ശാന്തം സമൃദ്ധം അമൃതം...,
ശാന്തം
സമൃദ്ധം
അമൃതം...,
വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയ സ്നേഹിതനെ കണ്ടപ്പോൾ ശ്രീകൃഷ്ണൻ ചോദിച്ചു...
'എന്താണ് വിശേഷം സ്നേഹിതാ.."
ജീവിതദുരിതങ്ങളിൽ പീഡിതനും പരമദരിദ്രനുമായ ഭക്തകുചേലന്റെ മറുപടിയാണിത്.
"ശാന്തം സമൃദ്ധം അമൃതം"
ഏത് നരകയാതനയുടെ മുന്നിലും
ഈ മൂന്ന് അനുഭവതലങ്ങളിൽ നിലനിൽക്കാൻ കഴിയുക
എന്നതാണ് ഭക്തിയുടെ മനോഹാരിത.
ഭക്തിയുടെ അനുഭവത്തിന്റെ ലാളിത്യം അറിഞ്ഞവർക്ക്
കുചേലന്റെ വാക്കിന്റെ പൊരുൾ വേഗത്തിൽ മനസിലാകും.
എല്ലാം ഉണ്ടായിട്ടും പോരാ എന്ന തോന്നലിൽ വീണ്ടും വീണ്ടും നേടാൻ വഴികൾ തേടുന്നവർക്ക്
പരിപൂർണ്ണ തൃപ്തിയുടെ ഈ ആന്തരികഭാവം
ബാലികേറാമലയോ ഒളിച്ചോട്ടമോ ആയി അനുഭവപ്പെടാം.
പക്ഷേ,
ഒന്നുമില്ലെങ്കിലും,
പീഡിതനെങ്കിലും,
പരിപൂർണ്ണ തൃപ്തിയുടെ ഒരു ശരന്നദി
ഭക്തന്റെ ഹൃദയത്തിൽ സദാ ഒഴുകിക്കൊണ്ടിരിക്കും.
അതിന്റെ തൃപ്തിയും മൃദുഹാസവും
പ്രകാശവും അവനിൽ പ്രകടമായിരിക്കും.
എല്ലാ കഷ്ടതകൾക്കും മേലേ
തന്റെ ആന്തരിക പ്രകാശത്തെ
എപ്പോഴും അയാൾ വഴികാട്ടിയായി സ്വീകരിക്കും.
കൊടുങ്കാറ്റുകൾക്കും പേമാരികൾക്കും
ഉഗ്രശാസനങ്ങൾക്കും കരബലത്തിനും മേലേ
ഒരു മാധുര്യവും സരളതയും അയാൾ അനുഭവിക്കും.
ആത്മാനുഭവത്തിന്റെ മാധുര്യമറിയാത്തവർക്ക്
അയാളുടെ ജീവിതം സംസാരിക്കുന്ന ഭാഷ
ഏതെന്ന് മനസിലായെന്നു വരില്ല.
അയാളുടെ പായ്ക്കപ്പൽ ഭൗതികതയുടെ തുറമുഖത്തു നിന്നും യാത്ര തുടങ്ങിയതു മുതൽ
അയാളെ നയിക്കുന്നതും സഞ്ചാരത്തിന് കാറ്റ് പകരുന്നതും
അകത്തുള്ള വെളിച്ചമാണ്.
അതിനാലാണ് അയാൾ ഭീതിയിൽ അകപ്പെടാത്തത്.
നാളെ എന്ന ആശങ്കയാൽ അയാളുടെ മുഖത്ത്
നിഴൽ പടരാത്തത്.
ആഞ്ഞുവീശുന്ന ആയുധങ്ങൾക്ക് മുന്നിൽ
ചിരി മറയാത്തത്.
തന്റെ യാത്രയുടെ അനിവാര്യമായ ഏറ്റിറക്കങ്ങളുടെ കടിഞ്ഞാൺ ഏറ്റെടുത്ത
പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് അയാൾക്ക് തൊട്ടറിയുന്ന അനേകാനുഭവങ്ങളുണ്ട്.
അതിന്റെ വക്കൊടിയാത്ത യാഥാർത്ഥ്യത്തെ അയാൾ അസ്ഥിവാരമാക്കുന്നു.
അതിന്റെ ദൃഢതയിൽ അയാൾ പായ്മരങ്ങൾ ഉറപ്പിക്കുന്നു.
പൂമരങ്ങളുള്ള തീരം തന്നെയാണ് തന്റെ യാത്രാന്ത്യം എന്നുറപ്പിക്കാൻ
അഹന്തയുടെയും സ്വാർത്ഥതയുടേയും തുള വീഴാത്ത പായകൾ വിടർത്തുന്നു.
പിന്നീടയാൾ തന്റെ അനിവാര്യകർമ്മത്തെ ഏറ്റെടുത്ത്
പായ്ക്കപ്പലിന്റെ അമരത്തിരുന്ന് ചുക്കാൻ പിടിക്കുന്നു.
ദിശ തീരുമാനിക്കുന്നത് താനല്ലെന്ന ആത്മബോധത്തിൽ കരം സമർപ്പിക്കുന്നു.
പ്രപഞ്ചബോധത്തിന് ഉപാധികളില്ലാതെ സ്വയം സമർപ്പിക്കുന്നു.
ഭാസുര പ്രകാശലോകം അയാളുടെ ചിരിയുടെ ചിരന്തനാനുഭവമാകവേ,
അയാൾ പീഡകൾ മറന്ന് പ്രേമ സ്വരൂപനായ
' ഭഗവാനോട് പറയുന്നു....!
"ശാന്തം
സമൃദ്ധം
അമൃതം.''
കൃഷ്ണാ........!
What's Your Reaction?