അഷ്ടനായിക - തഞ്ചാവൂർ ബാലസരസ്വതി

   19-Feb-2025 : 7:49 PM   0      30

അഷ്ടനായിക -  തഞ്ചാവൂർ ബാലസരസ്വതി 

തഞ്ചാവൂർ ബാലസരസ്വതി എന്ന മഹാത്ഭുതത്തെ എന്നും നോക്കികണ്ടിട്ടുള്ളത് നർത്തകി ലക്ഷണത്തെ, അഷ്ടനായിക സങ്കല്പത്തെ സ്വന്തം ഉടൽ കൊണ്ട് പൊളിച്ചെഴുതിയ മായ സിദ്ധിയുള്ള നർത്തകി എന്ന നിലയിലാണ്. സ്വന്തം ശരീരത്തിന്റെ സാധ്യതകൾ മാത്രമല്ല, ന്യൂനതകളും തിരിച്ചറിയുകയും, അതിനെ തന്റെ മേഖലക്ക് അനുകൂലമാക്കി മാറ്റുകയും ചെയ്ത, ഒരു ഗവേഷകയുടെ ചതുരതയോടെ ഭരതനാട്യത്തിൽ സ്വയം അടയാളപ്പെടുത്തിയ ബാലയെ ആരെങ്കിലും സ്വാധീനിച്ചിരിക്കുമോ എന്ന് അവരെ കുറിച്ച് വായിക്കുമ്പോൾ, അവരുടെ പെർഫോമൻസിന്റെ വീഡിയോകൾ കാണുമ്പോൾ, എന്തിനേറെ അവരുടെ ഫോട്ടോഗ്രാഫുകൾ കാണുമ്പോൾ കൂടി ഓർക്കാറുണ്ടായിരുന്നു. ശാസ്ത്രസംഹിതകളെ സ്വന്തം രീതിയിലേക്ക് പരിവർത്തനപ്പെടുത്തുക എന്ന മഹാദൗത്യം ഒറ്റയാൾ പരിശ്രമത്തിലൂടെ സാധ്യമാക്കുക. അതിന് ആരെങ്കിലും അവരെ സ്വാധീനിച്ചിരിക്കുമോ എന്ന് ആലോചിച്ചിരുന്ന നാളുകൾ. അതെല്ലാം, ബാലയുടെ ഗുരുവും വഴികാട്ടിയുമായിരുന്ന മൈലാപൂർ ഗൗരി അമ്മാളിനെ പറ്റി അറിയുന്നതിനും മുമ്പുള്ള കാലത്തായിരുന്നു.
ബാലയുടെ മാത്രമല്ല, രുക്മിണിദേവി അരുണ്ഡേൽ, ഹേമമാലിനി, ഡോ. പദ്മ സുബ്രഹ്മണ്യം മുതലായ ലോകപ്രശസ്ത നർത്തകിമാരുടെ ആചര്യ പദവി അലങ്കലരിച്ച മൈലാപൂർ ഗൗരി അമ്മാൾ എന്ന മഹാപ്രതിഭ!.. "കലയയ് കാത്ത ദാസി" വംശത്തിന്റെ തുടർച്ചയിലേക്കാണ് മൈലാപൂർ ഗൗരി അമ്മാളുടെ ജനനം. ആ കാലത്തെ പ്രശസ്ത സംഗീതജ്ഞ മൈലാപൂർ ധനത്തിന്റെ കൊച്ചുമകളും, പ്രസിദ്ധ നർത്തകി ദൊരയ്ക്കണ്ണിന്റ മകളുമായി തമിഴ്നാട്ടിലെ പ്രസിദ്ധമായ ദേവദാസി-കലാ കുടുംബത്തിൽ 1892-ൽ ജനനം. സംഗീതവും നൃത്തവും ഒരുപോലെ വഹിക്കുന്ന ജീനുകൾ ഗൗരിയിൽ ഉണ്ടായതിൽ അത്ഭുതമേതുമില്ല. എന്നാൽ, സർവാംഗസുന്ദരിയായി വേദികളിൽ വിളങ്ങി നിന്ന ദൊരയ്ക്കണ്ണിന്റ സൗന്ദര്യം മകൾ ഗൗരിക്കുണ്ടായിരുന്നില്ല. നർത്തകി ലക്ഷണങ്ങൾക്കും സൗന്ദര്യശാസ്ത്രത്തിനും പുറത്തുനിന്നിരുന്ന ഒരു സാധാരണ പെൺകൊടി സാമൂഹത്തിന്റെ സൗന്ദര്യസങ്കല്പങ്ങൾക്ക് പുറത്ത് നിന്ന് ന്യൂനകളെ മറികടക്കുന്നത് തന്റെ കലാചാതുര്യത്തിലൂടെയാണ്.
മദിരാശിയിലെ മൈലാപൂരിലുള്ള കപാലീശ്വര ക്ഷേത്രത്തിലെ പാരമ്പരാഗത ദേവദാസികുലത്തിൽ പിറന്ന ഗൗരി, ഷഹാന രാഗത്തിൽ ആലപിച്ചിരുന്ന കൃഷ്ണ ഗീതികൾ കേട്ട് ശ്രോതാക്കൾ മാത്രമല്ല, സാക്ഷാൽ മഹേശ്വരനായ കപാലീശ്വരൻ തന്നെ ആനന്ദാശ്രു പൊഴിച്ചുവോ എന്ന് ആ കാലം ആശ്ചര്യപ്പെട്ടിരുന്നുവത്രെ. കലയും ഭക്തിയും ചിട്ടയും അടിത്തറ പാകിയ ഒരു സംസ്കാരത്തിന്റെ കണ്ണിയായിരുന്നു ഗൗരി അമ്മാൾ.
1932 ജനുവരി 3-നാണ് ഗൗരി ക്ഷേത്ര മതിലകത്തിനു പുറത്ത് ആക്കാലത്ത് ഏറ്റവും ശ്രദ്ധേയമായിരുന്ന മദ്രാസ് മ്യൂസിക് അക്കാദമി ഹാളിൽ നൃത്തം ചെയ്യുന്നത്. ആ ഒരു പ്രകടനം കൊണ്ടുതന്നെ പ്രേക്ഷകരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞത് നർത്തകിയുടെ ഗ്ലാമർ പരിവേഷം കൊണ്ടായിരുന്നില്ല, മറിച്ച് നൃത്തഗുണം കൊണ്ടായിരുന്നു. ഗൗരി എന്ന നർത്തകിയിൽ നിന്ന്, നൃത്ത അദ്ധ്യാപിക എന്ന നിലയിലേക്ക് ചുവട് വയ്ക്കുന്നതിനും, പിൽക്കാലത്ത് ലോക പ്രസിദ്ധ നർത്തകിമാരായി തീർന്നിരുന്ന പല കലാകാരികളുടേയും ഗുരുപദവിയിലെത്തുന്നതിനും അത് കാരണമായ്ത്തീർന്നു.

പേരിനോ, പണത്തിനോ പുറകേ പോകാനുള്ള ഉപാധിയായിരുന്നില്ല ഗൗരിക്ക് കല. ഭക്തിയും ജ്ഞാനവുമായി കലയെ കണ്ട ഗൗരിക്ക് നൃത്തം ഒരു തപസായിരുന്നു. തികഞ്ഞ അർപ്പണബോധത്തോടെ തന്റെ അറിവുകൾ പകർന്നു നൽകുന്നതിനപ്പുറം അവർ മറ്റൊന്നും ആഗ്രഹിച്ചിരുന്നില്ല.
എന്നാൽ രാജ്യം സ്വതന്ത്രാനന്തരം ദേവദാസി സമ്പ്രദായം നിയമം മൂലം നിരോധിക്കുക വഴി തൊഴിലും സാമൂഹിക അന്തസ്സും മാത്രമല്ല, ക്ഷേത്രം വക തന്റെ പൂർവികർക്ക് നൽകപ്പെട്ട, താൻ ജനിച്ചുവളർന്ന, അതുവരെ ജീവിച്ച മാളികയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടതും ഗൗരി അമ്മാളിനെ തളർത്തി. അപ്പോഴേക്കും പ്രശസ്തിയുടെ കൊടുമുടി കീഴടക്കിയ രുഗ്മിണിദേവി അടക്കമുള്ളവരുടെ കൃത്യമായ ഇടപെടലുകൾ ഉണ്ടായിരുന്നിട്ടും ഗൗരി അമ്മാൾ ജന്മഗൃഹത്തിൽ നിന്ന് കുടിയിറക്കപ്പെട്ടു. ക്ഷേത്രത്തിനരികെ തന്നെ ഒരു വാടക വീട് തരപ്പെടുത്തി ജീവിതം മുന്നോട്ട് നയിച്ചിരുന്ന ഗൗരി അമ്മാളുടെ ഒരു ദിവസം തുടങ്ങിയിരുന്നത് തന്റെ കിടപ്പറയിലെ ജാലകം തുറന്ന് അതുവഴി കാപാലീശ്വരന്റെ ക്ഷേത്രഗോപുരം നോക്കി തൊഴുതുകൊണ്ടായിരുന്നു.

ഭർത്താവിന്റെ മരണവും, ഏകമകന്റെ മദ്യപാനവും ധൂർത്തും, ദിനംപ്രതി മങ്ങുന്ന കാഴ്ചശേഷിയും. ജീവിതം വൈതരണിക്കരയിൽ നിൽക്കുമ്പോഴും, കല കൊണ്ട് അതിനെ അതിജീവിക്കാൻ അവർ നിരന്തരം ശ്രമിച്ചു. അനേകം ശിഷ്യഗണങ്ങളെ വാർത്തെടുത്തിട്ടും നൃത്തത്തിൽ അവരുടെതുമാത്രമായ പേശികളുടെ ചലനമോ, വികാരസമന്വയമോ അനുകരിക്കാൻ ആകാത്തതായിരുന്നു. അഭിനയം ചെയ്യുന്ന വേളകളിൽ നർത്തകി സ്വയം പാടിയിരുന്ന ഒരു പരമ്പരാഗത ശൈലിയുടെ അവസാനതുടർച്ചക്കാരിയായിരുന്നു ഗൗരി അമ്മാൾ.
ജീവിതാന്ത്യകാലങ്ങളിൽ പൂർണ്ണമായും അന്ധയായി തീർന്ന ഗൗരി അമ്മാൾ ശ്രീകൃഷ്ണ പദങ്ങളോ, ജാവളികളോ ചെയ്യുമ്പോൾ വെളിച്ചം കെട്ടുപോയ ആ കണ്ണുകളിൽ കണ്ണീർ ധാര ധാരയായി ഒഴുകിയിരിന്നതായും ആ കാലം അടയാളപ്പെടുത്തുന്നു. കലയും ജീവിതവും ഗൗരി അമ്മാളിന് ഒന്നായിരുന്നു. ഒന്നിനോട് ഒന്ന് ചേർന്നിരുന്നു. ജീവിതം ഒരിക്കലും ഒരു വച്ചുവാണിഭമാക്കാൻ ഗൗരി അമ്മാൾ ആഗ്രഹിച്ചിരുന്നില്ല. 1971 ജനുവരി 21-ന് ലോക പ്രസിദ്ധ നർത്തകിമാരെ വാർത്തെടുത്ത ഗുരുപരമ്പരയിലെ ആ അവസാന കണ്ണിയുടെ ജീവനറ്റ ഉടൽ നെറ്റികാശിനൊരു നാണയം കൂടി അണിയിക്കാൻ ഇല്ലാത്തത്ര ദാരിദ്ര്യത്തിന്റെ നടുക്ക് തണുത്തുറഞ്ഞുകിടന്നു. രുഗ്മിണിദേവിയുടെ കലാക്ഷേത്രയാണ് മൈലാപൂർ ഗൗരി അമ്മാളുടെ ശേഷക്രിയകൾക്ക് മുൻകൈ എടുത്തത്. തികഞ്ഞ കലാകാരിയായി ജനിച്ചു, ജീവിച്ചു, മരിച്ചുപോയ ഗൗരി അമ്മാൾ സത്യത്തിൽ ഒരു ഓർമ്മപ്പെടുത്തലാണ്. ചില കാലങ്ങളും ചില ചരിത്രങ്ങളും ഏറെക്കുറെ വികൃതമാക്കി അടയാളപ്പെടുത്തിയ ഒരു പാരമ്പര്യത്തിന്റെ കരട് രേഖയാണ്!..

What's Your Reaction?