വിഖ്യാതഗുരു
സൂഫി ഗുരുക്കന്മാരിൽ "ശൈഖുൽ അക്ബർ" (വിഖ്യാതഗുരു) എന്ന അപരനാമത്തിൽ പ്രശസ്തനായ ഇബ്‌നു അറബി 1165-ൽ സ്‌പെയിനിലെ മുർസിയയിൽ ജനിച്ചു. ഒട്ടനവധി പണ്ഡിതന്മാർക്കും ധിഷണാശാലികൾക്കും ജന്മം നൽകിയ പ്രഭുകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ മുത്തച്ഛൻ സ്‌പെയിനിലെ അറിയപ്പെടുന്ന ന്യായാധിപന്മാരിൽ ഒരാളായിരുന്നു. സകല വിജ്ഞാനങ്ങളിലും അവഗാഹം നേടിയ ബാല്യകാലം. 1185-ൽ, തന്നെ ബാധിച്ച ഗുരുതരമായ ഒരസുഖത്തെത്തുടർന്ന്, അദ്ദേഹം തന്റെ
പാണ്ഡിത്യ, സാഹിത്യ ജീവിതം ഉപേക്ഷിക്കുകയും പോർച്ചുഗലിൽ നിന്നുള്ള ആത്മീയ ഗുരുവായ അൽ-ഉറൈനിയുടെ നിർദ്ദേശപ്രകാരം ഒമ്പത് മാസത്തെ നിഗൂഢ ധ്യാനത്തിൽ മുഴുകുകയും ചെയ്തു.
പിന്നീട് സൂഫിസത്തിൽ ആകൃഷ്ടനായി സർവ്വവും ത്യജിച്ച് യാത്രകളാരംഭിച്ചു. അൻഡലൂഷ്യയിലുടനീളം സഞ്ചരിച്ച ശേഷം നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളായ മൊറോക്കെ, ലിബിയ, മൗറിത്താനിയ എന്നിവടങ്ങളിലൂടെ യാത്ര ചെയ്തു, ഒടുക്കം ഇറാൻ, ഇറാഖ്, ആലപ്പോ, തുർക്കി, സിറിയ മുതലായ രാജ്യങ്ങൾ ദേശാടനം നടത്തിയ ശേഷം 1200-ൽ മക്കയിൽ എത്തിച്ചേർന്നു. 1202-1204 ൽ, ഈജിപ്തും ജറുസലേമിലെയും ഹെബ്രോണിലെയും ആരാധനാലയങ്ങൾ സന്ദർശിച്ച ശേഷം അദ്ദേഹം വീണ്ടും തിരികെ മക്കയിലേക്ക് പോയി. 1224-ൽ അദ്ദേഹം ഡമാസ്കസിൽ സ്ഥിരതാമസമാക്കി
ഈയാത്രയിൽ വരണ്ട മണൽകാടുകളിൽ തപസനുഷ്ഠിക്കുന്ന ഒട്ടേറെ ദിവ്യപുരുഷന്മാരുമായി ഇബ്നു അറബിക്ക് സന്ധിക്കാൻ ഭാഗ്യം ലഭിച്ചു. ഒട്ടനവധി തത്വചിന്തകന്മാരെയും, ശാസ്ത്രജ്ഞരെയും, പണ്ഡിതന്മാരെയും ഈ യാത്രയിൽ കണ്ടുമുട്ടി. ഏകാന്തതയുടെ നിമിഷങ്ങളിൽ ദിവ്യ പ്രപഞ്ചരഹസ്യങ്ങളെ അദ്ദേഹം ദർശിച്ചു, പലപ്പോഴും അദ്ദേഹം അതിൽ ലയിച്ചു, ആന്ദത്തിൽ നിറഞ്ഞാടി. പല അത്ഭുത സംഭവങ്ങളും അദ്ദേഹത്തിന് ചുറ്റും സംഭവിക്കാൻ തുടങ്ങി. ദൈവത്തിന്റെ ഏകത്വത്തെ ഏറ്റവും മികച്ച രീതിയിൽ സിദ്ധാന്തിച്ച സൂഫിഗുരുവായിരുന്നു അദ്ദേഹം , സാധ്യമായ ഏത് രൂപത്തിലും ഏത് പ്രതിച്ഛായയിലും ദൈവിക സാന്നിധ്യം അദ്ദേഹം തിരിച്ചറിഞ്ഞു.തന്നെക്കുറിച്ച് അല്പമാത്രമേ അദ്ദേഹം പറഞ്ഞിരുന്നുള്ളു, , ഒരിടത്ത് ഇങ്ങനെ കുറിച്ചു:
" ഞാൻ ഒരു പ്രവാചകനോ ദൂതനോ അല്ല, ഞാൻ ഒരു അനന്തരാവകാശി മാത്രമാണ്, ഭാവി ജീവിതത്തിന്റെ നിലം ഉഴുതുമറിച്ച് വിതയ്ക്കുന്ന ഒരാൾ ."
രചനകൾ :
എണ്ണൂറോളം കനപ്പെട്ട ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ടെന്നും അതിൽ നാനൂറെണ്ണം ഇന്നും ലഭ്യമാണെന്നും ആധുനിക പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാസ്റ്റർപീസായ
"മക്കയിലെ വെളിപാടുകൾ" (The Meccan Revelations) ഏകദേശം മുപ്പത് വർഷത്തോളമെടുത്ത് എഴുതിയതാണ്.
ഗ്രന്ഥരചന പൂർത്തിയായ ശേഷം അദ്ദേഹമത് തുണിയിൽ പൊതിഞ്ഞു കെട്ടി വിശുദ്ധഗേഹമായ കഅബയുടെ മുകളിലേക്ക് എറിയുകയുണ്ടായി. നിരവധി വർഷങ്ങൾ അതവിടെ വെയിലും മഴയും മാറി മാറി ഏറ്റു കൊണ്ട് കിടന്നു. ഒടുക്കം തിരിച്ച് ലഭിക്കുമ്പോൾ അതിന് യാതൊരു കേടുപാടുകൾ ബാധിക്കുകയോ എഴുതിയ അക്ഷരങ്ങൾ മായുകയോ ചെയ്തില്ല. പിന്നീടത് യുഗങ്ങളെ അതിജീവിക്കുന്ന അതിമഹത്തായ രചനയായി മാറി.
560 അധ്യായങ്ങളായി വിഭജിച്ചിരിക്കുന്ന 37 വാല്യങ്ങളുള്ള കൃതി ഗദ്യവും പദ്യവും ഇടകലർന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. നിഗൂഡമായ വൈരുധ്യവും, ഘടനാപരമായ വിരോധാഭാസവും, ഗുപ്തരഹസ്യങ്ങളും, ക്ഷിപ്രഗാഹ്യമല്ലാത്ത ഭാഷയും ഇഴ പിരിയുന്ന രചനയാണ് ഫുതൂഹാത്ത്. "ഹൃദയം ദൈവീക സവിധാനത്തിൽ സമർപ്പിക്കപ്പെട്ടവർ ഘടനാപരമായ പരിമിതികൾക്ക് അപ്പുറം നിൽക്കുന്നവരാണ്, വെളിപാടുകളായി അവർക്ക് വരുന്നതിനെ അവർ അപ്പാടെ തിടുക്കത്തിൽ പരിചയപ്പെടുത്തതാൻ ആരംഭിക്കും" എന്നാണ് അദ്ദേഹം ഇതേ കുറിച്ച് എഴുതിയത്. ഒപ്പം, ഇതൊന്നും ചിന്തകളിലൂടെ നിർഗ്ഗളിക്കുന്നതല്ല എന്നും അദ്ദേഹം കൂട്ടിച്ചെർക്കുന്നുണ്ട്.
ഡോ. എറിക് വിങ്കൽ 9,000-ത്തിലധികം പേജുകളിലായി ഈ കൃതി The Openings Revealed at Makkah എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ കൻസാസിലെ മാൻഹട്ടനിൽ ജനിച്ച വിങ്കൽ 33 വർഷത്തിലേറെ ഇബ്‌നു അറബിയെ കുറിച്ച് റിസർച്ച് നടത്തിയ വ്യക്തിയാണ്. റാൽഫ് ഓസ്റ്റന്റെ സൂഫിസ് ഓഫ് ആൻഡലൂഷ്യ എന്ന പുസ്തകം വിങ്കെൽ ചെറുപ്പത്തിൽ വായിക്കുകയും ഇബ്‌നു അറബിയുടെ കൃതികളിൽ ആകൃഷ്ടനാകുകയും ചെയ്തു. കോവിഡ് സമയത്ത് (2020–2022), ഡോ. വിങ്കൽ ഇബ്നു അൽ-അറബിയെയും ഫുതുഹാതിനെയും കുറിച്ച് ആഴ്ചതോറുമുള്ള സെഷനുകൾ നടത്തി, അവ റെക്കോർഡുചെയ്‌ത് YouTube-ൽ പുറത്തിറക്കി. പ്രഭാഷണ പരമ്പര YouTube-ൽ "(മുഹ്‌യിദ്ദീൻ) ഇബ്നു അറബിയിൽ നിന്നുള്ള ഉൾക്കാഴ്ചകൾ" എന്ന പേരിൽ കാണാം : https://www.youtube.com/playlist?list=PLMDZGtTNGHpENB2Ylrf3n84I-NQmAt_Xd
ഡോ എറിക് പറയുന്നു : ഒരുപക്ഷേ ആദ്യം പറയേണ്ടത് ഇബ്‌നു അറബി പറ്റിത്തന്നെ, എല്ലാത്തരം അക്രമങ്ങളെയും അദ്ദേഹം വെറുത്തിരുന്നു എന്നതാണ്; അദ്ദേഹം വളരെ സൗമ്യനായ ഒരു വ്യക്തിയായിരുന്നു. തുടക്കം മുതൽ തന്നെ, അദ്ദേഹത്തെ വായിക്കാൻ തുടങ്ങിയ ഉടൻ തന്നെ എനിക്ക് അങ്ങനെ തോന്നി. നമ്മളെപ്പോലെ, വലിയ പ്രക്ഷോഭങ്ങളുടെയും രാഷ്ട്രീയ മാറ്റങ്ങളുടെയും ഒരു കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്; നാലാം കുരിശുയുദ്ധത്തിന്റെ സമയത്ത് അദ്ദേഹം ഇസ്ലാമിക ലോകത്തിന്റെ ഹൃദയഭാഗത്തായിരുന്നു, സാമ്രാജ്യം പല മുന്നണികളിൽ നിന്നും ആക്രമണത്തിന് വിധേയമായിരുന്നു, അദ്ദേഹത്തിന്റെ ജീവിതകാലത്ത് ജറുസലേം മൂന്ന് തവണ കൈ മാറി. വിവിധ സ്ഥലങ്ങളിൽ, താൻ കണ്ടതിനെക്കുറിച്ച്, പ്രത്യേകിച്ച് മുസ്ലീം സേനയുടെ കമാൻഡറായ സലാഹുദ്ധീൻ യൂസഫ് ബിൻ അയ്യൂബ് യുദ്ധസമയത്ത് പെരുമാറിയ നയരീതിയെക്കുറിച്ച് അദ്ദേഹം വാചാലനാകുന്നു.
എന്നാൽ ഇന്ന് നമ്മൾ ഗുണപരമായി വ്യത്യസ്തമായ ഒരു ലോക സാഹചര്യത്തിലാണ്, ആ പരമ്പരാഗത നിയമങ്ങൾ ഇന്ന് ബാധകമല്ല. ഞാൻ പിഎച്ച്ഡി നേടിയ എന്റെ ആദ്യ പഠന മേഖല രാഷ്ട്രീയ തത്ത്വചിന്തയിലായിരുന്നു, അതിനാൽ ആ മേഖലയിലെ ആളുകൾ നമ്മുടെ നിലവിലെ പ്രതിസന്ധികളെക്കുറിച്ച് എന്ത് പറയുമെന്ന് എനിക്ക് വളരെ പരിചിതമാണ്. എന്നാൽ ഇബ്നു അറബിയെ പഠിച്ചതിലൂടെ ഞാൻ മനസ്സിലാക്കിയത്, സമൂഹങ്ങളെയോ രാഷ്ട്രീയത്തെയോ നോക്കുന്നതോ, ആളുകളുടെ ഗ്രൂപ്പുകളുടെയും അതുപോലുള്ള കാര്യങ്ങളുടെയും പെരുമാറ്റം വിശകലനം ചെയ്യുന്നതോ ഗുണകരമാവില്ല എന്നതാണ്, കാരണം അവസാനം, എല്ലാം ഒരു വ്യക്തിഗത ആത്മീയ പ്രശ്നമായി മാറുന്നു. നിങ്ങൾ വംശീയതയെ പരിഗണിച്ച് ചോദിച്ചാൽ: അത് എവിടെ നിന്ന് വരുന്നു? അത് എങ്ങനെ ശാശ്വതമാവുകയും സാധാരണവൽക്കരിക്കുകയും ചെയ്യുന്നു? അല്ലെങ്കിൽ നിങ്ങൾ സൈനിക അക്രമത്തെയും പ്രദേശിക ആധിപത്യത്തെയും കുറിച്ച് ചോദിച്ചാൽ: അത് എങ്ങനെ ആരംഭിക്കുകയും നിലനിൽക്കുകയും ചെയ്യുന്നു? അത് എങ്ങനെ ശക്തിപ്പെടുത്തുന്നു? - അപ്പോൾ എല്ലാത്തിനുമുള്ള ഉത്തരം, ഇതെല്ലാം വ്യക്തികളുടെ പ്രവർത്തനങ്ങളിലേക്ക് വരുന്നു എന്നതാണ്.
ഇബ്‌നു അറബി പറയുന്നത്, സംഭവിക്കുന്നതെല്ലാം ആന്തരിക പ്രകൃയകളാണ്, അതായത് നമ്മൾ ആരാണെന്നും നമ്മുടെ ഉദ്ദേശ്യങ്ങൾ എന്താണെന്നും. അദ്ദേഹം ഉദ്ദേശ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന ആത്മീയ ഗുരുക്കന്മാരെക്കുറിച്ചും ധാരാളം സംസാരിക്കുന്നു. ഈ ആളുകൾ എല്ലായ്പ്പോഴും ആദ്യം ആന്തരിക അവസ്ഥയെ നോക്കുന്നു, എന്താണ് അകത്ത് നിന്ന് വരുന്നതെന്ന് മനസ്സിലാക്കുന്നു. നമ്മളിൽ മിക്കവരും കാര്യങ്ങൾ നേരെ മറിച്ചാണ് കാണാൻ പഠിച്ചിരിക്കുന്നത്; നമ്മൾ പ്രധാനമായും പുറം നോക്കുകയും പിന്നീട് അത് ആന്തരികത്തെ എങ്ങനെ ബാധിക്കുമെന്ന് പരിഗണിക്കുകയും ചെയ്യുന്നു.
ഇസ്ലാമിൽ, ഒരു ഹദീസ് ഉണ്ട് - പ്രവാചകൻ മുഹമ്മദ് നബിയുടെ വചനം - സാധ്യമെങ്കിൽ നമ്മുടെ കൈകൊണ്ട് തെറ്റായ കാര്യങ്ങളെ തടയണം. നമ്മുടെ കൈകൊണ്ട് അവയെ തടയാൻ കഴിയുന്നില്ലെങ്കിൽ, നമ്മുടെ വായ്കൊണ്ട് അവയെ തിരുത്തണം - അതിനാൽ നമ്മൾ അവയ്‌ക്കെതിരെ സംസാരിക്കുന്നു. നമുക്ക് അതും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, നാം അവയെ ഹൃദയത്തിൽ പിഴുതെറിയണം. ഇത് അവസാനത്തേതാണ് ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും ബുദ്ധിമുട്ടുള്ളതും, കാരണം പോരാടാൻ എളുപ്പമാണ്, സംസാരിക്കാൻ എളുപ്പമാണ്. എന്നാൽ ഹൃദയത്തിലെ അസത്യത്തിൽ നിന്ന് സത്യം തിരിച്ചറിയുന്നത് അത്ര എളുപ്പമല്ല. അതിനാൽ നമ്മൾ എപ്പോഴും ഹൃദയത്തിൽ നിന്ന് പ്രവർത്തിക്കണമെന്ന് ഇബ്‌നു അറബി വളരെ വ്യക്തമായി അടിവരയിട്ട് പറയുന്നു. ഇത് നമ്മെ ലക്ഷ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നു; ആദ്യം ആന്തരികം കാണുകയും പിന്നീട് ബാഹ്യഭാഗം നോക്കുകയും ചെയ്യുക. (ഡോ എറിക് - അഭിമുഖം )
(1236 നും 1238 നും ഇടയിൽ ഡമാസ്കസിൽ വെച്ച് ഇബ്നു അറബി സ്വന്തം കൈപ്പടയിൽ എഴുതിയ അൽ-ഫുതുഹാത്ത് അൽ-മക്കിയയുടെ ആദ്യ പേജ്. 37 വാല്യങ്ങളുള്ള പൂർണ്ണ കൃതി ഇപ്പോൾ ഇസ്താംബൂളിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിലാണ് )
പ്രണയത്തെക്കുറിച്ചുള്ള പ്രബന്ധം :
178- ാം അധ്യായത്തിൽ "പ്രണയത്തെക്കുറിച്ചുള്ള പ്രബന്ധം" എന്ന തലക്കെട്ടിൽ, കോർഡോവയിലെ 96 വയസ്സുള്ള സൂഫി മിസ്റ്റിക് ഫാത്തിമ ബിൻത് അൽ-മുത്തന്ന എന്ന സ്ത്രീയുമായുള്ള തന്റെ കൂടിക്കാഴ്ചയെക്കുറിച്ച് ഇബ്‌നു അറബി പരാമർശിക്കുന്നുണ്ട്. അൽ-മുത്തന്നയുടെ ആത്മീയ ഉന്നതി ഇബ്‌നു അറബിയെ അത്ഭുതപ്പെടുത്തുന്നു. അൽ-മുത്തന്ന "തംബുരു വായിക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്തിരുന്നു " എന്നും ഇബ്‌നു അറബി അതേ ഖണ്ഡികയിൽ എഴുതി. ഫാത്തിമ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ പ്രാപ്തയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ഒരിക്കൽ ഒരു സ്ത്രീ തൻ്റെ ഭർത്താവ് തന്നെ ഉപേക്ഷിച്ച് സ്‌പെയിനിലെ സെവില്ലെയിലേക്ക് പെണ്ണന്വേഷിച്ച് പോയ സംഭവം കരഞ്ഞു കൊണ്ട് ഫാത്തിമയോട് പരാതി പറഞ്ഞു. ഫാത്തിമ അവരെ ആശ്വസിപ്പിച്ചു കൊണ്ട് ദിവസവും വിശുദ്ധ ഖുർആനിലെ ആദ്യ അദ്ധ്യായം "ഫാത്തിഹ" നിരന്തരം പാരായണം ചെയ്യാൻ ആവശ്യപ്പെടുന്നു. മൂന്നാം ദിവസം, അയാൾ തിരിച്ചുവന്നു, ഒരു നിഗൂഢമായ ഉത്കണ്ഠയാണ് തന്നെ മടക്കയാത്രയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് അയാൾ ഭാര്യയോട് പറഞ്ഞത്.
ഏകദേശം രണ്ട് വർഷത്തോളം ഇബ്‌നു അറബി ഫാത്തിമയെ ഗുരുവായി സ്വീകരിച്ചു, അവർക്ക് സേവനം നൽകി.
എട്ടാം അധ്യായത്തിൽ, ഒരു പ്രത്യേക ലോകത്തെക്കുറിച്ചുള്ള വിവരണം, സാങ്കൽപ്പിക ലോകം അല്ലെങ്കിൽ മനസ്സിലാക്കാവുന്നതും സംവേദനക്ഷമവുമായ ലോകങ്ങൾക്കിടയിലുള്ള ഒരു ഇന്റർമീഡിയറ്റ് ലോകം എന്നിവ നമുക്ക് കാണാം. അലം അഖ്ലി' അഥവാ മനസ്സിലാക്കാവുന്ന ലോകം; 'അലം മിസാലി' അഥവാ സാങ്കൽപ്പിക ലോകം; 'അലം ഹിസ്സി' അഥവാ സംവേദനക്ഷമതയുള്ള ലോകം. ഈ വ്യത്യാസം ഓരോന്നിനും പ്രത്യേകമായുള്ള "രൂപങ്ങളെ" തിരിച്ചറിയുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അവ നിലനിൽക്കുന്നതും അറിയുന്നതും ആയ മൂന്ന് മേഖലകൾക്കനുസരിച്ച് ശ്രേണിക്രമീകരിച്ചിരിക്കുന്നു: മനസ്സിലാക്കാവുന്ന രൂപങ്ങൾ, സാങ്കൽപ്പിക രൂപങ്ങൾ, സെൻസിറ്റീവ് രൂപങ്ങൾ.
രൂപങ്ങളുടെ ലോകത്ത് നിന്ന് യാത്ര പുറപ്പെട്ട ഒരു നൗകയോട് മനുഷ്യനെ ഉപമിക്കുന്നു. മനുഷ്യൻ പ്രസവത്തോടെ ജനിക്കുന്നതല്ലെന്നും അതിനുമുൻപും വിവിധ ലോകങ്ങൾ സഞ്ചരിച്ച് ഈ ലോകത്ത് എത്തിപ്പെട്ടതാണെന്നും, ഇനിയങ്ങോട്ട് തുടർയാത്രകൾ ഉണ്ടെന്നും ഓർമ്മപ്പെടുത്തുന്നു. ഈ " യാഥാർത്ഥ്യ ഭൂമി " ( അർദുൽ-ഹഖീഖ ) മാതൃകയായി രൂപപ്പെടുത്തിയതാണെന്ന് ഇബ്‌നു അറബി പറയുന്നു. തത്ത്വചിന്തകൻ ദൈവത്തിന്റെ പ്രവൃത്തികൾ പഠിക്കുമ്പോൾ, മിസ്റ്റിക്ക് " ദൈവത്തെ പ്രവൃത്തിയിൽ കാണുന്നു " എന്ന് ഇബ്‌നു അറബി എഴുതുന്നു.
Note : ആഴത്തിൽ അനുഭവവും ആത്മീയ സഞ്ചാരവും ഗുരുകടാക്ഷവും സിദ്ധിച്ചവർക്കല്ലാതെ ഇബ്നു അറബിയുടെ കൃതികൾ എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയില്ല.
What's Your Reaction?