മത്സ്യ കന്യക
മത്സ്യകന്യക
ചെമ്മാലി കടപ്പുറത്തെ യന്ത്ര ഘടിത വഞ്ചികളിൽ പോകാത്ത ഒരുത്തനേയുള്ളു ....രാമുട്ടി...
അവന്റെ അച്ഛന് സ്ത്രീധനം കിട്ടിയതാണ് ആ ചെറിയ വഞ്ചി ....
അച്ഛൻ മരിക്കുന്നതിന് മുൻപേ ഉപദെശിച്ച ഒരു കാര്യം അത് മാത്രമായിരുന്നു .. "കടൽ നമ്മുടെ അമ്മയാണ് , നിനക്കു ജീവിക്കാനുള്ളത് മാത്രം പിടിച്ചെടുക്കുക ..ചെറിയ മീൻ കുഞ്ഞുങ്ങളെ പിടിക്കാതിരിക്കുക " -
അച്ഛൻ പറഞ്ഞ മാതിരി മാത്രമേ രാമുട്ടി ഇന്നോളം നടന്നിട്ടുള്ളു ..
പുലർവെട്ടം വീഴുന്നതിന് മുൻപായി ,തലേ ദിവസത്തെ എരിവുള്ള മീൻ കൂട്ടാൻ കഞ്ഞിയിലൊഴിച്ച്….. മോന്തി വലിച്ചു കുടിച്ച്….. ,ചിറി തുടച്ചു …..വലിയ ഏമ്പക്കം വിട്ട് ,അച്ഛന്റെ പഴയ തൊപ്പി കൂട ചെരിച്ചു വെച്ചു…..,പങ്കായം …..ചുമലിൽ ഏന്തി ..കുടിലിന്റെ കിഴക്കേ കോണിലൂടെ ഭഗവതിയെ നീട്ടി വിളിച്...കരുത്തനായ രാമുട്ടി ,അണ്ടി നെയ്യ് കൊടുത്തു കറുപ്പിച്ച വഞ്ചി കടലിലേക്കു തള്ളി ...
ഒറ്റ കുതിപ്പിന് തിരമാലകളെ മുറിച്ചു പടിഞ്ഞാട്ട് കുതിക്കും ...തിരമാലകളിൽ ചാഞ്ചാടി .....ആഴ കടലിലേക്കു ഉറക്കെ തുഴയും ....
ചെറുമീനുകൾ തുള്ളി തുള്ളി ...നൃത്തം ചെയ്യുന്നത് ആദ്യമായി കാണുന്നത് പോലെ സാകൂതം നോക്കിയിരിക്കും .... കടലിന്റെ ഒഴുക്കിന്റെ ഗതി - വിഗതികൾ ചെവിടോർക്കും .... കടലിന്റെ നിറമാറ്റത്തിനനുസരിച്ചു വലയിറക്കും ....
അച്ഛൻ പഠിപ്പിച്ചു തന്ന ശീലങ്ങൾ ...തെറ്റ് പറ്റാത്ത ശീലങ്ങൾ ...
നിറമാറ്റത്തിനനുസരിച്ച് കിട്ടുന്ന മീനുകൾ ഏതാണെന്ന് പോലും അച്ഛന് മനഃപാഠമായിരുന്നു ... കടലറിയുന്ന മുക്കുവൻ ...
രാമുട്ടി മീൻ പിടിച്ചു...കരയിലേക്കു തുഴ എറിയുമ്പോൾ .... തേമ്പ്രയിൽ നിന്നും , വടറായിൽ നിന്നും യന്ത്ര ഘടിത വലിയ വള്ളങ്ങൾ ചീറി പാഞ്ഞു വരുന്നുണ്ടാവും.
അവർ തീർക്കുന്ന തിരമാലകിൽ പെട്ട് ആ കുഞ്ഞി വഞ്ചി ഉലയും ...അത് കണ്ടു അവർ ആർത്തു ചിരിക്കും ... അത് മറ്റൊരു തിരമാല പോലെ രാമുട്ടിയുടെ ചെവിട്ടിൽ ആർത്ത് അലക്കും....പേശികൾ വലിഞ്ഞു മുറുകും ...പങ്കായം കരുത്തോടെ തുഴ ഏറിഞ്ഞ് ചെറു വഞ്ചിയെ പാട്ടിലാക്കുന്ന രാമുട്ടിയെ നോക്കി അവർ പറയും ...
"പൊട്ടൻ ... കട പൊട്ടൻ !''
പതിവ് പോലെ..
കഞ്ഞി കുടിച്ച് .. പങ്കായം തോളിലേറ്റി.. പൂഴി മണ്ണിൽ കാലുകൾ ഉറപ്പിച്ച് .. വഞ്ചിക്കരികിലേക്ക് നടക്കുമ്പോൾ ...
വടക്കേ കോണിൽ ഒരു സ്ത്രീ രൂപം!
നേർത്ത മഞ്ഞിൽ ഒന്നും വ്യക്തമായി കാണുന്നില്ല ...രാമുട്ടിയുടെ മനസ്സിലൂടെ ഒരു പേടി കടന്നു പോയി ...മുൻപോട്ട് വെച്ച കാൽ താനെ പിന്നോട്ട് വലിഞ്ഞു ..യക്ഷിയോ .. ? പിശാചോ ....? ദേവിയെ മനസ്സിൽ ധ്യാനിച്ചു , മുന്നോട്ട് നീങ്ങി ...കാലുകൾ നിലത്തു മുട്ടിയിട്ടുണ്ട്...രൂപം വ്യക്തമായി വരുന്നു ...സുവർണ്ണ മുടിയിഴകൾ ...അതിലൂടെ വെള്ളം ഇറ്റിറ്റു വീഴുന്നു... ...നേർത്ത മുലകച്ച !.. അതിൽ നിന്ന് കുതിച്ചു ചാടാൻ വെമ്പി നിൽക്കുന്ന രൂപഭംഗിയുള്ള മുലകൾ ...കലണ്ടർ ചിത്രങ്ങളിൽ കണ്ടിട്ടുള്ള ദേവിമാരെ പോലെയുള്ള ശരീര ഘടന ...എല്ലാം കൊണ്ടും അർദ്ധ നഗ്നമായ മേനി കണ്ട രാമുട്ടിയുടെ രക്തത്തി ലൂടെ ഒരു വേലിയേറ്റം നടന്നു ... വശ്യമായ ഒരു മന്ദഹാസത്തോടെ തന്നെ മാടിവിളിക്കുന്ന ആ സ്ത്രീ രൂപത്തിനടുത്തേക്ക് രാമുട്ടിയുടെ കാലുകൾ ഒഴുകി ...
സിരകൾക്ക് തീപിടിച്ച രാമുട്ടിയുടെ കരുത്തുറ്റ ശരീരത്തിലേക്ക് ആ ആകാശ നീലിമയാർന്ന മിഴികൾ വിടർന്നു .....മുത്തുകൾ നാണിക്കുന്ന ആ ദന്ത നിരകളിലൂടെ ഒരു മന്ദഹാസം പൊഴിഞ്ഞു ...താൻ ഇതുവരെ കേൾക്കാത്ത ഏതോ ഭാഷയിൽ അവൾ മൊഴിഞ്ഞു...
രാമുട്ടി ഒന്നും മനസിലാകാതെ പകച്ചു നിന്നു..പതിയെ അവൾ ആംഗ്യ ഭാക്ഷയിലൂടെ അവൾക്ക് വിശക്കുന്നു എന്ന് ബോധ്യപ്പെടുത്തി ...
തൻ്റെ എരിവുള്ള മീൻകറി ഒഴിച്ച് കഞ്ഞി കുടിച്ച അവളുടെ നീല നയനങ്ങളിലൂടെ കണ്ണു നീർകണങ്ങൾ ധാരധാരയായി ഒഴുകി ...
അത് കണ്ട രാമുട്ടിയുടെ ഉള്ളം പിടഞ്ഞു ... ഓടി പോയി മുറ്റത്തെ തൈ തെങ്ങിൽ നിന്ന് ഒരു ഇളനീർ ഇട്ട് കുടിക്കാനായി കൊടുത്തു .... ഒറ്റ വീർപ്പിന് അവൾ അത് കുടിച്ചു തീർത്തു ...വീണ്ടും വേണമെന്നു അവളുടെ മിഴികൾ പറഞ്ഞു ...
രാമുട്ടിയോട് അവൾ എന്തൊക്കയോ മൊഴിഞ്ഞു ...ആംഗ്യ ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ പകുതിയും അവന് മനസ്സിലായില്ല ...
നാളെയും കാണാം എന്ന് അവൾ പറഞ്ഞതായി അവന് തോന്നി ..അവൻ തലകുലുക്കി സമ്മതം അറിയിച്ചു ..ഒടുവിൽ അവൾ കടലിലേക്കു നീന്തി മറഞ്ഞു ...
ഏതോ സ്വപ്ന ലോകത്തിൽ ആയിരുന്ന അവൻ ഞെട്ടി ഉണർന്നു ... വേഗത്തിൽ തന്റെ ചെറുവഞ്ചി തള്ളി അവൾ പോയ ദിക്കിലൂടെ ആഞ്ഞു തുഴഞ്ഞു.... പക്ഷെ അവൾ കടലിൽ അലിഞ്ഞു ചേർന്നിരുന്നു ....
അന്നാദ്യമായി വലയിറക്കാതെ അവളെ പരതി അവൻ കടലിലാകെ അലഞ്ഞു ...തന്റെ കൈത്തണ്ട കഴച്ചിറങ്ങി ....തന്റെ വഞ്ചി മനമില്ലാമനസ്സോടെ കരക്ക് അടുപ്പിച്ചു.......
തന്നെ കാത്തിരുന്ന മീൻ കാരൻ ഹസ്സനിക കാലിയായ കോട്ടേം കാവും ചുമലിലേറ്റി വന്ന അവനെ പ്രാകി നടന്നകന്നു ...
അന്ന് രാത്രി രാമുട്ടിക്ക് ഒട്ടും ഉറക്കം കിട്ടിയില്ല ...തിരിഞ്ഞും മറിഞ്ഞും കിടന്നു ...ഒടുവിൽ പാതി രാത്രി ഒന്ന് മയങ്ങിയപ്പോൾ ....സ്വപ്നത്തിൽ തന്റെ മനസ്സാകുന്ന കടലിലേക്കു അവൾ നീന്തി തുടിച്ചു ...ഏഴാം കടലും നീന്തി കടന്നെത്തിയ പളുങ്കു കൊട്ടാരത്തിൽ വസിക്കുന്ന മത്സ്യകന്യക ...തന്നെ നെഞ്ചിൽ ചേർത്തു കിടത്തി ചെറുപ്പത്തിൽ അച്ഛൻ ചൊല്ലി തന്ന ഉറക്കു പാട്ടിലെ ആ പഴയ ഈണങ്ങൾ ...
നേരത്തെ എണീറ്റ രാമുട്ടി അവളെയും കാത്തു തലേദിവസത്തെ സമാഗമ സ്ഥലത്തു കടലിലേക്കു മിഴി നീട്ടി തുടിക്കുന്ന നെഞ്ചോടെ കാത്തിരുന്നു....
മുയിലുകളുടെ നീല വെട്ടത്തിൽ ...കടലിന്റെ മാസ്മരിക ഭംഗി അവൻ കണ്ടു ...ഒടുവിൽ നീല തിരയിലൂടെ അവൾ ഒഴുകി എത്തി !
ഓടി അണഞ്ഞ രാമുട്ടി അവളെ ഇറുകെ പുണർന്നു ...കുതറി മാറാൻ ശ്രമിച്ച അവൾ രാമുട്ടിയുടെ കരുത്തിന് മുൻപിൽ പതുക്കെ കീഴടങ്ങി….അവളുടെ സുവർണ മേനിയിലേക് വന്യമായ ഒരു തിരമാല പോലെ അവൻ അലിഞ്ഞു ചേർന്നു......
തിരമാലകൾ കര കയ്യേറി അടുത്തുവന്നു ..ദിനങ്ങൾ മാറിവന്നു .. കടൽ കാറ്റ് ആഞ്ഞു വീശി ...
രാമുട്ടിയുടെ മടിയിൽ കിടന്ന അവൾ, അവന്റെ കാതിൽ നാണത്തോടെ എന്തോ മന്ത്രിച്ചു ....
അത് മനസിലായില്ല എന്നറിഞ്ഞ അവൾ അവന്റെ കരുത്തുറ്റ കരങ്ങൾ അവളുടെ അടിവയറിൽ വെച്ചു...ചെറുതായി വീർത്ത അവളുടെ അടിവയർ അവനോട് എല്ലാം മന്ത്രിച്ചു ....അന്ന് വിടപയുമ്പോൾ അവൾ ആദ്യമായി കരഞ്ഞു ...രാമുട്ടി അവളെ ശക്തമായി തന്നിലേക്കു അടുപ്പിച്ചു ...അവളുടെ വിറയാർന്ന ചുണ്ടുകൾ അവൻ നുകർന്നു..ഒടുവിൽ തിരിഞ്ഞു നോക്കാതെ അവൾ കടലിൽ അലിഞ്ഞു ...
അവളെയും കാത്ത്.. കടലിൽ പോകാതെ രാമുട്ടിയുടെ ചെറു വഞ്ചി അന്ന് തിരമാലകളിലൂടെ കുതിച്ചില്ല ...
മീൻ കിട്ടാതെ ഹസ്സനിക അവനെ നീട്ടി പ്രാകി ...
"കട പൊട്ടൻ’’ ...
അവൾ വരുമെന്ന് കരുതി കടൽ കരയിൽ പഞ്ചാര പൂഴിയിൽ അവൻ കിടന്നു ...
മോന്തിയായപ്പോൾ ...ഇരതേടി വന്ന ചെറു ഞണ്ടുകൾ അവനെ ഇറുക്കി .... മനസില്ലാ മനസ്സോടെ അവൻ കുടിലിലേക്ക് പോയി ...
തിരിഞ്ഞും മറിഞ്ഞും കിടന്ന അവൻ എപ്പോഴോ തളർന്ന് ഉറങ്ങി ...സ്വപനത്തിൽ അവൾ, നീല കടലിന്റെ അടിത്തട്ടിൽ നീന്തി തുടിക്കുന്നു ...അവളോട് ചേർന്ന് പല വർണങ്ങളിൽ ഉള്ള മീൻ കുരുന്നുകൾ....തന്റെ കുഞ്ഞുങ്ങൾ! അവൻ വാത്സല്യ ത്തോടെ ...അവരെ കൈ കുമ്പിളിൽ കോരുവാൻ കൈ നീട്ടി ...
ആ സമയത്ത് നേർത്ത അരിപ്പ പോലുള്ള നൈലോൺ വലകൾ അവരെ കവർന്നെടുത്തു ..നേർത്ത വലകളിൽ കുരുങ്ങി അവർ പരക്കം പാഞ്ഞു ...
തന്റെ കുഞ്ഞുങ്ങളെ അരിച്ചെടുക്കുന്ന യന്ത്ര ഘടിത വഞ്ചികളുടെ അരിപ്പപോലുള്ള നേർത്ത വലകൾ ....
വലയിൽ കുരുങ്ങിയ കൊമ്പനെ പോലെ അവൻ പിടഞ്ഞെണീറ്റു ...ഭ്രാന്തു പിടിച്ച രാമുട്ടി അടുക്കളയിലേക്ക് ഓടി.. മണ്ണെണ്ണ നിറച്ച കുപ്പിയെടുത്തു ...വിറകു കൊളളിയിൽ പന്തം ചുറ്റുവാൻ തുണി കാണാതെ അവൻ പുരയ്ക്കു ചുറ്റും ഓടി ...
ഒടുവിൽ അവൻ അവന്റെ ഉടുമുണ്ടഴിച്ചു പന്തം ചുറ്റി ...തീപടർന്ന പന്തത്തിലേക്ക് കടൽ കാറ്റ് ശക്തി പകർന്നു ...ഭ്രാന്തമായ ഒരാവേശത്തോടെ അവൻ തുറയിലെ യന്ത്ര ഘടിത വള്ളങ്ങൾക്ക് തീ പടർത്തി !!
കടൽ കാറ്റ് അതിനൊപ്പം ആഞ്ഞു വീശി ...
തുറയിലെ കുടികളിൽ നിന്ന് ജനമിരമ്പി എത്തി ...തീപിടിച്ച വല കുമ്പാരങ്ങൾ നോക്കി ആർത്തു അട്ടഹസിക്കുയായിരുന്നു അവനപ്പോൾ ...ആളി പടർന്ന തീയിനൊപ്പം അവൻ താണ്ഡവം ആടി...അവന്റെ അട്ടഹാസം ദിഗന്തങ്ങൾ മുഴങ്ങി ...
കടന്നൽ കൂട്ടം ഇളകിയപോലെ ....
തുറയിലെ ജനമിളകി ....കൈയിൽ കിട്ടിയത് എടുത്ത് അവർ രാമുട്ടിയെ അടിച്ചു ....തന്റെ പങ്കായം എടുത്ത് അവൻ വരുന്നവരെ തുരത്തി ...പിന്നിൽ നിന്നും മുന്നിൽ നിന്നും അവർ അവനെ ശക്തമായി നേരിട്ടു...രാമുട്ടിയുടെ കനത്ത ശരീരം രക്തവർണമായി ...
ഒടുവിൽ രക്ഷയില്ലാതെ ദേവിയെ വിളിച്ച് അവൻ കടലിലേക്കു എടുത്തു ചാടി ...അവനെ രക്ഷിക്കാനായി എന്ന വണ്ണം ഒരു പടുകൂറ്റൻ തിരമാല അവനെയും കൊണ്ട് കടലിലേക്കു ഉൾവലിഞ്ഞു ...
* * * * * * * * *
ചെമ്മാലി കടപ്പുറത്ത ഫിഷറീസ് ഓഫീസറായി ഞാൻ എന്ന കഥാകാരൻ എത്തിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ എങ്കിലും രാമുട്ടിയുടെ വീര കഥകൾ ഞാനും കേട്ടുതുടങ്ങി ..
രാമുട്ടി കടലിൽ മറഞ്ഞതിന് ശേഷം അവൻ മരിച്ചോ ? വേറെ ഏതെങ്കിലും തുറയിൽ നീന്തി കേറിയെന്നോ ഉള്ള പല പല കഥകൾ ...നിറംപിടിച്ച കഥകളിലായി എന്നിൽ അവതരിച്ചു കൊണ്ടിരുന്നെങ്കിലും ...
ഒരുനാൾ ആകാശ നീലിമയാർന്ന കണ്ണുകൾ ഉള്ള സുന്ദരിയായ മദാമ്മ.. ഒരു കുട്ടിയുമായി എന്നരികിലെത്തി ... രാമുട്ടിയെ കുറിച്ച് അന്വേഷിച്ചു...
കേരളത്തിലെ ചാകര എന്ന മഹാ പ്രതിഭാസത്തെ പഠിക്കാൻ വന്ന ഗവേഷകയായിരുന്നു അവരെന്നും ...രാമുട്ടിയെ പരിചയപ്പെട്ടതും.. എല്ലാം അവർ എന്നോട് വിശദീകരിച്ചു ...തന്റെ കുഞ്ഞിന്റെ അച്ഛനെ കാണാൻ ഒരു പാട് നാളുകൾക്കു ശേഷം അവെരെത്തിയതാണെന്നും ഒറ്റ വീർപ്പിൽ അവർ പറഞ്ഞൊപ്പിച്ചു ...
അവരോട് എന്ത് പറയണമെന്ന് അറിയാതെ ഞാൻ കുഴങ്ങി ...ഇരുണ്ട തെങ്കിലും സുന്ദരനായ ആ കുഞ്ഞ് എന്നെ നോക്കി നിഷ്കളങ്കമായി ചിരി തൂകി ...അവരെയും കൊണ്ട് ഞാൻ രാമുട്ടിയുടെ കുടിലിന് അരികെ നടന്നു ...എന്ത് മറുപടി പറയണമെന്ന് അറിയാതെ എന്റെ കണ്ഠമിടറി ...
അവർ നിറം മങ്ങിയ അവന്റെ ചെറുവഞ്ചിയിൽ തലോടി ...അന്നേരം എന്തൊക്കയോ പറയാനെന്ന പോലെ ഒരു കൂറ്റൻ തിരമാല അവിടേക്കു അടിച്ചു കയറി..അവരെ ബലമായി പിടിച്ചു മാറ്റി ..ഞാൻ തിരിച്ചു നടന്നു....
അവരോട് പറയേണ്ടേ നിറം പിടിച്ച തുറയിലെ കഥകൾ ....ഞാൻ അവിടെ കുഴിച്ചു മൂടി ...
അപ്പോൾ ആ നീല നയനങ്ങൾ എന്നെ നോക്കി ചോദ്യ ശരങ്ങൾ എയ്യുകയായിരുന്നു ... ഒന്നും പറയാനാവാതെ ഞാൻ ആ കുഞ്ഞിനെ തലോടി ...അവൻ എന്നെ നോക്കി കുഞ്ഞു ഭാക്ഷയിൽ എന്തൊക്കയോ മന്ത്രിച്ചു....നേർത്ത കടൽ കാറ്റ് ഞങ്ങളെ തലോടി കടന്നു പോയി ....
അപ്പോഴും കടൽ ഇരമ്പുകയായിരുന്നു....
വര - സുധി അന്ന Sudhi Anna
What's Your Reaction?