"വിടുവായൻ ഹൃദയം" (The Tell-Tale Heart) എഡ്ഗർ അലൻ പോ
ശരിയാണ്! എനിക്ക് വലിയ മാനസികാസ്വാസ്ഥ്യമുണ്ടായിട്ടുണ്ട്.
ഇപ്പോഴുമുണ്ട്! എന്നുവെച്ച് എൻ്റെ മനോനില തെറ്റിയെന്നും, എനിക്ക് ഭ്രാന്താണെന്നും നിങ്ങൾക്കെങ്ങനെ പറയാനാകുന്നു? ഈ ദീനം കൊണ്ട് എൻ്റെ മനസ്സും ചിന്തകളും ഇന്ദ്രിയങ്ങളുമെല്ലാം കൂടുതൽ ശക്തി പ്രാപിച്ചിട്ടുണ്ടെങ്കിലേയുള്ളൂ. പ്രത്യേകിച്ച് കേൾവിശക്തി. ഇന്നേവരെ കേട്ടിട്ടില്ലാത്ത പല ശബ്ദങ്ങളും ഞാൻ കേൾക്കാൻ തുടങ്ങി. ഭൂമിയിലെയും, സ്വർഗത്തിലെയും, എന്തിന് നരകത്തിലെയും വരെ സ്വരങ്ങൾ എനിക്കിപ്പോൾ കേൾക്കാം! അങ്ങനെയുള്ളൊരാൾക്ക് ഭ്രാന്താണെന്ന് പറയുന്നതെങ്ങനെ?
ശ്രദ്ധിച്ച് കേൾക്കുക. ഞാനെല്ലാം പറഞ്ഞു തരാം. എൻ്റെ മനോനിലയെത്ര ഭേദപ്പെട്ടതാണെന്ന് നിങ്ങൾക്കപ്പോൾ മനസ്സിലാകും.
എന്നാണ്, എപ്പോഴാണ് ആ ചിന്ത എൻ്റെ മനസ്സിൽ കയറിക്കൂടിയതെന്ന് പറയുക അസാധ്യമാണ്. എൻ്റെ ആ പ്രവൃത്തിക്ക് പിന്നിൽ പ്രേത്യേകിച്ച് പ്രേരണയൊന്നുമില്ല. കിഴവനോടെനിക്ക് ദേഷ്യമൊന്നുമുണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ എനിക്കയാളോട് സ്നേഹമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അയാളെന്നെ ഒരിക്കലും ദ്രോഹിച്ചിട്ടില്ല. പരിഹസിച്ചിട്ടുമില്ല. അയാളുടെ പണത്തിലും എനിക്ക് നോട്ടമില്ലായിരുന്നു. എനിക്കുതോന്നുന്നു അയാളുടെ കണ്ണിനെ മാത്രമാണ് ഞാൻ വെറുത്തിരുന്നതെന്ന്. ഒരു കഴുകൻ്റേത് പോലുള്ള വൃത്തികെട്ട കണ്ണായിരുന്നു അയാൾക്ക്; ആരുടെയെങ്കിലും ഇര ചത്ത് വീഴുന്നതും കാത്ത്, വീഴുമ്പോൾ ചാട്ടുളി പോലെ വന്ന് ആ ശവത്തിൽ കൊത്തിപ്പറിക്കാൻ വെമ്പുന്ന കഴുകൻ കണ്ണ്!
ആ കണ്ണുകൊണ്ട് അയാളെന്നെ നോക്കുമ്പോഴെല്ലാം എൻ്റെ അസ്ഥിയും രക്തവും വരെ മരവിച്ചുപോകുമായിരുന്നു. അങ്ങനെ ഞാനൊരു തീരുമാനമെടുത്തു: കിഴവനെ കൊന്ന് ആ കണ്ണ് എന്നെന്നേക്കുമായി അടയ്ക്കുക.
ഞാൻ പറയുന്നത് ശ്രദ്ധിക്കൂ. നിങ്ങളുടെ കാഴ്ചപ്പാടിൽ എനിക്ക് ഭ്രാന്തായിരിക്കാം. പക്ഷെ ഭ്രാന്തുള്ളവർക്ക് ഒന്നുമറിയില്ലല്ലോ. പദ്ധതിയിടാനും അത് നടപ്പിലാക്കാനും ഒന്നും അവരെക്കൊണ്ട് കഴിയില്ല. എന്നാൽ എനിക്കതിന് കഴിഞ്ഞു. എത്ര ശ്രദ്ധയോടെയും ദീർഘവീക്ഷണത്തോടെയുമാണ് ഞാനെൻ്റെ കരുക്കൾ നീക്കിയതെന്ന് നിങ്ങൾക്കറിയാമോ? കൊല്ലാൻ നിശ്ചയിച്ച ആഴ്ചയിലാണ് ഞാനയാളോട് ഏറ്റവും സ്നേഹത്തിൽ പെരുമാറിയത്. അക്കാലത്ത്, എന്നും അർദ്ധരാത്രി ഞാനയാളുടെ കിടപ്പുമുറിയുടെ പടിക്കലെത്തുമായിരുന്നു. വാതിൽപ്പിടി മെല്ലെ തിരിച്ച്, എൻ്റെ തലയ്ക്ക് കടക്കാൻ മാത്രം പാകത്തിനുള്ള വിടവുണ്ടാക്കി, തുണിയിൽ പൊതിഞ്ഞ റാന്തലുമായി ഞാൻ നിൽക്കും. കുസൃതിയോടെയുള്ള എൻ്റെയാ തലയിടൽ കണ്ടിരുന്നെങ്കിൽ നിങ്ങൾ ചിരിച്ചുപോയേനെ! അയാളെ ഉണർത്താതെ, തല പൂർണ്ണമായി അകത്തെ കാഴ്ചകൾ കാണുംവിധം ക്രമീകരിക്കാൻ ഒരു മണിക്കൂറോളം വേണ്ടി വരും. അമ്പട! ഇനി പറയ്, ഭ്രാന്തുള്ളവരെക്കൊണ്ട് ഇതൊക്കെ സാധിക്കുമോ? വാതിലിൻ്റെ വിജാഗിരിയെ ബഹളമുണ്ടാക്കാൻ വിടാതെ, റാന്തലിലെ തുണി സ്വല്പം മാറ്റി, ഒരു നേരിയ വെളിച്ചം അയാളുടെ കഴുകൻ കണ്ണിനു മീതെ ഇറ്റിച്ചു കൊടുക്കും. ഏഴു രാത്രി ഞാനിതാവർത്തിച്ചു. ഏഴിലും അയാളുടെ കണ്ണുതുറന്നില്ല; ആ കണ്ണു കാണാതെ കൊലചെയ്യുക അസാധ്യമായിരുന്നു. കാരണം, അയാളോട് എന്നിക്കൊരു വൈരാഗ്യവുമുണ്ടായിരുന്നില്ല; വെറുപ്പ് ആ ദുഷിച്ച കണ്ണിനോട് മാത്രം.
നേരം വെളുക്കുമ്പോഴാകട്ടെ, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ അതേ മുറിയിലേക്ക് വളരെ ധൈര്യത്തോടെ ഞാൻ കയറിച്ചെന്നു. ഉറക്കം എങ്ങനെയുണ്ടായിരുന്നു എന്നും മറ്റും അന്വേഷിച്ചു. അതുകൊണ്ടുതന്നെ എൻ്റെ പദ്ധതിയെപ്പറ്റി ഒരു ചെറിയ സൂചന പോലും അയാൾക്കുണ്ടായിരുന്നിരിക്കില്ല എന്നെനിക്ക് ഉറപ്പിച്ചു പറയാനാകും. അർദ്ധരാത്രി വാതിൽക്കൽ പതുങ്ങിനിന്ന് തൻ്റെ ഉറക്കത്തെ തീവ്രമായി വീക്ഷിക്കുന്നൊരാളാണ് മുന്നിൽ നിൽക്കുന്നതെന്ന് തിരിച്ചറിയണമെങ്കിൽ അയാൾക്ക് അസാമാന്യ ഉൾക്കാഴ്ചയുണ്ടായിരിക്കണം.
എട്ടാമത്തെ രാത്രി പതിവിലും സൂക്ഷ്മതയോടെയാണ് ഞാൻ മുറിയ്ക്ക് പുറത്തെത്തിയത്. ക്ലോക്കിൻ്റെ മിനിറ്റ് സൂചിയെക്കാൾ പതിയെയായിരുന്നു എൻ്റെ നീക്കമെന്ന് വേണമെങ്കിൽ പറയാം. അന്ന് പതിവിലും കൂടുതൽ ആത്മവിശ്വാസവും തോന്നി. വിജയം സുനിശ്ചിതമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു. എൻ്റെ വരവറിയാതെയുള്ള അയാളുടെ കിടപ്പ് കണ്ടപ്പോൾ ഞാൻ അറിയാതെയൊന്നു ചിരിച്ചുപോയി. അയാളത് കേട്ടെന്നു തോന്നുന്നു: കിഴവൻ ഒന്നു ഞെട്ടി. ഞാനെൻ്റെ ദൗത്യത്തിൽ നിന്ന് പിൻവാങ്ങിയെന്നാകും നിങ്ങളിപ്പോൾ ചിന്തിക്കുന്നുത്. ഒരിക്കലുമില്ല! മുറിയിലാകെ കൂരിരുട്ട് (കള്ളന്മാരെ പേടിച്ച് അന്നേ ദിവസം ജനാലകളെല്ലാം ബന്ധവസ്സാക്കിയിരുന്നു). ആ ഉറപ്പിൽ ഒരു കൂസലുമില്ലാതെ ഞാൻ വാതിൽ തുറന്നു. പതിവ് പോലെ ആദ്യം തല അകത്തേക്ക് നീട്ടി, റാന്തലിൻ്റെ പൊതിയഴിക്കൽ ആരംഭിച്ചു. അതിനിടെ പാട്ടയിൽ കൈ തട്ടി ചെറിയൊരു ശബ്ദമുണ്ടായി. കിഴവൻ കിടുങ്ങിയെഴുന്നേറ്റ് നിലവിളിച്ചു: "ആരാണവിടെ?"
ഞാൻ അനങ്ങാതെ നിന്നു. ഒരു മണിക്കൂറോളം അങ്ങനെതന്നെ തുടർന്നു. ഒരു പേശി പോലും ചലിപ്പിക്കാതെ. കിഴവൻ പിന്നെ കിടന്നതേയില്ല. അയാളും എന്നെ പോലെ നിശ്ചലനായി കാതുകൂർപ്പിച്ച് തൻ്റെ കട്ടിലിൽ എഴുന്നേറ്റിരുന്നു. മരണം തൊട്ടടുത്തെത്തിയെന്ന് അയാൾ മനസ്സിലാക്കിയിരിക്കും.
അയാൾ ഒന്നു ഞരങ്ങി. മരണഭീതിയുടെ ഞരക്കമായിരുന്നു അതെന്ന് ഞാൻ തിരിച്ചറിഞ്ഞു. അത് വേദനയുടെയോ ദുഃഖത്തിൻ്റെയോ ഞരക്കമായിരുന്നില്ല , മറിച്ച് ഭീതിയുടെ മൂർദ്ധന്യത്തിൽ, ആത്മാവിൻ്റെ അടിത്തട്ടിൽ നിന്ന് പുറന്തള്ളപ്പെടുന്ന ശബ്‌ദമായിരുന്നു.
എനിക്കാ ശബ്ദം വളരെ പരിചിതമായിരുന്നു. നിശയുടെ മദ്ധ്യയാമത്തിൽ, എത്രയോ വട്ടം എൻ്റെ ഹൃദയത്തിലും ഭീതിജനകമായ ഇതേ ശബ്ദം അലയടിച്ചിരിക്കുന്നു. അതെ, എനിക്കത് നല്ലതുപോലെ അറിയാം. അതുകൊണ്ട് കിഴവൻ്റെ ഭീതിയെനിക്ക് നന്നേ മനസ്സിലായി. ഒരേസമയം എനിക്കായാളോട് പുച്ഛവും ദയയും തോന്നി. അയാൾ ഉണർന്നുകിടക്കുകയാണെന്ന് എനിക്കറിയാമായിരുന്നു. കിഴവൻ്റെ ഭയം എനിക്ക് വായിച്ചെടുക്കാമായിരുന്നു; അപകടമൊന്നും വരില്ലെന്ന് സ്വയം ആശ്വസിപ്പിച്ചായിരുന്നിരിക്കണം കിടപ്പ്. ഇടയ്ക്കിടെ "ചിമ്മിനിയിൽ കാറ്റടിച്ച ശബ്ദമായിരിക്കും," "മുറിയിലൂടെ എലി പോയ ശബ്ദമായിരിക്കും," "ചീവീടിൻ്റെ കരച്ചിലായിരുന്നിരിക്കാം," എന്നെല്ലാം പിറുപിറുക്കുണ്ടായിരുന്നു. പക്ഷേ ഇതിൽനിന്നൊന്നും അയാൾക്ക് മനസ്സമാധാനം ലഭിച്ചില്ല. കാരണം, ഇരയെ തേടിയെത്തിയ മരണം അയാൾക്കുചുറ്റും ഒരിരുണ്ട നിഴൽ നെയ്തിരുന്നു. അദൃശ്യമായ ആ നിഴലിൽ അയാളെൻ്റെ സാമീപ്യം മനസ്സിലാക്കിയിരിക്കാം.
ഏറെനേരം ക്ഷമയോടെ ഞാൻ കാത്തുനിന്നു. കിഴവൻ കിടന്നു എന്നതിന് ഒരു സൂചനയും കിട്ടാതായപ്പോൾ റാന്തലിലെ തുണിയിൽ, നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്തത്രയും ശ്രദ്ധയോടെ, നേരിയ ഒരു കീറലുണ്ടാക്കി, ഞാൻ അയാളുടെ കണ്ണിന് നേരെ നീട്ടി: ഒരു ചിലന്തിവലയോളം മാത്രം ഖനമുള്ള നേരിയ വെളിച്ചം അയാളുടെ കഴുകൻകണ്ണിനുമേൽ ചെന്നു പതിച്ചു.
അത് മലർക്കെ തുറന്നിരുന്നു. ആദ്യ നോട്ടത്തിൽ തന്നെ എനിക്ക് അരിശം വന്നു. വളരെ കൃത്യമായി ഞാനാ കണ്ണുകണ്ടു; മങ്ങിയ നീല നിറം. എൻ്റെ രക്തം തണുത്തുറച്ചു. ആ കണ്ണല്ലാതെ മറ്റൊന്നും എനിക്ക് കാണാനായില്ല. ഞാൻ പോലുമറിയാതെ റാന്തലിൻ്റെ നൂൽവെളിച്ചം വളരെ കൃത്യതയോടെ ആ നശിച്ചിടത്തെ മാത്രം എനിക്ക് കാട്ടിത്തന്നു.
നിങ്ങൾ ഭ്രാന്തെന്ന് വ്യാഖ്യാനിക്കുന്നത് യഥാർത്ഥത്തിൽ എൻ്റെ ഇന്ദ്രീയങ്ങളുടെ തീവ്രതയാണെന്ന് ഞാൻ പറഞ്ഞതോർക്കുന്നില്ലേ? പഞ്ഞിക്കെട്ടിൽ കുടുങ്ങിയ വാച്ചിൻ്റേത് പോലുള്ള നേരിയ ഒരു ശബ്ദം എൻ്റെ കാതുകളിൽ വന്നു പതിച്ചു. എനിക്ക് സുപരിചിതമായ ശബ്ദം. കിഴവൻ്റെ നെഞ്ചിടിപ്പിൻ്റെ ശബ്ദം.
യുദ്ധത്തിൻ്റെ പെരുമ്പറയാൽ സൈനികൻ്റെ മനോധൈര്യം ഉത്തേജിക്കുന്നതുപോലെ, ആ ശബ്ദം എൻ്റെയുള്ളിലെ കലിയെ പതിൻമടങ്ങായി വർദ്ധിപ്പിച്ചു.
എങ്കിലും ഞാൻ സംയമനംപാലിച്ച് അനങ്ങാതെ, ശ്വാസംപിടിച്ച് നിന്നു. റാന്തലിൻ്റെ നേർത്ത കിരണം കിഴവൻ്റെ കണ്ണിൽ നിന്ന് വ്യതിചലിക്കാൻ ഞാൻ അനുവദിച്ചില്ല. ഇതേസമയം അയാളുടെ നെഞ്ചിടിപ്പിൻ്റെ താളവും ഉയരുന്നുണ്ടായിരുന്നു. ഓരോ സെക്കൻ്റിലും അത് കൂടിക്കൊണ്ടിരുന്നു. അയാളങ്ങേയറ്റം ഭയപ്പെട്ടിരിക്കണം! ഞാൻ പറഞ്ഞില്ലേ? ഓരോ സെക്കൻ്റിലും! എനിക്കും മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ; ഉള്ളതാണ്. അതുകൊണ്ടാവുമല്ലോ വീടിൻ്റെ പാതിരാ മൂകതയിൽ ഇങ്ങനെയൊരു ശബ്ദം എന്നെ ഒരേസമയം ത്രസിപ്പിക്കുകയും ഭീതിയിലാഴ്ത്തുകയും ചെയ്യുന്നത്. എങ്കിലും കുറേസമയം ഞാൻ ഒന്നിനും മുതിരാതെ നിന്നു. നെഞ്ചിടിപ്പ് ഉച്ചത്തിലായിക്കൊണ്ടേയിരുന്നു. ആ ഹൃദയം പൊട്ടിത്തെറിച്ചു പോകുമോ എന്നുവരെ ഞാൻ സംശയിച്ചു. അപ്പോഴതാ ഒരു പുതിയ പ്രശ്നം എന്നെയലട്ടാൻ തുടങ്ങി; അയൽപക്കത്തുള്ളയാരെങ്കിലും ഈ ശബ്ദം കേട്ടാലോ? കിഴവൻ്റെ സമയമായിരിക്കുന്നു, ഞാൻ മനസ്സിലുറപ്പിച്ചു. അലറിവിളിച്ച്, റാന്തലിലെ തുണി വലിച്ച് കീറിക്കൊണ്ട് ഞാൻ മുറിക്കുള്ളിലേക്കിരച്ചുകയറി. അയാളൊന്നു നിലവിളിക്കുകമാത്രം ചെയ്തു; ഒരു വട്ടം മാത്രം. ഞൊടിയിടയിൽ ഞാനയാളെ കട്ടിലിൽനിന്ന് വലിച്ച് തറയിലേക്കിട്ട്, ഭാരമേറിയ മെത്തയെടുത്ത് അയാളുടെമേലേക്കിട്ടു. പിഴവുകളില്ലാതെ കാര്യങ്ങൾ ഇതുവരെയെത്തിച്ചതിൽ അനന്ദംപൂണ്ട് ഞാൻ പുഞ്ചിരിച്ചു. പതിഞ്ഞതെങ്കിലും ഹൃദയമിടിപ്പ് അപ്പോഴും കേൾക്കാമായിരുന്നു. അതുപക്ഷേ എന്നെ വിഷമിപ്പിച്ചില്ല; ഭിത്തികളെ മറികടന്ന് അതു പുറത്തുപോകില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ക്രമേണ അതും അവസാനിച്ചു. കിഴവൻ മരിച്ചു. മെത്തനീക്കി ഞാൻ മൃതദേഹം പരിശോധിച്ചു. അത് അനങ്ങാപ്പാറയായി കിടപ്പുണ്ടായിരുന്നു. എങ്കിലും കുറച്ചുനേരം ഞാനാ നെഞ്ചിൽ കൈവച്ച് നോക്കി. ഹൃദയമിടിപ്പ് തീരെയില്ലായിരുന്നു. അയാൾ മരിച്ചിരുന്നു. ആ കണ്ണ് ഇനിയെന്നെ ഒരിക്കലും ബുദ്ധിമുട്ടിക്കില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു.
എനിക്ക് ഭ്രാന്താണെന്നാണ് നിങ്ങളിപ്പോഴും വിചാരിക്കുന്നതെങ്കിൽ, മൃതദേഹം മറവ് ചെയ്യാൻ ഞാനെടുത്ത മുൻകരുതലുകൾ എന്തെല്ലാമാണെന്ന് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സുമാറുമെന്നുറപ്പാണ്. ആ രാത്രി ഞാൻ അധ്വാനിച്ച് തളർന്നു. മൃതദേഹത്തിൻ്റെ തലയും കൈകാലുകളും അറുത്തെടുത്ത്, അതേ മുറിയുടെ തറയിൽനിന്ന് മൂന്ന് പലകകൾ അടർത്തിമാറ്റി, ആ വിടവുകളിൽ നിക്ഷേപിച്ചു. ശേഷം വളരെ സൂക്ഷ്മതയോടെ, ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ, പലകകൾ യഥാസ്ഥാനത്ത് തിരികെവച്ചു. ഒന്നും കഴുകി വൃത്തിയാക്കേണ്ടിവന്നില്ല. ചോരക്കറയോ മറ്റോ ഉണ്ടാവരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. രക്തം ഒട്ടും തറയിൽ വീഴാതെ ഒരു പാത്രത്തിൽ ശേഖരിച്ചിരുന്നു. ഹ, ഹാ!
ജോലിയൊക്കെ കഴിഞ്ഞപ്പോഴേക്കും സമയം പുലർച്ചെ നാലുമണിയായി. പക്ഷെ പാതിരാവോളം ഇരുട്ടുണ്ടായിരുന്നു. വീടിൻ്റെ മുൻവശത്തെ വാതിലിൽ ആരോ മുട്ടി. ഒട്ടും കൂസലില്ലാതെ ഞാൻ ചെന്ന് വാതിൽ തുറന്നു — ഞാനെന്തിന് പരിഭ്രമിക്കണം? പോലീസുകാരെന്ന് സ്വയം പരിചയപ്പെടുത്തിയ മൂന്നുപേർ അകത്തുകയറി. ഇവിടെനിന്നും രാത്രി ആരുടെയോ അലർച്ച കെട്ടെന്ന് അയൽക്കാരാരോ പരാതിപ്പെട്ടതിനെ തുടർന്ന്, കുറ്റകൃത്യം എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സ്റ്റേഷനിൽ നിന്ന് വിട്ടതാണ്.
ഞാൻ പുഞ്ചിരിച്ചു — ഞാനെന്തിന് പരിഭ്രമിക്കണം? ഞാനവരെ സന്തോഷത്തോടെ വരവേറ്റു. ഞാൻ തന്നെ രാത്രി ദുസ്വപ്നം കണ്ട് ഞെട്ടി അലറിയതാണെന്നും, കിഴവൻ ഒരു ദൂരയാത്ര പോയിരിക്കുകയാണെന്നും അവരെ പറഞ്ഞു വിശ്വസിപ്പിച്ചു. വീട് മുഴുവൻ കൊണ്ടു നടന്ന് കാണിച്ചു. എല്ലായിടവും നന്നായി പരിശോധിക്കാൻ അങ്ങോട്ടവശ്യപ്പെട്ടു. ഒടുവിൽ കിഴവൻ്റെ കിടപ്പുമുറിയിലെത്തി. അയാളുടെ സാധനസാമഗ്രികളെല്ലാം കാണിച്ചുകൊടുത്തു. ആത്മവിശ്വാസം അമിതമായപ്പോൾ അതേ മുറിയിൽ കസേരയിട്ട് അവരോട് അവിടെയിരുന്ന് ക്ഷീണമകറ്റാൻ ഉപദേശിച്ചു. സ്വന്തം കഴിവിൽ മതിമറന്നതുകൊണ്ടാകാം, എൻ്റെ കസേര ഇരയെ ഒളിപ്പിച്ചിരിക്കുന്നത്തിൻ്റെ നേരെ മുകളിൽ തന്നെയാണ് ഞാൻ പ്രതിഷ്ഠിച്ചത്.
പോലീസുകാർ സന്തുഷ്ടരായി. നല്ല പെരുമാറ്റം കൊണ്ട് ഞാനവരെ കൈയ്യിലെടുത്തു. മുറിയിലിരുന്ന് കുറേനേരം ഞങ്ങൾ കുശലം പറഞ്ഞു. പക്ഷെ വൈകാതെ ഞാൻ ഇരുന്ന് വിളറാൻ തുടങ്ങി, അവർ ഒന്നു പോയിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിച്ചു. എൻ്റെ തല വേദനിച്ചു തുടങ്ങി, കാതുകളിൽ എന്തോ മുഴങ്ങുന്നതുപോലെ. ഇതൊന്നുമറിയാതെ അവർ സൊറ പറഞ്ഞുകൊണ്ടേയിരുന്നു. കാതുകളിലെ മുഴക്കം കൂടുതൽ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. അതിനെ മറയ്ക്കാനായി ഞാൻ വളരെ പണിപ്പെട്ട് കുശലം പറച്ചിലിൻ്റെ തോത് കൂട്ടി; ഫലമുണ്ടായില്ല. മുഴക്കം കുറെകൂടി കൃത്യത കൈവരിച്ച്, ഒടുവിൽ എനിക്കാ സത്യം മനസിലാക്കിത്തന്നു — അത് എൻ്റെ ചെവിയിലായിരുന്നില്ല.
ഞാൻ നന്നേ വിളറി വെളുത്തെങ്കിലും എൻ്റെ സംസാരം നല്ല ഒഴുക്കിലും ഉച്ചത്തിലും തന്നെ പോയി. മുഴക്കം കൂടിക്കൊണ്ടേയിരുന്നു. ഞാൻ എന്ത് ചെയ്യാനാണ്? വളരെ പതിഞ്ഞ, വിരസമായ, എന്നാൽ വേഗതയേറിയ ഒരു ശബ്ദമായിരുന്നു അത്. പഞ്ഞിക്കെട്ടിൽ പൊതിഞ്ഞ വാച്ചിൻ്റേത് പോലെതന്നെ. ഞാൻ ശ്വാസമെടുമുക്കാൻ പ്രയാസപ്പെട്ടു. പോലീസുകാർ ഈ ശബ്ദം കേട്ടില്ല. എൻ്റെ സംസാരത്തിൻ്റെ വീര്യവും വേഗതയുമേറി; ഒപ്പം ഈ മുഴക്കവും. ഞാൻ കസേരയിൽ നിന്നെഴുന്നേറ്റ് നിസ്സാരകാര്യങ്ങളെ കുറിച്ചൊക്കെ വാചാലമായി തർക്കിക്കാൻ തുടങ്ങി. തീക്ഷ്ണമായ ചേഷ്ടകൾ കാണിച്ചു. കാതിലെ ബഹളം അതിനെയും മറികടന്നു. ഇവരെന്താ പോകാത്തത്? ക്ഷ്മകെട്ട് തറയിൽ ശക്തിയായി ചവിട്ടി ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി; എന്നിട്ടും ബഹളം കൂടിക്കൊണ്ടേയിരുന്നു. ദൈവമേ! ഞാനെന്ത് ചെയ്യും? ഞാൻ പുളഞ്ഞു — കരഞ്ഞു — ശപിച്ചു! എൻ്റെ കസേരയെടുത്ത് തറയിൽ ഉരച്ചുകൊണ്ടിരുന്നു. ബഹളം വീണ്ടും ശക്തമായി. കൂടി, കൂടി വരുന്നു! പോലീസുകാർ ഇതൊന്നും അറിഞ്ഞില്ല; അവർ ചിരിച്ചുകൊണ്ട് കുശലം പറച്ചിൽ തുടർന്നു. അവർക്ക് സത്യമായും ഇത് കേൾക്കാനാകുന്നില്ലേ? ഒരിക്കലുമില്ല! അവർ കേട്ടുകാണും! അവർക്ക് സംശയമുണ്ടാകും! അവർക്ക് എല്ലാമറിയാം! അവരെന്നെ പരിഹസിക്കുകയാണെന്ന് ഏകദേശം ഉറപ്പായി. പക്ഷെ ഈയവസ്ഥയെക്കാളും ഭേദമായിരിക്കും വേറെ എന്തും! ഇതിനോളം അസഹനീയമായിരിക്കില്ല മറ്റേത് ദുരവസ്ഥയും! അവരുടെ പുച്ഛം കലർന്ന ചിരി എനിക്കിനി സഹിക്കാനാകില്ല! ഒന്ന് അലറിവിളിക്കാനായില്ലെങ്കിൽ ഞാൻ മരിച്ചുപോകുമെന്ന് എനിക്കുതോന്നി! വീണ്ടും ആ ശബ്ദം! കേൾക്കൂ! ഉച്ചത്തിൽ! ഉറക്കെ!
"ദുഷ്ടന്മാർ!" ഞാൻ അലറി, "ഈ കാപട്യം മതിയാക്കൂ! ഞാൻ എല്ലാം സമ്മതിക്കുന്നു! പലകകൾ വലിച്ചിളക്കൂ! ഇതാ ഇവിടെ! ഈ നശിച്ചവൻ്റെ ഹൃദയധ്വനിയാണത്!
വിവർത്തനം: അഭിജിത് രാധാകൃഷ്ണൻ
വര : സുധി അന്ന
എഡ്ഗാർ അലൻ പോ (1809-1849) അമേരിക്കൻ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരനും കവിയും വിമർശകനുമാണ്.
ഗോഥിക്, ഭീതിജനകം, രഹസ്യാത്മകത എന്നിവയെ ആശ്രയിച്ച്, ആധുനിക ഹ്രസ്വകഥയുടെ പിതാവായി അദ്ദേഹം വാഴ്ത്തപ്പെടുന്നു.
ബോസ്റ്റണിൽ ജനിച്ച പോ, ഒരു ദുരന്തപൂർണമായ ജീവിതം നയിച്ചു;
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട പോ , ഒരു സമ്പന്ന കുടുംബത്തിൻ്റെ ദത്തുപുത്രനായി വളർന്നു.
പോയുടെ കൃതികൾ ഭയം, നഷ്ടം, മനുഷ്യമനസ്സിൻ്റെ അഗാധത എന്നിവയെ പര്യവേക്ഷണം ചെയ്യുന്നു.
"ദ റേവൻ" (1845), ഒരു കാവ്യാത്മക വിവരണ കവിത, അദ്ദേഹത്തിൻ്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ്,
അതിൻ്റെ ശക്തമായ ഭാഷയും വൈകാരിക തീവ്രതയും കൊണ്ട് വായനക്കാരെ ആകർഷിക്കുന്നു.
"ദ ടെൽ-ടെയിൽ ഹാർട്ട്", "ദ ഫോൾ ഓഫ് ദ ഹൗസ് ഓഫ് അഷർ", "ദ മർഡേഴ്സ് ഇൻ ദ റൂ മോർഗ്" എന്നിവ അദ്ദേഹത്തിൻ്റെ ഹ്രസ്വകഥകളിൽ പ്രശസ്തമാണ്,
ഇവ ഭീതിയും മനഃശാസ്ത്രപരമായ ആഴവും കൊണ്ട് ശ്രദ്ധേയമാണ്.
നിരൂപകനെന്ന നിലയിൽ, പോ തൻ്റെ കാലത്തെ സാഹിത്യ വിമർശനത്തിന് നിർണായക സംഭാവനകൾ നൽകി.
എന്നിരുന്നാലും, മദ്യപാനവും സാമ്പത്തിക ബുദ്ധിമുട്ടുകളും ജീവിതത്തെ ദുഷ്കരമാക്കി.
1849-ൽ, 40-ാം വയസ്സിൽ, ദുരൂഹ സാഹചര്യങ്ങളിൽ അദ്ദേഹം മരണമടഞ്ഞു.
പോയുടെ കൃതികൾ ലോകമെമ്പാടുമുള്ള എഴുത്തുകാരെയും വായനക്കാരെയും പ്രചോദിപ്പിക്കുന്നു,
പോയുടെ സാഹിത്യ പാരമ്പര്യം ഇന്നും ശക്തമായി നിലനിൽക്കുന്നു.
What's Your Reaction?