പാതാളലോകത്തിലെ പുഴുക്കൾ

   19-Jan-2025 : 6:30 PM   0      17

കാണാതായ ഒരു കുടിയേറ്റ തൊഴിലാളിയുടെ ഭാര്യയുടെ പരാതിയിൽ നിന്നാണ് 'പാതാൾ ലോക്' രണ്ടാം സീസൺ ആരംഭിക്കുന്നത്. ആമസോൺ പ്രൈമിൽ   2020- ൽ ഇറങ്ങിയ ആദ്യ സീസണ് മികച്ച പ്രതികരണവും നിരൂപക പ്രശംസയും ലഭിച്ചിരുന്നു.

ഒന്നാം  സീസണിൽ ഡൽഹി യമുനാപാർ സ്റ്റേഷനിലെ ഇൻസ്പെക്ടർ ഹാത്തി റാം ചൗധരിയുടെ (ജയദീപ്അഹ്ലാവത് ) ഭാഷയിൽ ഈ സ്റ്റേഷൻ പരിധി പാതാളലോകമാണ് അഥവാ  ഇവിടെ സാധാരണപരന്മാർക്ക് യാതൊരു നിയമപരിരക്ഷയുമില്ലെന്ന് ചുരുക്കം. "തനിക്ക് താൻ പണിവതു നാഗവും നരകവും" എന്ന തത്വമനുസരിച്ച്   ഈ ഭൂലോകത്ത് തന്നെ സ്വർഗ്ഗവും നരകവും പണിയുന്ന മനുഷ്യരുടെ പച്ചയായ ജീവിതങ്ങളും മാനസികവ്യവഹാരങ്ങളും ഒരു പോലീസ് സ്റ്റേഷനും അതിലെ ഉദ്ദ്യോഗസ്ഥരിലും  അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവവികാസങ്ങളിലും മനോഹരമായി അവതരിപ്പിക്കുന്നു പാതാൾ ലോക്. പണം,  പേര്, മതം, ജാതി എന്നിവ കൊണ്ട് അപരവത്​കരിച്ച ഇന്ത്യൻ ജനതയുടെ അരക്ഷിതാവസ്​ഥയും നിയമപാലകർ,  ക്രിമിനലുകൾ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ  എന്നിവരുടെ നിഗൂഡതകളും ഒരളവോളം വ്യക്തിജീവിതവും  സ്പർശിക്കാൻ ഒന്നാം സീസണിൽ സംവിധായകൻ സുദീപ് ശർമ്മക്ക് കഴിഞ്ഞിരുന്നു. എന്നാൽ രണ്ടാം  സീസണിൽ കഥയുടെ കാമ്പ് അത്ര  ആഴത്തിലുള്ളതല്ല. രണ്ട് സീസണുകളും ഒറ്റയിരുപ്പിൽ കാണുന്നവർക്ക് യാതൊരു മടുപ്പും ഉണ്ടാകാത്ത രീതിയിൽ നന്നായി കൈകാര്യം ചെയ്തിട്ടുമുണ്ട്.  ദൃഢമായ പ്ലോട്ടും പുതിയ ക്രമീകരണങ്ങളും സസ്‌പെൻസും മികച്ച അഭിനേതാക്കളുടെ പ്രകടനങ്ങളും 'പാതാൾ  ലോക്' സീസൺ 2 നെ ഒരു റിയലിസ്റ്റിക് ക്രൈം ഡ്രാമയാക്കി   ഉയർത്തുന്നു.ആദ്യ സീസണെ അപേക്ഷിച്ച്  ഇഴച്ചിലുകലും അസഭ്യവും നഗ്നതപ്രദർശനങ്ങളും രണ്ടാം സീസണിൽ  തുലോം കുറവാണ്. 

 ഹാത്തിറാം ചൗധരി (ജയ്ദീപ് അഹ്ലാവത്)  ഇമ്രാൻ അൻസാരി (ഇഷ്വാക് സിംഗ്) എന്നീ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കേസന്വേഷണത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഒന്നാം സീസണിൽ  ഹാത്തിറാമിൻ്റെ ട്രെയിനിയായിരുന്ന ഇമ്രാൻ ഇപ്പോൾ അദ്ദേഹത്തിൻ്റെ സീനിയർ എസിപിയാണ്. ഇമ്രാനെ ഐ പി എസ് ഇന്റർവ്യൂന്  കൊണ്ടുപോയി വിടുന്നിടത്തായിരുന്നു ആദ്യ സീസൺ  അവസാനിച്ചത്. ബിസിനസ് ഉച്ചകോടിക്കായി ഡൽഹിയിൽ എത്തിയ പ്രമുഖനായ നാഗാലാണ്ട് നേതാവ് ഹോട്ടലിൽ  വെച്ച്  കൊല്ലപ്പെടുന്നതും, അതേസമയം ചേരിയിൽ നിന്ന് കാണാതാവുന്ന ഒരു തൊഴിലാളിയുടെ തിരോധാനവും തമ്മിൽ അന്വേഷണ ഘട്ടത്തിൽ കണക്ട് ചെയ്യുന്നു. .  എന്നാൽ ഇരു കൊലകൾക്കും തമ്മിൽ നേരിട്ട് ബന്ധവുമില്ല. ഒടുക്കം വരെ സസ്പെൻസ് നിലനിര്ത്താൻ സീരീസിന് ഭാഗിയായി സാധിച്ചു.  ഹൈപ്രൊഫൈൽ കേസും ലോ പ്രൊഫൈൽ കേസും ഒരു പോലെയാണെന്ന്  നമുക്ക്  മനസിലാക്കിത്തരുന്നുണ്ട്. കാണാതായ ആളുടെ കേസ് ഒരു മിസ്സിംഗ് പെൺകുട്ടിയുടെ കേസായി മാറുന്നു, ഇത് മയക്കുമരുന്ന് മാഫിയ, ഹവാല ഇടപാട്,  കേന്ദ്രത്തിൽ നിന്ന് സംസ്ഥാന വികസനത്തിന് 20,000 കോടി കൊണ്ടുവരുന്ന ഉച്ചകോടിയിലേക്കും നയിക്കുന്നു. സസ്പെൻസ് നിറഞ്ഞതും ഹൃദയസ്പർശിയായതുമായ നിമിഷങ്ങളാൽ നിറഞ്ഞതാണ് പരമ്പര. പരമ്പരയുടെ വലിയൊരു ഭാഗം നാഗാലാൻഡിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നാഗേഷ് കുകുനൂർ, തിലോത്തമ ഷോം, ഇതിഹാസ അസമീസ് ചലച്ചിത്ര സംവിധായകൻ ജാനു ബറുവ എന്നിവരും പുതിയ അഭിനേതാക്കളിൽ ഉൾപ്പെടുന്നു. ഇതിവൃത്തം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു,  പിന്നെ പറയാൻ കഴിയാത്തത്ര സ്ഥലങ്ങളിലേക്കും കഥാപാത്രങ്ങളിലേക്കും പ്രേക്ഷകനെ കഥ കൂട്ടി  കൊണ്ടുപോകുന്നു. 

ഓരോ എപ്പിസോഡിലും സസ്‌പെൻസും   ട്വിസ്റ്റുകളും നിലനിറുത്തുന്ന സീസൺ 2 ആമസോൺ പ്രൈമിൽ ജനുവരി 17 മുതൽ സ്ട്രീം ചെയ്യുന്നു. പരമ്പരയുടെ  മലയാളം ഡബ്ബിംഗ് മികവ് പുലർത്തുന്നു.  ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിൽ നിങ്ങളുടെ ലിസ്റ്റിൽ പാതാളലോകവും തീർച്ചയായും ഇടംപിടിക്കും.

What's Your Reaction?

Shameer P Hasan ശമീർ പി ഹസൻ എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് സ്വദേശി. ആനുകാലികങ്ങളിൽ എഴുതുന്നു. ഡിക്സിംഗ് ടെക്നോളജീസ് സ്ഥാപകനാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള മുസ്ലിം സമൂഹം, സാധകൻ എന്നീ കൃതികൾ രചിച്ചു. യാത്രയും, ചരിത്രാന്വേഷണവും ഇഷ്ടമേഖല. വിലാസം: പാണ്ഡ്യാല ഹൗസ്, ചെങ്ങമനാട്, ആലുവ 683578. : 9895101243, meetshamee@gmail.com