ഒലീവും കിനാവും .
ഞാൻ എന്ന സ്വപ്നം ഉണർന്നത് മരുഭൂമിയിലെ തണുത്ത കാറ്റ് അടിച്ചു കൊണ്ടായിരുന്നു. കൂടാരത്തിൻ്റെ നേർത്ത തുണി ഭേദിച്ച് വന്ന തണുപ്പ് എല്ലുകൾ തുളയ്ക്കുന്ന പോലെ തോന്നി.
കണ്മുന്നിൽ കണ്ടത് സ്വപ്നം ആണെന്ന് തിരിച്ചറിവ് ഉണ്ടായപ്പോഴേക്കും മനസെന്ന മരീചികയിൽ അത് മാഞ്ഞിരുന്നു. ഇന്നത്തെ ജോലി എന്തായിരിക്കും.....?എന്നാലോചിച്ചുകൊണ്ട് അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. നേരം വെളുത്തിരുന്നില്ല. ഇവിടെ തണുപ്പ് കാലം തുടങ്ങുമ്പോൾ ആണ് യഥാർത്ഥ ജോലി നമുക്ക് ആരംഭിക്കുന്നത്.
ക്ഷമിക്കണം, ഞാൻ ആരാണെന്ന് പറഞ്ഞില്ലല്ലോ ഇത് വരെ. എൻ്റെ പേര് സലേക്.
ഇവിടെ ദുബായിൽ വന്നിട്ട് ഒരു മാസം മാത്രം ആയി. ഒരു കമ്പനിയിൽ ലേബർ ആയി ജോലി ചെയ്യുന്നു. മരുഭൂമിയിലെ ആഘോഷങ്ങൾ ഒരുക്കുന്ന ഒരു കമ്പനിയിൽ ആണ് ജോലി. ഇവിടെ കൂടെ ജോലി ചെയ്യുന്ന മനോഹരൻ ചേട്ടൻ പറഞ്ഞിട്ട് ജോലിയെക്കുറിച്ച് ഒരു ബോധ്യം ഉണ്ട്. ടെൻറ്റുകൾ സ്ഥാപിക്കുക, ലൈറ്റുകൾ വലിക്കുക, വിനോദപരിപാടികൾക്കായി മണലിൽ ഒരുക്കങ്ങൾ ചെയ്യുക... ഇതൊക്കെയാണ് പണി. പക്ഷെ ഇത് വരെ അതിൻ്റെ സീസൺ തുടങ്ങിയിട്ടില്ല.
ഇന്നാണ് നമ്മളെ എല്ലാം ഈ മരുഭൂമിയിലെ കൂടാരത്തിലേക്ക് ആദ്യമായ് കൊണ്ടുവന്നത്.
നേരം പുലർന്നപ്പോൾ ചക്രവാളത്തിലെ മഞ്ഞുമൂടിയ സൂര്യരശ്മി കണ്ടു. അടുത്ത് കിടന്ന മനോഹരൻ ചേട്ടൻ പുതപ്പ് മാറ്റി എഴുന്നേറ്റു.
എന്താ സലേക്, ഉറക്കം പോയോ?
ഉറങ്ങി ചേട്ടാ, പക്ഷെ ഈ തണുപ്പ് കാരണം...
ചേട്ടൻ ചിരിച്ചു. ഇത് തുടക്കമാണ് മോനെ. അധികം വൈകാതെ ഈ മണലാരണ്യം ആളും ആരവവും കൊണ്ട് നിറയും. നമ്മുടെ കൂടാരത്തിന് അന്ന് വിശ്രമമില്ല.
അവൻ എഴുന്നേറ്റ്, കൂടാരത്തിന് വെളിയിലേക്ക് വന്നു. ചുറ്റും നോക്കി. നിരനിരയായി നിൽക്കുന്ന കൂടാരങ്ങൾ. ഈ മരുഭൂമിയിൽ, ഈ തണലിൽ, താൻ കണ്ട സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമോ എന്നൊരു ആകാംഷ അവൻ്റെ ഉള്ളിൽ നിറഞ്ഞു. അവൻ ആ തണുത്ത കാറ്റിൽ ദൂരെ മണൽക്കുന്നുകളിലേക്ക് നോക്കി നിന്നു. പുതിയ ജീവിതം തുടങ്ങുകയായി.
സലേക് ആ തണുത്ത കാറ്റിൽ മണൽക്കുന്നുകളിലേക്ക് നോക്കി നിൽക്കുമ്പോഴാണ്, തങ്ങളുടെ കൂടാരത്തിൻ്റെ അടുത്തേക്ക് സൂപ്പർവൈസർ വന്നത്.
സലേക്, റെഡി ആക്. ഇന്ന് പണീം തിരക്കും ഉണ്ടാകും. പാകിസ്താനിയായ ജനാൻ ആയിരുന്നു അത്. ഇരുപത്തഞ്ച് പേരോളം വരുന്ന ഞങ്ങളുടെ ടീമിൻ്റെ സൂപ്പർവൈസർ.
ജനാൻ എല്ലാവരെയും വിളിച്ചു കൂട്ടി, രാത്രിയിലേക്കുള്ള പരിപാടിയുടെ നീണ്ട ലിസ്റ്റ് വിശദീകരിക്കാൻ തുടങ്ങി. മനോഹരൻ ചേട്ടൻ ഉൾപ്പെടെ എല്ലാവരും ശ്രദ്ധയോടെ കേട്ടുനിന്നു.
"നമ്മൾ എല്ലാരും കൂടി ഒരു 25 പേരുണ്ട് ജോലിക്കായി. കുക്കിങ്ങിന് കുറച്ചുപേർ. ബാക്കിയുള്ളവർക്ക് ലൈറ്റിംഗ് ക്ലീനിംഗ് ജോലികൾ ഉണ്ടാകും." ജനാൻ തൻ്റെ കയ്യിലെ ലിസ്റ്റിലേക്ക് നോക്കി സംസാരിച്ചു.
ലിസ്റ്റ് നീണ്ടുപോയി. അറബിക് കാപ്പി, ഫാൽക്കൺ പ്രദർശനം, ഒട്ടക സവാരിക്ക് ഒരുക്കങ്ങൾ...
ജനാൻ ഓരോന്നും വായിച്ചുതുടങ്ങിയപ്പോൾ സലേക്കിൻ്റെ ശ്രദ്ധ അങ്ങോട്ട് പോയിരുന്നു. എന്നാൽ ഒരു പ്രത്യേക പരിപാടിയിൽ അവൻ്റെ ശ്രദ്ധ തങ്ങിനിന്നു:
ആറ് മണിക്ക് ട്രഡീഷണൽ സംഗീതം. ഏഴ് മണിക്ക് ഡെസേർട്ട് ഡിന്നർ. അതിനുശേഷം... ജനാൻ ലിസ്റ്റ് വായിച്ചു. ഏഴരയ്ക്ക് ബെല്ലി ഡാൻസ്.
സലേക്കിൻ്റെ ശ്രദ്ധ അവിടെ നിന്നുപോയി. മനസ്സിൽ ഒരു മണി മുഴങ്ങി. അവൻ മുന്നേ കേട്ടിട്ടുണ്ടെങ്കിലും, ഇത് വരെ നേരിൽ കണ്ടിട്ടില്ല. മനോഹരൻ ചേട്ടൻ പലപ്പോഴും അത്ഭുതത്തോടെ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
ആരായിരിക്കും ആ സുന്ദരി?
ആ ചിന്ത അവനെ വല്ലാതെ അസ്വസ്ഥനാക്കി തുടങ്ങി. ഈ മരുഭൂമിയിലെ തണുത്ത രാത്രിയെ ചൂടുപിടിപ്പിക്കാൻ വരുന്ന ആ നർത്തകി ആരായിരിക്കും? അവളുടെ ചലനങ്ങളിൽ എന്തു മാന്ത്രികതയായിരിക്കും ഒളിഞ്ഞിരിക്കുന്നത്?
സലേക്കിൻ്റെ മനസ്സ് അന്നത്തെ ദിവസത്തെ ജോലിയെക്കാൾ, ബെല്ലി ഡാൻസറെ കാണാനുള്ള ആകാംക്ഷയിലേക്ക് മാറിക്കഴിഞ്ഞിരുന്നു. അവൻ ആകാംക്ഷയോടെ ജനാനെ നോക്കി.
ജനാൻ ഭായി ബെല്ലി ഡാൻസറെ എപ്പോഴാണ് നമ്മൾ കാണുക? സലേക് അറിയാതെ ചോദിച്ചുപോയി.
മനോഹരൻ ചേട്ടൻ അവനെ ഒന്നു നോക്കി ചിരിച്ചു. ജനാൻ അവനെ ശ്രദ്ധിക്കാതെ ലിസ്റ്റ് വായിച്ചു മുഴുമിപ്പിച്ചു.
എല്ലാവർക്കും ജോലി മനസ്സിലായല്ലോ? വേഗം പോയി തയാറെടുപ്പുകൾ തുടങ്ങണം. കസ്റ്റമേഴ്സ് വരാൻ അധികം സമയമില്ല.
ജനാൻ പോയപ്പോൾ മനോഹരൻ ചേട്ടൻ സലേക്കിൻ്റെ തോളിൽ തട്ടി. ആ ബെല്ലി ഡാൻസറെ കാണാനല്ലേ നിൻ്റെ ധൃതി? അതൊന്നും നീ പേടിക്കണ്ട മോനെ. രാത്രിയാകുമ്പോൾ വെളിച്ചം നിറയുമ്പോൾ എല്ലാം നീ കണ്ടോളും. ഇപ്പൊ നീ പോയി നിൻ്റെ ജോലി നോക്ക്.
സലേക്കിൻ്റെ ഉള്ളിലെ ആകാംക്ഷ കനലായി എരിഞ്ഞു. അവൻ വേഗം തന്നെ ടെന്റുകൾ വലിച്ചു കെട്ടാനും കസേരകൾ നിരത്താനും മരുഭൂമിയിലെ ആ കൂടാരങ്ങളെ ആഘോഷത്തിന് സജ്ജമാക്കാനുമുള്ള തിരക്കിലേക്ക് നീങ്ങി.
സമയം ഉച്ചയോടടുത്തു. സൂര്യൻ തലയ്ക്ക് മുകളിൽ എത്തിയതോടെ തണുപ്പിന് ആശ്വാസം കിട്ടി. മരുഭൂമിയിലെ ചൂട് അതിൻ്റെ ആദ്യഘട്ടത്തിലേക്ക് കടന്നു. ഞങ്ങൾ ടെന്റുകൾ പൂർണ്ണമായും സജ്ജമാക്കിക്കഴിഞ്ഞപ്പോൾ, പെട്ടെന്നാണ് കുറച്ച് പെൺകുട്ടികൾ അവിടേക്ക് വന്നത്.
എൻ്റെ കണ്ണുകൾ അറിയാതെ അവരെ തേടിപ്പോയി. ഇവരിലാരായിരിക്കും രാത്രിയിലെ റാണി?
ഞാൻ ഓരോരുത്തരെയും കണ്ണോടിച്ച് നോക്കി. കൂട്ടത്തിൽ കുറച്ച് പൊക്കവും കണ്ണുകളിൽ തിളക്കം കൂടിയ ഒരു പെണ്ണിനെ ഞാൻ കണ്ടു. ഒരു നർത്തകിയുടെ ഉടലഴകും ശരീരഭാഷയും അവൾക്കുണ്ടെന്ന് എനിക്ക് തോന്നി. അവളായിരിക്കുമോ?
പെട്ടെന്ന് അവൾ എന്നെ നോക്കി. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി. എൻ്റെ നെഞ്ചിടിപ്പ് കൂടി. ഞാനൊരു ചെറിയ ചമ്മലോട് കൂടി ചിരിച്ചു.പക്ഷേ അവൾ ചിരിച്ചില്ല. ഒരു മറുപടിയും തന്നില്ല. എന്നാലും എന്തോ അവളുടെ കണ്ണുകൾ എന്നെ തന്നെ നോക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ആ നോട്ടത്തിൽ ഒരു തരം ദൃഢതയോ ചോദ്യം ചെയ്യലോ ഉണ്ടായിരുന്നോ? എനിക്കറിയില്ല.
അങ്ങനെ അവളിൽ തന്നെ കണ്ണും നട്ട് ഞാൻ നോക്കി നിൽക്കെ... "അരേ സലേക്. ക്യാ കർ രഹാ ഹേ തൂ യെ? ജാ കാം കർ"
സൂപ്പർവൈസർ ജനാൻ എൻ്റെ മുന്നിൽ വന്നു നിന്ന് എന്തൊക്കെയോ ഉറുദുവില്‍ പറയുന്നത് കേട്ടു. ചീത്ത വിളിച്ചതാകും. ഞാൻ ചമ്മലോടെ, ഉടൻ തന്നെ സോറി ഭായി എന്ന് പറഞ്ഞ് ഓടി എൻ്റെ ജോലികൾക്കായി തിരിച്ചുപോയി.
സമയം വൈകുന്നേരമായി. മരുഭൂമിയിലെ കൂടാരങ്ങൾ വൈദ്യുത വിളക്കുകളാൽ തിളങ്ങി നിന്നു. കുറെ കഴിഞ്ഞപ്പോൾ, ഒരു ചെറിയ കൂടാരത്തിൻ്റെ അടുത്ത്കൂടി ഞാൻ സാധനങ്ങൾ എടുക്കാനായി പോയപ്പോളാണ് അകത്ത് നിന്ന് ചിരികൾ കേട്ടത്. അവിടെ നിന്ന് എനിക്ക് അവളെ കാണാമായിരുന്നു. അവൾ വൈകുന്നേരത്തെ പരിപാടിക്കായി ഒരുങ്ങുകയായിരുന്നു. സാധാരണ വേഷത്തിൽ നിന്നും മാറി വർണ്ണാഭമായ ഒരു വസ്ത്രമണിഞ്ഞ് കട്ടിയായി കണ്മഷി എഴുതി... അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു. മാലാഖ സ്വർഗ്ഗത്തിൽ നിന്ന് വന്നതാണോ? ഞാൻ അത്ഭുതത്തോടെ സ്വയം ചോദിച്ചു.
ഞാൻ അവിടെ നിന്ന് കണ്ണെടുക്കാതെ നോക്കിനിന്നു. അപ്പോൾ വീണ്ടും... അവളുടെ കണ്ണുകൾ എന്നിൽ ഉടക്കി.
ഇത്തവണ ആ നോട്ടത്തിൽ സൗന്ദര്യത്തിനൊപ്പം ദേഷ്യവും ഉണ്ടായിരുന്നു. അവൾ മുഖം ചുളിച്ചു, ദേഷ്യത്തോടെ തിരിഞ്ഞു നിന്ന് എന്തൊക്കെയോ അവളുടെ കൂട്ടുകാരികളോട് പറയുന്നുണ്ടായിരുന്നു. അത് കേട്ട് അവർ എന്നെ നോക്കി കൂട്ടച്ചിരി ചിരിച്ചു. എനിക്ക് വല്ലാത്ത ചമ്മലും വിഷമവും തോന്നി. അവൾക്ക് എന്നെ തീരെ ഇഷ്ടമായില്ല എന്ന് ഉറപ്പായി. എന്തിനാണ് എന്നെ നോക്കി ദേഷ്യപ്പെടുന്നത്? ഒരു നിമിഷം പോലും അവിടെ നിൽക്കാതെ ഞാൻ തിരിഞ്ഞ് നടന്നുപോയി.
സന്ധ്യ ഇരുളിലേക്ക് വഴിമാറിയതോടെ മരുഭൂമിയിലെ കൂടാരങ്ങൾ ഉത്സവത്തിമിർപ്പിലായി. മഞ്ഞയും ചുവപ്പും നിറത്തിലുള്ള വിളക്കുകൾ തെളിഞ്ഞു. കാഴ്ചക്കാർ കൂട്ടമായി എത്തിത്തുടങ്ങി. ഒട്ടക സവാരിയും ഫാൽക്കൺ പ്രദർശനവും കഴിഞ്ഞ് എല്ലാവരും അതാത് ഇരിപ്പിടങ്ങളിൽ ഭക്ഷണവും അറബിക് കാപ്പിയുമായി ഇരിപ്പുറപ്പിച്ചു. ആദ്യമായി ഗസൽ പോലെ മനോഹരമായ അറബിക് സംഗീതമായിരുന്നു. സംഗീതം അന്തരീക്ഷത്തിൽ അലയടിച്ചപ്പോൾ അടുത്ത പരിപാടിക്കായി എല്ലാവരുടെയും ആകാംക്ഷ വർദ്ധിച്ചു. ഞാനും ജോലിക്കാർ ആരും കാണാത്ത ഒരു ടെന്റിൻ്റെ മറവിൽ ജനാനെ പേടിച്ച് ഒളിഞ്ഞുനിന്നു. ബെല്ലി ഡാൻസ് കാണണം.
എന്തായിരിക്കും അവളുടെ നൃത്തം? ആ ചിന്തയിൽത്തന്നെ, അവളുടെ നൃത്തം തുടങ്ങും മുന്നേ എൻ്റെ മനസ്സിൽ താളം തുടങ്ങി. ഇനി അവളുടെ ഊഴമായിരുന്നു. ഒരു നിമിഷം നിശബ്ദത. പിന്നെ കരാഘോഷം നിലയ്ക്കാതെ മുഴങ്ങി. ശരീരം മുഴുവൻ കറുത്ത ഒരു നേർത്ത തുണികൊണ്ട് മറച്ചുകൊണ്ട് അവൾ വേദിയിലേക്ക് വന്നു. അവളുടെ മുഖം പോലും കാണാൻ കഴിഞ്ഞില്ല. അയ്യോ ഇതെന്താ ഇങ്ങനെ? ഞാൻ ചിന്തിച്ചു. ഇതാണോ ആ ആകാംഷയോടെ കാത്തിരുന്ന നർത്തകി? പക്ഷേ, എന്തോ ആ മറകൾക്കുള്ളിലൂടെയും അവളുടെ കണ്ണുകൾ എന്നെ നോക്കുന്നത് പോലെ തോന്നി. ഇന്ന് ഉച്ചയ്ക്ക് എന്നെ നോക്കി ദേഷ്യപ്പെട്ട അതേ കണ്ണുകൾ.
അവൾ താളത്തിനൊത്ത് മെല്ലെ ചുവടുവെച്ചു തുടങ്ങി. നിലയ്ക്കാത്ത കരഘോഷത്തിനിടയിൽ, അവൾ മാറപ്പായുടെ കെട്ടഴിച്ചു. കറുത്ത മാറപ്പ വീണതും ഉള്ളിൽ വർണ്ണാഭമായ നൃത്തവേഷത്തിൽ ഉച്ചയ്ക്ക് കണ്ട അതേ സുന്ദരി. ഓ എൻ്റെയുള്ളിൽ ഒരു നെടുവീർപ്പ് പുറത്തുവന്നു. എനിക്ക് എൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. സൗന്ദര്യം അതിൻ്റെ പൂർണ്ണതയിൽ. അവളുടെ നൃത്തം തുടങ്ങി. ഓരോ ചലനവും കാഴ്ചക്കാരെ കൂടുതൽ ആവേശത്തിലാക്കി. അരക്കെട്ടിലെ വെള്ളി കിലുക്കങ്ങൾ മരുഭൂമിയിലെ സംഗീതത്തിന് താളം നൽകി. സലേക്കിന് ഇത് സ്വർഗ്ഗത്തിൽ എത്തിയത് പോലെ ആയിരുന്നു. ഇടയ്ക്കിടെ നൃത്തത്തിനിടയിൽ അവൾ ദൂരേക്ക് നോക്കി. ആ നോട്ടം തന്നെ നോക്കുന്നതാക്കി അവന് അനുഭവപ്പെട്ടു. ഉച്ചയ്ക്ക് കണ്ട ദേഷ്യം മാഞ്ഞ്, അവളുടെ കണ്ണുകളിൽ നേരിയ ഒരു കൗതുകം ഉണ്ടായിരുന്നുവോ?
അവൻ അറിയാതെ അവളെ നോക്കി ചിരിച്ചു. അവൾ മറുപടി പറഞ്ഞില്ല, പക്ഷെ അവളുടെ അടുത്ത ചുവട് ഒരു താമരയിതൾ വിരിയുന്നത് പോലെ കൂടുതൽ മനോഹരമായി. ആ രാത്രിയിൽ, മരുഭൂമിയിലെ കൂടാരത്തിൽ വെച്ച് അവൾ അവനു വേണ്ടി നൃത്തം ചെയ്യുന്നതായി സ്വയം വിശ്വസിച്ചു.
ആ രാത്രി മുഴുവൻ സലേക്കിൻ്റെ മനസ്സിൽ ആ നൃത്തത്തിൻ്റെ താളവും അവളുടെ കണ്ണുകളിലെ തിളക്കവുമായിരുന്നു. അവൻ കണ്ണ് ചിമ്മിയാൽ പോലും, അവളുടെ അരക്കെട്ടിലെ വെള്ളി കിലുക്കങ്ങൾ കേൾക്കുന്നതായി തോന്നി. എങ്ങനെയെങ്കിലും അവളെ കാണണം. ഡാൻസ് അതിമനോഹരമായിരുന്നു എന്ന് പറയണം. ഇന്നലെ ഉച്ചയ്ക്ക് അവൾ ദേഷ്യപ്പെട്ടത് തെറ്റിദ്ധാരണകൊണ്ടായിരിക്കും. ഒരു നല്ല വാക്ക് പറഞ്ഞാൽ ആ ഭാവം മാറും. ഈ ചിന്തകളോടുകൂടിയാണ് അവൻ ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് അവളെ കണ്ടാൽ ഉടനെ എന്ത് പറയണമെന്നും, എങ്ങനെ സംസാരിച്ച് തുടങ്ങണമെന്നും അവൻ മനസ്സിൽ പലവട്ടം ആലോചിച്ചു. പക്ഷേ, ജോലിയുടെ ക്ഷീണത്തിൽ അവൻ്റെ ഉറക്കം കനത്തുപോയിരുന്നു. സൂര്യൻ മണൽക്കുന്നുകൾക്ക് മുകളിലൂടെ ഉയർന്ന് നല്ല വെളിച്ചമെത്തിയിട്ടും അവൻ കൂടാരത്തിൻ്റെ ഉള്ളിൽ പുതപ്പിനുള്ളിൽ ചുരുണ്ട് കിടന്നു.
ഡാ സലേക് എണീക്കെടാ സമയം എത്രയായി ഇന്നാദ്യമായിട്ട് നീ ജോലിക്ക് ലേറ്റാകാൻ നോക്കുവാണോ?
മനോഹരൻ ചേട്ടൻ്റെ വഴക്ക് കലർന്ന വിളി കേട്ടാണ് അവൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റത്.
സോറി ചേട്ടാ... വല്ലാത്ത ക്ഷീണം...അവൻ കണ്ണുകൾ തിരുമ്മി.
ക്ഷീണം, ആ ബെല്ലി ഡാൻസറെ കണ്ട് കണ്ണ് കുളിർന്നാൽ പിന്നെ ഉറക്കം എങ്ങോട്ട് വരാനാണ്? ഇന്നലെ രാത്രി മുഴുവൻ നീ ടെന്റിന്റെ മൂലയിൽ ഒളിഞ്ഞ് നിന്നത് ഞാൻ കണ്ടിരുന്നു. മനോഹരൻ ചേട്ടൻ ചിരിയോടെ അവനെ കളിയാക്കി.
സലേക് ചമ്മിപ്പോയി. അത്... വെറുതെ..
ഒന്നും പറയണ്ട. വേഗം എണീറ്റ് പോയി കൈ കഴുകി വാ. ഇന്നലെ രാത്രിയിലെ സാധനങ്ങളെല്ലാം ക്ലീൻ ചെയ്യാനുണ്ട്. ഇന്നാണ് ശരിക്കുള്ള പണി. ഇനി അവരെ കാണണമെങ്കിൽ ജോലി കൃത്യമായി ചെയ്യ്. വേഗം.
സലേക് വേഗം എഴുന്നേറ്റു. അവളോട് നൃത്തത്തെക്കുറിച്ച് പറയണമെന്ന ആഗ്രഹം അവൻ്റെ മനസ്സിൽ ഒരു കനലായി എരിഞ്ഞു നിന്നു. ഇന്നത്തെ തിരക്കിനിടയിൽ അവളെ ഒന്നു കാണാൻ കഴിഞ്ഞെങ്കിലെന്ന് അവൻ ആഗ്രഹിച്ചു. ആ മരുഭൂമിയിലെ കൂടാരങ്ങളിൽ എവിടെയെങ്കിലും അവൾ ഉണ്ടാകുമെന്ന് അവൻ പ്രതീക്ഷിച്ചു.
സലേക് വേഗം വാടാ, മനോഹരൻ ചേട്ടൻ്റെ വിളി വീണ്ടും വന്നു.
അവൻ വേഗത്തിൽ പുതിയൊരധ്യായം തുടങ്ങാൻ തയ്യാറെടുക്കുന്ന ഒരു മനസ്സുമായി, തൻ്റെ ജോലികളിലേക്ക് തിരിഞ്ഞു.ജോലിയുടെ തിരക്കിനിടയിൽ ആ നർത്തകിയുടെ കാര്യം സലേക് ഒരു നിമിഷം മറന്നുപോയി. ഇന്നലെ രാത്രിയിലെ ആഘോഷത്തിൻ്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കാനും അടുത്ത ദിവസത്തെ പരിപാടിക്കായി കൂടാരങ്ങൾ ഒരുക്കാനുമായി അവൻ രാവന്തിയോളം പണിയെടുത്തു.
ഒരു 11 മണി ആയിക്കാണും എല്ലാ ജോലികളും പൂർത്തിയാക്കിയപ്പോൾ. മനോഹരൻ ചേട്ടൻ്റെ കണ്ണുവെട്ടിച്ച് അവൻ ഓടി ആ പെൺകുട്ടികൾ വിശ്രമിച്ച കൂടാരത്തിൻ്റെ അടുത്തേക്ക്.പക്ഷേ, അവൻ അവിടെയെങ്ങും ആരെയും കണ്ടില്ല. എല്ലാം ശൂന്യം ഇന്നലെ കണ്ട വർണ്ണാഭമായ രംഗങ്ങളോ ആളനക്കമോ ഒന്നും അവിടെയില്ല. മണൽക്കാറ്റിൽ വന്ന് ചേക്കേറിയ ഒരു സ്വപ്നം പോലെ ആ ഭാഗം ശാന്തമായിരുന്നു.
എൻ്റെ ജോലി കാരണം എനിക്കൊരവസരം കിട്ടിയില്ലല്ലോ.അവൻ തൻ്റെ ജോലിയെ സ്വയം ശപിച്ചു.
എങ്കിലും അവൻ ഒരു പ്രതീക്ഷ വീണ്ടും വെച്ചു. സാരമില്ല, അടുത്ത ആഴ്ച വീണ്ടും കാണാമല്ലോ.
വൈകുന്നേരത്തോടെ എല്ലാവരും തിരികെ ക്യാമ്പിലേക്ക് പോയി. അവിടെ ചെന്നിട്ടും അവൻ്റെ മനസ്സിൽ നിറയെ അവളുടെ നൃത്തമായിരുന്നു. ക്യാമ്പിലെ ജോലിത്തിരക്കിനിടയിലും, അവൻ മനസ്സിൽ അവളോട് സംസാരിച്ചു.ഒരു ആഴ്ച എങ്ങനെ പോയെന്ന് സലേക്കിന് മനസ്സിലായില്ല. അത്രയ്ക്ക് വേഗതയായിരുന്നു ഓരോ ദിവസത്തിനും.
അങ്ങനെ വീണ്ടും ഒരു ശനിയാഴ്ച കൂടി എത്തി. കൂടാരത്തിൽ സ്ഥാപിച്ച സ്ഥലത്ത് ജോലി കൂടുതൽ ആയിരുന്നെങ്കിലും അവളെ കാണാൻ പോകുന്നു എന്ന സന്തോഷത്തിൽ അവൻ അത്രയ്ക്ക് ആവേശത്തിലായിരുന്നു. ഇന്നെങ്കിലും അവളോട് സംസാരിക്കണം. ഡാൻസ് അതിമനോഹരമായിരുന്നു എന്ന് പറയണം. പേര് എന്താണെന്ന് ചോദിക്കണം. വിശേഷങ്ങൾ ചോദിക്കണം അവൻ മനസ്സിൽ ഉറപ്പിച്ചു.
സലേക്കിൻ്റെ ഉള്ളിൽ പുതിയൊരദ്ധ്യായം തുറക്കാൻ പോവുകയാണ് എന്നൊരു വികാരം നിറഞ്ഞു. അവൻ പൂർണ്ണമായ സന്തോഷത്തോടെ തൻ്റെ ജോലികൾ വേഗത്തിൽ തീർക്കാൻ തുടങ്ങി. രാത്രിയിൽ അവളെ നേരിൽ കാണാമെന്ന പ്രതീക്ഷയിൽ, മണലിൽ വീശിയ കാറ്റിന് പോലും അവനൊരു സംഗീതം തോന്നി.
പിറ്റേന്ന് കണ്ണ് തുറന്ന നിമിഷം മുതൽ സലേക്കിന്റെ ഹൃദയം വേഗത്തിൽ ഇടിക്കുകയായിരുന്നു. ഇന്നാണ് ആ ദിവസം. പതിവുപോലെ ഉച്ചയ്ക്ക് 12 മണി ആകുമ്പോഴേക്കും അവൾ വരുമെന്ന് അവനറിയാമായിരുന്നു.
അവൻ അതിവേഗം തന്റെ ജോലികൾ തീർത്ത്, ആകാംഷ അടക്കാനാവാതെ എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒഴിഞ്ഞുമാറി. മണലിൽ ദൂരെ ബസ്സിന്റെ ഇരമ്പൽ കേട്ടു. അവന്റെ കാത്തിരിപ്പിന് വിരാമമിട്ട് പെൺകുട്ടികളെയും കൊണ്ട് ആ ബസ് കൂടാരങ്ങൾ അടുത്തെത്തി.സലേക് ആകാംഷയോടെ എല്ലാവരെയും കണ്ണോടിച്ചു നോക്കി. ഓരോ മുഖങ്ങളിലും അവൻ ആ തിളക്കമുള്ള കണ്ണുകൾ തിരഞ്ഞു.
ഇല്ല, കാണുന്നില്ല ആ സുന്ദരിയെ ആ തിളക്കമുള്ള കണ്ണുകൾ എങ്ങും കാണാനില്ല
അവൻ്റെ നെഞ്ചിലെ താളം നിലച്ചു. എന്താ പറ്റിയത്? അവൻ്റെ മനസ്സ് ആകെ ചഞ്ചലമായി. നോക്കുമ്പോൾ വേറൊരു നർത്തകിയാണ് കൂട്ടത്തിൽ ഉള്ളത്. ഇനി എന്തെങ്കിലും സംഭവിച്ചോ അവൾക്ക്?
ആരോട് ചോദിക്കുമെന്നറിയാതെ അവൻ കുഴങ്ങി. സൂപ്പർവൈസറോട് ചോദിച്ചാൽ വഴക്ക് കേൾക്കും. ഒടുവിൽ രണ്ടും കൽപ്പിച്ചുകൊണ്ട് കൂട്ടത്തിൽ ഇന്നലെ കണ്ട, സൗമ്യയായ ഒരു പെൺകുട്ടിയുടെ അടുത്തേക്ക് അവൻ ധൈര്യത്തോടെ ചെന്നു.
ക്ഷമിക്കണം ഒരു കാര്യം ചോദിക്കാനാണ്.. സലേക് പതർച്ചയോടെ ചോദിച്ചു. കഴിഞ്ഞ ആഴ്ച വന്ന... ആ ഡാൻസ് ചെയ്ത പെൺകുട്ടി... എവിടെ പോയി?
അവൾ സംശയത്തോടെ അവനെ നോക്കി. എന്നിട്ട് സൗമ്യമായി മറുപടി പറഞ്ഞു. ഓ അവളോ? അവൾ നാട്ടിലേക്ക് ഒരു അത്യാവശ്യത്തിന് പോയതാണ്. എന്താണെന്ന് അറിയില്ല. മറ്റു കാര്യങ്ങൾ ഒന്നും അറിയില്ല.
സലേക്കിൻ്റെ മുഖത്തെ പ്രതീക്ഷ പൂർണ്ണമായും അസ്തമിച്ചു. അവൻ്റെ കാത്തിരിപ്പിന് ഒരു വ്യക്തമായ ഉത്തരമില്ലാത്ത നീണ്ട ഇടവേള സംഭവിച്ചിരിക്കുന്നു.
അത്യാവശ്യം അവൻ മനസ്സിൽ മന്ത്രിച്ചു. അവന്റെ ലോകം വീണ്ടും തണുത്തുറഞ്ഞു. മരുഭൂമിയിലെ ഈ കൂടാരം വീണ്ടും ശൂന്യമായി തോന്നാൻ തുടങ്ങി.
അവളില്ലാത്ത ഈ രാത്രിയിലെ ആഘോഷത്തിന് എന്ത് ഭംഗിയുണ്ടാകാൻ തിരിഞ്ഞ് നടക്കുമ്പോൾ, അവൻ അവളോട് പറയാൻ വെച്ച വാക്കുകൾ എല്ലാം ഉള്ളിൽ ഒരു തേങ്ങലായി ഒതുങ്ങി. എത്രയും പെട്ടെന്ന് അവൾ തിരിച്ചുവരാനായി അവൻ പ്രാർത്ഥിച്ചു.
ദിവസങ്ങൾ വീണ്ടും കടന്നുപോയി. ഒരു മാസം കൂടി കഴിഞ്ഞു. മരുഭൂമിയിലെ തണുപ്പ് അതിൻ്റെ മൂർധന്യാവസ്ഥയിലെത്തി. ജോലിയും അതുപോലെ കഠിനമായി മാറി ഒരു ദിവസംപോലും അവധിയില്ലാത്ത തീവ്രമായ പണിത്തിരക്ക്. അങ്ങനെ ഒരു ദിവസം കൂടാരത്തിലെ ജോലി ചെയ്തുനിൽക്കുമ്പോഴാണ് പതിവുപോലെ ബസ് വന്നത്. അവൻ ഹൃദയം നിറഞ്ഞ് ആ ബസ്സിലേക്ക് കണ്ണെറിഞ്ഞു.
അവൾ...,പഴയ കണ്ണുകൾ.അവൻ്റെ കണ്ണുകൾ അവളിൽത്തന്നെ ഉടക്കി. എന്നാൽ പഴയതുപോലെ പ്രകാശം ഇല്ല. ക്ഷീണിച്ച് അവശത കാണാം. നടപ്പിൽ ആ പഴയ പ്രസന്നതയില്ല. എന്തോ പറ്റി അവൾക്ക് അവൻ്റെ മനസ്സ് മന്ത്രിച്ചു.
ആ രാത്രിയിലെ നൃത്തംപോലും പ്രേക്ഷകരെ ഉന്മത്തരാക്കിയില്ല. അവളുടെ ചലനങ്ങളിൽ ഒരു യന്ത്രത്തിൻ്റെ മടുപ്പുണ്ടായിരുന്നു. നൃത്തം തീർന്ന ഉടനെ അവൾ ഒരൊഴിഞ്ഞ മൂലയിലേക്ക് തിരിഞ്ഞുപോയി. മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് ഞാൻ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു. മുന്നിൽ ചെന്ന് പെട്ടിട്ടും എനിക്ക് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നത് ഞാൻ ശ്രദ്ധിച്ചു. ആ കണ്ണുകളിൽ ഇന്നലെ ഉച്ചയ്ക്ക് കണ്ട ദേഷ്യമായിരുന്നില്ല കനത്ത ദുഃഖമായിരുന്നു. അറിയാവുന്ന മുറി ഇംഗ്ലീഷിലും അറബിയിലും ഞാൻ ചോദിച്ചു എന്താ പറ്റിയത്? സുഖമില്ലേ? എന്താ പ്രശ്നം?
അവളൊന്നും മിണ്ടാതെ കണ്ണുകൾ തുടച്ച് എന്നെ കടന്നു നടന്നുപോയി.
രാത്രിയിലെ ജോലി എല്ലാം കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരികെ പോകാനൊരുങ്ങുമ്പോൾ ഞാൻ അവളെ വീണ്ടും കണ്ടു.കൂടാരത്തിൽ സ്ഥാപിച്ചിരുന്ന ടെന്റുകൾക്ക് അകലെ ഒറ്റയ്ക്ക് നിലാവിൻ്റെ നേർത്ത വെളിച്ചത്തിൽ അവൾ മണലിൽ ഇരിക്കുകയായിരുന്നു. ആ രൂപം കണ്ടപ്പോൾ എനിക്ക് സഹിക്കാനായില്ല. ആ തണുപ്പിൽ അവൾ തനിച്ചാണ്. ഞാൻ രണ്ടും കൽപ്പിച്ചു പതിയെ അവളുടെ അടുത്തേക്ക് ചെന്നു. മൗനത്തിൻ്റെ ഒരു ഭാരം അവർക്കിടയിൽ നിറഞ്ഞു. അവൾ തലയുയർത്തി എന്നെ നോക്കി. ആ നോട്ടത്തിൽ ഒരു ചോദ്യചിഹ്നം ഉണ്ടായിരുന്നു.
ഞാൻ സലേക്, ഞാൻ സ്വയം പരിചയപ്പെടുത്തി എൻ്റെ ശബ്ദം നേർത്തുപോയിരുന്നു. ഇന്നലത്തെ ഡാൻസ് നീ നന്നായി ചെയ്തില്ല.
അവൾ നെറ്റി ചുളിച്ച് ദേഷ്യം വരുത്തുന്നതിന് പകരം കണ്ണുകൾ വീണ്ടും നിറഞ്ഞു.
നീ ഇപ്പോൾ. സുഖമില്ലാതെ ഇരിക്കുകയാണോ? ഞാൻ ചോദിച്ചു. അവൾ മിണ്ടിയില്ല. പകരം അവൾ തൻ്റെ കയ്യിലിരുന്ന ഒരു ചെറിയ കല്ലെടുത്ത് മണലിൽ എന്തോ എഴുതി. അവൾ എഴുതിയ അറബി വാക്ക് ഞാൻ നന്നായി ശ്രദ്ധിച്ചു. അത് ഇങ്ങനെയായിരുന്നു,
വേദന.
എന്താ? ഞാൻ ചോദിച്ചു.
അവൾ തലയാട്ടി, ഒപ്പം കൈകൊണ്ട് ഒരു ആംഗ്യം കാണിച്ചു. ഇല്ല, എനിക്ക് നിങ്ങളോടൊന്നും സംസാരിക്കാൻ കഴിയില്ല. പക്ഷെ. ഞാൻ തുടങ്ങാൻ ശ്രമിച്ചു.
ഇവിടെ വേണ്ട അവൾ നേർത്ത സ്വരത്തിൽ ആദ്യമായി എന്നോട് സംസാരിച്ചു. അവളുടെ ശബ്ദത്തിൽ വേദന നിറഞ്ഞിരുന്നു. പോ...!
ഞാൻ സഹായിക്കാം ഞാൻ ധൈര്യം സംഭരിച്ച് പറഞ്ഞു. ഞാൻ നിൻ്റെ സുഹൃത്ത് ആകാം. പറ എന്തുപറ്റി?
ആ വാക്ക് കേട്ടപ്പോൾ അവൾക്ക് ഒരു ഞെട്ടൽ ഉണ്ടായി. അവൾ എൻ്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി ആ തണുപ്പിലും അവൻ്റെ മുഖത്തെ സത്യസന്ധത അവൾ തിരിച്ചറിഞ്ഞുവോ?
അവളുടെ പേര് യാസ്മിൻ.ആ തണുപ്പിൽ മരുഭൂമിയിലെ കൂടാരങ്ങൾക്ക് അടുത്ത് ഇരുന്നുകൊണ്ട് അവർ പരസ്പരം സംസാരിച്ചു. പലതും മുറി ഇംഗ്ലീഷിലും ലളിതമായ അറബിയിലും ആയിരുന്നു. എങ്കിലും യാസ്മിൻ്റെ ജീവിത വേദനകൾ എന്താണെന്ന് സലേക്കിന് മനസ്സിലായി. സലേക് തന്നെ കൂട്ടുകാരി എന്ന് വിളിച്ചപ്പോൾ യാസ്മിൻ്റെ കഠിനമായ ഭാവം ഒന്നു അയഞ്ഞു. യാസ്മിൻ വരുന്നത് ലെബനനിലെ ജ്ബൈൽ എന്ന ചെറിയ ഗ്രാമത്തിൽ നിന്നുള്ള യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ നിന്നാണ്. അച്ഛൻ ഒരു ഒലിവ് കർഷകനായിരുന്നു. ദാരിദ്ര്യം എന്തെന്ന് അറിയാത്ത സാധാരണ ജീവിതമായിരുന്നു അവർ നയിച്ചിരുന്നത്.
പക്ഷേ, രാജ്യത്തെ ആഭ്യന്തര കലാപങ്ങൾ അവരുടെ ജീവിതം താറുമാറാക്കി. അവരുടെ കുടുംബം ദാരിദ്ര്യത്തിലേക്ക് എടുത്തുതള്ളപ്പെട്ടു. ഉണ്ടായിരുന്ന ഏക സഹോദരൻ കലാപത്തിൽ കൊല്ലപ്പെട്ടു. അച്ഛന് വയ്യാതെയായി. ഇളയ അനിയത്തിമാരുടെ കാര്യങ്ങൾ അവളുടെ കയ്യിലായി. അങ്ങനെയിരിക്കുമ്പോഴാണ് ഇളയച്ഛൻ ദുബായിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വരുന്നത്. യാസ്മിന് ചെറുപ്പം മുതലേ നൃത്തത്തോട് ഇഷ്ടമായിരുന്നു. എന്നാൽ, ബെല്ലി ഡാൻസ് എന്താണെന്ന് അവൾക്ക് അറിയില്ലായിരുന്നു. ദുബായിൽ വന്ന്, മരുഭൂമിയിലെ ഈ കൂടാരത്തിൻ്റെ അന്തരീക്ഷത്തിൽ എത്തിയപ്പോഴാണ് അവൾക്ക് സത്യം മനസ്സിലായത് അവളെ കൊണ്ടുവന്നത് ഒരു ഡാൻസ് ബാറിലേക്കും, അതിനോടനുബന്ധിച്ചുള്ള വിനോദപരിപാടികൾക്കുമായിരുന്നു. ആദ്യത്തെ ഒരു മാസം അവൾ എതിർത്തു. പട്ടിണി കിടന്നു. മറ്റു വഴികളില്ലാതെ വന്നപ്പോൾ അവൾ കീഴടങ്ങി. പതിയെ പതിയെ, അവിടെയുള്ളവർ അവളെ ഉപയോഗിക്കാൻ തുടങ്ങി.
എനിക്കിത് ഇഷ്ടമല്ല യാസ്മിൻ വിതുമ്പി. പക്ഷേ, വീട്ടിലേക്ക് പണം അയച്ചില്ലെങ്കിൽ എൻ്റെ അനിയത്തിമാർ പട്ടിണിയാകും. എനിക്ക് വേറെ വഴിയില്ല. കൂടെയുള്ള ഒരു റഷ്യൻ പെൺകുട്ടിയാണ് അവളെ ബെല്ലി ഡാൻസ് പഠിപ്പിച്ചത്. അവൾക്ക് ഇപ്പോൾ നാട്ടിലേക്ക് പോകാൻ പോലും അനുവാദമില്ല. അവളുടെ ഇളയച്ഛൻ എല്ലാ പണവും കൈക്കലാക്കി. അവൾക്ക് ഇപ്പോഴുള്ള ക്ഷീണത്തിന് കാരണവും ഈ ദുരിതങ്ങളാണ്. നാട്ടിലെ വീട്ടുകാർക്ക് പണം അയച്ചു കൊടുക്കാൻ കുറഞ്ഞ ദിവസത്തേക്ക് അവൾക്ക് ഡാൻസ് ബാറിൽ കൂടുതൽ സമയം നിൽക്കേണ്ടി വന്നു. അതുകൊണ്ടാണ് അവൾക്ക് ഒരാഴ്ച ഇവിടെ വരാൻ കഴിയാഞ്ഞതും തിരിച്ചെത്തിയപ്പോൾ അവശത തോന്നിയതും.
സലേക് അവളുടെ കഥ കേട്ട് തകർന്നുപോയിരുന്നു. അവൻ്റെ കൂട്ടുകാരി മുന്നിലിരുന്ന് അനുഭവിക്കുന്ന ദുരിതം അവനെ വല്ലാതെ വേദനിപ്പിച്ചു. അവളോട് വെറുതെ ചിരിച്ചതിന് ഉച്ചയ്ക്ക് അവൾ ദേഷ്യപ്പെട്ടതിൻ്റെ കാരണം അപ്പോൾ അവന് മനസ്സിലായി.
ഞാൻ... ഞാൻ നിൻ്റെ കൂടെയുണ്ട്, യാസ്മിൻ. എനിക്ക് ചെയ്യാൻ കഴിയുന്നത് എന്താണെന്ന് അറിയില്ല. പക്ഷെ ഞാൻ നിൻ്റെ കൂട്ടുകാരൻ എപ്പോഴും ഉണ്ടാകും.
ആ വാക്കുകൾ ആ തണുത്ത രാത്രിയിൽ ഒരു നേർത്ത ചൂട് അവൾക്ക് നൽകി.
യാസ്മിൻ്റെ ദുരിത ജീവിതം സലേക്കിനെ വേദനിപ്പിച്ചു . ഓരോ ആഴ്ചകൾ കഴിയുംതോറും സലേക്കിൻ്റെയും യാസ്മിൻ്റെയും സൗഹൃദം കൂടുതൽ ആഴത്തിലായി. അവരുടെ സൗഹൃദം ആ മരുഭൂമിയിലെ ഏറ്റവും വലിയ രഹസ്യമായി വളർന്നു.രാത്രിയിലെ ജോലി കഴിഞ്ഞാൽ, എല്ലാവരും ഉറങ്ങിയതിന് ശേഷം അവർ പതിവായി കണ്ടുമുട്ടി. മരുഭൂമിയിലെ കൂടാരങ്ങളിൽ നിന്നും അകലെ, നിലാവെളിച്ചം മാത്രം വീഴുന്ന ഒരു ഒഴിഞ്ഞ സ്ഥലത്ത് അവർ ഒരുമിച്ച് ഇരുന്നു. അവളുടെ ജീവിതത്തിലെ ദുരിതങ്ങളും, ലെബനനിലെ നഷ്ടപ്പെട്ട സന്തോഷങ്ങളെക്കുറിച്ചും യാസ്മിൻ സലേക്കിനോട് പറഞ്ഞു. അവൻ ആകട്ടെ സ്വന്തം നാട്ടിലെ സ്വപ്നങ്ങളെക്കുറിച്ചും അവൾക്ക് ഒരു കൂട്ടുകാരനായി കൂടെയുണ്ടാവുമെന്നും ഉറപ്പുനൽകി.
പക്ഷേ, അവരുടെ കൂടിക്കാഴ്ചയിൽ ഒരു അതിർവരമ്പുണ്ടായിരുന്നു. ഒരിക്കൽ പോലും അവർ തമ്മിൽ സ്പർശിച്ചിട്ടില്ല. യാസ്മിൻ്റെ അടുത്ത് കുറച്ച് സ്ഥലം വിട്ട് മാത്രമാണ് അവൻ ഇരുന്നതും സംസാരിച്ചതും. ഒരുപാട് ദുരിതങ്ങളിലൂടെ കടന്നുപോയ അവളെ അവൻ ഏറ്റവും കൂടുതൽ ബഹുമാനിച്ചു. രണ്ടു ഒലിവ് മരങ്ങളെപ്പോലെയായിരുന്നു അവരുടെ സംസാരം. വേരുകൾ ആഴത്തിൽ പരസ്പരം ബന്ധിപ്പിക്കുന്നു, എന്നാൽ ശിഖരങ്ങൾ അകലം പാലിക്കുന്നു. അവരുടെ വാക്കുകളിൽ പ്രണയാർദ്രമായ സന്ദർഭങ്ങൾ ഉണ്ടായി. പരസ്പരം ആശ്വാസം പകരുമ്പോൾ ഉടൽഭാഷയിൽ പോലും അവർ അകലം പാലിച്ചു. ആ അകലം യാസ്മിൻ്റെ പരിശുദ്ധിയെ അവൻ ബഹുമാനിക്കുന്നു എന്നതിൻ്റെ തെളിവായിരുന്നു.അങ്ങനെയിരിക്കെ, ഒരു തണുത്ത രാത്രിയിൽ...അവർ സംസാരിച്ചിരിക്കുകയായിരുന്നു. യാസ്മിൻ്റെ കണ്ണുകളിൽ അന്ന് കുറച്ചുകൂടി പ്രകാശം ഉണ്ടായിരുന്നു. സലേക്കിൻ്റെ സൗഹൃദം അവളെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിച്ചിരുന്നു.അപ്പോഴാണ് അവരുടെ ഒളിസങ്കേതത്തിന് അടുത്ത് ഒരു ടോർച്ച് ലൈറ്റ് തെളിഞ്ഞത്.സൂപ്പർവൈസർ ജനാൻ,അവൻ ശബ്ദമുണ്ടാക്കാതെ അവരെ കണ്ടുപിടിച്ചു.
സലേക് യാസ്മിൻ ഇവിടെ എന്താ നിങ്ങൾ രണ്ടും? ജനാൻ ഉറുദുവിലും അറബിയിലും അലറി.അപകടം മണത്ത സലേക് ചാടി എഴുന്നേറ്റു. ജനാൻ ഒരു കമ്പേടുത്ത് സലേക്കിൻ്റെ നേർക്ക് പാഞ്ഞു വന്നു. യാതൊരു ദയയുമില്ലാതെ അവൻ സലേക്കിനെ ക്രൂരമായി മർദ്ദിച്ചു.
നിനക്ക് ഇത്ര ധൈര്യമോ? ഈ പെണ്ണിൻ്റെ അടുത്തേക്ക് വരാൻ? യാസ്മിൻ കരഞ്ഞുകൊണ്ട് ജനാനോട് അപേക്ഷിച്ചു, കാലിൽ വീണ് കെഞ്ചി. വേണ്ട വിട്ടേക്ക് ഞങ്ങൾക്ക് തെറ്റായ ബന്ധമില്ല ഞങ്ങൾ സംസാരിക്കുക മാത്രമായിരുന്നു.പക്ഷേ, ജനാൻ അവളെ തള്ളിമാറ്റി.
പോടീ ഇവനെന്താ നിൻ്റെ കാമുകൻ ആണോ?
യാസ്മിൻ നിലത്തേക്ക് വീണുപോയി. ജനാൻ അവൾക്കും നേരെ കൈ ഉയർത്തി. അവൾക്കും കിട്ടി കുറച്ച് തല്ലുകൾ. വേദനയേക്കാൾ അവളെ തളർത്തിയത് അപമാനമായിരുന്നു. മർദ്ദനമേറ്റ് സലേക് മണലിൽ കിടന്നു. അവൻ്റെ ഹൃദയം വേദനകൊണ്ട് പിടഞ്ഞു. യാസ്മിൻ അവൻ്റെ അടുത്തേക്ക് ഓടിച്ചെന്ന് ആ തണുപ്പിൽ അവൻ്റെ മുറിവുകളിൽ തലോടി. ആദ്യമായിട്ടാണ് അവർ പരസ്പരം സ്പർശിക്കുന്നത് എന്നാൽ അത് വേദനയുടെ നിമിഷങ്ങളിലായിരുന്നു.
യാസ്മിൻ്റെ വിളിയിൽ കണ്ണീരിൻ്റെ നനവുണ്ടായിരുന്നു.ജനാൻ തിരിച്ചുപോയി. പോകുമ്പോൾ അയാൾ ഭീഷണി മുഴക്കി. ഇനി ഇവനെ ഇവിടെയെങ്ങാനും കണ്ടാൽ.. അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോൾ സലേക്കിൻ്റെ ശരീരം വേദനകൊണ്ട് പുളഞ്ഞു. തലേന്നത്തെ അടി കൊണ്ട പാടുകൾ അവൻ ശ്രദ്ധിച്ചു. ആ വേദനയിലും, അവൻ തൻ്റെ ജോലികൾ പതിവുപോലെ തുടങ്ങി. പക്ഷേ, അവൻ്റെ മനസ്സ് അപ്പോഴും യാസ്മിന് പിന്നാലെ ആയിരുന്നു. എന്താകും അവൾക്ക് സംഭവിച്ചത്? ജനാൻ അവളെ ഉപദ്രവിച്ചോ? അവളെ വേറെ എങ്ങോട്ടെങ്കിലും മാറ്റിയോ?ജോലി എല്ലാം കഴിഞ്ഞപ്പോൾ അവൻ ഒരു നിമിഷം പാഴാക്കാതെ അവളുടെ കൂടാരത്തിൻ്റെ അടുത്തേക്ക് ഓടിച്ചെന്നു.പക്ഷേ, കൂടാരം ശൂന്യം.അവളെ അവിടെങ്ങും കാണാൻ കഴിഞ്ഞില്ല. കൂട്ടുകാരികളെ കണ്ടെങ്കിലും അവർ ഭയന്ന് അവനിൽ നിന്നും അകന്നു നിന്നു. അവൻ മനസ്സിൽ കരഞ്ഞു. ഇന്നലത്തെ സംഭവത്തോടെ, ജനാൻ അവളെ ഇവിടെനിന്ന് മാറ്റിയിരിക്കുന്നു എന്ന് അവന് ഉറപ്പായി.
തിരിച്ച് ക്യാമ്പിലേക്ക് പോകുമ്പോൾ, ബസ്സിലിരുന്ന് അവൻ്റെ മനസ്സിൽ ഒരു ശൂന്യതയായിരുന്നു. അവൻ ലോകത്ത് ഒറ്റപ്പെട്ടതുപോലെ തോന്നി. അവൻ്റെ കൂട്ടുകാരിയെ അവന് നഷ്ടപ്പെട്ടിരിക്കുന്നു.
അടുത്ത ആഴ്ച വീണ്ടും മരുഭൂമിയിലെ പരിപാടിയുടെ സ്ഥലത്തേക്ക് പോകാൻ അവൻ തയ്യാറെടുക്കുമ്പോഴാണ് സൂപ്പർവൈസർ ജനാൻ അവനെ വിളിച്ചത്.
സലേക് നിനക്ക് ഇനി അവിടെ പോകാൻ പറ്റില്ല ജനാൻ പുച്ഛത്തോടെ പറഞ്ഞു. നിന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കുന്നു. ഇവിടുത്തെ ടെന്റുകളുടെ അറ്റകുറ്റപ്പണികൾക്കായി പുതിയ ക്യാമ്പിലേക്ക് പോ.
അവന് പ്രാന്ത് വരുന്നത് പോലെ തോന്നി. നെഞ്ചിൽ ഒരു വലിയ ഭാരം കയറ്റിവെച്ചത് പോലെ.
എ.. എന്തിനാണ് അവൻ വിറയ്ക്കുന്ന ചുണ്ടുകളോടെ ചോദിച്ചു.
എന്തിനാണെന്ന് നിനക്കറിയില്ലേ? നിന്റെ വൃത്തികെട്ട കൂട്ടുകെട്ട് കാരണം. ഇനിയെങ്കിലും അടങ്ങി ഒതുങ്ങി ജീവിക്ക്, ജനാൻ ഭീഷണി സ്വരത്തിൽ പറഞ്ഞു.സലേക്കിന് ഒന്നും ചിന്തിക്കാൻ കഴിഞ്ഞില്ല. അവളുടെ പേര് പോലും മുഴുവനായി അറിയാമായിരുന്നിട്ടും ഒരു ഫോൺ നമ്പർ പോലും ചോദിച്ചില്ല ഇത്രയും നാളായിട്ട് അവൾ എവിടെയാണ് എന്ത് ചെയ്യുന്നു എന്നറിയാൻ ഇനി ഒരു വഴിയുമില്ല.ആകെ ഇരുട്ട് കയറുന്ന പോലെ അവന് തോന്നി. മരുഭൂമിയിലെ കാറ്റു അവനെ വിഴുങ്ങിയിരിക്കുന്നു. സൗഹൃദം അവനെ മറ്റൊരു ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. അവനവൻ്റെ കണ്ണുകളെപോലും വിശ്വസിക്കാനായില്ല.
അവൻ നിസ്സഹായനായി തല കുനിച്ചു. പുതിയ സ്ഥലത്തേക്ക് പോകാനുള്ള വണ്ടി വരാനായി അവൻ കാത്തുനിന്നു. അവൻ്റെ ഹൃദയം യാസ്മിൻ്റെ പേര് വിളിച്ചുകൊണ്ട് നിലവിളിച്ചു. മാസം ഒന്ന് കൂടി കടന്നുപോയി. മരുഭൂമിയിലെ കഠിനമായ തണുപ്പ് കാലം അവസാനിച്ചു തുടങ്ങി. ഇതോടെ വിനോദപരിപാടികളും താൽക്കാലികമായി നിർത്തുന്നു എന്ന കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ് വന്നു. ഇനി അടുത്ത ആറ് മാസത്തേക്ക് താൽക്കാലികമായി ക്യാമ്പിൽത്തന്നെയാണ് ജോലിയെന്ന് ജനാൻ അറിയിച്ചു.മരുഭൂമിയിലെ പരിപാടി നടന്ന സ്ഥലത്ത് ഇനി അവളില്ല. അവളെ എങ്ങനെ കാണും? ആ ചിന്ത അവൻ്റെ ഉറക്കം കെടുത്തി.എല്ലാ മാസവും ഒരു അവധി ദിവസമുണ്ട്. ആ ഒരു ദിവസം എങ്ങനെ എങ്കിലും അവളെ കണ്ടെത്തണം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.സലേക് തൻ്റെ വിഷമം മനോഹരൻ ചേട്ടനുമായി പങ്കുവെച്ചു. ചേട്ടൻ്റെ സഹായത്തോടെ അവൻ യാസ്മിനെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു. ജനാനെ പേടിച്ച് മനോഹരൻ ചേട്ടൻ രഹസ്യമായാണ് കാര്യങ്ങൾ സംസാരിച്ചത്.
സലേക്, നീ വിഷമിക്കാതെ. അവൾക്ക് ഇപ്പോൾ ദുബായ് സിറ്റിയിലെ എവിടെയോ ഉള്ള ഒരു ഡാൻസ് ബാറിലാണ് പരിപാടി. പേര്... നൂർ എന്നോ മറ്റോ ആണെന്ന് കേട്ടു, മനോഹരൻ ചേട്ടൻ രഹസ്യമായി പറഞ്ഞു.
ബുർ ദുബായിൽ എവിടെയോ ആണെന്ന് അറിഞ്ഞതോടെ സലേക്കിന് ഒരു വെളിച്ചം കിട്ടിയതുപോലെ തോന്നി. കാണണം... എങ്ങനെ എങ്കിലും...മാസാവധി ദിനത്തിനായി അവൻ കാത്തിരുന്നു. ദിവസങ്ങൾ എണ്ണിത്തീർത്തു.അങ്ങനെ ആ അവധി ദിവസം എത്തി. അന്നേക്ക് തലേദിവസം രാത്രി അവൻ ആ പഴയ ഷർട്ടും പാന്റ്‌സും തേച്ച് വൃത്തിയാക്കി വെച്ചു. കൈയ്യിലെ കാശെല്ലാം എണ്ണി തിട്ടപ്പെടുത്തി. അവൻ ആർക്കും സംശയം തോന്നാത്ത രീതിയിൽ ക്യാമ്പിൽ നിന്നും പുറത്തുകടന്നു. ബുർ ദുബായിലേക്ക് പോകാനുള്ള ബസ്സിൽ ഇരിക്കുമ്പോൾ അവൻ്റെ ഹൃദയം പടപടാ മിടിച്ചു. തൻ്റെ കൂട്ടുകാരിയെ തേടിയുള്ള ഒരു യാത്രയായിരുന്നു അത്.പരിചയമില്ലാത്ത നഗരത്തിൽ ഓരോ കെട്ടിടങ്ങളിലേക്കും അവൻ ആകാംഷയോടെ നോക്കി. നൂർ എന്നോ മറ്റോ പേരുള്ള ഡാൻസ് ബാർ എവിടെയായിരിക്കും? ആ നഗരത്തിരക്കിൽ തൻ്റെ സൗഹൃദത്തെ കണ്ടെത്താനുള്ള ഒരു യാത്ര അവൻ തുടർന്നു. അവൻ്റെ കൈയ്യിൽ യാസ്മിൻ്റെ ഒരു ചിത്രം പോലുമില്ലായിരുന്നു. എങ്കിലും ആ കണ്ണുകൾ ആ സൗന്ദര്യം അത് മതിയായിരുന്നു അവനെ നയിക്കാൻ. ബുർ ദുബായിലെ തിരക്കേറിയ തെരുവുകളിൽ സലേക് അലഞ്ഞു. ചുറ്റും ഒട്ടേറെ ഡാൻസ് ബാറുകളും നിശാക്ലബ്ബുകളും. അവയിൽ എവിടെപ്പോയി തൻ്റെ കൂട്ടുകാരിയെ കണ്ടുപിടിക്കും? അവൻ ആകെ കുഴപ്പത്തിലായി.രണ്ടുമൂന്ന് സ്ഥലങ്ങളിൽ കയറി നോക്കി. സാധാരണ വേഷത്തിൽ വന്ന അവനെ പലയിടത്തും സെക്യൂരിറ്റിക്കാർ ചോദ്യം ചെയ്ത് ഇറക്കിവിട്ടു.അങ്ങനെ ഒരു സ്ട്രീറ്റിൻ്റെ മൂലയിൽ മനോഹരമായി അലങ്കരിച്ച ഒരു ഹോട്ടലിൻ്റെ കവാടത്തിൽ അവൻ ഒരു വലിയ പരസ്യബോർഡ് കണ്ടു. അതിൽ ഒരു ബെല്ലി ഡാൻസ് പ്രോഗ്രാമിൻ്റെ ചിത്രമുണ്ടായിരുന്നു.ആ ചിത്രത്തിലെ ഡാൻസറെ അവൻ ശ്രദ്ധിച്ചു. കണ്ണുകൾ അവൻ ഒന്നു ഞെട്ടി. ഇത്... ഇത് യാസ്മിൻ അല്ലെ?
അതെ അവൾ തന്നെ കൂടുതൽ മേക്കപ്പും, വർണ്ണാഭമായ വേഷവുമായിരുന്നുവെങ്കിലും ആ കണ്ണുകളിലെ തിളക്കം അവൻ തിരിച്ചറിഞ്ഞു. ഒരുപാട് സന്തോഷം തോന്നി തൻ്റെ അന്വേഷണം ഫലിച്ചിരിക്കുന്നു.
അവൻ അവിടേക്ക് ഓടിച്ചെന്നു.കവാടത്തിൽ ആഫ്രിക്കൻ വംശജരായ വലിയ മസിലുകളുള്ള സെക്യൂരിറ്റി ജീവനക്കാർ നിലയുറപ്പിച്ചിരുന്നു. പേടിയുണ്ടായിരുന്നെങ്കിലും യാസ്മിനെ കാണാനുള്ള തിരക്കിൽ അവൻ അകത്ത് കടക്കാൻ തീരുമാനിച്ചു.കയറുന്നതിന് മാത്രം 100 ദിർഹം പ്രവേശന ഫീസ്. ആകെ കയ്യിലുള്ളത് 200 ദിർഹം. എങ്കിലും അവൻ പണം നൽകി അകത്ത് കടന്നു.അകത്ത് നിറയെ ആളുകളായിരുന്നു. മദ്യത്തിൻ്റെയും സിഗരറ്റിൻ്റെയും മണം. അധികം വൈകാതെ വെയിറ്റർ അവൻ്റെ അടുത്തുവന്നു, ബിയർ, ലിക്കർ എന്തൊക്കെ വേണമെന്ന് തിരക്കി. സലേക് ഒന്നും പറഞ്ഞില്ല.ഇവിടെ ഇരിക്കണമെങ്കിൽ എന്തെങ്കിലും ഓർഡർ ചെയ്യണം വെയിറ്റർ കടുപ്പിച്ചു പറഞ്ഞു. മനസ്സില്ലാ മനസ്സോടെ അവൻ ഒരു ബിയർ പറഞ്ഞു. കൈയ്യിലുള്ള കാശ് അതിവേഗം തീരുന്നു.വേദിക്ക് ചുറ്റും പല പെൺകുട്ടികളും ഡാൻസുകളുമായി ഇരിക്കുന്നവരെ നോക്കി കണ്ണും ആംഗ്യങ്ങളും കാട്ടി മാദക നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം അവൻ്റെ മനസ്സ് യാസ്മിനെ കാത്തിരിക്കുകയായിരുന്നു.അങ്ങനെആൾക്കൂട്ടത്തിൻ്റെ കരഘോഷങ്ങൾക്കിടയിൽ അവൾ വേദിയിലേക്ക് വന്നു....യാസ്മിൻ.
അവൾ തലയുയർത്തി കാണികളെ നോക്കി. ആ നിമിഷം അവളുടെ കണ്ണുകൾ അവനിലേക്ക് ഉടക്കി. പെട്ടെന്ന് ഒരു ഞെട്ടലോടെ അവളുടെ മുഖം വിളറി. ആ തിളക്കമുള്ള കണ്ണുകൾ നിറഞ്ഞൊഴുകി.
വേദിയിൽ നൃത്തം തുടങ്ങാൻ പോലും നിൽക്കാതെ അവൾ കരഞ്ഞുകൊണ്ട് വേദിക്ക് പിന്നിലെ ഇരുട്ടിലേക്ക് ഓടിപ്പോയി.സലേക് ഞെട്ടിത്തരിച്ചുപോയിരുന്നു. തന്നെ കണ്ടപ്പോൾ അവൾ സന്തോഷിക്കുന്നതിന് പകരം, എന്തിനാണ് കരഞ്ഞുകൊണ്ട് ഓടിപ്പോയത്? അവളുടെ മുഖത്ത് ഭയവും ദുഃഖവുമായിരുന്നു. യാസ്മിൻ്റെ മാനേജർ ഉടൻ തന്നെ പിന്നാലെ വന്നതുകൊണ്ടാകാം അവൾ കണ്ണുകൾ തുടച്ച് ഉടനെ ഫ്ലോറിലേക്ക് തിരിച്ചു വന്നു. അവളുടെ നൃത്തം തുടങ്ങി.ഇന്ന് മുന്നേ കണ്ടതിനെക്കാളും വേഗതയുണ്ടായിരുന്നു അവളുടെ ചലനങ്ങൾക്ക്. ആ വേഗതയിൽ ഒരു തരം ഭയവും നിസ്സഹായതയും ഒളിപ്പിച്ചുവെച്ചിരുന്നു. അവൾ എന്നെ നോക്കുന്നേയില്ല. മനപ്പൂർവ്വം ഒഴിവാക്കുന്നതുപോലെ തോന്നി. എനിക്ക് വല്ലാത്ത വിഷമമായി.
മുന്നിലിരുന്ന വി.ഐ.പി. കൾ അവളുടെ അടുത്തേക്ക് വന്ന് നൃത്തം ചെയ്യാൻ തുടങ്ങി. പണക്കെട്ടുകളും വർണ്ണാഭമായ മാലകളും അവളുടെ കഴുത്തിലും അരക്കെട്ടിലും അവർ സമ്മാനിച്ചു. ഓരോ സമ്മാനവും അവൾക്ക് കിട്ടുമ്പോൾ, സലേക്കിൻ്റെ മനസ്സിൽ തീവ്രമായ വേദന നിറഞ്ഞു.എനിക്കും എങ്ങനെ എങ്കിലും അവളുടെ അടുത്ത് ചെല്ലണം. അവളോട് താൻ ഇവിടെയുണ്ട് എന്ന് അറിയിക്കണം.
ഞാൻ വെയിറ്ററെ വിളിച്ചു ചോദിച്ചു. ഈ മാലകൾക്ക് എത്രയാണ് വില? ഒരു മാലയ്ക്ക് 50 ദിർഹം അയാൾ മറുപടി പറഞ്ഞു.ഇനി അത് മാത്രമാണ് എൻ്റെ കയ്യിലുള്ളത്, വെറും 50 ദിർഹം. എങ്കിലും സാരമില്ല. ഞാൻ ആ മാല വാങ്ങി അവളുടെ അടുത്തേക്ക് ചെന്നു.നൃത്തം ചെയ്യുന്നതിനിടയിൽ അവൾ എന്നെ കണ്ടതായി പോലും ഭാവിക്കാതെ മുന്നോട്ട് പോയി. ഞാൻ അവസരം നോക്കി മാല കൊടുക്കുന്ന സമയത്ത് അവളുടെ ചെവിയുടെ അടുത്തേക്ക് നീങ്ങി മെല്ലെ പറഞ്ഞു ഞാൻ പുറത്ത് കാത്തുനിൽക്കും. നീ വരണം.എൻ്റെ വാക്കുകൾ കേട്ടതും അവളുടെ കണ്ണുകൾ ഒരു നിമിഷം എന്നിൽ ഉടക്കി എന്നിട്ട് വേഗം മുഖം തിരിച്ചു. നൃത്തത്തിൻ്റെ താളം തെറ്റാതെ അവൾ മുന്നോട്ട് പോയി.എൻ്റെ അധിക സമയം അവിടെ നിന്നില്ല. അപ്പോഴേക്കും വെയിറ്റർ വന്ന് എൻ്റെ തോളിൽ കൈ വെച്ച്, പിടിച്ചൊരു പുറകിലേക്ക് വലിച്ചു മാറ്റി.പോ പോയി ഇരിക്ക് ഇവിടെ വേണ്ട അയാൾ ദേഷ്യത്തോടെ പറഞ്ഞു.സലേക് മനസ്സില്ലാ മനസ്സോടെ തിരികെ കസേരയിലേക്ക് വന്നു. അവൻ്റെ മനസ്സ് ആകെ കലങ്ങിമറിഞ്ഞിരുന്നു. തന്നെ കണ്ടതിൽ അവൾക്ക് സന്തോഷമുണ്ടായോ അതോ ഭയമാണോ ഉണ്ടായത്?അവിടെയിരുന്ന് ബാക്കി ബിയർ കുടിക്കുമ്പോൾ അവൻ്റെ ശ്രദ്ധ പൂർണ്ണമായും അവളുടെ നൃത്തത്തിലായിരുന്നു. അവളുടെ ഓരോ ചലനവും അവളുടെ ഉള്ളിലെ വേദനയെയാണ് കാണിക്കുന്നതെന്ന് അവന് തോന്നി. പരിപാടി അവസാനിച്ചപ്പോൾ അവൻ വേഗം ബാറിന് പുറത്തേക്ക് ഇറങ്ങി. ആ തണുപ്പിൽ, ഇരുട്ടിൽ അവൻ കാത്തുനിന്നു. സമയം കടന്നുപോകുന്തോറും അവൻ്റെ ഭയം വർദ്ധിച്ചു. അവൾ വരുമോ? തൻ്റെ സൗഹൃദം അവൾ ഓർക്കുമോ? ഒടുവിൽ ഹോട്ടലിൻ്റെ പിൻവാതിലിൽ നിന്നും അവൾ ഇറങ്ങിവന്നു. കൂട്ടുകാരികളുടെ കൂടെയല്ല, തനിച്ചായിരുന്നു.യാസ്മിൻ..., അവൻ മെല്ലെ വിളിച്ചു. അവൾ തലയുയർത്തി നോക്കി. അവൻ്റെ അടുത്തേക്ക് അവൾ ഓടി വന്നില്ല. പകരം അവൾ ചുറ്റും നോക്കി. എന്നിട്ട് മെല്ലെ അവൻ്റെ അടുത്തേക്ക് നടന്നു വന്നു. അവൻ ആകാംഷയോടെ കാത്തുനിന്നപ്പോൾ, യാസ്മിൻ മെല്ലെ അവൻ്റെ അടുത്തേക്ക് നടന്നു വന്നു. അവൾ ചുറ്റും ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു.വാക്കുകൾക്ക് പകരം, അവൾ തൻ്റെ കൈ നീട്ടി. അതിലേക്ക് ഒലിവ് ഇലകൾ കൊണ്ട് മനോഹരമായി നിർമ്മിച്ച ഒരു കുഞ്ഞു പക്ഷിയെ അവന് കൊടുത്തു. ലെബനനിലെ ഒലിവ് തോട്ടങ്ങളെ അവനൊരു നിമിഷം ഓർത്തുപോയി. അതിൽ എന്തോ അറബിയിൽ എഴുതിയിരുന്നു. സലാമ, എന്നാണോ? അവനത് വ്യക്തമായി വായിച്ചെടുക്കാൻ ശ്രമിച്ചു.
അവൾ പതിഞ്ഞ സ്വരത്തിൽ, വേഗത്തിൽ സംസാരിച്ചു. സലേക്... അടുത്ത ആഴ്ച ഞാൻ നാട്ടിലേക്ക് തിരിച്ചു പോകും.അവൻ്റെ കാതുകൾ ആ വാക്കുകൾ കേട്ട് തകർന്നുപോയി. പോവുകയോ? എന്തുകൊണ്ട്? എങ്ങോട്ട്?
അവൾ അവൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ നിന്നില്ല. കണ്ണുകൾ നിറഞ്ഞു തുളുമ്പി. ചുറ്റുമുള്ള ഭയം അവളിൽ വീണ്ടും നിറഞ്ഞു. അവൾ ഒന്നും നോക്കാതെ ഒരു നിമിഷം അവനെ കെട്ടിപ്പിടിച്ചു.
ആദ്യമായും അവസാനമായും ഉള്ള ആ സ്പർശം... അവളുടെ ഗന്ധം അത് അവൻ്റെ മനസ്സിൽ മായാതെ പതിഞ്ഞു. "സോറി" അവൻ്റെ ചെവിയിൽ മന്ത്രിച്ചുകൊണ്ട് അവൾ വേഗത്തിൽ പിന്നിലേക്ക് ഓടിപ്പോയി.
സലേക്കിന് ഒന്നും പ്രതികരിക്കാൻ കഴിഞ്ഞില്ല. അവൻ്റെ കൈയ്യിൽ ആ ഒലിവ് ഇല മാത്രം. തിരിച്ചു ഓടിപ്പോകുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നത് അവൻ ശ്രദ്ധിച്ചു. എന്തിനായിരിക്കും അവൾ ക്ഷമ പറഞ്ഞത്? തന്നെ ഒറ്റപ്പെടുത്തിയതിനോ? ഇനി ഒരിക്കലും കാണാൻ പറ്റില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണോ? അതോ അപകടത്തിൽപ്പെടാതെ തന്നെ ഒഴിവാക്കിയതാണോ? അറിയില്ല.
തിരിച്ചു ക്യാമ്പിലേക്ക് പോകുമ്പോൾ അവന്റെ മനസ്സിൽ ആ നിമിഷവും ഒലിവ് ഇലയും മാത്രം ആയിരുന്നു. ആ കൂട്ടുകാരി പോയതോടെ, ജീവിതത്തിൽ ഒരു ശൂന്യത അനുഭവപ്പെട്ടു.പക്ഷേ, അവൻ്റെ ഹൃദയത്തിൽ ഒരു നേർത്ത പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. അടുത്ത വിന്റർ ആകുമ്പോൾ അവളെ കാണുമായിരിക്കും.
ചില പ്രതീക്ഷകളാണ് നമ്മെ ഈ മരുഭൂമിയിലെ കാഠിന്യത്തിലും പിടിച്ചുനിർത്തുന്നത്. പ്രവാസ ജീവിതത്തിലെ ചില മായാത്ത സുന്ദര നിമിഷങ്ങൾ. ചിലതൊക്കെ അർത്ഥശൂന്യവും ചിലതൊക്കെ മഴവില്ലുപോലെ മനോഹരവും. സലേക്കിൻ്റെ മനസ്സിൽ യാസ്മിൻ ഒരു മഴവില്ലായി മാഞ്ഞുപോയി. എങ്കിലും, അതൊരു ഓർമ്മയായി അവശേഷിച്ചു.
വീണ്ടും ഒരു ആൾക്കൂട്ടം നിറഞ്ഞ കൂടാരങ്ങളെയും ആ കൂടാരത്തിൽ ഒളിഞ്ഞുകിടക്കുന്ന ഒരു പുതിയ പ്രണയത്തെയും പ്രതീക്ഷിക്കുന്ന നിമിഷം....
വര : സുധി അന്ന
What's Your Reaction?

