ആദ്യ കാഴ്ചയുടെ/കേൾവിയുടെ കൗതുകങ്ങൾ ജീവിതത്തിൽ ഒരിക്കലും തീരാറില്ല.
ഓർമ്മയിൽ അത് പീലി നിവർത്തിയങ്ങനെ നിൽക്കും, മറവി വിഴുങ്ങും വരെ. സംഗീതം പോലെ സുഖദായകമായ കല ആദ്യമായി അനുഭവിച്ച ഓർമ്മയും അതുപോലെയാണ്. നാളും പക്കവും എന്നല്ല വർഷം കൂടി കണിശമായി ഓർമ്മയിലില്ല. എങ്കിലും ആദ്യമായി ഒരു ഗായിക ഗാനം ആലപിക്കുന്നത് കണ്ട ഓർമ്മ ഇന്നുമുണ്ട്. വർഷങ്ങൾക്കിപ്പുറവും അതേപടി. ഡയനോരയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയിൽ ഒരു സായാഹ്നത്തിൽ ദൂർദർശൻ പൊതിഗൈ ചാനൽ തുറന്ന ആ മുഹൂർത്തത്തെ ധന്യമാക്കിക്കൊണ്ട് എം.എസ്. സുബ്ബലക്ഷ്മി പാടുകയാണ്;
നാലുമണി ചായക്കൊപ്പം കായവറുത്തത് നിറച്ച തട്ടുമായി തട്ടിയും മുട്ടിയും നിൽക്കുന്ന എനിക്ക് ടീവി ഇട്ടു തന്ന് മുത്തച്ഛൻ പതിവുപോലെ തോട്ടം നനയ്ക്കാൻ പോയിരുന്നു. ഡൽഹി റിലേയെ മുറിച്ചുകൊണ്ട് പ്രാദേശിക ഭാഷകളിൽ സ്റ്റേഷൻ തുറക്കുന്ന സമയം അന്ന് മിക്കവാറും ഇങ്ങനെയായിരുന്നു. സംഗീതകച്ചേരികൾക്കും നൃത്തകച്ചേരികൾക്കും വേണ്ടി ഉഴിഞ്ഞു വച്ച ദൂർദർശൻ സന്ധ്യകൾ. ആദ്യമായി ഒരു ഗായിക പാടുന്നത് കണ്ട ഓർമ്മയാണ്. ചമ്രം പടിഞ്ഞിരുന്ന്, വലം കയ്യാൽ മടിയിൽ താളം പിടിച്ചുകൊണ്ട് പൂജാമുറിയിലെ സരസ്വതിദേവിയുടെ ഛായയുള്ള ഒരാൾ ശ്രദ്ധയോടെ ചാരുകേശിയിൽ ഉള്ള ആ സ്വാതി കൃതി ഉരുക്കഴിക്കുന്നു.
സന്ധ്യക്ക് വിളക്ക് വയ്ക്കും മുന്നേ ദിവസത്തിൽ അവസാനമായി അടിച്ചുവാരി പോകാൻ ചൂലുമായി ധൃതിയിൽ വന്ന അമ്മ ടീവിയിൽ നോക്കിയങ്ങനെ നിന്നത്... പുറകേ വന്ന മേമയും ടീവിയിലേക്ക് ഉറ്റുനോക്കി സമയം മറന്നു നിന്നു.
"സന്ധ്യക്ക് വിളക്ക് വയ്ക്കാൻ നോക്കാതെ
ടീവിടെ ഉള്ളില് മൊളഞ്ഞോളിൻ.."
എന്നുപറഞ്ഞുകൊണ്ട് അവിടേക്ക് അച്ഛമ്മ കടന്നു വന്നു. ടിവിയിലേക്ക് ഒന്ന് കണ്ണെറിഞ്ഞുകൊണ്ട് മേമയോടായി പറഞ്ഞു;
"പാട്ട് കച്ചേര്യാച്ചാൽ ചെത്തം കൂട്ടി വച്ചാൽ പോരെ?
കേട്ടാൽ പോരെ? അതുവിട്ട് പണിയെല്ലാം അവിടെട്ട്
പഞ്ചായത്ത് കൂടി നിക്കണോ? "
"ആ... എം. എസ് ആണ് പാടണ് ച്ചാൽ കേട്ടാൽ മാത്രം
പോരാ, കാണണം.."
എന്ന് മേമ പോകുന്ന പോക്കിൽ പിറുപിറുത്തു. അതുകേട്ട് അമ്മ ചിരിച്ചു.
കറുപ്പിലും വെളുപ്പിലുമായി ചുരുങ്ങി നിന്ന ആ ടീവിയിൽ വൈരാഭരണങ്ങളുടെ തിളക്കത്തിൽ മിന്നുന്ന പട്ടുപുടവ ചുറ്റി ശ്രദ്ധയോടെ, നിറഞ്ഞ ചിരിയോടെ പാടുന്ന ആ ഗായികയെ കേട്ടാൽ മാത്രം പോരാ, കാണുകയും വേണമെന്ന് ആദ്യമായി തോന്നിയതും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന ആ ആദ്യകാഴ്ചയിൽ തന്നെയാണ്.
ദൂരദർശൻ-പൊതിഗൈ ചാനലിൽ എം.എസ്-ൻ്റെ കച്ചേരികൾ കണ്ടു വളരാനുള്ള ഭാഗ്യം സിദ്ധിച്ച ഒരു തലമുറ-90's kid ആയിരുന്നു ഞാൻ. ധ്യാനത്തിൻ്റെ, ഭക്തിയുടെ പരകോടിയിൽ മന്ദസ്മിതത്തോടെ ആലാപനം നടത്തുന്ന എം.എസ്... പട്ടുചേല പുതച്ചു, കൊണ്ട കെട്ടിയ മുടിയിൽ മല്ലിപ്പൂ ചൂടി, വൈരതോടകളും വളകളും, കഴുത്തിൽ വൈര അഢിഗ, നീണ്ടു മെലിഞ്ഞ ചേലൊത്ത നാസികാഗ്രങ്ങളിൽ വൈര മൂക്കുത്തി പൂക്കളും അണിഞ്ഞ ആ ചലിക്കുന്ന കനക വിഗ്രഹം കാണുമ്പോഴൊക്കെയും പൂജമുറിയിലെ ഭിത്തിയിൽ തൂക്കിയിട്ട വീണാപാണിനിയായ വാഗീശ്വരിയേയല്ലാതെ മറ്റാരെ ഓർമ്മ വരും!?!?!
പൈതൃകമായി കൈമാറ്റം ചെയ്തു പോന്ന കല ദേവനും, ദേവനേ ആളുന്ന പുരോഹിത-നാടുവഴിത്തത്തിനും മാത്രമായി നീക്കി വയ്ക്കപ്പെട്ട കാലഘട്ടത്തിൻ്റെ തുടർച്ചയിൽ നിന്നാണ് മാമുലുകളുടെ മാറാല നീക്കി ഒരു പതിമൂന്നുകാരി ദേവദാസി പെൺകൊടി പുരുഷാധിപത്യത്തിൻ്റെ കർണാടക സംഗീതവേദിയിൽ കയറിയിരുന്നു കച്ചേരി ആലപിക്കുന്നത്. " കലയയ് കാപ്പവൾ ദാസി" എന്ന് ഒരു മൊഴി കൂടി പ്രചാരത്തിലുള്ള തമിഴിൽ ദേവദാസി കലാപൈതൃകത്തെ കവർന്ന്, സ്വന്തം പേരിൽ വരുത്തിയ ചില പരിഷ്കാരങ്ങളോടെ കുത്തക അവകാശപ്പെടുന്ന യഥാസ്ഥിതിക ആഢ്യബ്രാഹ്മണ്യത്തെ ചൊടിപ്പിക്കാൻ പോന്ന വേറിട്ട സംഗീത ശൈലിയായിരുന്നു സുബ്ബലക്ഷ്മി എന്ന ആ പതിമൂന്നുകാരിക്ക്.
വിമർശനം തൊടുക്കാൻ ശ്രമിച്ച പണ്ഡിതമതങ്ങളെ കൂടിയും ആ ആലാപനം ഏറെ സ്വാധീനിച്ചു. അതൊരു പുതിയ നാദധാരയുടെ തുടക്കമായിരുന്നു. ദക്ഷിണേന്ത്യൻ സംഗീതത്തിൻ്റെ വെന്നിക്കൊടി ഐക്യരാഷ്ട്ര സഭാങ്കണത്തിൽ വരെ ഉയർത്തിയ ഒരു നാദ പ്രവാഹത്തിൻ്റെ ഉറവപൊട്ടുകയായിരുന്നു. ആ നവയുഗ ഗായികക്ക് പിന്നീട് വേദികൾക്ക് ഒട്ടുമേ പഞ്ഞം വന്നില്ല. ഭേദാഭേദങ്ങൾ ഇല്ലാതെ അവർക്ക് ശ്രോതാക്കൾ ഉണ്ടായിക്കൊണ്ടിരുന്നു. ഗ്രാമഫോൺ റെക്കാർഡ് കമ്പനികൾ ആ സ്വരത്തിന് പ്രചുരപ്രചാരം നൽകി. സിനിമയിൽ അരങ്ങേറ്റം കുറിച്ച എം.എസ്-ൻ്റെ 'മീര' ഇന്ത്യൻ സിനിമപ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
പാടി അഭിനയിച്ച 'മീര'യിലെ "കാട്രിനിലേ വരും ഗീതം..." നിത്യഹരിത മെലഡിയായി മാറിയത് പിന്നീട് ഇന്ത്യൻ സിനിമാ ചരിത്രമായി.
"മീര" യുടെ വേഷത്തിൽ സിനിമയിൽ പാടി അഭിനയിച്ചപ്പോൾ
"വായില് മുറുക്കാൻ നിറച്ചമാതിരി" പാടുന്നതൊന്നും പുറത്തുള്ളാളോൾക്ക് തിരിയരുത് എന്ന് ദൃഡനിശ്ചയം എടുത്ത സംഗീതജ്ഞന്മാരുടെ ഇടയിലേക്കാണ് വളരെ വർഷങ്ങൾക്ക് മുമ്പ് ഗായിക മധുരൈ ഷണ്മുഖവടിവിൻ്റെ മകൾ - പതിമൂന്നുകാരിയായ പെൺകിടാവ് നിറഞ്ഞ ആത്മവിശ്വാസത്തോടെ കടന്നുവന്നത്. രൂപവതിയായ ആ കൗമാരക്കാരി
"കുറലിൽ അന്ത അംബാളൊടയ കചപി വീണൈയോട പിറന്തമാതിരി.." നാദവിസ്മയം തീർക്കുക മാത്രമല്ല ഉച്ചാരണവും സാഹിത്യവും അറിഞ്ഞുപാടുക കൂടി ചെയ്യുന്ന രീതി സൃഷ്ടിച്ചു.
എം. എസ് സ്വാധീനത്തെ കുറിച്ച് പിന്നീട് പലപ്പോഴും ശ്രീ ബാലമുരളികൃഷ്ണ പറയുന്നത് കേട്ടിട്ടുണ്ട്. പതിമൂന്ന് വയസ്സിലെ ആദ്യകച്ചേരി മുതൽ കർണാടക സംഗീതലോകത്ത് സുബ്ബലക്ഷ്മി സ്വന്തമായി ഒരു ശൈലി രൂപീകരിച്ചു.
തുടർന്നുള്ള റിക്കാർഡ് യുഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്ത്രീ സ്വരവും എം. എസ്സിൻ്റെ തന്നെയായിരുന്നു. നാലോളം സിനിമകളിൽ തിളങ്ങിയ സുബ്ബലക്ഷ്മി ഗായിക-അഭിനേത്രി എന്നീ നിലകളിൽ ഒരുപോലെ തൻ്റെ പാടവം പ്രദർശിപ്പിച്ചു. 'മീര'യായി വെള്ളിത്തിരയിൽ തിളങ്ങിയ എം. എസ് അതിൽ ആലപിച്ച-
"കാട്രിനിലേ വരും ഗീതം... "
എന്ന ഗാനം ഇന്ത്യയിൽ ആദ്യമായി എം. എസ് തരംഗം സൃഷ്ടിച്ചു. എന്നാൽ അതോടുകൂടി തന്നെ എം. എസ് സിനിമയോട് വിടപറയുകയാണ് ചെയ്തത്. തുടർന്ന് സംഗീതകച്ചേരികൾക്കായി ആ ജീവിതം സമർപ്പിച്ചു. പുരന്ദരദാസരും ത്യാഗരാജനും മുത്തുസ്വാമി ദീക്ഷിതരും ശ്യാമശാസ്ത്രികളും അന്നമ്മാചാര്യരും ആണ്ടാളും അവരവരുടെ കൃതികളിലൂടെ സുബ്ബലക്ഷ്മിയുടെ സംഗീതസദസ്സുകളിൽ തലമുറകൾ കടന്നുവന്നു. കച്ചേരി സമ്പ്രദായങ്ങളിലേക്ക് ഭക്തിഗാനങ്ങളും ഭജൻസും സന്നിവേശിപ്പിക്കുക വഴി തന്നെ എം. എസ്സിന് ആരാധകർ പെരുകി. കീർത്തനങ്ങൾക്കും തമിഴ് ക്ലാസിക്കൽ ഗാനങ്ങൾക്കും അപ്പുറം കടന്നുകൊണ്ട് ഇന്ത്യയിലെ വിവിധഭാഷകളിലെ കൃതികൾ തിരഞ്ഞെടുത്ത് ആലപിക്കാൻ തുടങ്ങിയ എം. എസ്. വെറുതെയൊരു തിരഞ്ഞെടുപ്പായിരുന്നില്ല അത്. ഓരോ കൃതിയും കൃത്യമായി ഉച്ചാരണവും സാഹിത്യവും നോക്കി പഠിക്കുകയും ആലപിക്കുകയും ചെയ്തു.
സുബ്ബലക്ഷ്മി തന്നെ ഭജൻ പാടികേൾക്കണം എന്ന് ആഗ്രഹിച്ച വ്യക്തികളിൽ ഒരാൾ മാത്രമായിരുന്നു മഹാത്മാഗാന്ധി എന്നോർക്കുമ്പോഴാണ് സുബ്ബലക്ഷ്മിയുടെ ആരാധകവൃന്ദത്തിൻ്റെ ആഴം അറിയാൻ ആവുക. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു അവരുടെ കച്ചേരി കേൾക്കാൻ കാത്തു നിന്നു.
" ഞാനോ വെറുമൊരു പ്രധാനമന്ത്രി. എം. എസ്
ആകട്ടെ സംഗീതത്തിന്റെ ചക്രവർത്തിനി.. "
എന്ന നെഹ്‌റുവിൻ്റെ വാക്കുകളിൽ ഉണ്ട് ആരാധന.
ഗാന്ധിജിയുടെ വേദിക്കരികേ
നെഹ്‌റുവിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു .
പണ്ഡിതശ്രേഷ്ഠർക്കും പാമരർക്കും ഒരുപോലെ പ്രിയകരമാകുക എളിതല്ല. മൂർച്ചയേറിയ വിമർശനങ്ങൾക്ക് നടുവിലും വിനീതമായ ചിരിയോടെ, സമചിത്തതയോടെയാണ് എം. എസ് ഇക്കണ്ട ദൂരങ്ങൾ താണ്ടിയത്.
വാക്കുകളുടെ ഉച്ചാരണ ശുദ്ധിക്ക് പ്രാധാന്യം നൽകിയിരുന്ന എം. എസ് വാക്കുകളുടെ ശക്തിയിലും വിശ്വസിച്ചിരുന്നു. ഒരു വാക്കുകൊണ്ടുപോലും ആരെയും മുറിപ്പെടുത്തുകില്ലെന്ന് ഭീഷ്മ ശപഥം എടുക്കുകയും അത് മരണം വരെ നടപ്പിലാക്കുകയും ചെയ്ത എം. എസ് അമ്മയെപ്പറ്റി കുടുംബസുഹൃത്തായ പദുക്ക (ഗുരു. ഡോ. പദ്മ സുബ്രഹ്മണ്യം ) പറഞ്ഞുകേട്ടിട്ടുണ്ട്. നിരന്തരം വിമർശകരാൽ ഓഡിറ്റ് ചെയ്യപ്പെട്ടതിനിടയിൽ വളർന്ന് കർണാടക സംഗീതലോകമാകെ തണലിട്ട മരമായി മാറിയ എം. എസ് ഏറ്റവും നല്ല ഗായികയെന്നപോലെ ഏറ്റവും നല്ല ശ്രോതാവുമായിരുന്നു. നിറഞ്ഞ ചിരിയോടെ,മനസ്സിനുള്ളിൽ നിന്ന് വരുന്ന നല്ല വാക്കുകളോടെ എം. എസ് അടുത്ത തലമുറകളെ അനുഗ്രഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പാരമ്പര്യത്തിൻ്റെ വിമർശനങ്ങൾക്ക് ചെവി കൊടുക്കാതെ ആലാപനത്തിൽ നടത്തിയ പൊളിച്ചുപണികളിൽ നിന്നാണല്ലോ എം. എസ് തൻ്റെ സംഗീതജീവിതം തന്നെ ആരംഭിക്കുന്നതും.
'കല്യാണി'യിലും 'കാംബോജി'യിലും ഏറ്റവും മനോഹരമായി സ്വരസഞ്ചാരം നടത്തിയ ഗായകരിൽ ഒരാളായിരുന്നു എം. എസ്. ശങ്കരാഭരണത്തിലും ആലാപനമികവിൻ്റെ കയ്യൊപ്പ് പതിപ്പിച്ച ഗായിക. ഭാരതിയുടെയും ഭാരതിദാസൻ്റെയും പാട്ടുകൾ എന്നപോലെ ടാഗോറിൻ്റെ ബംഗാളി ഗാനങ്ങൾക്കും സൂർദാസിൻ്റെയും തൂക്കാറാമിൻ്റെയും മീരയുടെ, പൂന്താനത്തിൻ്റെയുമൊക്കെ കൃതികളെ അവർ അതാത് ഭാഷാശുദ്ധിയോടെ അരങ്ങിലെത്തിച്ചു.
കൽക്കി ഗാർഡൻസിൻ്റെ മുറ്റത്ത് ഉലാത്തിക്കൊണ്ട് കൃതികൾ മനഃപാഠമാക്കുന്ന സുബ്ബലക്ഷ്മി... സംഗീതചക്രവർത്തിനി എന്ന വിശേഷണത്തിൽ അഭിരമിക്കാതെ അർപ്പണബോധമുള്ള വിദ്യാർത്ഥിനിയായിരുന്നു എന്നും. കർണാടക സംഗീതത്തിൻ്റെ ബ്രാൻഡ് ആയി ഭർത്താവ് സദാശിവം ലോകത്തിന് മുന്നിൽ വളർത്തിയെടുത്ത സുബ്ബലക്ഷ്മി!.. എം. എസ്സിൻ്റെ പല കച്ചേരികളുടെയും പ്രതിഫലം ആതുരാലയങ്ങൾക്കും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നീക്കി വച്ച എം. എസ് - സദാശിവം ദമ്പതികൾ സാമ്പത്തികമായി തകർന്ന ഘട്ടത്തിലും സജീവമായി സാമൂഹ്യസേവനങ്ങൾ തുടരുന്ന 'വാരി വഴങ്കുകിറ വള്ള'ലായി നിലകൊണ്ടു. സുബ്ബലക്ഷ്മിയുടെ ശ്രുതിയായിരുന്നു എന്നും സദാശിവം!
എം . എസും ഭർത്താവ് സദാശിവവും .
ജന്മനാടായ മധുര വിട്ടു മദിരാശിയുടെ മരുമകളായി മാറിയെങ്കിലും വെങ്കിടേശനേ മാത്രമല്ല, മധുര മീനാക്ഷിയേയും പള്ളിയുണർത്താൻ ഷണ്മുഖവടിവിൻ്റെ മകൾക്കായിരുന്നു നിയോഗം.
കാഞ്ചി 'മഹാപെരിയവാ' എന്ന് പുകഴ്പെറ്റ 68 മത് ആചാര്യൻ ചന്ദ്രശേഖര സരസ്വതിയുടെ ഭക്ത കൂടിയായിരുന്നു എം. എസ്. ആദ്യമായി അവരെ ആചാര്യൻ്റെ സമക്ഷം എത്തിക്കുന്നത് സദാശിവമാണ്. മടിസാർ ധരിച്ചു മുന്നിലേക്ക് വന്ന എം. എസ് നോട് മഹാപെരിയവാ ചോദിച്ചു;
" ഏനമ്മാ ഇന്ത കോലം? ഉങ്കൾ കുലവഴക്കപ്പടിയെ
പുടവയെ ഉടുത്തിക്കലാമേ. മടിസാറുക്കൂന്ന് ഒരു
മുതൽ മരിയാദൈയൊന്നും കെടയാത്. "
എം. എസ് അവസാനമായി പതിനെട്ടുമുളം വരുന്ന മടിസാർ പുടവ ചുറ്റിയത് അന്നായിരുന്നുവത്രെ. എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന എം. എസ്സിനു കുട്ടികളോട് അല്പം സ്നേഹവാത്സല്യം കൂടും. പക്ഷേ ജീവിതത്തിൽ അവർക്ക് ഒരു അമ്മയാകാൻ സാധിച്ചില്ല. ഭർത്താവിൻ്റെ ആദ്യഭാര്യയുടെ മക്കളെ അവർ സ്വന്തം മക്കളായി തന്നെ കണ്ടു. ഒരു സന്ദർഭത്തിലും എം. എസ്സിൻ്റെ മുഖപ്രസാദത്തിനും മങ്ങലേറ്റില്ല. പരിപൂർണ്ണ സംതൃപ്തിയോടെ അവർ പാടി;
" കുറൈ ഒൻട്രുമില്ലൈ മറൈമൂർത്തി കണ്ണാ...
കുറൈ ഒൻട്രുമില്ലൈ ഗോവിന്ദാ..."
അമ്മ, എം. എസ്. സുബ്ബലക്ഷ്മിയുടെ കടുത്ത ആരാധികയായിരുന്നു. സുബ്ബലക്ഷ്മി സിഗ്നേച്ചറുള്ള വെങ്കിടേശ സുപ്രഭാതം കേട്ട് ഉണരാനും, വിഷ്ണു സഹസ്രനാമം കേട്ട് വീട്ടുജോലികൾ ചെയ്യാനും ഇഷ്ടപ്പെടുന്ന അമ്മ ഇന്നും അത് തുടരുന്നു. ടീവിയിൽ എം. എസ് കച്ചേരികൾ ഉണ്ടെങ്കിൽ പാത്രം 'മോറു'ന്നിടത്തുനിന്നോ, മാവാട്ടുന്നിടത്തുനിന്നൊ നനവും മാവുമൊക്കെയുള്ള കയ്യോടെ, കൊതിയോടെ ടീവിക്ക് മുന്നിലേക്ക് ഓടിവന്നിരുന്നു. 2004 ഡിസംബർ 11- നു പുലർകാലത്ത് ഉമ്മറപ്പടിയിൽ നിന്ന് പ്രഭാത പത്രം കയ്യിലെടുത്തുകൊണ്ട് അതിലെ എം. എസ്സിൻ്റെ മരണ വാർത്ത നോക്കി അമ്മ അന്തിച്ചിരുന്നത് ഇന്നലെയെന്ന പോലെ ഓർമ്മയുണ്ട്. മാതൃഭൂമി പത്രത്തിലെ ആദ്യതാളിൽ ആദ്യവാർത്തയായി കറുപ്പിൽ വെളുത്ത വലിയ അക്ഷരങ്ങളിൽ എഴുതിയ-
എന്ന തലക്കെട്ടും ആ വരപ്രസാദമായി കിട്ടിയ മുഖപ്രസാദമുള്ള ചിരിയോടെ ഏതോ ഫോട്ടോ ഗ്രാഫർ പകർത്തിയ എം. എസ് അമ്മയുടെ കാൻഡിഡ് ഫോട്ടോയും ഇന്നും കണ്ണിലുണ്ട്. എം. എസ് ഭൂമിയിൽ നിന്നും യാത്രയായിട്ടു രണ്ടു പതിറ്റാണ്ടു തികയുന്നു. എങ്കിലും അവരുടെ ശബ്ദം ഈ ഭൂമിയിൽ ഉള്ളിടത്തോളം അവർ അനശ്വരയായിരിക്കും.