വിവേകി
നിൻ്റെ പേരെന്താ........ ?
മുകളിൽ തെറിച്ചു നിൽക്കുന്ന ചെടിയോട് ചോദിക്കുന്നേരം
താഴെ ചവിട്ടേറ്റ് ഞങ്ങൾ ഞെരിഞ്ഞമരുന്നത് അയാൾ ശ്രദ്ധിച്ചതേയില്ല
"കുറുന്തോട്ടി "ചെടി ഗർവ്വോടെ മറുപടി പറഞ്ഞു
"നല്ല പേര്"
പുകഴ്ത്തിയെങ്കിലും അയാളുടെ ഉള്ളിൽ ഉയർന്ന കുറുക്കൻ്റെ മുരൾച്ച
ചവിട്ടേറ്റു നിൽക്കുന്ന എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു.
തുടർന്നയാൾ അയാളുടെ ആവശ്യം അറിയിച്ചു
"പറയൂ പ്രിയ കുറുന്തോട്ടി ,
മനുഷ്യ ജീവികൾക്ക് ആവശ്യമായി നിന്നിലെ സവിശേഷതകൾ എന്തൊക്കെ"
മഞ്ഞപ്പല്ലുകൾ അഞ്ചും പുറത്ത് കാട്ടി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു തുടങ്ങി :
"ഗുണം മാത്രമുള്ള ഒന്നേയുള്ളൂ ഈ ഭൂമിയിൽ അത് ഞാനാണ് , അതുകൊണ്ട് നിങ്ങൾക്ക് എന്നെ സമൂലം ഉപയോഗിക്കാം
വാതം ബലക്കുറവ് നീർക്കെട്ട് പനി എന്ന് വേണ്ടാ ഞാൻ മനസ്സുവെച്ചാൽ
ഹേ...മനുഷ്യരേ നിങ്ങളെ സുന്ദരനും സുന്ദരികളുമാക്കി മാറ്റുവാനും എനിക്ക് സാധിക്കും "
അത്ഭുതത്തോടയാൾ "മഹനീയം " എന്നു ഉറക്കെ പറഞ്ഞു
" മാറെടോ "
വേദനകൊണ്ട് അതിനേക്കാൾ ഉറക്കെ ഞാനും പറഞ്ഞു .
ചാടി മാറിയ അയാൾ എന്നെ തുറിച്ചു നോക്കി എനിക്ക് ദേഷ്യവും അപമാനവും
അടക്കാൻ കഴിഞ്ഞില്ല,
" ഞങ്ങളെ ചവിട്ടി അരച്ചിട്ട് വേണോ തനിക്ക് കിന്നാരം പറയാൻ ? "
അത്കേട്ട് അയാൾ വിവേകിയേപ്പോലെ പറഞ്ഞു തുടങ്ങി :
"നിനക്ക് തെറ്റി , ഞാൻ ഭൂമിയിലെ സസ്യലതാദികളോട് സംസാരിച്ച്
അവയിൽനിന്നും ഗുണദോഷ അറിവുകൾ ശേഖരിക്കുന്ന ശാസ്ത്രജ്ഞനാണ്"
"എന്നിട്ടെന്താ നിങ്ങൾ ഞങ്ങളോടൊന്നും ചോദിക്കാത്തെ ?"
ഞാൻ ചോദിച്ചു
"നിന്നോട് എന്തു ചോദിക്കാൻ ?
നിങ്ങൾ വെറും പുല്ലല്ലേ..?
ഞങ്ങൾ അവിടംവിട്ടുപോന്നതിനു ശേഷം
ആ മണ്ണിൽ ഒരു ചെടിയും ഇന്നോളം മുളച്ചിട്ടില്ല
What's Your Reaction?