ആരോ . ..?

   29-Jul-2025 : 8:00 PM   1      64

"ഹേ മനുഷ്യാ, ദൈവം ദാനമായി തന്ന ജീവൻ നശിപ്പിക്കാൻ  നിനക്കവകാശമില്ല, ആത്മഹത്യ ഒന്നിനും പരിഹാരവുമല്ല".


കെ.എസ്.ആർ.ടി.സി ബസിൻ്റെ  സൈഡ് സീറ്റിൽ ദീർഘദൂര ടിക്കറ്റ് എടുത്ത് പുറത്തേക്ക് നോക്കി ഇരിക്കുമ്പോളാണ് അവളത് കേട്ടത്. വഴിയരികിൽ പാർക്ക്‌ ചെയ്ത വെള്ള മാരുതി വാനിനരുകിൽ നിന്ന് ഒരു പാസ്റ്റർ പ്രസംഗിക്കുന്നു. ജീവിതം, മരണം, മരണനാന്തര ജീവിതം,സ്വർഗ്ഗം, നരകം.


പാസ്റ്ററുടെ  പ്രസംഗം കത്തിക്കയറുകയാണ്. കേൾവിക്കാർ കുറവാണ്. ബസ്സ് പോകുന്നതോടെ ഒരു പക്ഷേ പാസ്റ്റർ പ്രസംഗം നിർത്തേണ്ടി വരും. പ്രസംഗം എല്ലാവരേയും ഉദ്ദേശിച്ചാണ്. ബസ്സ് ഓടിത്തുടങ്ങിയെങ്കിൽ എന്നവളാഗ്രഹിച്ചു.

പാസ്റ്റർ ആത്മഹത്യയേപ്പറ്റി വീണ്ടും വീണ്ടും പറയുന്നത് കേട്ട് അവൾ ഊറിച്ചിരിച്ചു.
ജീവനൊടുക്കാനുള്ള ശക്തമായ ഉൾപ്രേരണയെ എത്രയോ തവണ താൻ മറികടന്നിരിക്കുന്നു.

ആശ്വാസം ,ഡബിൾ ബെല്ലടിച്ചു ബസ്സ് നീങ്ങിത്തുടങ്ങിയിരിക്കുന്നു.
തനിച്ചുള്ള ഈ യാത്രകൾ എന്നുമുതൽ ആണ് താൻ ഇഷ്ടപ്പെട്ടുതുടങ്ങിയതെന്ന്  അവൾ ആലോചിച്ചു. കല്യാണത്തിന് ശേഷം എന്ന ഉത്തരവും അവൾക്ക് കിട്ടി. 

ബസ്സ് അപ്പോൾ  ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന ആസ്മരോഗിയെപ്പോലെ മെല്ലെ കിതച്ചുകൊണ്ട് കയറ്റം കയറുകയായിരുന്നു. കയറ്റങ്ങളും ഇറക്കങ്ങളും വളവുകളും നിറഞ്ഞ വഴി. രാവിലെ തന്നെ വെയിൽ കത്തിയാളാൻ തുടങ്ങിയിരിക്കുന്നു. ചുരമിറങ്ങിവരുന്ന തണുത്ത കാറ്റിനോട് അവൾക്ക്  വല്ലാത്ത കൊതി തോന്നി. 

 ബസിൻ്റെ ഏതാണ്ട് മധ്യ ഭാഗത്തായിട്ടാണ് ഇരിക്കുന്നത്.
യാത്രക്കാർ തീരെ കുറവ്. പൊതുവെ ഒച്ചയനക്കങ്ങൾ കുറഞ്ഞ ബസിനകം ഇടയ്ക്കിടെ ഉണർത്തിക്കൊണ്ട് ആരുടെയൊക്കെയോ മൊബൈലിൻ്റെ  റിങ്ടോണുകൾ.

കുറച്ചു മുന്നിലെ സീറ്റിലിരിക്കുന്ന യുവാവിനേയും യുവതിയേയും അവൾ ശ്രദ്ധിച്ചു. അവർ പരിസരം മറന്ന് വർത്തമാനം പറയുകയും പൊട്ടിച്ചിരിക്കുകയുമാണ്. ഇടക്കിടെ അവൻ അവളെ ചേർത്തു പിടിക്കുന്നു.

ഭാര്യാഭർത്താക്കൻമാരാണോ? അതോ.... എന്തായാലും അവർ സന്തോഷത്തിലാണ്. താനോ? ആത്മപീഡ താങ്ങാനാകാതെ വരുമ്പോൾ  ജീവിതo തിരിച്ചു പിടിക്കാൻ നടത്തുന്ന ഒളിച്ചോട്ടങ്ങളാണ് തൻ്റെയീ യാത്രകൾ ! 

ബസ്സ്  ഹെയർപിൻവളവ് തിരിഞ്ഞ് ഒരു നാൽക്കവലയിലെത്തി. ഒരു മലയോര ഗ്രാമത്തിൻ്റെ എല്ലാ സവിശേഷതകളുമുള്ള പ്രദേശം. കവലയിൽ ബസ്സ് നിർത്തി. ചിലർ ഇറങ്ങി. ആരൊക്കെയോ കുറച്ചു പേർ ബസിലേക്ക് കയറി.

പെട്ടെന്നാണത് സംഭവിച്ചത്. മുമ്പിലും പുറകിലും ഉള്ള ഒഴിഞ്ഞ സീറ്റുകൾ ഒഴിവാക്കി തൻ്റെ സീറ്റിൻ്റെ പകുതിക്ക് ഒരു അവകാശി ഉണ്ടായിരിക്കുന്നു.
ഏതോ വില കൂടിയ പെർഫ്യൂമിൻ്റെ മണം മൂക്കിൽ അടിച്ചതും അവൾ ആ ദിശയിൽ നോക്കി. താനിരിക്കുന്ന  സീറ്റിൻ്റെ ഒഴിഞ്ഞ പകുതിക്ക് അവകാശിയായത് ഒരു പുരുഷനാണെന്ന്  തിരിച്ചറിഞ്ഞവൾ 
മുഖം തിരിച്ചു.

അവളുടെ കണ്ണുകൾ അടിമുടി ബസിനകം ഉഴിഞ്ഞു. പകുതിയിലധികം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. അയാളുടെ പ്രവൃത്തിയിൽ അവൾക്ക് അസ്വാഭാവികത തോന്നി.

ബസ്സ് കയറ്റം കയറും തോറും വെയിലിന് ശക്തി കുറഞ്ഞു വന്നു. കടും പച്ചപ്പണിഞ്ഞ ചുറ്റുപാടുകളിൽ കാറ്റിൻ്റെ സഞ്ചാരം ഒരു നല്ല കാഴ്ചയാണ്. ഇങ്ങനെയുള്ള യാത്രകളിൽ പുറം കാഴ്ചകളിലേക്ക് മിഴികളയച്ച് മനോരാജ്യങ്ങളിൽ മുഴുകി സ്വയം നഷ്ടപ്പെടാറാണ് പതിവ്. ഇന്നതിന് കഴിയുന്നില്ല. അയാളുടെ സാന്നിധ്യമാണ് പ്രശ്നം.

 അയാൾ പുറം കാഴ്ചകളിൽ ലയിച്ചിരിക്കുകയാണ്.
അവൾ തൻ്റെ കൈയിൽ ഇരുന്ന ഹാൻഡ് ബാഗ് ഭദ്രമായി പിടിച്ചു. ഒഴിഞ്ഞുകിടന്ന സീറ്റുകൾ ഒഴിവാക്കി തൻ്റെയടുത്ത് സ്ഥാനം പിടിച്ച മനുഷ്യൻ്റെ ഉദ്ദേശം അത്ര നല്ലതായിരിക്കില്ലെന്ന് അവൾ കരുതി.
 മുതിർന്നവരുടെ സീറ്റ്, അംഗ പരിമിതരുടെ സീറ്റ് അങ്ങനെ ഏതെങ്കിലും സ്പെഷൽ സീറ്റിൽ ആണോ തൻ്റെ ഇരിപ്പ്?   അവൾ തലയുയർത്തി  മുകൾ ഭാഗത്തേക്ക്‌ നോക്കി.
 പ്രത്യേകിച്ചൊന്നും എഴുതിയിട്ടില്ല.പൊതുവായ സീറ്റാണ്, നാശം…അയാൾക്ക് സീറ്റ് മാറി ഇരുന്ന് കൂടെ??

 ബസ് പെട്ടെന്ന് ഒരു വളവ് ശക്തിയിൽ തിരിഞ്ഞതും അവൾ അയാളുടെ ദേഹത്തേക്ക് ചാഞ്ഞു.
അവളുടെ ഹെയർപിൻ ഇട്ടു ബന്ധിക്കാത്ത ഷാമ്പൂതേച്ച  മുടി  അയാളുടെ മുഖത്ത് ഉമ്മ വച്ചു.
അനുഭവിക്കട്ടെ! അവൾ സീറ്റിൽ നിവർന്നിരുന്നു മനസ്സിൽ പ്രാകി.

അയാൾ അതൊന്നും ശ്രദ്ധിക്കാതെ ആ യുവമിഥുനങ്ങളേത്തന്നെ നോക്കിയിരിക്കുകയാണ്. അയാളേയും ഒരു നഷ്ടബോധം വലയം ചെയ്തിട്ടുണ്ടോ?


പെണ്ണിൻ്റെ മണമടിച്ചുള്ള ഇരുപ്പും, സ്പർശനവും കൊതിക്കുന്ന ഒരാളാകാനാണ് സാധ്യത. തൻ്റെ യാത്രകളിലെപ്പോഴെങ്കിലും ഒരാണിൻ്റെ സാമീപ്യം കൊതിച്ചിട്ടുണ്ടോ?
ഇല്ല! വേണുവേട്ടൻ്റെ മടുപ്പിക്കുന്ന അവഗണന പോലും തന്നെ അങ്ങനെയൊന്നും ചിന്തിപ്പിച്ചിട്ടില്ല.

 കണ്ടക്ടർ, ബസിൻ്റെ അവസാന സീറ്റിൽ ആരോടോ നിർത്താതെയുള്ള രസം പിടിച്ച സംസാരത്തിലാണ്.
കണ്ടക്ടറെ തിരിഞ്ഞു നോക്കിയ  അവളുടെ പാതി ശരീരം വീണ്ടും അയാളുടെ ദേഹത്തുരുമ്മി.

അയാൾക്ക് പ്രത്യേകിച്ചെന്തെങ്കിലും ഭാവമാറ്റമുള്ളതായി കണ്ടില്ല. അയാൾ കൈകൾ മുമ്പിലെ സീറ്റിൻ്റെ പിടിയിൽ ഒന്നുകൂടെ ആഞ്ഞു മുറുകെ പിടിച്ചു.

അങ്ങനെ ഇയാൾ സുഖിക്കേണ്ട, അവൾ മനസ്സിൽ കരുതിക്കൊണ്ട് തൊട്ടു മുമ്പിലെ ഒഴിഞ്ഞ സീറ്റ് ലക്ഷ്യമാക്കി എണീക്കാൻ ഭാവിച്ചു.
അപ്പോഴാണ് കണ്ടക്ടർ ടിക്കറ്റ് കൊടുക്കാൻ അയാൾക്കരികിൽ എത്തിയത്.


ഒരു….. അയാൾ പറഞ്ഞ സ്ഥലപ്പേര് അവൾ ശ്രദ്ധിച്ചു. തനിക്ക് ഇറങ്ങേണ്ട അതേ സ്റ്റോപ്പ്‌.
പെണ്ണിൻ്റെ സഹജമായ ആകാംക്ഷയോടെ അവൾ മുമ്പിലെ ഒഴിഞ്ഞ സീറ്റിലേക്കുള്ള മാറ്റം തത്കാലം വേണ്ടന്ന് വച്ച് അവിടെത്തന്നെ  ഇരുന്നു. അയാളെ അവൾ കൗതുകത്തോടെ നോക്കി. അയാളാകട്ടെ ടിക്കറ്റിൻ്റെ ബാക്കി കിട്ടിയ നോട്ടുകൾ സൂക്ഷ്‌മതയോടെ എണ്ണി തിട്ടപ്പെടുത്തി പോക്കറ്റിൽ സുരക്ഷിതമായി നിക്ഷേപിച്ചു.

അയാൾ തന്നെ ഒരിക്കൽ പോലും ശ്രദ്ധിക്കുന്നില്ല എന്നത് അവളെ അസ്വസ്ഥയാക്കി. അയാൾ ശല്യക്കാരൻ അല്ല എന്നവൾ സ്വയം പറഞ്ഞു, ഒരു തോണ്ടലിൻ്റെ സമയം അതിക്രമിച്ചിരിക്കുന്നു.

ബസ്സിപ്പോൾ ഒരു വനപ്രദേശത്തിന് നടുവിലൂടെയാണ് പോകുന്നത്. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങൾ ഒഴിച്ചാൽ, റോഡ് വിജനം. ഇടയ്ക്കിടെ 
 വഴിയരികിൽ ദൂരം കാണിക്കുന്ന മൈൽക്കുറ്റികൾ. മൈൽക്കുറ്റികൾ യാത്ര ചെയ്യാറുണ്ടോ??? അവൾ സ്വയം ചോദിച്ചു.

തുടർച്ചയായ മൂന്നു കൊടും വളവുകൾക്ക് ശേഷം വണ്ടി നിവർന്നു കിടക്കുന്ന വഴിയിലേക്ക് കയറിയതും അവളുടെ മൊബൈൽ ശബ്ദിച്ചു. ഇത്തരം യാത്രകളിൽ ഉണ്ടാകുന്ന  ഒത്തിരി ചോദ്യങ്ങൾക്ക് മറുപടി ഒഴിവാക്കാൻ സാധാരണ മൊബൈൽ സ്വിച്ച്ഓഫ്‌ ചെയ്യാറാണ് പതിവ്. ഇന്ന് എന്തേ മറന്നു!?

 ഫോൺ എടുക്കുന്ന    വെപ്രാളത്തിൽ 
 ഹാൻഡ് ബാഗ് നിലത്തേക്ക്.

പകുതി തുറന്ന് കിടന്ന ബാഗിനുള്ളിലെ രണ്ടാമത്തെ കള്ളിയിൽ നിന്ന് അഞ്ഞൂറിൻ്റെ രണ്ടു നോട്ടുകളുo ഏതാനു ചില്ലറകളുo പുറത്തേക്ക് തെറിച്ചു.

അവൾ കുനിഞ്ഞെടുക്കും മുൻപ് അയാൾ അതെല്ലാം സുക്ഷ്മതയോടെ ശേഖരിച്ച് അവൾക്ക് നേരെ നീട്ടി.


"താങ്ക്സ് "ഒരു ചെറിയ ചിരി അയാൾക്ക് സമ്മാനിച്ച് അവൾ ബാഗ് കൈപ്പറ്റി. പിശുക്കിയ ഒരു ചിരി മാത്രം അയാൾ തിരികെ നൽകി. മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്തു ബാഗിൽ തിരുകി പുറത്തേക്ക് നോക്കിയപ്പോൾ ദേ, അടുത്ത മൈൽക്കുറ്റി.

 ഇനി എറെ ദൂരം യാത്ര ബാക്കി കിടക്കുന്നു എന്ന് മൈൽക്കുറ്റി അവളോട് പറഞ്ഞു.

ബസിൻ്റെ സൈഡ്   സീറ്റിൽ ഇരുന്ന് കാറ്റടിയേറ്റ് നിശബ്ദമായി നടത്താറുള്ള തൻ്റെ  പതിവ്   യാത്രയിൽ നിന്ന് വ്യത്യസ്തമായി,  അവൾക്ക് പാതി സീറ്റിൻ്റെ അവകാശിയോട്  എന്തെങ്കിലുമൊക്കെ സംസാരിക്കാൻ തോന്നി.


"ഫാമിലി അവിടെയാണോ? " അവൾ  ആദ്യ ചോദ്യമെറിഞ്ഞു.

അവളുടെ ചോദ്യം കേട്ടതും ചൂണ്ടയിൽ ഇര കൊത്തിയ മീനിനെ പോലെ അയാൾ ഉത്തരം നൽകി 

"അല്ല "

"ജോലി സ്ഥലം???

"അല്ല ''


പിന്നെ?"

"തൻ്റെ ഫാമിലി അവിടെയാണോ?" മറു ചോദ്യം പെട്ടെന്നായിരുന്നു.

"അല്ല "

"ജോലി"

അവൾ നിഷേധാർത്ഥത്തിൽ തലകുലുക്കി.

"പിന്നെ?"

 ഒരു നിമിഷം അപൂർവ്വമായി മാനത്ത് തെളിയുന്ന മഴവില്ല് പോലെ രണ്ടാളും പരസ്പരം ഒന്ന് ചിരിച്ചു.
"ലാസ്റ്റ്സ്റ്റോപ്പിൽ എൻ്റെ യാത്ര വീണ്ടും തുടങ്ങും" അവൾ പറഞ്ഞു.

"ജീവിതം  വല്ലാതെ ബോർ ആകുന്നു എന്ന് തോന്നുമ്പോൾ മൈൻഡ് ഒന്ന് സെറ്റ് ചെയ്യാൻ 
 ഒരു വൺഡേ ട്രിപ്പ്‌" അവൾ മനസ്സ് തുറന്നു.

"ടെൻഷൻ കുറക്കാൻ ഞാൻ സ്വയം കണ്ടുപിടിച്ച മാർഗ്ഗം "

അവൾക്കെന്തോ അയാളോട് അങ്ങനെ പറയാൻ   തോന്നി. അയാൾ തന്നെക്കുറിച്ചു എന്ത് വിചാരിച്ചാലും തനിക്ക് ഒന്നുമില്ല.

"ഡിപ്രഷന് കുറച്ചുനാൾ മരുന്നു കഴിച്ചു. പിന്നെ യോഗ,  വായന, സംഗീതം,ആത്മീയത. മനസ് ഒന്നിനും പിടി തരാതെ അസ്വസ്ഥമാകുമ്പോൾ ഒടുവിൽ സ്വയം കണ്ടു പിടിച്ച മാർഗ്ഗം. യാത്രകൾ...
തനിച്ചുള്ള യാത്രകൾ."

അവൾ അയാൾക്ക് എന്തെങ്കിലും പറയുവാനായി ഒന്ന് നിർത്തി.

 അയാൾ കേട്ടിരിക്കുന്നതല്ലാതെ ഒരക്ഷരം മിണ്ടുന്നില്ല.

" ഞാൻ നടത്തുന്നത് യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒരു കുതറിയോട്ടമാണ്. മരുന്നുകൾക്കും മന്ത്രങ്ങൾക്കും വഴങ്ങാത്ത മനസ്സുമായി "

അവൾ സംസാരം നിർത്തി അയാളുടെ കണ്ണുകളിലേക്ക് നോക്കി. 

"ഇന്നലെ ഓഫീസിൽ നിന്ന് മേലധികാരിയുടെ ചീത്ത കേട്ടു. വൈകിട്ട് വീട്ടിലെത്തിയപ്പോൾ അവിടെയും സമാധാനക്കേട്. എങ്ങനെയൊക്കെയോ രാത്രി  കഴിച്ചു കൂട്ടി.ഒരു പകൽ മുഴുവൻ മറ്റൊന്നും ചിന്തിക്കാതെ തനിയെ എങ്ങോട്ടെങ്കിലും ഒരു യാത്ര.സർക്കാർ ബസ് ആകുമ്പോൾ പ്രൈവറ്റ് ബസ് പോലെ തിരക്കും ആരവങ്ങളുമില്ല. വീട്ടിൽ ബൈക്കു കാറും ഒക്കെ ഉണ്ട്, ഡ്രൈവിംഗ് ലൈസൻസുo ഉണ്ട്. പക്ഷെ…ചില ദിവസങ്ങളിൽ ഒരേ സമയം വാഹനത്തെയും മനസ്സിനെയും കൺട്രോൾ ചെയ്യാൻ പാടാണ്. ഇന്ന് അങ്ങനെ ഒരു ദിവസം." അവൾ പറഞ്ഞു നിർത്തി. 

"തനിച്ചാവുന്ന   ഒരു പകലിന് ശേഷം മനസ്സ് ഫ്രീ ആകും. സാധാരണ ഇങ്ങനെയുള്ള യാത്രകളിൽ ആരോടും ഞാൻ പരിചയപ്പെടാറില്ല. ഇന്ന് പക്ഷെ......നിങ്ങൾ നല്ലൊരു കേൾവിക്കാരൻ ആണ് കേട്ടോ. എൻ്റെ ജീവിതത്തിൽ ഇല്ലാതെ പോകുന്നതു ഈ ഒരു കാര്യമാണ്." എന്തൊക്കെയോ ചില ഓർമ്മകൾ അവളിലേക്ക് തികട്ടി വന്നു.


"ഇനിയും കുറച്ചു ദൂരം കൂടി പോകാനുണ്ട്. പറഞ്ഞോളൂ മതിയാവോളം,  ഞാൻ കേൾക്കാം." 
അയാൾ   സീറ്റിൽ ഒന്നുകൂടി നിവർന്നിരുന്നു.

"ദാരിദ്ര്യവും രോഗവുo മാത്രമല്ല ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥ...." അവൾക്ക് ശബ്ദംഇടറി. "ഒറ്റപ്പെടൽ, കേൾക്കാൻ ഒരാളില്ലാതെ വരുക, ആ അവസ്ഥ ഭയങ്കരമാണ്."

"ആത്മഹത്യ ചെയ്യാൻ പലപ്പോഴും തോന്നിയിട്ടുണ്ട്, പക്ഷെ…ഞാൻ ഒരാൾ ഇല്ലാതെയാലും ഈ ലോകത്ത് ഒന്നും സംഭവിക്കില്ല. ജീവിക്കണം എന്നത് എൻ്റെ മാത്രം ആവശ്യമാണ്."

അവൾ പുറത്തേക്ക് നോക്കി. ബസ്സ് ഇപ്പോൾ തിരക്കുള്ള വഴിയിലേക്ക് കയറിരിക്കുന്നു.

"മഞ്ഞു കാലത്തിൻ്റെ ആരംഭം ആണെന്ന് തോന്നുന്നു," അവൾ ചുരിദാറിൻ്റെ ഷാൾ കൊണ്ട് ശരീരം നന്നായി മറച്ചു. അതുവരെ മനസ്സിൽ ഒതുക്കി വച്ചതെല്ലാം അവൾ അയാൾക്ക് മുൻപിൽ തുറന്നു. ഭർത്താവിൻ്റെ അവഗണന, ജോലിയുടെ ടെൻഷൻ അങ്ങനെ അങ്ങനെ.

"ഞാൻ ബോറാക്കിയോ?" ഒടുവിൽ അവൾ ചോദിച്ചു. 
"എയ്". അയാൾ വാച്ചിലേക്ക് നോക്കി. 
"ഈ യാത്ര തീരാറായി." 
ബസ്സ് അപ്പോൾ ബസ്സ്റ്റാൻഡിലേക്ക് പ്രേവേശിച്ചിരുന്നു.
 
ഒരു ഞരക്കത്തോടെ അവസാന സ്റ്റോപ്പിൽ യാത്ര അവസാനിപ്പിച്ച ബസ്സ് ഇരമ്പി നിന്നു, നിശ്ചലമായി.


ഹിൽ ടോപ്പാണ്. അവൾ ബസിൽ നിന്നു ഇറങ്ങി ചുറ്റു പാടും കണ്ണോടിച്ചു. അത്രയൊന്നും വികസിച്ചിട്ടില്ലാത്ത ഒരു ടൂറിസ്റ്റ് കേന്ദ്രം. മൂടൽമഞ്ഞ് പരക്കുന്നുണ്ട്. യാത്രക്കാർ പല വഴിക്ക് പിരിയുന്നു.. യുവാവും യുവതിയും  മലഞ്ചെരുവിലുള്ള റിസോർട്ട് എന്ന് എഴുതിയ ബോർഡ്‌ ലക്ഷ്യമാക്കി നടക്കുന്നു.


"ഇനി?"അയാൾ ചോദിച്ചു 

"ഒരു ചൂടുകോഫി കുടിച്ചാലോ?" 
പുറത്തു മഴ നേർത്തു പെയ്യാൻ തുടങ്ങുന്നു.തണുത്ത കാറ്റ്.

''ഓ, ആവാം " അയാൾ സമ്മത ഭാവത്തിൽ തല കുലുക്കി.

സപ്ലൈയറോട് 'ബ്രൂ കോഫി ' എന്ന് അവർ ഒരുമിച്ചാണ് പറഞ്ഞത്.
മനോഹരമായി പണി കഴിപ്പിച്ച ഒരു റെസ്റ്ററന്റ് ആയിരുന്നു അത്.
അവിടെയിരുന്ന് നേരെ നോക്കിയാൽ ബസ്സ്സ്റ്റാന്റ് കാണാം. പുറകു വശത്തായി ചെറിയ ഒരു മൊട്ടക്കുന്നും.
.
"ദേ നോക്കിക്കേ" അവൾ പുതിയ കളിപ്പാട്ടം കാണുന്ന കുട്ടിയെപ്പൊലെ പുറത്തേക്ക് വിരൽ ചൂണ്ടി.
മഞ്ഞിൻ്റെ അകമ്പടിയോടെ ഒരു മഴ കുന്നിറങ്ങുന്നു. 
"മഴ ഇഷ്ടമാണോ?" അയാൾ ചോദിച്ചു.

 "മഴയ്ക്ക് ഒത്തിരി ഭാവങ്ങൾ ഉണ്ട്, ശാന്തം,  ശൃംഗാരം,  രൗദ്രം. എനിക്കിഷ്ടം മഴയുടെ ശാന്ത ഭാവം ആണ്." അവൾ ചൂടുകാപ്പി മെല്ലെ ഊതി കുടിക്കാൻ തുടങ്ങി.

"മഴയ്ക്ക് മാത്രമല്ല, ജീവിതത്തിനും വിവിധ ഭാവങ്ങൾ ഉണ്ട്." അയാൾ അതിമനോഹരമായി ഒന്ന് ചിരിച്ചു. "ശാന്തം, ശൃംഗാരം, രൗദ്രം."

"കോഫിക്ക് അല്പം മധുരം കൂടുതൽ ആണോ?" അവൾ ഒരിറക്ക് കുടിച്ച് കപ്പ് താഴെ വച്ചു.

 "എനിക്ക് പാകം ആണ്." അയാൾ തൃപ്തിയിൽ പറഞ്ഞു.

"ഇങ്ങനെ ഇരുന്നാൽ മതിയോ, തിരിച്ചു പോകേണ്ടേ?" അയാൾ ചോദിച്ചു.

"തീർച്ചയായും .. വീട് ഉപേക്ഷിച്ചിറങ്ങിയതല്ലല്ലോ "

 അവൾ ചിരിച്ചു. 
രണ്ടുപേർ ഒരേമനസ്സോടെ ഒരുമിച്ചു കാണുന്ന കാഴ്ചകൾക്ക് ഭംഗി കൂടുo അല്ലേ?" 
അവൾ വീണ്ടും കുന്നിൻ ചെരുവിലേക്ക് നോക്കി. 
"പിന്നല്ലാതെ." അയാൾ കസേര നീക്കി എണിറ്റു. കൗണ്ടറിൽ  ബില്ല് പേ ചെയ്യാൻ ഒരുങ്ങിയത് അവൾ തടഞ്ഞു.

"ലേഡീസ് ഫസ്റ്റ് "


ബസ്സ്റ്റാൻഡിൽ എത്തിയതും തങ്ങൾ വന്ന ബസ്സ് മടക്കയാത്രക്കായി കാത്ത് കിടക്കുന്നത് അവർ കണ്ടു.

"എനിക്ക് ധൃതി ഇല്ല. അടുത്ത ബസ്സ് ഉടനെ ഉണ്ട്, ഞാൻ അതിന് വന്നോളാം."
അയാൾ കൈകൾ കൂട്ടി തിരുമ്മി കൊണ്ടു പറഞ്ഞു, 
"എന്തൊരു തണുപ്പ്!"


"എനിക്ക് ധൃതി ഉണ്ട്." 
വീടിനെക്കുറിച്ചുള്ള ഓർമ്മ തിളച്ച എണ്ണയിൽ വീണു ചീർത്ത പപ്പടം പോലെ അവളിൽ പൊങ്ങി വന്നു. ബസിൽ കയറി ഡ്രൈവറുടെ  സീറ്റിന് തൊട്ട് പുറകിൽ ആയി പുതിയൊരു  ഇരിപ്പിടം കണ്ടുപിടിച്ച് അവൾ അയാൾക്ക് നേരെ കൈ വീശി. അപ്പോളാണ് അവൾ ഓർത്തത്, അയാളുടെ പേരോ, അയാളെ സംബന്ധിച്ച മറ്റൊന്നും തനിക്കറിയില്ലല്ലോ എന്ന്. ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടാകുമോ! ആർക്കറിയാം. അയാൾ ആരാണ്???

ബസ്സ് മെല്ലെ നീങ്ങിത്തുടങ്ങി. 
അല്പം മുൻപോട്ട് പോയതും അവൾ തിരിഞ്ഞു നോക്കി. അയാളെ കാണാനേ ഇല്ല! 


കുന്നിറങ്ങി വന്ന മൂടൽ മഞ്ഞ് ബസ്സ്സ്റ്റാൻഡിനെ ആകപ്പാടെ വിഴുങ്ങി കളഞ്ഞിരിക്കുന്നു!

Illustration: Sudhi Anna

What's Your Reaction?

സിന്ധു തോമസ് ഇടുക്കി ജില്ലയിലെ ജോസ്ഗിരി തയ്യിൽ വീട്ടിൽ കർഷക ദമ്പതികളായ തോമസിൻ്റെയും അന്നക്കുട്ടിയുടേയും നാല് പെൺമക്കളിൽ മൂത്തയാൾ . മുനിയറയിൽ താമസം. കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. 2023ലെ കുടുംബശ്രീ സംസ്ഥാന തല കഥാ പുരസ്കാരം,,എം.എസ്. സുരേന്ദ്രൻ സംസ്ഥാന കഥാപുരസ്കാരം, 2024 ലെ ഇ-മലയാളി കഥാ മത്സരത്തിൽ രണ്ടാം സ്ഥാനം, മൊഴി സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച സംസ്ഥാന തല കഥാ മത്സരത്തിൽ രണ്ടാം സ്ഥാനം, മലയാള കാവ്യ സാഹിതി സംസ്ഥാന കഥ പുരസ്‌കാരം,സ്നേഹവീട് കഥ പുരസ്കാരം, സ്കൂൾ ഓർമ്മകൾ സംസ്ഥാന പുരസ്‌കാരം തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു. കൂടാതെ തകഴി അയ്യപ്പ കുറിപ്പ് കഥ മത്സരത്തിൽ സ്പെഷ്യൽ ജൂറി അവാർഡ്,കെ പങ്കജാക്ഷയമ്മ കഥ മത്സരത്തിൽ ജൂറി അവാർഡ് എന്നിവ കിട്ടിയിട്ടുണ്ട്. ആകാശവാണി നിലയത്തിൽ നിന്നും പത്തോളം കഥകൾ പ്രക്ഷേപണം ചെയ്തു.കുടുംബശ്രീ മിഷനിൽ അടിമാലി ബ്ലോക്ക്‌ എം.ഇ.സി ആയി ജോലി ചെയ്യുന്നു, ഒപ്പം ഇടുക്കി ജില്ല ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ PLV ആയി സേവനം ചെയ്യുന്നു. ഭർത്താവ് - റ്റിജി, മക്കൾ - ഡാനിയേൽ ജോ , ടോം അൽഫോൻസ്.( വിദ്യാർത്ഥികൾ