കുറുങ്കഥകൾ

   26-Feb-2025 : 1:54 PM   3      54

കുറുങ്കഥകൾ 

മനസ്സ്


കൈകൾ കുഴഞ്ഞ് വഴുതി

താഴെ വീണതൊക്കെയും

എൻ്റെ ഭയങ്ങളായിരുന്നു

 

സൗഹൃദം

എൻ്റെ ചങ്ങാതിമാർക്കിടയിലേക്ക്

നീലത്തിമിംഗലമായി എനിക്കെത്തണം

പിരിയും നേരം എരണ്ട ആഴത്തിലേക്കെന്നപോലെ

അവരറിയാതെ ഞാനെൻ്റെ ഇരുട്ടിലേക്ക് മടങ്ങി കൊള്ളാം

 

കള്ളൻ 

 ആദ്യ തല്ലിൽ തന്നെ

 തൻ്റെ സഹപാഠിയിൽ നിന്നും മോഷ്ടിച്ച

രണ്ടു രൂപ തിരിച്ചേൽപ്പിക്കാമെന്നവൻ

അധ്യാപകന് ഉറപ്പുനൽകി , 

അന്ന് രാത്രി അവൻ ആദ്യമായി മോഷ്ടിച്ചു.

 

ആചാരം

 പ്രാരാബ്ധങ്ങൾ അധികമായതിനാൽ അവന്

എല്ലാദിവസവും ജോലി ചെയ്യേണ്ടതായി വന്നു , 

മുടക്കമില്ലാതെ പണിക്കു പോകുന്നവൻ ആയതുകൊണ്ട്

നല്ല പണിക്കാരൻ എന്ന പേര്

അവനു കൊടുക്കാൻ ആളുകൾ തയ്യാറുമായില്ല.

 ആയിരക്കണക്കിന് വർഷങ്ങൾക്കു മുന്നേ

അവരുടെ ഗുരു 

പാടാത്ത പാട്ടിനാണ് മാധുര്യം എന്ന്

ആ ജനതയെ പഠിപ്പിച്ചിരുന്നു.

 

ദാരിദ്ര്യം 

 സ്വപ്നചിറകുകൾക്ക് ഭാരം ഏറെയായതിനാൽ

എനിക്ക് തുടരെത്തുടരെ താഴെയിറങ്ങേണ്ടതായി വന്നു.

 യാഥാർത്ഥ്യം ചില്ലകൾ വിരിച്ച് മുകളിലായിരുന്നെങ്കിൽ

എനിക്ക് താഴേക്ക് നോക്കിയാൽ മാത്രം മതിയായിരുന്നു.

വര - സുധി അന്ന  Sudhi  Anna 

What's Your Reaction?