D+

   26-Feb-2025 : 11:09 AM   0      45

ഡി. പങ്കജാക്ഷൻ  ഒരു സ്വപ്നം കാണുന്നു.
നവസമൂഹരചനയെന്ന സ്വപ്നം.  അതു നടക്കുമോ ഇല്ലയോ എന്നല്ല;
സ്വപ്നമെങ്കിലും കണ്ടുകൂടെ ? എന്നദ്ദേഹംചോദിക്കുമത്രേ! 
ആ സ്വപ്നം കാണാനും, നാടൻ വാക്കിൽ പറഞ്ഞാൽ, അല്പം കെല്പു വേണം.
അതായത് സ്വപ്നശക്തി.ഇവിടെ നവസമൂഹരചനയെ ശരിക്കും സങ്കല്പിക്കാൻ പോന്ന സങ്കല്പശക്തി, അല്ലെങ്കിൽ ഭാവനാശക്തി, ഭാവനാ ശേഷി എന്നൊക്കെ പറയാം. അതുണ്ടാകണം! അതു നമുക്കുണ്ടോ? 

സങ്കല്പം മാറി , അതു  ശക്തിയായി മാറുന്ന  ഒട്ടനവധി കണ്ടുപിടുത്തങ്ങളിലൂടെയും പരിണാമങ്ങളിലൂടെയുമാണ് സമൂഹം ഇതുവരെ കടന്നുപോന്നിട്ടുള്ളത്.  എന്നാൽ നന്മ നിറഞ്ഞ ഒരു  ധാർമ്മിക സമൂഹത്തെ കണ്ടെത്താൻ നമുക്കെന്തേ ഇതുവരെ കഴിഞ്ഞില്ല? 

നമ്മുടെ മനുഷ്യകുലത്തിൻ്റെ ദുഃഖവും ദുരിതവും കഷ്ടതയും പരിശോധിച്ചാൽ ഒരാളും ഇതിൽ നിന്നും മുക്തരല്ല എന്നു മനസ്സിലാകും. ഒരു ജോലി കൊണ്ടോ, സ്വത്തു കൊണ്ടോ സമ്പാദ്യം കൊണ്ടോ പോലും.  കാരണം നമ്മുടേത് ഒരു വിമോചിത മനുഷ്യകുല സമൂഹമല്ലാത്തതുകൊണ്ട് വ്യക്തികൾ വിജയപൂർവ്വം ആഹ്ളാദിക്കുന്നത് ഒരു മിഥ്യാവിജയത്തിൻമേലായിരിക്കും. അത് നീതിയുക്തമായ ആഹ്ളാദവുമല്ല . കാരണം ദരിദ്രരും പട്ടിണിക്കാരും അവശരും അഭയാർത്ഥികളും മറ്റു പിന്നോക്കക്കാരും ഇവിടെ നമ്മോടൊപ്പം തന്നെ ഒരേ ഭൂമിയിൽ ജീവിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ കച്ചവടപരമായി  വിജയിച്ചു എന്ന് ആഹ്ളാദിക്കുന്നോർക്ക് ആ വിജയത്തിൽ ധാർമ്മികതയും അവകാശപ്പെടാനില്ല. മറ്റൊരർത്ഥത്തിൽ അവരുടെ ആ വിജയം തന്നെ ചൂഷണപരമായ അടിത്തറയിൻമേൽ ഉദിച്ചതാണെങ്കിലോ? 

നമ്മൾ ഓരോരുത്തരും ജീവിതത്തിൻ്റെ പേരിൽ ആന്തരവൽക്കരിച്ചിരിക്കുന്ന അബോധഘടന ഇപ്രകാരം ഒന്നുതന്നെയായിരിക്കും.യഥാർത്ഥമായ പൊതു വിജയത്തിനു പകരം , വിജയത്തോടു കൂടി  പരാജയം / അല്ലെങ്കിൽ പരാജയ ഭീതിയുടെ ബോധം കൂടി തുന്നി ചേർത്തിട്ടുണ്ട്.

ഇത്തരമൊരു ജീവിത ഘടനയുടെ ഉറവിടം  മുതലാളിത്ത സാമ്പത്തിക ഘടനയും അതിൻ്റെ  മനുഷ്യവികാര പ്രകടനങ്ങളുമാണെന്ന് കാണാം. യുദ്ധവും കൊല്ലലും അതിൽ ഉൾപ്പെടുന്നു.  അതിൻ്റെ കഷ്ട നഷ്ടബോധവും യാചനകളും കൂടി നാം അറിയാതെ ആന്തരവൽക്കരിച്ചിട്ടുണ്ട്.  അതുകൊണ്ടു തന്നെ യഥാർത്ഥ സാമൂഹികാഹ്ളാദം അകലെയാണ്.  മനുഷ്യനെന്ന പിറവിയുടെ ആഹ്ളാദ സാധ്യതകളിലും നാം അകലത്തു നിൽക്കുന്നു.

ഇതിനെ അതിതരണം ചെയ്യുന്ന ഒരു ജീവിത  സ്വപ്നമാണ് ഡി. പങ്കജാക്ഷൻ്റേത്.! 

എന്നാൽ ലോകത്തിലെ സാമാന്യജനസമൂഹം ഒരു നവലോക സമൂഹരചനയ്ക്കു വേണ്ടി ചിന്തിച്ചുകൂടാ 
എന്ന പ്രതിലോമ താല്പര്യമുണർത്തുന്ന എല്ലാ മയക്കുവെടികളും നാം നിത്യേന ഏല്ക്കുന്നുണ്ട്, മയങ്ങിപ്പോകുന്നുണ്ട്  എന്ന കാര്യം മറന്നു കൂടാ! അങ്ങനെ നമ്മുടെ നിലയെ മറക്കാൻ സഹായിക്കുന്ന
എന്തും ഇവിടെ ഈ പ്രത്യക്ഷ സമൂഹത്തിൽ സജീവമാണ്.

അതുകൊണ്ട് ഡി. പങ്കജാക്ഷൻ്റെ ഭാവനാശക്തിയുടെ ഇടപെടൽ നാം മറന്നു കൊണ്ടിരിക്കുന്ന, നാം ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ കൂടിയാണ്. അങ്ങനെ നമ്മുടെ പെരുമാറ്റ ഘടനകളിൽ ഇടപെടുമ്പോൾ നാം ഉണർന്നു പോകുന്നു എന്നതാണു സത്യം.  ഉണരൽ സാധ്യമാണ്.  അയൽക്കൂട്ട സദസ്സിലെ മനുഷ്യരുടെ നിത്യേനയുള്ള കൂടിക്കാഴ്ചകളിലെ കേവല സംഭാഷണങ്ങൾ കൊണ്ടു തന്നെ ഉണരൽ സംഭവിക്കാം എന്നദ്ദേഹം കരുതുന്നു. ജീവിച്ചിരിക്കേ അദ്ദേഹത്തിൻ്റെ പരിസരപരിധിയിൽ ഒട്ടൊക്കെ പ്രാഥമികമായി  അതു പരീക്ഷിച്ചു നോക്കിയിട്ടുമുണ്ട്. 

എന്നാൽ ഇനിയത് മുന്നോട്ടു കൊണ്ടുപേകേണ്ട ദൗത്യം നമ്മുടേതാണ്.

അതിന് നമ്മുടെ സംഭാഷണ ശക്തി വീണ്ടെടുക്കുകയാണ് പ്രധാനം. അതിന് ആദ്യമായി ഡി. പങ്കജാക്ഷൻ ഇവിടെ തുറന്നിട്ടു പോയ പര്യാലോചനകളെ ആഴത്തിൽ മനസ്സിലാക്കുകയും അയൽപക്കങ്ങളിൽ   പകർത്തുകയും ആവിഷ്ക്കരിക്കുകയും  വേണം. 

പ്രധാനമായും ഡി. പങ്കജാക്ഷൻ കേവലമായി അറിയപ്പെടുന്നത്  അയൽപക്കത്തായ പ്രസ്ഥാനത്തിൻ്റെ വക്താവ് എന്ന ആശയത്തിലാണ്.  ജനകീയ ആസൂത്രണത്തിൻ്റെ പ്രഥമനാളുകളിൽ കേരളത്തിൽ സർക്കാർ അകമ്പടിയോടെ അയൽക്കൂട്ടങ്ങൾ പിറവി കൊള്ളുകയുണ്ടായി. പിന്നീടത് നിലച്ച ശേഷം കുടുബശ്രീ പ്രസ്ഥാനം വരികയും സ്ത്രീകളെ പൊതുവിൽ സാമ്പത്തികമായി  മെച്ചപ്പെടുത്തുന്നതിൽ വിജയിക്കുകയുമുണ്ടായി. 

ഡി. പങ്കജാക്ഷനെ സംബന്ധിച്ച് ഇത് യഥാർത്ഥ മനുഷ്യവികാസമായിരിക്കാൻ  സാധ്യതയില്ല. ജോലി രൂപീകരിക്കുകയും പണം സമ്പാദിക്കുകയും ചെയ്യുന്നുണ്ടല്ലോ എന്നു കരുതിയെങ്കിൽ തെറ്റി, അതു പോരാ.യഥാർത്ഥ മനുഷ്യവികാസമെന്ത് എന്ന ചോദ്യത്തിലേക്കാണ് ഇതു നയിക്കുന്നത്. 

 അങ്ങനെ വീണ്ടും ഡി. പങ്കജാക്ഷൻ്റെ ദർശനത്തിലേക്ക് എത്തിനോക്കുമ്പോൾ സാമൂഹ്യ പ്രവർത്തകരായ
രാഷ്ട്രീയക്കാർ പോലും പറയും അതിലെ സ്വപ്നം ഒരു ഉട്ടോപ്യയാണെന്ന് ! അങ്ങനെ കൈകഴുകുവാനേ ഇവിടത്തെ ഓരോ നേതൃ നിരയിലുള്ളവർക്കു പോലും കഴിയൂ! 

നോബൽ സമ്മാന ജേതാവായ അമർത്യാസെന്നിനെ പോലെയുള്ള സാമ്പത്തിക ശാസ്ത്രജ്ഞർ മൊത്തം ജനസംഖ്യയുടെ ക്ഷേമ സമ്പദ് വ്യവസ്ഥയെ ശാസ്ത്രീയമായി തന്നെ  വിഭാവനം ചെയ്തിട്ടുണ്ട്. എന്നാൽ ലോക ജനതയെ ഭരിക്കുന്ന ഭരണാധികാരികളോ , - അതും കൂടി കേൾക്കുകയോ പൂർണ്ണാർത്ഥത്തിൽ പരീക്ഷിക്കുകയോ ചെയ്യുന്നില്ല. അതായത് ഭരണകൂടങ്ങൾക്ക് തന്നെ നൈതികതയില്ല എന്നു തെളിയുന്നു. 

അതു കൊണ്ടു തന്നെ ഭരണകൂടത്തെയും അതിജീവിക്കുന്ന മനുഷ്യ കുലസമുദായ ഭാവനയാണ് ഡി. പങ്കജാക്ഷൻ മുന്നോട്ടു വയ്ക്കുന്നത്. ഭരണകൂടത്തെ തികച്ചും ആവശ്യമില്ലാതെ വരുമ്പോൾ അത് കൊഴിഞ്ഞു പോകും എന്ന നിലയ്ക്കും അദ്ദേഹം ഭാവന ചെയ്യുന്നുണ്ട്. മാർക്സിസ്റ്റുകളും അത്തരമൊരു "കൊഴിഞ്ഞു പോക്ക് " എന്ന  ആത്യന്തിക ഭാവന പങ്കുവയ്ക്കുന്നുണ്ടല്ലോ? 

     ആലപ്പുഴയിലെ അമ്പലപ്പുഴയ്ക്കുത്തുള്ള കഞ്ഞിക്കുഴി എന്ന ഒരു ചെറു ഗ്രാമത്തിൽ നിന്നുമാണ്
അദ്ദേഹത്തിൻ്റെ ചിന്തകൾ വന്നിട്ടുള്ളത്.ഏതെങ്കിലും സുപ്രസിദ്ധമായ സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണശാലയിൽ നിന്നല്ല എന്ന വ്യത്യാസം കൂടി നാം ഓർത്തു കൊണ്ടിരിക്കണം. 

ജനസമുദായ ജീവിതത്തിലെ വിള്ളലുകളെയും വിഭജനങ്ങളെയും കുറവുകളെയും  പറ്റി അതീവ സംവേദനക്ഷമതയുള്ള ഒരാൾക്കു മാത്രമേ സ്വന്തം ഹൃദയവികാരങ്ങൾ കൊണ്ട് ഇങ്ങനെ ചിന്തിക്കാർ പറ്റുകയുള്ളൂ. നമ്മിലൊക്കെ സംതുലനത്തിനും ക്ഷേമത്തിനും  വേണ്ടിയുള്ള  അത്തരം ഹൃദയവികാരങ്ങൾ ഇടയ്ക്കു മിന്നുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ പ്രതീക്ഷകൾ തുടർച്ചയായി നിലനിർത്തി മുന്നോട്ടു പോയത് ഡി. പങ്കജാക്ഷൻ മാത്രമല്ലേ? 

അദ്ദേഹത്തിൻ്റെ എഴുത്തുകളിലൂടെയും കൂട്ടായ്മയിലെ മറുപടി /സംഭാഷണങ്ങളിലൂടെയും മുന്നോട്ടു പോകുമ്പോൾ നമുക്കത് മനസ്സിലാകും. ഇക്കാര്യത്തിൽ നമ്മൾ ജനങ്ങൾ തന്നെ മുൻകയ്യെടുക്കേണ്ടതായ 
ചില പ്രാരംഭ പ്രവർത്തനങ്ങൾ തന്നെയുണ്ട്.അതാകട്ടെ , മേൽ സൂചിപ്പിച്ച സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളിൽ പോലും എഴുതി വച്ചിട്ടില്ലാത്ത കാര്യങ്ങളാണ്. 

പകരം ജനങ്ങൾ അവരുടെ സ്വന്തം ജീവിത വൃത്തത്തിൽ ശീലപൂർവ്വം ഒരുക്കിയെടുക്കേണ്ട ചില പരിവർത്തനങ്ങളാണ്  ഡി. പങ്കജാക്ഷൻ പ്രേമപൂർവ്വം  സൂചിപ്പിക്കുന്നത്.  അതിനെയെല്ലാം ചേർത്ത് അദ്ദേഹം " ദർശനം " എന്നു വിളിക്കുന്നു. ദർശനം എന്നത് നേരത്തെ പറഞ്ഞ സംവേദനക്ഷമതയിൽ നിന്നു കൊണ്ടുള്ള ഉൾക്കാഴ്ച അല്ലെങ്കിൽ അവബോധം തന്നെയാകാം. സമൂഹ ജനസ്പന്ദനങ്ങളെ അറിഞ്ഞു കൊണ്ടുള്ള ആ ഉൾക്കാഴ്ച 
പരസ്പരം പകരുക, വികസിപ്പിക്കുക, എന്ന ലളിതമായ പ്രായോഗിക കർത്തവ്യമേ നമ്മുടെ മുന്നിലുള്ളൂ. 

അയൽപക്കത്തായ സംഭാഷണവൃത്തികളിലൂടെ സ്വാശ്രിതരായ ജനസമുദായത്തിനു വേറെ ഭരണകൂട സഹായമൊന്നും  വേണ്ടി വരില്ല എന്നാണ് ഡി.പങ്കജാക്ഷൻ ദർശനപരമായി ഉറപ്പിക്കുന്നത്. നമ്മുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും സാഹോദര്യത്തിനും വേണ്ടി അവകാശങ്ങളുടെ പേരിൽ പ്ലക്കാർഡുകൾ ഏന്തി ഏതെങ്കിലും സർക്കാർ ഓഫീസുകളുടെ പടിവാതിൽക്കൽ കാത്തു നിൽക്കേണ്ടി വരില്ല എന്നാണ് ആ ഉൾക്കാഴ്ചയുടെ,ദർശനത്തിൻ്റെ പ്രയോജനപരമായ അർത്ഥം.

     D.പങ്കജാക്ഷക്കുറുപ്പ് 

ജനനം : 1923 ജനുവരി 14

സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഗാന്ധിയന്‍ ആശയങ്ങളിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടു.

സ്‌കൂള്‍ മാഷായും ഒപ്പം കര്‍ഷകനായും പ്രവര്‍ത്തിച്ചു

1973ല്‍ അയല്‍കൂട്ടം എന്ന ആശയം മുന്നോട്ടു വെച്ചു.

തന്റെ പ്രദേശമായ ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടത്ത്‌
ഇതിന്റെ പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
"ദര്‍ശനം" എന്ന മാസിക തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. (ഇന്നും അത്‌ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ നടത്തികൊണ്ടുപോവുന്നു.)
'പുതിയ ലോകം, പുതിയ വഴി'', 'ഭാവിയിലേക്ക്‌' എന്നി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.
മരണം : 2004 സെപ്‌‌തംബര്‍ 16.

What's Your Reaction?