ഗിസെൽ പെലിക്കോട്ട് -വേദനയും ധീരതയും

   10-Oct-2025 : 4:07 PM   0      35




ഗിസെൽ പെലിക്കോട്ട്  -വേദനയും ധീരതയും 

ഫ്രാൻസിലെ മസാൻ എന്ന ചെറിയ ഗ്രാമത്തിൽ 2020-ൽ മനുഷ്യരറിഞ്ഞ  ഒരു ദുരന്തമാണ് ഗിസെൽ പെലിക്കോട്ടിൻ്റെ  ജീവിതകഥ. 72 വയസ്സുള്ള ഈ സാധാരണ സ്ത്രീയെ, അവരുടെ  ഭർത്താവ് ഡോമിനിക് പെലിക്കോട്ട് ഏഴു വർഷത്തിലധികം മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി, 50-ലധികം അപരിചിതരെ ക്ഷണിച്ച് ലൈംഗികമായി പീഡിപ്പിച്ചു. 

ഈ സംഭവംകുറച്ചൊന്നുമല്ല  ലോകത്തെ ഞെട്ടിച്ചത് . ഗിസെൽ ഒരു സാധാരണക്കാരിയിൽ നിന്ന് ലിംഗനീതിയുടെ പ്രതീകമായി മാറി. ഫ്രാൻസിലെ ലൈംഗിക പീഡന നിയമങ്ങൾ, സമ്മതത്തിൻ്റെ  അഭാവം, 'കെമിക്കൽ സബ്മിഷൻ' എന്ന ഭീതിദമായ രീതി ഇവയെല്ലാം ചേർന്ന മനുഷ്യത്വത്തിന് നേരെയുള്ള ആക്രമണം തന്നെയായിട്ടാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്. ലിംഗനീതിയുടെ വീക്ഷണത്തിൽ, ഇത് പുരുഷാധിപത്യത്തിൻ്റെ  ക്രൂരമുഖം കാണിക്കുന്നു. മനുഷ്യത്വത്തിൻ്റെ  വീക്ഷണത്തിൽ, ഒരു കുടുംബത്തിൻ്റെ  തകർച്ചയുടെ ദുഃഖകരമായ ചിത്രവും ആകുന്നു.

ഗിസെലിൻ്റെ വേദന, നിയമപോരാട്ടം, സമൂഹത്തിൻ്റെ  ഇടപെടലുകൾ എന്നിവയെ മനസ്സിലാക്കുന്നതിൽഈ സംഭവങ്ങൾക്ക് പ്രാധാന്യമുണ്ട്.

 

 ജീവിതത്തിൻ്റെ  പിന്നിലെ ഇരുട്ട്

ഗിസെലും ഡോമിനിക്കും 1971-ൽ 18 വയസ്സിലാണ്  കണ്ടുമുട്ടിയത്., 1973-ൽ വിവാഹിതരാവുകയും ചെയ്തു.. ഗിസെൽ, ജർമനിയിലെ വില്ലിങ്ങനിൽ ജനിച്ച ഫ്രഞ്ച് സൈനിക കുടുംബത്തിലെ മകൾ. 9 വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടെങ്കിലും, ബാല്യം സന്തോഷകരമായിരുന്നു. അവർ പ്രാദേശിക വൈദ്യുതി കമ്പനിയിൽ ജോലി ചെയ്തു. ഡോമിനിക്, തൊഴിലാളി കുടുംബത്തിൽ ജനിച്ചയാൾ ആയിരുന്നു.  ബാല്യത്തിൽ ഭയങ്കര അനുഭവങ്ങൾ നേരിട്ട ഒരാൾ. പിതാവിൻ്റെ  ക്രൂരത, സഹോദരിക്ക് നേരിടേണ്ടിവന്ന പീഡനം, 9 വയസ്സിൽ ഒരു മെയിൽ നഴ്സിന്റെ ലൈംഗികാതിക്രമം, ടീനേജിൽ കൂട്ടബലാത്സംഗത്തിൻ്റെ  സാക്ഷി. അങ്ങനെ അസാധാരണമായ അനുഭവങ്ങളിലൂടെ കടന്നുപോയ അയാൾ  13 വയസ്സിൽ സ്കൂൾ വിട്ട് വൈദ്യുതി തൊഴിലാളിയായി. പാരിസിനടുത്ത് താമസിച്ച് മക്കളായ ,ഡേവിഡ്, ഫ്ലോറിയൻ, കരോലിൻഎന്നിവരെ സാധാരണപോലെ വളർത്തി. പുറമെ കാണുമ്പോൾ PERFECT FAMILY  എന്ന  പോലെ തോന്നിച്ചു.

 

1980-കളിൽ ഗിസെലിൻ്റെ  മറ്റൊരു ബന്ധം കാരണം വിവാഹം തകർച്ചയിൽ എത്തിയെങ്കിലും പിന്നീട് അവർതമ്മിൽ ബന്ധം തുടരാൻ തീരുമാനിച്ചു.,. 2001-ൽ ബിസിനസ് പരാജയത്തെ തുടർന്ന്  വിവാഹമോചനം നേടിയെങ്കിലും ഒരുമിച്ചുള്ള താമസം തുടർന്നു . 2007-ൽ വീണ്ടും വിവാഹം കഴിച്ചു . 2013-ൽ ജോലിയിൽനിന്നും വിരമിച്ചക്ക ശേഷം  മസാനിലേക്ക് മാറി. ഗിസെൽ ചർച്ച് ഗായകസംഘത്തിൽഗായികയായി., ഡോമിനിക് കായിക മത്സരങ്ങളിലും  കരകൗശലത്തിലും ഏർപ്പെട്ടു. പക്ഷേ, 2010-ൽ സ്ത്രീകളെ 'അപ്പ്സ്കിർട്ടിങ്' ചെയ്തതിന് ഡൊമിനിക്കിനെ പോലീസ് പിടികൂടുകയും പിഴ വിധിക്കുകയും ചെയ്തു.

 

ഇതിനിടെ, ഓൺലൈനിൽ പോർണോചിത്രങ്ങളിൽ  മയക്കുമരുന്നു കൊടുത്തു അവശയായ ഒരു  സ്ത്രീയുടെ ചിത്രങ്ങൾ കണ്ട ഡൊമിനിക് പുതിയ ഒരു കുറ്റകൃത്യത്തിലേക്ക് പ്രചോദിതനായി. ഗിസെൽ കഴിക്കാറുണ്ടായിരുന്ന  ആങ്ക്സൈറ്റി മരുന്ന് ടെമെസ്റ്റ ഉപയോഗിച്ച് അവളെ മയക്കാൻ തുടങ്ങി. ഭക്ഷണത്തിൽ കലർത്തി, അവളെ അബോധാവസ്ഥയിലാക്കി. ക്രൂരമായ പീഡനങ്ങൾ നടത്തി, വീഡിയോകൾ എടുത്തു. ഡോക്ടർമാർ അയാളെ  സാഡിസ്റ്റ്, എക്സിബിഷനിസ്റ്റ് എന്നിങ്ങനെയാണ്  വിശേഷിപ്പിച്ചത് . 

 

ഏഴു വർഷത്തെ ക്രൂരത—മയക്കിക്കിടത്തലും ബലാൽസംഗത്തിനുള്ള ക്ഷണങ്ങളും. 

ഈ ക്രൂരതകൾ 2011 ജൂലൈ മുതൽ 2020 ഒക്ടോബർ വരെ തുടർന്നു. ഡോമിനിക് ഗിസെലിനെ 92 തവണയെങ്കിലും പീഡിപ്പിച്ചു—ആഴ്ചയിൽ രണ്ടോ മൂന്നോ തവണ. “without her knowledge” എന്ന പേരിലുള്ള ഓൺലൈൻ ചാറ്റ് റൂമിലൂടെ 72 അപരിചിതരെ ക്ഷണിച്ചു. അവർ അബോധാവസ്ഥയിലാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പീഡകർ  എത്തിയത് . പണമോ , കോണ്ടമോ  ആവശ്യമില്ല എന്നതായിരുന്നു ക്ഷണത്തിൻ്റെ  സവിശേഷത. പീഢകരിൽനിന്നും ഗിസെലിന്  നാല് ലൈംഗിക രോഗങ്ങൾ പിടിപ്പെടുകയും ചെയ്തു.

ആദ്യ പീഡനം 2011 ജൂലൈയിൽ മസാനിൽ വച്ച് നടന്നു. മയക്കുമരുന്നുകൾ നൽകുന്നത് പലരിൽനിന്നും മറച്ചുവക്കുകയായിരുന്നു. ചാറ്റ് റൂമിൽ  അപ്‌ലോഡ് ചെയ്യപ്പെട്ട  പീഡനത്തിൻ്റെ  വീഡിയോകളിൽ ക്രൂരമായ  കമന്റുകൾ ഇടുന്നതിൽ പീഡകർ  മത്സരിച്ചു . പീഡനങ്ങൾക്കിടയിൽ  ഗിസെൽ ശ്വാസംമുട്ടുന്ന രംഗങ്ങൾ പോലും ചിത്രീകരിച്ചിരുന്നു. . 

ഈ പീഡകൾക്കിടയിൽ ഗിസെലിൻ്റെ  ആരോഗ്യം തകർന്നു: ഭാരം കുറഞ്ഞു, മുടി മുഴുവൻ കൊഴിഞ്ഞു, ഓർമ നഷ്ടമായി. അൽഷൈമേഴ്സ് എന്ന് സംശയിച്ചു. 

 

കണ്ടെത്തലും അന്വേഷണവും

2020 സെപ്റ്റംബറിലാണ് എല്ലാം പുറത്ത് അറിയുന്നത്.അതുവരെ ഇതെല്ലാം ഒളിപ്പിച്ച് വയ്ക്കുന്നതിൽ ഡൊമിനിക് വിജയിച്ചു. അങ്ങിനെയിരിക്കെ സൂപ്പർമാർക്കറ്റിൽ സ്ത്രീകളെ ചിത്രീകരിച്ചതിന് ഡോമിനികിനെപോലീസ്  പിടികൂടി. പോലീസ് ഫോണുകൾ പരിശോധിച്ചപ്പോൾ നിരവധി വര്ഷങ്ങളിലെ  അതിക്രൂരമായ പീഡനങ്ങൾ കണ്ടെത്തി. 'അബ്യൂസസ്' എന്ന പേരിലുള്ള ഫോൾഡറിൽ 20,000 ഇമേജുകൾ പോലീസ് പരിശോധനനയിൽ കണ്ടെത്തി. 92 സംഭവങ്ങളിലായി , 72 പുരുഷന്മാർ ചെയ്ത അതിക്രൂരതയും മനുഷ്യത്വഹീനമായ  പ്രവൃത്തികളുടെയും തെളിവുകൾ കണ്ടെത്തി . രണ്ട് വർഷത്തിനുള്ളിൽ കുറ്റവാളികളിൽ  50 പേരെ പോലീസ് കണ്ടെത്തി. അവരിൽ തൊഴിലാളികൾ മുതൽ സൈനികർ വരെ ഉണ്ടായിരുന്നു .

 

2020 നവംബറിൽ ഡോമിനികിനെ അറസ്റ്റ് ചെയ്തു. അയാൾ  കുറ്റം സമ്മതിച്ചു. ഗിസെൽ ആകട്ടെ,താൻ കടന്നുപോയ ക്രൂരതകളുടെ വീഡിയോകൾ കണ്ട് തകർന്നു: "എന്റെ ലോകം നശിച്ചു." 2021-ൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായി . 2023-ൽ 51 പേരെ വിചാരണയ്ക്ക് വിധേയരാക്കി . ചിലർ കുറ്റം സമ്മതിച്ചു, മറ്റുള്ളവർ നിഷേധിച്ചു: 'ഭർത്താവിന്റെ സമ്മതം മതി' എന്നാണ് അവരിൽ പലരും കോടതിയിൽ വാദിച്ചത്. 

 

വിചാരണ—ധൈര്യത്തിൻ്റെ  പോരാട്ടം

അത്രയുംനാൾ അജ്ഞാതയായി തുടർന്ന ഗിസേൽ  ആന്തരികമായി എല്ലാത്തിനേയും നേരിടാൻ കരുത്ത് നേടുകയായിരുന്നു. അവർ മറവിൽ നിന്നും വെളിച്ചത്തിലേക്കെത്തി പ്രഖ്യാപിച്ചു. നിയമവഴിയിൽ ഞാൻ എൻ്റെ പോരാട്ടം തുടരും എന്ന് . നേർക്കുനേരെ വന്ന് തന്റെ യാതനകളെയും  ദുരിതങ്ങളേയും നേരിടാൻ ഗിസേൽ മുന്നോട്ടുവന്നതോടെ  സമൂഹവും സ്ഥാപനങ്ങളും അവർക്ക് പിന്തുണനൽകി കൂടെയെത്തി. നമ്മുടെ നാട്ടിൽ സംഭവിക്കാത്ത ഒന്ന് അവിടെ സംഭവിച്ചു. ജനങ്ങൾ എല്ലാവരും അവരുടെ പോരാട്ടത്തോടൊപ്പം നിലകൊണ്ടു എന്നതാണത്.

 

ഈ അന്വേഷണത്തിൻ്റെ  തുടർച്ചയായി, 2024 സെപ്റ്റംബർ മുതൽ ഡിസംബർ വരെ അവിഗ്നണിൽ വിചാരണ നടന്നു. ഗിസെലിൻ്റെ  ആവശ്യപ്രകാരം വിചാരണാ നടപടികൾ എല്ലാം പരസ്യമാക്കി. 

ഡോമിനിക് കുറ്റം സമ്മതിച്ചു: "ഞാൻ ഒരു റേപ്പിസ്റ്റാണ്." പ്രതികൾ മിക്കവാറും പേർ  കുറ്റം നിഷേധിച്ചു, പക്ഷേ വീഡിയോകൾ തെളിവായി. 

വിചാരണയുടെ ഫലമായി, 2024 ഡിസംബറിൽ എല്ലാവരും കുറ്റക്കാർ ആണെന്ന് കോടതി കണ്ടെത്തി . ഡോമിനിക്കിന്  20 വർഷം തടവ് വിധിച്ചു.. മറ്റുള്ളവർക്ക്  3മുതൽ 15 വർഷം വരെ തടവ് വിധിച്ചു.

 

ലിംഗനീതി

ഈ വിധി ലിംഗനീതിയുടെ വിജയമായിരുന്നു. ഗിസെൽ ഫെമിനിസ്റ്റ് ഹീറോയായി. ബിബിസി '100 ഇൻസ്പയറിങ് വുമൺ' ലിസ്റ്റിൽ ഒരാളായി ഗിസേലിനെ തെരഞ്ഞെടുത്തു.നിരവധി പ്രതിഷേധങ്ങൾക്ക് ഫ്രാൻസ് വേദിയായി. തന്റെ ദാരുണമായ അനുഭവങ്ങളെ ആധാരമാക്കി പിന്നീട് ഗിസേൽ ഒരു പുസ്തകം രചിച്ചു .

 

2025 അപ്പീൽ—പോരാട്ടം തുടരുന്നു

വിധിയുടെ പിന്നാലെ, 17 പേർ അപ്പീൽ ചെയ്തു, പിന്നീട് പലരും പിൻവലിച്ചു. ഹുസാമെറ്റിൻ ഡോഗാൻ മാത്രം അപ്പീൽ പിൻവലിച്ചില്ല .അയാൾ കേസുമായി മുന്നോട്ടുപോയി. ഇന്ന് (09 -10 -2025)  അയാളുടെ വിധി വന്നു.

ആദ്യ വിധിയിൽ 9  വർഷമായിരുന്നത്  ഇന്നലത്തെ വിധിയിൽ 10 വർഷമായി വർധിപ്പിച്ചു.

 

ഗിസെൽ പറഞ്ഞു: "ഞാൻ സാക്ഷിയാണ് , ബലിമൃഗമല്ല.." 

ഗീസലിൻ്റെ ഈ പോരാട്ടവീര്യം  എല്ലാ സ്ത്രീകളെയും പ്രചോദിപ്പിക്കട്ടെ.



What's Your Reaction?