" കഥ പറഞ്ഞല്ലേ നമ്മൾ ജീവിതം ജീവിക്കുന്നൂ...."
"
പുതിയ ' പൂമ്പാറ്റ ' വന്നുവോ? വായിച്ചുവോ?
പുറംചട്ടയിലെന്താണെന്നുപറയൂവേഗം വേഗം
പുഞ്ചിരിചോരുംമുമ്പെപൂമണംവാടുംമുമ്പെ
' പൂമ്പാറ്റ 'തന്നീടാമോ? കാണുവാൻ?
മണക്കുവാൻ !
ഒറ്റവീർപ്പിനുതീർക്കാം, തിരിച്ചേൽപ്പിക്കാം,സത്യം
ഉറ്റചങ്ങാതീ,മുഖംതിരിക്കാതൊഴിയാതെ...... "
അമരത്വങ്ങൾതൊട്ട പുസ്തകം തേടിത്തേടി
അലഞ്ഞൂനടന്നു നാം അന്നൊരു കുട്ടിക്കാലം
ഗൃഹപാഠങ്ങൾചെയ്തുകൊടുത്തൂ, പകരമോ
കൃപയോ; കൈമാറുന്നൂ 'പൂമ്പാറ്റ' അമർചിത്രം
പുസ്തകപ്പുഴുക്കളായ് താളിലേക്കലിയുന്നൂ
ഗുപ്തമായേകാന്തമായ് വായിച്ചു രുചിക്കുന്നൂ
ഭാവനാലോകം തൊട്ടു പറക്കാനാനാശിക്കുന്ന
ഭാഗ്യമായ് ശലഭമായ് ചിറകു മുളയ്ക്കുവാൻ
അതികാലത്തേ ഉണർന്നെഴുന്നേറ്റതിഗാഢം
അഭിമാനിതം വീരചരിതം കഥാലോകം
വായിച്ചു നിറഞ്ഞല്ലോ വിശപ്പും ദാഹങ്ങളും
വായനാജ്വരം മൂത്തു യാത്രകൾ ശീലിച്ചു നാം
പരകായത്വം സൂക്ഷ്മസാധനാശീലത്തിനാൽ
അപരാജിതർ കഥാപാത്രങ്ങൾ സതീർത്ഥ്യരായ്
ജയഭേരിതൻ ജ്വാലാമുഖിയാം ഝാൻസീറാണി
ജനസഞ്ചയങ്ങൾക്കു മാർഗ്ഗദീപമായ് അക്ബർ
ഫലിതങ്ങളായ് ഫലശ്രുതിയാർന്നല്ലോ ബീർബൽ
ഫലപാകമായ് സദാ സചിവോത്തമധർമ്മം
താരകങ്ങളെത്തൊട്ടു മിണ്ടുന്നു മുംതാസിൻ്റെ
താരുണ്യപ്രണയങ്ങൾ അലിഞ്ഞ ഖബറിടം
കാമുകം അപാരത പുൽകുന്ന മഹാമൗനം
യാമങ്ങൾ ഉറങ്ങാതെ യമുനാതടങ്ങളിൽ
സ്ഥലകാലങ്ങൾ മറന്നേകാന്ത വിരഹിയായ്
ശലഭാതപ്തം ജനം തേടുന്ന മിനാരമേ
താജ്മഹൽ, നിമിഷാർദ്ധവായനാമിഴിയ്ക്കൊപ്പം
താഴികക്കുടങ്ങളിൽ മുത്തുന്നു കിടാങ്ങൾ നാം
പിന്നെയും നടന്നോടിയെത്തുന്നു കിനാവിൻ്റെ
പീലികൾ ഉഴിഞ്ഞല്ലോ ക്ഷണിപ്പൂ വൃന്ദാവനം
തൃഷ്ണകൾ വെടിഞ്ഞുള്ളംനിറയുംസുധാരസം
കൃഷ്ണഗീതമായ് ചിത്രപുസ്തകം കവിയുന്നൂ
സാരമായ് ഉപദേശമരുളും ഗുരുത്വമായ്
സാക്ഷിയായ് ഉടനീളമെത്തുന്ന സുഹൃത്തായി
വേദനാസംഹാരിയാം ചിത്രമായ് എഴുത്തായി
വേദമായ് പൊരുളായി നിറയും പൂമ്പാറ്റകൾ
നമ്മളെ വെയിൽവർഷം കുട ചൂടിക്കാനെത്തും
നന്മയാർന്നൊരേഹൃത്തിൻ പുസ്തകത്തണലോരം.
കണ്ണടച്ചൊരു മാത്ര മാത്രമേ ഇരുന്നുള്ളൂ
കണ്ണാടി ഉടഞ്ഞതോ കൊഴിഞ്ഞൂ കഥാകാലം
പേരനേ,വിരൽത്തുമ്പിൽ ചലിക്കും യന്ത്രപ്പാവ
ആരെയും അരൂപിയായ് മാറ്റുന്ന മായാഭ്രമം
കരുണാരസം അനുതാപങ്ങൾ വിരചിക്കാൻ
കടലാർന്നൊരു തുള്ളി നന്മ ചേർന്നിരിക്കണം
അതിമാനുഷംബുദ്ധിനിർമ്മിതം നികുഞ്ജങ്ങൾ
അരുണോദയങ്ങളെ കാത്തു കാത്തിരിക്കുന്നൂ
സുഖസുപ്തികൾനെയ്തകൂടുകൾ ഭേദിച്ചല്ലോ
ശ്രുതിസുന്ദരം പൂക്കൾ ശലഭങ്ങളാവുന്നൂ.
" ഒരു പുഴുവെന്ന് ചവിട്ടി അരയ്ക്കല്ലേ ;
സപ്തവർണ്ണമാർന്ന പൂമ്പാറ്റയായി
നാളെ വിരിയാനുള്ളതാണ് "