ചെറിയാൻ
ചെറിയാൻ എൻ്റെ ആത്മ സുഹൃത്താണ്
പത്തു വരെ ഒരേ ബഞ്ചിലിരുന്ന് പഠിച്ചവൻ.
അത് മാത്രമാണോ? ചെണ്ടപ്പുറത്ത് കോലു വയ്ക്കുന്നിടത്ത് മുഴുവൻ കൂടെ അലഞ്ഞുനടന്നവൻ.
അവൻ വന്ന് ജനാലയിലൂടെ തോണ്ടി വിളിച്ചാൽ കൂടെ പോകാതിരിക്കുന്നതെങ്ങനെ.
മീൻ പിടിക്കാൻ കുളത്തിൽ തോട്ട പൊട്ടിച്ച വകയിൽ
അറ്റുപോയ പെരുവിരൽ കഴിച്ച് ബാക്കി നാലുവിരൽ കൊണ്ടാണ് അവൻ്റെ തോണ്ടലഭ്യാസം.
അമ്പലത്തിലേക്ക് നടക്കുന്നതിനിടെ ചെറിയാൻ പതിവില്ലാതെ നിശബ്ദനായിരുന്നു.
കാഞ്ഞിരക്കാട് ശിവക്ഷേത്രത്തിലെ ഉത്സവമാണ്. രാത്രി പരിപാടി നാടകമാണ്. കോട്ടും സൂട്ടുമൊക്കെ അണിഞ്ഞ വേഷങ്ങൾ ഫ്ളക്സ് ബോർഡിൽ കണ്ടപ്പഴേ ഏതോ തട്ടിക്കൂട്ട് സംഭവമാണെന്ന് മനസ്സിലായി. വെറുതെ മെനക്കെട്ടു എന്ന് ഉള്ളിൽ തോന്നിയത് അവൻ്റെ കണ്ണുകളിലെ പൂത്തിരി കണ്ടപ്പോൾ പറയാൻ തോന്നിയുമില്ല.
അമ്പലപ്പറമ്പിലെത്തിയപ്പോൾ മേളം അവസാനഘട്ടത്തിലേക്ക് കടക്കുന്നു. പാണ്ടിയാണ്.
നിരന്നുനിൽക്കുന്ന മയക്കം തൂങ്ങുന്ന മിഴികളുമായി ആനകൾ.
മനയ്ക്കലെ ഗണേശനേയും ഇബ്രാഹീം ഹാജിയുടെ ഉണ്ണികൃഷ്ണനേയും ഞാൻ തിരിച്ചറിഞ്ഞു.
എണ്ണ വറ്റി മുനിഞ്ഞു കത്തുന്ന ചുറ്റുവിളക്കുകൾ. പുകയുയരാൻ തുടങ്ങിയ തീവെട്ടികൾ
മേളക്കാരും വിളക്കുകാരനും ആനകളുമൊക്കെ പരീക്ഷീണരായി മയക്ക വഴിയിലാണ്.
പല പരിചയക്കാരും എന്നെ കടന്നുപോകുന്നുണ്ട്. ഹൈസ്കൂളിൽ പഠിപ്പിച്ച ജോൺ സാർ, അയൽവാസികളായ ശങ്കരൻ നായർ, ബാല്യകാല സുഹൃത്തായ കുട്ടൻതിരുമേനി, പാപ്പു മാപ്പള,
അച്ഛൻ്റെ സുഹൃത്തുക്കൾ,ഇങ്ങനെ നിത്യപരിചയക്കാരായ അനേകം ആളുകൾ.
അവരാരും മുഖത്ത് പ്രയാസപ്പെട്ട് ഒരു ചിരി വരുത്തുന്നതല്ലാതെ കുശലമൊന്നും പറയുന്നില്ല.
ഇതിൽ വിഷണ്ണനായി ഞാനും ചെറിയാനും നാരായണൻ നായരുടെ ചായക്കടയിലേക്ക് കയറി.
നായർ തലയിലൊരു കെട്ടുമായി ക്യാഷ് കൗണ്ടറിലിരിക്കുന്നു. ചെറുതായി ഉറക്കം തൂങ്ങുന്നുണ്ട്.
എന്നാൽ ആ അർദ്ധ മയക്കത്തിലും പണംവാങ്ങി പെട്ടിയിലിടുന്നുണ്ട്. ബാക്കി കൊടുക്കുന്നുമുണ്ട്.
ആറേഴു ദിവസങ്ങളായുള്ള ഉറക്കമൊഴിച്ചിലാണ്.
അപ്പോഴാണ് ചെറിയാൻ പറയുന്നത്.
“പോട്ടെടാ, അവരവരുടെ വഴിക്കു പോട്ടെ“
എൻ്റെ ആകുലചിന്തകൾ അവൻ പിടിച്ചെടുത്തിരിക്കുന്നു. എന്തോ എനിക്കതത്ര തൃപ്തിയായില്ല.
ഇരച്ചുകയറുന്ന സംശയമുനകളെയ്യാൻ തുടങ്ങും മുമ്പേ ചെറിയാൻ പറഞ്ഞു.
ഞാൻ മിഴിച്ചു നിന്നു. വേറൊരു ലോകമോ? പെട്ടെന്ന് പൂർണ്ണചന്ദ്രൻ കാർമേഘമറവിൽ നിന്ന് പുറത്തുവന്നു. ചുറ്റും നോക്കിയ എൻ്റെ മിഴികൾ വിടർന്നു. ഇവിടെ എൻ്റെ ഗ്രാമത്തിൻ്റെ ഭൂപ്രകൃതിയേയല്ല. വെൺമേഘങ്ങൾക്കിടയിൽ മങ്ങിയ കാഴ്ചയായി അവിടവിടെ വെൺമിനാരങ്ങൾ. പൂവിട്ട് സുഗന്ധം പരത്തി നിൽക്കുന്ന പാരിജാതമരങ്ങൾ, പഞ്ഞിത്തുണ്ടുകൾ പോലുള്ള വെൺ മേഘങ്ങൾക്കപ്പുറം അവ്യക്തമായ മിനാരക്കാഴ്ചകൾ.
ആരോ എൻ്റെ ചുമലിൽ കൈവച്ചതായി തോന്നിയപ്പോൾ തിരിഞ്ഞു നോക്കി.
ചെറിയാനാണ്.
അവൻ്റെ മുഖത്ത് ചിരിയാണ്.
സംശയമുനകൾ നിറഞ്ഞ എൻ്റെ കണ്ണുകൾ അവന് നേരെ ഉയരും മുമ്പേ അവൻ തുടർന്നു;
ചിരിയോടെ അവനെൻ്റെ കൈ പിടിച്ചിട്ടുണ്ട്. അത് എനിക്ക് തന്ന ആശ്വാസം തെല്ലൊന്നുമല്ല.
“ഏതായാലും നീയൊണ്ടല്ലോ “ എൻ്റെ ആത്മഗതം കുറച്ചുറക്കെയായിപ്പോയെന്ന് തോന്നി.
അവൻ ചിരിച്ചുകൊണ്ട് എൻ്റെ കയ്യിലെ പിടുത്തം മുറുക്കി.
നട്ടെല്ലിലൂടെ വീണ്ടും സാവധാനമിറങ്ങുന്ന തണുപ്പ്.
വിറക്കുന്ന ഉടൽ. ചെറിയാനെൻ്റെ കൈ വിടാതെ പറഞ്ഞു.
“നീ പേടിക്കണ്ട, നിന്നെ ഞാൻ വീട്ടിലെത്തിച്ചാ പോരേ?
ഹൃദയമിടിപ്പുകൾ സാവധാനം നോർമലാവുന്നത് ഞാനറിഞ്ഞു. എനിക്കിപ്പോൾ അസാധാരണമായൊന്നും തോന്നുന്നില്ല. ഒരു സ്ക്രീൻ മറിച്ചു വച്ചാൽ മറ്റൊരു അരങ്ങ്, മറ്റൊരു ലോകം.
അവിടെയൊഴുകുന്ന മറ്റനേകം ജീവിതങ്ങൾ. നാളെയും അതവിടെയുണ്ടാവും.
തലയിൽ കെട്ടുമായി നാരായണൻ നായർ ഉറക്കം തൂങ്ങി ചായക്കടയിലെ കൗണ്ടറിലുണ്ടാവും.
ഉത്സവപ്പിറ്റേന്ന് ആനച്ചൂര് മായാത്ത അമ്പലമുറ്റമുണ്ടാവും.
ആലോചിച്ചാലോചിച്ച് എനിക്ക് രസം പിടിച്ചു തുടങ്ങി.
വീട്ടു പടിക്കൽ വരെ കൈപിടിച്ച് നടന്ന് ചെറിയാൻ പറഞ്ഞു.
“എന്നാ നീ ചെല്ല്, ഇടക്കു കാണാട്ടോ.”
“ഞാനിന്നലെ ഉത്സവത്തിന് പോയാർന്നെടി. “
ഞാൻ സ്വാഭാവികത വിടാതെ പറഞ്ഞു. എൻ്റെ പിന്നിൽ നിന്ന് ഒരു തേങ്ങൽ കേട്ടു.
തുടർന്ന് മാതാവിന് മുന്നിൽ തിരികത്തിച്ച് കരച്ചിലിൻ്റെ അകമ്പടിയോടെ
പ്രാർത്ഥിക്കുന്ന അമ്മച്ചിയെ കണ്ടു.
മുളമ്പടി കവച്ച് വഴിയിലേക്കിറങ്ങി ഞാൻ പള്ളിയിലേക്ക് നടന്നു.
ചെറിയാൻ്റെ വീടിന് മുന്നിലിരുന്ന് അവൻ്റെ ഭാര്യ ഓലമെടയുന്നു. തൊഴുത്ത് മേയാനാവും.
കിളിച്ചുണ്ടൻ്റെ കീഴിൽ നിന്ന് ചുറ്റും നോക്കി. തെക്ക് താഴെ NH ലേക്കുള്ള വളഞ്ഞുപുളഞ്ഞ ഇറക്കം. ഇരുവശത്തും വീടുകൾ. അതിനപ്പുറം പുഴ. പുഴക്കപ്പുറം ഇരുൾ പരന്നു തുടങ്ങിയ മലനിരകൾ. ഗ്രാമീണ പ്രകൃതിയുടെ ചാരുതയാർന്ന നിശ്ചല ദൃശ്യം.
നേരം ഇരുളാൻ തുടങ്ങിയിട്ടുണ്ട്. ഒഴുകി നടക്കുന്ന പഞ്ഞിക്കെട്ടുകൾ പോലുള്ള മേഘങ്ങൾ താഴേക്കിറങ്ങി വരുന്നത് ഞാൻ കണ്ടു. സാവധാനം അവയെന്നെ പൊതിയുന്നു. ഞൊടിയിടയിൽ ആ പഞ്ഞിക്കെട്ടുകൾക്കിടയിൽ നിന്ന് നാലുവിരലുകള്ള ഒരു കൈ എൻ്റെ നേർക്ക് വന്നു.
“വാടാ”
ഏറെപ്പരിചിതമായ സ്വരം ഞാൻ കേട്ടു. ഞാൻ പോലുമറിയാതെ ഞാനാ കൈകളിൽ ഇരു കൈകൾ കൊണ്ട് പിടിച്ചു. എന്നേ വലിച്ചെടുത്ത ആ കൈ പിടിച്ച് ഉയർന്നു പൊങ്ങുന്ന വെൺ മേഘങ്ങൾക്കിടയിലൂടെ ഞങ്ങൾ ചിറകുവീശി പറന്നു കൊണ്ടിരന്നു.
What's Your Reaction?