ക്രിമിനൽ വാഴ്ത്ത് സിനിമകൾ

   26-Feb-2025 : 11:09 AM   0      38

കോവിഡ് കാലത്തിന് ശേഷം കേരളത്തിൽ തീയേറ്ററുകൾ തുറന്നത് കുറുപ്പ് എന്ന സിനിമയോടെ ആയിരുന്നു. പിടികിട്ടാപ്പുള്ളി എന്ന വാക്കിന്റെ പര്യായമായി മാറിയ ഒരു ക്രിമിനലിന്റെ ബയോപിക്ക് എന്ന് വേണമെങ്കിൽ വിളിക്കാവുന്ന ആ ചിത്രം നമ്മുടെ പുതിയതലമുറ ആഘോഷപൂർവ്വം സ്വീകരിക്കുന്ന കാഴ്ച്ചയായിരുന്നു തീയേറ്ററുകളിൽ. അതിനു ശേഷമിങ്ങോട്ട് നോക്കിയാൽ മലയാള സിനിമയിലെ ഒരു സ്ഥിരം genre ആയി കുറ്റാന്വേഷണ സിനിമകൾ മാറുകയായിരുന്നു.

ഗരുഡൻ
തലവൻ
അന്വേഷിപ്പിൻ കണ്ടെത്തും
ഗോളം
കിഷ്ക്കിന്ധാ കാണ്ഡം
സൂക്ഷ്മ ദർശിനി
ബോഗൻവില്ല
ഐഡന്റിറ്റി
അഞ്ചക്കള്ളകൊക്കൻ തുടങ്ങി രേഖാചിത്രവും പ്രാവിൻകൂട് ഷാപ്പും വരെ എത്തി നില്ക്കുന്നു
മലയാളിയുടെ ക്രൈം ത്രില്ലർ ദാഹം. അത്യാവശ്യം വിജയിച്ച ചിത്രങ്ങളുടെ മാത്രം ലിസ്റ്റാണിത്.
ഒരേ ജോണറിൽ പെടുത്താവുന്ന ഈ ചിത്രങ്ങളുടെ സാമ്പത്തിക വിജയം മലയാളിയുടെ മൈൻഡ് സെറ്റിലേക്ക്
വെളിച്ചം വീശുന്നുണ്ട്. മലയാളിയുടെ മനസ്സ് ഒരു അന്വേഷണത്തിലാണ്. തങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന
ഒരു കുറ്റവാളിയെ അല്ലങ്കിൽ കൊലയാളിയെ മലയാളി തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
ആ കൊലയാളിയെ ബിഗ്സ്‌ക്രീനിൽ വ്യത്യസ്ത ഭാവങ്ങളിൽ കണ്ട് ആസ്വദിക്കാനാണ് ഇത്തരം ചിത്രങ്ങളെ
പ്രേക്ഷകമനസ്സ് വീണ്ടും വീണ്ടും ഡിമാൻഡ് ചെയ്യുന്നത്.
Law of Attraction എന്നോ മറ്റോ വിളിക്കാവുന്ന ഒരു പ്രതിഭാസം പോലെ ഇപ്പോൾ ആ അന്വേഷണം ബിഗ് സ്ക്രീനും കടന്ന്
റിയൽ ലൈഫിലേക്കും ആവിഷ്‌ക്കരിക്കപ്പെടുന്ന കാഴ്ച്ചയാണ് കാണുന്നത്. സിനിമയിലെന്ന പോലെ മലയാളിയുടെ
 നേർ ജീവിതവും ഒരു ക്രൈം ത്രില്ലർ ആയി മാറുകയാണ്. എത്രയെന്ന് എണ്ണാനാവാത്ത വിധം,
ഏതെന്ന് വേർതിരിച്ചറിയാനാകാത്ത വിധം ചുറ്റും പെരുകി വരുന്ന ക്രൈം ന്യൂസുകൾ,
അരും കൊലകൾ കൊലവിളികൾ, ചോരചുവപ്പുകൾ നിലവിളികൾ മൂന്നരക്കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന,
അറബിക്കടലിലേക്ക് ചരിഞ്ഞു നിലകൊള്ളുന്ന ഈ കൊച്ച് തുരുത്തിനെ ഭാരപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

What's Your Reaction?