ശാന്തം
ശാന്തം
പുതിയ വീട്, മതിൽ, ഗേറ്റ്, മുറ്റം പരവതാനികൾ...
നിറയെ ആളുകൾ, കൊച്ചുവർത്തമാനങ്ങൾ, കുശലാന്വേഷണങ്ങൾ, പരിഭവങ്ങൾ, പരാതികൾ.
പാചകം, പലഹാരങ്ങൾ, അമ്മ.. ചേച്ചി, സൽക്കാരം, ചിരി തമാശകൾ, ഗൾഫ് വിശേഷങ്ങളുടെ ചൂഴ്ന്നെടുക്കൽ... അമ്മ, 'ശാന്തേ, ചായ' ആ പേരിനൊപ്പം കാച്ചിയ വെളിച്ചെണ്ണയുടെ മണം കാറ്റിലൂടെന്നപോലെ എന്നിലേക്ക്. ഗ്ലാസും, ചായയും മേശപ്പുറത്ത്. ഒഴിഞ്ഞ ഗ്ലാസുമെടുത്തു തിരികെപ്പോകുന്ന ശാന്തയുടെ മുഖത്തിന്റെ ഇടതുഭാഗത്തു കാലം പിഴുതെടുക്കാത്ത ഒരോർമ്മ തെളിഞ്ഞു കിടക്കുന്നു.
'ശാന്തേ, ചോറിനു ആളുണ്ടാകും'
അമ്മ വീണ്ടും വിളിച്ചറിയിക്കുന്നു. എന്നിലെ നാലാം ക്ലാസ്സുകാരൻ സ്കൂൾ വരാന്തയിൽവെച്ചു ശാന്തേ എന്ന വിളിയിലേക്കു തിരിഞ്ഞു നോക്കിയതുപോലെ,
ഇപ്പോൾ ആ വിളിക്കു പിറകെപ്പോകാൻ ഒന്നു ശങ്കിച്ചു. അവളായിരിക്കുമോ!
മെലിഞ്ഞ ബെഞ്ചിലെ. കുഞ്ഞുടുപ്പിനുളളിലെ, നിലാവുപോലുള്ള ചിരിയുമായി ഓടിക്കിതച്ചുവരുന്ന കളിക്കൂട്ടുകാരി ശാന്തതന്നെയെന്നു ഉറപ്പിക്കാൻ മനസ്സ് വിസമ്മതിച്ചു.
അടുക്കളയിൽ, വീടിന്റെ പിറകുഭാഗത്തു, ചൂലുമായി മുറികൾക്കുള്ളിൽ, മുറ്റത്തു വരുന്നവർക്ക് ചായഗ്ലാസ്സുമായി, നടന്നും, ഓടിയും ഇടക്കിടെ എന്നെ ഒളിഞ്ഞു നോക്കുകയും ചെയ്യുന്ന രണ്ടുമക്കളുടെ അമ്മയായ ശാന്തയെന്ന വീട്ടുജോലിക്കാരിയെ നാലാം ക്ലാസ്സിന്റെ വരാന്തയിൽനിന്നു,
കുഞ്ഞുടുപ്പിനുള്ളിൽ നിന്ന്, ഉച്ചക്കഞ്ഞിയുടെ ഉച്ചനേരങ്ങളിൽനിന്നു, മാറ്റിയെഴുതാൻ കഴിയാത്ത നിസ്സഹായതയോടെ, അവളുടെ മക്കൾക്കെന്നപേരിൽ കൈകളിലേക്ക് ഇത്തിരി മിഠായിയും,
ഈന്തപ്പഴവും നൽകിയപ്പോൾ ഉള്ളിലൊരായിരം തവണ ഞാനെന്നോടു പറഞ്ഞു,
ഇതവളുടെ മക്കൾക്കല്ല, ആ പഴയ നാലാം ക്ലാസ്സുകാരിക്കാണെന്ന്.
വീട്ടിലേക്ക് മടങ്ങിപ്പോകുന്ന ശാന്തക്ക് ആ മിഠായിയും, ഈന്തപ്പഴവും മധുരമാണോ, കയ്പ്പാണോ സമ്മാനിച്ചിട്ടുണ്ടാവുക!
വര - സുധി അന്ന Sudhi Anna
What's Your Reaction?