മാപ്പുസാക്ഷി , അങ്കങ്ങൾ പലതുള്ള ഏകാംഗ നാടകം .

   24-Oct-2025 : 2:20 PM   1      130

ജോസഫിനെ കൊന്നതാണ്,
Brutal Murder,
കൊലയാളി ആരെന്നല്ലേ,
സാക്ഷാൽ കവിതാപുരുഷൻ,
കവിതയിലെ ഉത്തമപുരുഷൻ.
എന്നിട്ടു നാടൊട്ടുക്കു പറഞ്ഞു പരത്തി,
ജോസഫ് രാഷ്ടീയത്തടവുകാരൻ.
എന്നിട്ട് സ്വയം പ്രഖ്യാപിച്ചു,
ഞാൻ മാപ്പുസാക്ഷി! മാപ്പുസാക്ഷി!

തെളിവില്ലല്ലോ
കൊലനിലം അയാളുടെ മനസ്സല്ലേ!
ആക്ടിവിസ്റ്റും കവിയും തമ്മിലുള്ള നിലത്തിൽ പോര് നടന്നത് അവിടല്ലേ.
ഒടുക്കം .ആക്ടിവിസ്റ്റിൻ്റെ കഴുത്തിൽതന്നെ കത്തിവച്ചു,

ശ്വാസനാളം കീറി മുറിച്ചു, എന്നിട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് ഏകാംഗനാടകം കളിച്ചു.

അതെ,മാപ്പുസാക്ഷി ഒരു  നാടകമാണ്,
ഏകാംഗനാടകം,

തിരശ്ശീല പൊന്തുന്നതിൻ മുമ്പ് തീരുന്ന കടശ്ശികളി,ആത്മാങ്കം!
അതിൽ രണ്ടു സംഭാഷണം മാത്രം.


‘’ജോസഫ് ഞാൻ നിന്നെ സ്നേഹിക്കുന്നു’’
‘’ഫ!’’

അരങ്ങു കാണാത്ത ജീവിതനാടകത്തിൽ
ആത്മാനുകമ്പയും ആത്മനിന്ദയും
മാറിമാറിതെളിയുന്നു. അവനവനോടുള്ള
രാഗദ്വേഷബന്ധത്തിൻ്റെ പരിശിഷ്ടം, പാട്ടബാക്കി.
തന്നിലെ വ്യതിയാനങ്ങൾക്ക് ജോസഫ് എന്ന് പേരിട്ട് രാഷ്ട്രീയത്തടവ് വിധിക്കുന്നു.
സ്വയം മാപ്പുസാക്ഷിയായി പ്രഖ്യാപിക്കുന്നു.

രംഗത്ത് പ്രോപ്പർട്ടീസ്.
ദഹിച്ച മെഴുകുതിരി,ശ്മശാനവസ്ത്രം
പിശാചുബാധിച്ച കസേരകൾ !
ഒരു ഭൂതാവിഷ്ടതയുടെ അടിമുടിയുലയ്ക്കുന്ന രംഗവിഷ്കാരം.


പശ്ചാത്തലസംഗീതം തലവെന്ത തെങ്ങിൽ ചുടുന്ന വേതാളരാഗം.
വേതാളചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം കൊടുത്തില്ലെങ്കിൽ പൊട്ടിത്തെറിക്കും തല! 
തെങ്ങിൻ്റെ ഓലക്കിരീടം ചൂടിയ വിക്രമാദിത്യശിരസ്സും പ്രഹേളികയുടെ ഉത്തരം പിഴച്ചപ്പോൾ പൊട്ടിത്തെറിച്ചതാവുമോ?
ആരാണ് തെങ്ങിൻ്റെ ഭഗ്നവിഫലശിരസ്സിൽ
താപവർഷിണിയായ വേതാളരാഗം ചുട്ടുവായിക്കുന്നത്!

ആറ്റുനോറ്റുണ്ടായ ഉണ്ണി പള്ളിക്കൂടത്തിലേക്ക് നീങ്ങിപ്പോകെ
കൺവെട്ടം മറയും വരെ പടിപ്പുരയീന്നു നോക്കാനേ പെറ്റമ്മയ്ക്കാവൂ.
മൂക്കാത്ത പുല്ലിൻ്റെ പച്ചയും പ്രാണനും രാവിൽ ഊറ്റിക്കുടിക്കുന്ന വിപ്ലവത്തിൻ്റെയും ലഹരിയുടെയും അജ്ഞാതനായ കാട്ടുദൈവത്തെ എന്തു ചെയ്യാനാവും.
യമണ്ടൻലോറിക്കടിപ്പെട്ടരഞ്ഞ പാവം കുഞ്ഞുങ്ങൾ രാവിൽ ഈയലുകളായി ഉയിർത്ത് പാതവിളക്കുകൾ ഊതിക്കെടുത്തി ചിറകു കൊഴിഞ്ഞുവീഴുന്നു.  ഇരുപതാം നൂറ്റാണ്ടിൻ്റെ പഴയ ഇതിഹാസം ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആവർത്തിക്കുന്നു.
‘അരി വെയ്പ്പോൻ്റെ തീയിൽച്ചെന്നാ
ഈയാംപാറ്റ പതിക്കയാൽ
പിറ്റെന്നിടവഴികുണ്ടിൽ
കാൺമൂ ശിശുശവങ്ങളെ!’

കണ്ണടച്ചു കൊണ്ടുള്ള അനുഷ്ഠാനപരമായ ഏറ്റുപറച്ചിലിനിടെ എപ്പോഴാ ഒരു ട്രാൻസിൽ മറഞ്ഞുപോയ ബോധം,ശ്വാസനാളി കീറിപ്പിളർക്കുന്ന കിതപ്പുകൾ. 
ചത്ത പെണ്ണുങ്ങളുടെ ഭൂഗർഭപാത്രങ്ങളിൽ കാമവെറിയാണ്ട കാറ്റിൻ്റെയും കടപുഴകിയ മരങ്ങളുടെയും കരച്ചിൽ.  പൗരുഷത്തിന്
മൗനം പ്രതിരോധകവചമാകുന്ന കാലത്ത് പൈശാചികബിംബങ്ങളുടെ അകമ്പടിയോടെ ‘
ആഴങ്ങളിൽ നിന്നും വാളും വെളിപാടുമായി അവൻ വീണ്ടും വരുന്നു, ''And what rough beast, its hour come round at last, Slouches towards Bethlehem to be born?''
സാക്ഷിയായി അവൻ്റെ നക്ഷത്രം ഉദയം കൊള്ളുന്നു, കുന്തിരിക്കവുമായി കിഴക്കുനിന്നും ആരും വരാനില്ല!

കുരിശേറുന്ന സാഹസികൻ്റെ ഇറ്റുവീഴുന്ന രക്തം കവിയുടേതല്ല, കവിക്ക് പറഞ്ഞിട്ടുള്ളത് വിലാപഗീതം.
ലാ പിയാത്തയെ വരികളിലേക്ക് മൊഴിമാറ്റിക്കൊണ്ട് നിസ്സഹായതയുടെ കണ്ണീരിറ്റുന്ന കവിതയേയും, ഭൂഖണ്ഡങ്ങളിലേക്ക് ആളിക്കത്തിപ്പടരുന്ന രക്തത്തിൻ്റെ കുരിശാരോഹണത്തേയും 
‘മാപ്പുസാക്ഷി’ ഇഴപിരിച്ചുകാട്ടുന്നു. 


ഊഷരമായ മണ്ണിനും മനുഷ്യർക്കും   ദാഹശമനിയായി പെയ്തിറങ്ങാനും സ്വന്തം രക്തവും മാംസവും കൊടുത്തൂട്ടാനും  വന്ധ്യകാലങ്ങളിൽ താന്തപാന്ഥർക്ക് താങ്ങായി തണൽവീശിനില്ക്കാനും  ബലിഷ്ഠമനസ്കരായ വിപ്ലവകാരികൾക്കേ കഴിയൂ.

 പേലവമനസ്സുകളായ കവികൾ
രുദാലികൾക്കൊപ്പം വിലാപത്തിൻ്റെ പര്യായമഞ്ജരി വായിക്കുന്നു,
മടിയിൽ ഇറക്കിക്കിടത്തിയതെൻ്റെ യൗവനമല്ലോ!  ജോസഫ് പൊറുക്കുക
നാം തമ്മിലിത്ര മാത്രം!

അന്തർവൈരുദ്ധ്യങ്ങളുടെ ഹാംലറ്റിയൻ പ്രഹേളികയിൽപെട്ടുഴന്ന്. തൻ്റെ ഉൾവാനത്തിലെ
ധനഋണമുകിൽശക്തികളുടെ മഹാരുദ്രയോഗത്തിലൂടെ ഭൂമിയെ വീണ്ടും വീണ്ടും പൊള്ളിക്കുന്ന എരിപിരികൊള്ളിക്കുന്ന, 

കയ്യിൽ ഒന്നിനും പരിഹാരങ്ങളില്ലാത്തകൊള്ളിയാൻ ജീവിതമാണ് കവിയുടേത്.  എരിതീയിൽ എണ്ണയൊഴിക്കാൻ വിധിക്കപ്പെട്ട അഭിശപ്തജന്മം.

തന്നിലെ ആക്ടിവിസ്റ്റിനെ ശ്വാസനാളംകീറി നിർദ്ദയം കൊലപ്പെടുത്തി ഒരു ഏറ്റുപറച്ചിലിലൂടെ  സ്വയം മാപ്പുസാക്ഷിയാവുന്ന കവിയുടെ കുറ്റബോധം വാളും വെളിപാടുമായി
മൗനത്തിൻ്റെ ആഴത്തിൽനിന്നും
സർവനാശത്തിൻ്റെ ദൃശ്യശ്രാവ്യബിംബങ്ങളായി ഉയിർത്തുവന്നതിൻ്റെ കാവ്യമൊഴിപ്പകർപ്പാണ് മാപ്പുസാക്ഷി!

അനുബന്ധമായി അല്പം ‘ചിദംബരസ്മരണ’.
ഒരു നാൾ കവിയുടെ ജോലിസ്ഥലത്ത്
നക്സലേറ്റ് കേസ്പ്രതിയായ പഴയ വിപ്ലവകാരിസുഹൃത്ത് എത്തുന്നു.
സഖാവേ എന്നു സംബോധന ചെയ്യുന്നു.’
കവി വിലക്കുന്നു.

‘’ദയവായി എന്നെ അങ്ങനെ വിളിക്കരുത്.പട്ടിണി കിടന്ന് ചാവാൻ തയ്യാറല്ലാത്തതുകൊണ്ട് മറ്റൊന്നും വില്ക്കാൻ ഇല്ലാത്തതുകൊണ്ട്  എന്നെത്തന്നെ എസ്റ്റാബ്ലിഷ്മെൻ്റിന് സസന്തോഷം വിറ്റ് കഞ്ഞി കുടിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാൻ .

ദയവായി നിങ്ങളെന്നെ കാണാൻ വരരുത്, ഗുമസ്തപ്പണി കളയിക്കരുത്’’


കവിയുടെ നിഷേധാത്മക സമീപനത്തിൻ
ഹതാശനായ ആ പഴയ വിപ്ലവകാരി തിരിച്ചു പോകുന്നു. അന്നേരം അതുവഴി വന്ന ശിപായി രാമേട്ടൻ ചോദിച്ചു, 
‘ആരാണയാൾ?’
കവി പറഞ്ഞു,’യാരോ ഒരാൾ!’

ഇത്രയും കേട്ടു കഴിഞ്ഞപ്പോൾ
കരപ്പുറം ഗ്രന്ഥശാലയിലെ ചാരുബഞ്ചിലിരുന്ന
റീഡർ സണ്ണി മുഖമുയർത്തിക്കൊണ്ട്
ചോദിച്ചു,’’അപ്പോൾ ജോസഫ് ?’’

കരപ്പുറം ക്രിട്ടിക് ക്രിസ്റ്റഫർ നമ്പ്യാർ താടിയുഴിഞ്ഞു' കൊണ്ട് നിർവികാരനായി പറഞ്ഞു.’’യാരോ ഒരാൾ!!’’



റെഡ് ചെറി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന   ചുള്ളിക്കാട്   പുസ്തകത്തിൽനിന്നും ഒരു ഭാഗം.

What's Your Reaction?