അക്രമങ്ങളോടുള്ള മലയാളിയുടെ മനോഭാവം .

   26-Feb-2025 : 10:00 PM   0      30

യൂറോപ്പിലെ ഒരു സൈക്യാട്രി ഹോസ്‌പിറ്റലിൽ രണ്ടു വർഷത്തിനിടയിൽ രണ്ട് രോഗികൾ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. രണ്ടു പേരും രാത്രിയിലാണ് ആത്മഹത്യ ചെയ്തത്.
മറ്റാരും അറിയാതെ പോലീസ് നടപടികൾ പൂർത്തിയാക്കി വളരെ വേഗം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഈ ആത്മഹത്യ വാർത്ത ഒരു മാധ്യമങ്ങളും നൽകിയില്ല, പ്രസിദ്ധീകരിച്ചുമില്ല. ആ സ്ഥാപനത്തിന്റെ മേലധികാരികളും, അപൂർവം ചില ആശുപത്രി ജീവനക്കാരും മാത്രമാണ് അറിഞ്ഞത്.
കാരണം മറ്റൊന്നുമല്ല, ഈ വാർത്ത ടി വി യിലോ മാധ്യമങ്ങളിലോ വന്നാൽ സമാന മനസുള്ള രോഗികൾക്ക് പ്രത്യേക ഘട്ടങ്ങളിൽ ഈ രീതിയിൽ ജീവനൊടുക്കാൻ തോന്നിയേക്കാം. ഇത് കേൾക്കുന്ന ജനങ്ങളിലെ ആർക്കെങ്കിലും ഒക്കെ മാനസീക പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ അവരും ഇത്തരം മാർഗ്ഗങ്ങൾ അവലംബിച്ചേക്കാം. അവരുടെ മനസ്സിലേക്ക് ഇത്തരം ആത്മഹത്യ "വിജയ" കഥകൾ എത്തരുത്, അതിനാലാണ് ഇത്തരം സെൻസേഷണൽ കുറ്റകൃത്യങ്ങളും, ആത്മഹത്യ ശ്രമങ്ങളും സർക്കാരും മാധ്യമങ്ങളും രഹസ്യമായി കൈകാര്യം ചെയ്യുന്നത്.

എന്നാൽ നമ്മൾ അതിൽ നിന്നും വ്യത്യസ്തരാണ്. കുറ്റകൃത്യങ്ങളെ കുറിച്ചറിയാനും അതിന്റെ വീഡിയോ ലൈവുകളും വാർത്തകളും അറിയാനും, അതിനെ കുറിച്ച് പോസ്റ്റുകൾ ഇടാനും, പരസ്പ്പരം ചർച്ച ചെയ്യാനും, അതൊക്കെ എത്രമാത്രം വൈകാരികമായും സെന്സേഷണലായും പരത്തി പറഞ്ഞു പ്രേക്ഷകരെയും വായനക്കാരെയും നേടാൻ നമ്മുടെ മാധ്യമങ്ങളും അത്യധികം മത്സരിച്ചുകൊണ്ടിരിക്കുന്നു.
ക്രൈമുകൾ വലിയ വാർത്തകൾ ആകുന്നതും, അതിന്റെ വിവരണങ്ങളും സെന്സേഷണലിസവും ക്രിമിനൽ മോഹങ്ങൾ ചെറുതായി മനസ്സിൽ പേറി നടക്കുന്നവർക്ക് പ്രചോദനമായേക്കാം. അവർ അവരുടെ അവസരത്തിൽ അതിലും പതിന്മടങ്ങ് ക്രൂരതയോടെ കുറ്റകൃത്യങ്ങൾ ചെയ്തേക്കാം.
മറ്റൊന്ന് നമ്മുടെ പൊതു രാഷ്ട്രീയ രംഗമാണ്. മിക്കവാറും രാഷ്ട്രീയ നേതാക്കൾ നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയെ കീഴ്പ്പെട്ടു ജീവിക്കണമെന്നും പ്രവർത്തിക്കണമെന്നും ആഗ്രഹിക്കാത്തവരാണ് എന്ന് മാത്രമല്ല, നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയ്ക്ക് ഒരു വിലയും നൽകാറില്ല. അതിൽ നിന്നാണ്...
വിദ്യാർത്ഥികളുടെ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ എതിർ രാഷ്ട്രീയ വിദ്യാർത്ഥിയെ കത്തി കൊണ്ട് കുത്തി കൊന്ന ക്രിമിനലിനെ ന്യായീകരിക്കാൻ " കൊല്ലപ്പെട്ട വിദ്യാർത്ഥി ഇരന്നു വാങ്ങിയതാണ് മാരണമെന്ന് " വളരെ സീനിയർ ആയ ഒരു രാഷ്ട്രീയ നേതാവും ജനപ്രതിനിധിയും കൂടിയായ ഒരു നേതാവ് മൊഴിഞ്ഞത്.
അതുപോലെ തന്നെ...
" പാടത്ത് പണിക്ക് വന്നാൽ വരമ്പത്ത് കൂലി "
എന്നും, " നിങ്ങൾ കൊല്ലാതിരുന്നാൽ ഞങ്ങളും ചാകില്ല, നിങ്ങളും ചാകില്ല "
എന്നും പ്രസ്താവിക്കുന്നത്, പോലീസ് നിയമ സംവിധാനങ്ങൾ നോക്കുകുത്തികളാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടില്ല എന്നുള്ള ബോധവും, ഒപ്പം നിയമം നമ്മൾ തന്നെ കയ്യിലെടുക്കണം എന്ന തോന്നലും സാധാരണ ജനങ്ങൾക്കുണ്ടാകും.തന്റെ മുന്നിൽ വച്ച്, എതിർ രാഷ്ട്രീയ ചേരിയിലെ യുവാക്കൾക്ക് മാരകമായി മർദ്ദനം ഏൽക്കുന്നത് നോക്കിയിരുന്ന നമ്മുടെ ഭരണാധികാരി സ്വന്തം രാഷ്ട്രീയ അണികൾക്കെതിരെ നടപടികൾ വരാതിരിക്കാൻ, ക്രൂരമായ ആ ആക്രമണത്തെ
"രക്ഷാപ്രവർത്തനം"
എന്നൊക്കെ ആക്ഷേപിച്ചത് ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ച നിലപാട് ആയിരുന്നില്ല. മറിച്ച്, മന്ത്രിസഭക്ക് സേനയുടെ പ്രൊട്ടക്ഷൻ ഉണ്ടെന്നും, അതിനായി മറ്റാരും ആ ചുമതല ഏറ്റെടുക്കേണ്ടതില്ല എന്നുമാണ് ഒരു ഭരണാധികാരിയിൽ നിന്നും പൊതുജനം പ്രതീക്ഷിക്കുന്ന മറുപടി.
നമ്മളെ ഒരാളോ ഒരു കൂട്ടാമോ ആക്രമിച്ചാൽ, ആ സാഹചര്യത്തിൽ നമുക്ക് പ്രതിരോധിക്കാൻ
അവകാശമുണ്ട്. ആ സമയത്ത് ആക്രമകാരിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്നെ നിയമ
പരിരക്ഷയും ലഭിക്കും. എന്നാൽ നമ്മളെ ആക്രമിച്ച ശേഷം കടന്നു കളഞ്ഞ ആക്രമകാരികളെ
നേരിടാൻ നമ്മുടെ സുഹൃത്തുക്കളോ, ബന്ധുക്കളോ, രാഷ്ട്രീയക്കാരോ, മതക്കാരോ ശ്രമിക്കുന്നത് നീതിന്യായ വ്യവസ്ഥയെ അംഗീകരിക്കുന്ന നടപടിയല്ല. അതിനാണ് പോലീസും അതിനെ നയിക്കാൻ മന്ത്രിയും മന്ത്രിസഭയുമുള്ളത്. ഇത് മറന്ന് നിയമം കൈയിലെടുത്താൽ. അത് സമൂഹത്തിൽ നിന്നും നീതി ബോധം അകലാൻ ഇടയാകും.
സമൂഹത്തിന്റെ കുറ്റവാസന മാധ്യമങ്ങളിലും സിനിമയിലും സാഹിത്യത്തിലും കൂടുതൽ പ്രകടമാകും. ക്രൈം ചെയ്‌താൽ ശിക്ഷിക്കപ്പെടും, ജീവിതം തടവറയിലാകും എന്ന സാമാന്യ ബോധ്യം പ്രകടമാക്കുന്ന സിനിമകൾ കുറയുകയും, ക്രൈം ചെയ്യുന്ന കഥാപാത്രം ഒരു നിയമ വ്യവസ്ഥിതിക്കും വഴങ്ങാതെ ഭീകരമായ വയലൻസുകൾ സൃഷ്ടിച്ച് അമാനുഷ്യനാകുന്നത് സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തെയെങ്കിലും സ്വാധീനിക്കും.
കഴിഞ്ഞ ആറേഴു കൊല്ലത്തിനിടയിൽ വളരെ വേഗം സമൂഹത്തിൽ വ്യാപിച്ച മയക്കുമരുന്നാണ്, ഭീകരമായ കുറ്റകൃത്യങ്ങളിലേക്ക് നമ്മെ നയിക്കുന്ന അടുത്ത വില്ലൻ.
മൂന്നുനാല് കൊല്ലം മുമ്പ് മൂന്നാറിനടുത്തു കാന്തല്ലൂരിൽ ഒരു റിസോർട്ടിൽ റൂം എടുത്തപ്പോൾ, തൊട്ടടുത്ത റൂമിൽ താമസിക്കുന്ന ഏഴെട്ട് തൃശ്ശൂർ സ്വദേശികളായ വിദ്യാർത്ഥികളെ പരിചയപ്പെട്ടു. അവർ വൈകീട്ട് നടത്തിയ ക്യാമ്പ് ഫെയറിൽ മദ്യത്തോടൊപ്പം മറ്റു ലഹരിയും ഉപയോഗിക്കുന്ന കണ്ടു. അവരുമായി ചങ്ങാത്തത്തിൽ ആയപ്പോൾ പറഞ്ഞത് ഇത് കേരളത്തിൽ എല്ലാ വാർഡുകളിലും ലഭിക്കും എന്നാണ്. സൈക്യാട്രിയിൽ ജോലി ചെയ്യുന്ന അനുഭവം വച്ച്, ഇതിന്റെ ഭവിഷ്യത്തുകളെ കുറിച്ച്പറഞ്ഞപ്പോൾ മേലിൽ ഉപയോഗിക്കില്ല എന്നൊക്കെ എന്നോട് പറഞ്ഞു. എല്ലാവരും ഉയർന്ന സാമ്പത്തീകമുള്ള കുടുംബങ്ങളിലെ പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവർ.
അടുത്തിടെ നടന്ന ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും പ്രതികൾ മയക്കുമരുന്ന്
ഉപയോഗിക്കുന്നവർ ആണെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽ മദ്യത്തിന്റെ വില വികസിത രാജ്യങ്ങളിലേക്കാൾ കൂടുതലാണ്. സാധാരണക്കാർക്ക് തികച്ചും അപ്രാപ്യമായ വില. മദ്യം ഉപയോഗിച്ചിരുന്നവരിൽ ഒരു വിഭാഗം മദ്യ വില കൂടിയതിനാൽ മയക്കുമരുന്നിലേക്ക് മാറി. ഉപയോഗിച്ചാൽ മണം കൊണ്ട് തിരിച്ചറിയാൻ ആവില്ല എന്നതും ചെറുപ്പക്കാരെയും ഡ്രൈവര്മാരെയും മറ്റുള്ളവരെയും ഇതിലേക്ക് ആകർഷിക്കുന്നുണ്ട്, ഒപ്പം വിലയും. പല മയക്കുമരുന്നുകൾക്കും അന്താരാഷ്‌ട്ര വിലയേക്കാൾ നാലിലൊന്നും അഞ്ചിലൊന്നും വിലക്കുറവിൽ, ഇന്ത്യൻ നിർമ്മിത മയക്കു മരുന്നുകൾ ലഭിക്കും. ഒരു ദിവസം മദ്യപിക്കുന്ന വിലക്ക് മൂന്ന് ദിവസം ഉപയോഗിക്കാവുന്ന മയക്കുമരുന്നുകൾ ലഭ്യമാണ്. ഈ കാര്യത്തിൽ ഗൗരവമായ ഒരിടപെടൽ സർക്കാരുകളോ, മറ്റു സംഘടനകളോ ഇതുവരെയും നടത്തിയിട്ടില്ല.
മദ്യത്തേക്കാൾ മയക്കുമരുന്നിന്റെ ഉപയോഗം ഒരു വ്യക്തിയെ അയാളുടെ ലോകത്തിലേക്ക്
സാവധാനം മാറ്റുന്നു. അത് ആയാളോ സമൂഹമോ തിരിച്ചറിയുന്നില്ല എന്നിടത്ത് അയാളുടെ നിയന്ത്രണം അയാളിൽ നിന്നും നഷ്ട്ടമാകുന്നു.
എല്ലാ മലയാളികളിലും ക്രൈം ചെയ്യാനുള്ള മനോഭാവം ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നുണ്ട്.
ചിലർ അത് നേരിട്ട് ചെയ്യുന്നു. മറ്റുള്ളവർ സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും
അവരുടെ ക്രിമിനൽ സ്വഭാവം ആക്ഷേപിച്ചും, കളിയാക്കിയും, ട്രോളായും നടത്തി സായൂജ്യമടയുന്നു. ഭൂരിഭാഗം കക്ഷി രാഷ്ട്രീയ പ്രചാരകരും, മതവാദികളും, അവരുടെ രാഷ്ട്രീയവും,വിശ്വാസവും, നിലപാടുകളും നേതാക്കളും മഹത്തരമാണെന്നും, എതിർ രാഷ്ട്രീയാക്കാരൊക്കെ മണ്ടന്മാരും, അഴിമതിക്കാരും ഒന്നിനും കൊള്ളാത്തവരെന്നും ധരിക്കുന്നു. അങ്ങിനെ ഈ ചിന്തയുള്ള ഓരോരുത്തരും അവരുടെ ചിന്തകൾ ഒരു നിശ്ചിത ഫ്രയിമിൽ കൂടി മാത്രം കാണുന്നവരായി മാറും,വിശാലമായി കാര്യങ്ങളെ കാണാൻ സാധിക്കാതെവരുന്നവരും. നമ്മൾ നിരന്തരമായി മറ്റുള്ളവരെ ട്രോളുകയും കളിയാക്കുകയും ആക്ഷേപിക്കുകയും ചെയ്യുമ്പോൾ, നമ്മൾ കേമന്മാരാണെന്നും, നമ്മൾ മാത്രം ശരിയാണെന്നും, നമ്മുടെ ആശയങ്ങൾക്ക് എതിർ നിൽക്കുന്നവരൊക്കെ എത്രയോ മണ്ടന്മാരും, കൊള്ളരുതാത്തവരുമാണെന്ന മനസ്ഥിതി നമ്മളിൽ രൂപപ്പെട്ടുവരും.
ചുരുക്കത്തിൽ കേരളത്തിൽ ഇപ്പോൾ നടക്കുന്ന ക്രൂരമായ കുറ്റകൃത്യങ്ങളിൽ, പ്രതികൾ നമ്മളല്ല എങ്കിലും ക്രൈം ചെയ്യാനുള്ള മാനസികാവസ്ഥ ഈ സമൂഹത്തിൽ രൂപപ്പെടുത്തുന്നതിൽ, നമ്മൾ ഓരോരുത്തരും നമ്മുടേതായ ചെറുതല്ലാത്ത പങ്കു വഹിച്ചീട്ടുണ്ട്, വഹിച്ചിരിക്കുന്നുമുണ്ട്...!!

What's Your Reaction?