്ഥാനത്തിലാണ്. ചിത്രകാരനും അയാളുടെ കലാസൃഷ്ടികൾക്ക് ഓരോ വില നിശ്ചയിക്കണമെന്ന് മനസ്സിലാക്കിത്തന്നു’.’

ഈ ആത്മമൂല്യബോധത്താലാവാം രാമചന്ദ്രൻ തൻ്റെ ചിത്രശില്പങ്ങളിൽ തലരൂപമായും കശുമാങ്ങപോലെ തലകീഴായും ചിലപ്പോഴൊക്കെ  ആപാദചൂഡവും പ്രത്യക്ഷനാവുന്നത്! വാഗ്ഗേയകാരൻമാർ കൃതികളിൽ ഇഷ്ടമൂർത്തീമുദ്ര ചാർത്തുന്നതു പോലെ ഒരു തലയൊപ്പ്!

രാമചന്ദ്രൻ്റെ പല കമ്മിഷൻഡ് വർക്കുകളും അതിലെ രാഷ്ട്രീയശരികേടുകൾ മൂലം തിരസ്കരിക്കപ്പെട്ടിട്ടുണ്ട്. മൗര്യാ ഹോട്ടലിനു വേണ്ടിച്ചെയ്ത കലിംഗയുദ്ധത്തിനു ശേഷം എന്ന വിഷയാധിഷ്ഠിതചിത്രത്തിൽ ശീർഷമറ്റ കനിഷ്കാശില്പം മുതൽ വിയറ്റ്നാം യുദ്ധം വരെയുള്ള സൂചനകളുണ്ടായിരുന്നു. ഒരു ന്യൂസ് പേപ്പർ കൊളാഷും അദ്ദേഹം ഉൾച്ചേർത്തു. വിയറ്റ്നാം യുദ്ധത്തിൽ നാപാം ബോബ് വീണ് പൊള്ളലേറ്റ പെൺകുട്ടി നഗ്നയായിനിലവിളിച്ചോടുന്ന ചിത്രം അമേരിക്കക്കാരും ജർമ്മൻകാരുമായ സന്ദർശകരെ അസ്വസ്ഥരാക്കി.അവർ പ്രതിഷേധിച്ചു. ഒടുക്കം ആ ചിത്രം പിൻവലിക്കപ്പെട്ടു. പൊഖ്റാൻ ആണവ പരീക്ഷണത്തിനെതിരെയുള്ള കലാകാരൻ്റെ പ്രതിഷേധമായിരുന്നു ന്യൂക്ലിയാർ രാഗിണി.


അണുധൂളിപ്രസാരത്തിൻ്റെ അവിശുദ്ധദിനങ്ങളിലാവാം അദ്ദേഹം പൂർവപുണ്യത്തിൻ്റെ 'ആമ്പൽപൊയ്ക' യിൽ വരകളിലും വർണ്ണങ്ങളിലും മുങ്ങിനിവർന്നത്.

ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘ നമ്മൾ ഒന്നും നടിക്കേണ്ട കാര്യമില്ല. നമുക്ക് ലോകത്തെ മാറ്റിമറിക്കാനൊന്നും പറ്റില്ല. നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വളരെ ലാഘവത്തോടെ അല്പം തമാശയോടെ ചിന്തിച്ചാൽ ഒരു കുഴപ്പവുമില്ല. ‘പാത്തുമ്മയുടെ ആട് ‘വായിച്ചാൽ വാസ്തവത്തിൽ ബഷീർ കരയുകയാണ്.കാശില്ലാത്ത ഒരു വീട്ടിലെ ദാരിദ്ര്യമാണ് അതിൽ കാണുന്നത്.പക്ഷേ, നമ്മൾക്ക് ഒരു മിനിറ്റു പോലും അതിൻ്റെ ഒരു ചെടിപ്പ് തോന്നുകയില്ല. അതാണ്ട് ബഷീറിൻ്റെ മഹത്ത്വം’.

ഭാവിയിലെ കലാചരിത്രത്തിൽ രാമചന്ദ്രനെക്കുറിച്ചും ഇതേ വാക്കുകൾ ചില്ലറ മാറ്റത്തോടെ അതേ മാറ്റോടെ കുറിക്കപ്പെട്ടേക്കാം.
എ. രാമചന്ദ്രൻ........,വിഷാദനർമ്മത്തിൻ്റെ ചിത്രകാരൻ. 

(കുറിപ്പിലെ വസ്തുതൾക്ക് അവലംബം:
എ.രാമചന്ദ്രൻ്റെ’ ദൃശ്യസാരം' എന്ന കലാസംബന്ധിയായ ലേഖനസമാഹാരം)

What's Your Reaction?