സീലോ - ആധുനികതയുടെ ദാർശനികൻ
മാരിയോ ലൂയീസ് റോഡ്രിഗ്വെസ് കോബോസ് 1938-ൽ അർജൻ്റീനയിൽ ജനിച്ചു. കൂടുതലും അറിയപ്പെടുന്നതോ മറ്റൊരു പേരിൽ - സിലോ .
ഒരു കാർഷികോല്പാദകനായി തുടങ്ങിയ അദ്ദേഹത്തിൻ്റെ ജീവിതം പിന്നീട് ചിന്തകൻ, എഴുത്തുകാരൻ, പ്രാസ്ഥാനികൻ എന്ന നിലയിൽ വളർന്നു. അദ്ദേഹത്തിൻ്റെ കൃതികൾ ലോകം മുഴുവൻ നൂറുകണക്കിന് ആളുകളെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു.
2010 സെപ്തംബർ 16 ന് 73-ാം വയസ്സിൽ അദ്ദേഹം ഈ ഭൂമി വിട്ടുപോയി.
ആത്മീയം, സാമൂഹികം, മന:ശാസ്ത്രപരം എന്നിങ്ങനെ മൂന്നു ഘടകങ്ങൾ ഒന്നായി ഇഴുകി ചേർന്ന അതിനൂതന സരണിയാണ് സിലോയുടെത്. ആത്മീയത എന്നാൽ വിമോചകം. ആന്തരികവും സാമൂഹികവുമായ മാനങ്ങൾ ഒരുമിച്ച് അതിനു നൽകി എന്നത് സിലോയുടെ പ്രത്യേകതയാണ്. കൂടാതെ മനുഷ്യരുടെ മന:ശാസ്ത്രപരമായ പ്രക്രിയകളുടെ ഘടനയെ ഉചിതമായ രീതിയിൽ അഴിച്ചു കാണിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. ഇക്കാര്യത്തിൽ താത്വികമായി അദ്ദേഹം ജിദ്ദു കൃഷ്ണമൂർത്തിയുടെ സംഭാഷണവൃത്തിയോട് അടുത്തു നിൽക്കുമെങ്കിലും ഈ അഴിക്കൽ പ്രക്രിയ നിർവ്വഹിക്കാൻ സിലോയ്ക്ക് വേറെ പ്രായോഗിക പദ്ധതികൾ തന്നെയുണ്ട്. അത്തരം പ്രയോഗവൽക്കരങ്ങളെ ജിദ്ദു കൃഷ്ണമൂർത്തി ബാഹ്യവിപ്ലവം എന്ന പേരിൽ വിമർശിക്കുമ്പോൾ
സിലോ ചെയ്തത് ഏറ്റവും കാര്യക്ഷമമായ നൂതന രീതികളാണ് .
പ്രയോഗവൽക്കരണം എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ആത്മീയ വിമോചനത്തിൻ്റെ കാര്യത്തിൽ വരുമ്പോൾ !
സിലോയുടെ ഇന്ത്യൻ പ്രവേശനം
ഒരു ആത്മീയ അവധൂതൻ തന്നെയായ സിലോ അദ്ദേഹത്തിൻ്റെ മുപ്പതാമത്തെ വയസ്സിലാണ് തൻ്റെ ആദ്യ സന്ദേശം നൽകുന്നത്. " കഷ്ടതയ്ക്കു മേൽ സൗഖ്യം " എന്ന പേരിലാണ് ഈ പ്രസംഗം അറിയപ്പെടുന്നത്. ഈ ആദ്യ സന്ദേശത്തിനു ശേഷം പന്ത്രണ്ടു വർഷം കഴിഞ്ഞ് അദ്ദേഹം ഇന്ത്യയിൽ വരുന്നു. 1981-ൽ നവംബർ 1 ന് ഇന്ത്യയിലുള്ള ചൗപ്പാത്തി ബീച്ചിൽ പ്രഭാഷണം നടത്തുന്നു.
ബീച്ചിൽ അന്നുച്ചയ്ക്കുണ്ടായ കൊടുങ്കാറ്റിൽ സ്റ്റേജു തകർന്നുപോയി.
എങ്കിലും പരിപാടി തുടർന്നു. ഓറഞ്ചുനിറമുള്ള കൊടി ഉയർന്നു.
കസേരകൾ വീണ്ടും നിരത്തി. വൈകുന്നേരം അഞ്ചരയോടെ പതിനായിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത് !
സൗത്ത് അമേരിക്കയിലെ ആദ്യ പ്രഭാഷണത്തിൽ പറഞ്ഞ കാര്യങ്ങൾ അദ്ദേഹം മുബൈയിലെ ആളുകൾക്കിടയിലും ആവർത്തിച്ചു പറഞ്ഞു. ആന്തരിക വിശ്വാസമില്ലെങ്കിൽ , അതായത് അവനവനെ തന്നെ വിശ്വാസമില്ലെങ്കിൽ അവിടെ ഭയമുണ്ട്.
ഭയം കഷ്ടതയുണ്ടാക്കുന്നു. കഷ്ടത ഹിംസയെ ഉണ്ടാക്കുന്നു. ഹിംസയാകട്ടെ, നാശം ജനിപ്പിക്കുന്നു. അതുകൊണ്ട്, ഒരുവനിൽ തന്നെയുള്ള വിശ്വാസത്തിൻ്റെ ഉറപ്പ് നാശത്തെ അതിജീവിക്കുന്നു.
"Treat others as you want them to treat you. "
സിലോ അന്ന് മുംബൈയിൽ വച്ചു പറഞ്ഞ ഈ വാചകം മുൻപും മഹത്തുക്കളിലൂടെ നാം കേട്ടു കാണാം.
ഉദാഹരണമായി, നാരായാണഗുരു പറയും പോലെ:
" അവനവനാത്മ സുഖത്തിനായാ ചരിക്കുന്നവ
അപരൻ്റെ സുഖത്തിനായ് വരേണം "
എന്നത് സിലോയുടെ വചനത്തോട് സാധർമ്മ്യമുള്ളതാണ്.
സിലോയുടെ അഭിപ്രായത്തിൽ ഇതിനേക്കാൾ വലുതായ വേറെ മാനുഷിക പ്രവർത്തനമില്ല, എന്നാണ്. ഇതിനേക്കാൾ വലിയ വേറെ ധാർമ്മിക നിയമവുമില്ല. !
തുടർന്ന് സിലോ പറയുന്നു:
" ഈ ഭൂമി തന്നെ അപമാനവീകരിക്കപ്പെട്ടിരിക്കുന്നു.
ജീവിതം പോലും അപമാനവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മനുഷ്യന് അവരിൽ തന്നെ വിശ്വാസം ഇല്ലാതായിരിക്കുന്നു .
അതുകൊണ്ട് മനുഷ്യവൽക്കരിക്കുക , അതായത് യഥാർത്ഥത്തിൽ ഭൂമിയെ മാനവീകരിക്കുക എന്നാൽ ജീവിതത്തിൻ്റെ പ്രയോജന മൂല്യങ്ങളെ തന്നെ മാനവീകരിക്കുക എന്നതാണ്. "
അതായത് ജീവിതത്തെ സംബന്ധിച്ച തെറ്റായ മൂല്യസങ്കല്പങ്ങളും തൻമൂലമുള്ള വികസനാകാംക്ഷകളും മാറ്റുക എന്നതാണ്.
"To humanize the earth is to humanize the values of life." ഇത് മനുഷ്യനെ കേന്ദ്രീകരിച്ചുള്ള മാനവവാദമായി പ്രത്യക്ഷത്തിൽ തോന്നും. പക്ഷേ, വിവേകമുള്ള മനുഷ്യനേ, ഇന്ന് വിവേകപൂർണ്ണമായ പ്രകൃതിയെ പോലും തിരിച്ച് നിർമ്മിക്കാനാവൂ എന്നുണ്ട്. ഇതൊരു സംതുലനത്തിൻ്റെ പ്രശ്നം കൂടിയാണ്.
ചൂഷണ വിമുക്തയായ പ്രകൃതിയും ഭൂമിയും
അതിൻ്റെ ഫലസ്ഥിതിയായി വരും, അപ്പോൾ !
" ജീവിതത്തെ വളർത്തുന്ന കാര്യങ്ങൾ നന്മയാണ്. ജീവിക്കുന്നതിന് എതിരു നിൽക്കുന്നവ , വിഭജിക്കുന്നവ , ഇനി ഭാവിയില്ല, അർത്ഥമില്ല എന്ന് ചൊല്ലുന്നവ, വർഗ്ഗീയത ഒക്കെ തന്നെ തിന്മ തന്നെ ! എന്നാൽ ഇനിയുമുണ്ടൊരു ഭാവി , എന്ന രീതിയിൽ വിശ്വാസം വീണ്ടെടുക്കുന്ന എന്തും നന്മയാണ്. " ഇത്തരത്തിൽ നന്മ-തിന്മകൾ തികച്ചും ഭൗതികമാണ്. ഇന്ത്യയുടെ തീരത്തു നിന്നു കൊണ്ട് സിലോ ലോകത്തോട് പറഞ്ഞ കാര്യങ്ങളാണിവ.
What's Your Reaction?