ഇതിഹാസം നിർമിച്ച അമ്മമാർ .
ഇതിഹാസം നിർമിച്ച അമ്മമാർ
മഹദ് വ്യക്തികളുടെ അമ്മമാർ ശക്തരായ സ്ത്രീകളാണ് എന്ന അഭിപ്രായമാണ്
'യുങ്' ' ( Carl Gustav Jung) , (Fontana Modern Masters) എന്ന പുസ്തകമെഴുതിയ Anthony Storr-ന് ഉള്ളത്.
ഇതിനു പല ദൃഷ്ടാന്തങ്ങളും ചൂണ്ടിക്കാട്ടാൻ സാധിക്കും. ' എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്ന ആത്മകഥയിൽ ഗാന്ധിജി സ്വന്തം മാതാവിനെ, പുത്‌ലി ഭായിയെ കുറിച്ച് പറയുന്നുണ്ട്. ഔപചാരിക വിദ്യാഭ്യാസം കുറവാണെങ്കിലും അവരുടെ പ്രായോഗിക ബുദ്ധി അതിശയിപ്പിക്കുന്നത് ആയിരുന്നു. മഴക്കാലത്ത് 'ചാന്ദ്രായണം ' എന്ന ഉഗ്രവ്രതം അവർ അനുഷ്ഠിക്കുമായിരുന്നു. അതിൻ്റെ നിയമ പ്രകാരം സൂര്യനെ കണ്ടാലേ ഭക്ഷണം കഴിക്കാനാവൂ. കാർമൂടിയ അന്തരീക്ഷത്തിൽ വല്ലപ്പോഴുമേ സൂര്യൻ തെളിഞ്ഞിരുന്നുള്ളൂ. കുട്ടികളായ ഗാന്ധിജിയും കൂട്ടുകാരും സൂര്യനെയും കാത്ത് മുറ്റത്ത് നിൽക്കും. ഒന്നു തെളിഞ്ഞു കണ്ടാൽ കാര്യം അറിയിക്കാൻ അകത്തേക്ക് ഓടും. അമ്മ വരുമ്പോൾ സൂര്യൻ മറഞ്ഞിരിക്കും. അങ്ങനെ ദിവസങ്ങളോളം അവർ ഉപവാസത്തിലിരിക്കും. അത്തരമൊരു അമ്മയുടെ മകൻ സഹനസമരവും നിരാഹാരവ്രതവും അനുഷ്ഠിച്ച് ബ്രിട്ടീഷുകാരെ തുരത്തിയതിൽ അതിശയമെന്തിരിക്കുന്നു!
പുത്‌ലി ഭായ്
അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻസംസ്ഥാനങ്ങളും വടക്കൻ സ്റ്റേറ്റുകളും തമ്മിൽ അടിമത്തത്തെ ചൊല്ലിയുണ്ടായ ആഭ്യന്തരയുദ്ധത്തിൽ അടിമത്തവിരുദ്ധ പക്ഷം വിജയിച്ചു. അടിമകൾ മോചിതരായെങ്കിലും ദീർഘനാൾ കൂട്ടിൽ കിടന്ന പക്ഷിയെ പോലെ സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാൻ അവർ അശക്തരായിരുന്നു. അടിമവിമോചനത്തിനു ശേഷവും വെള്ളക്കാർ അവരെ ദ്രോഹിച്ചുകൊണ്ടിരുന്നു.
ആൽബെർട്ട വില്യംസ് കിങ്
ഒരുദിവസം ബാലനായ മാർട്ടിൻ ലൂഥർ കിംഗിൻ്റെ അമ്മ, ആൽബെർട്ട വില്യംസ് കിങ് അദ്ദേഹത്തെ പാൽ നിറച്ച പാത്രവുമായി മറ്റൊരു സ്ഥലത്തേക്ക് പറഞ്ഞയച്ചു. വഴിമധ്യേ തടിമില്ലിൽ തൊഴിലാളികൾ തടിയറുക്കുന്നത് കുറച്ചുസമയം നോക്കിനിന്നു. ആ മില്ലിൻ്റെ ഉടമസ്ഥൻ ഒരു വെള്ളക്കാരനായിരുന്നു. കറുത്തവനായ ലൂഥറിനെ കണ്ട് ദൂരെ നിന്ന് വെള്ളം കൊണ്ടുവരാൻ ഒരു ബക്കറ്റു കൊടുത്തിട്ട് അയാൾ ആജ്ഞാപിച്ചു. പാൽപാത്രം കയ്യിലുള്ളതിനാൽ പറ്റില്ല എന്ന് മാർട്ടിൻ പറഞ്ഞു.
അനുസരണക്കേടു കാട്ടിയ കറുത്ത കുട്ടിയെ വെളളക്കാരൻ നിലത്തിട്ടു ചവിട്ടി . അവൻ കരഞ്ഞു കൊണ്ട് മാതാവിനെ ശരണം പ്രാപിച്ചു .പാടത്തും ഫാക്ടറിയിലും കഠിനാദ്ധ്വാനം ചെയ്ത് തഴമ്പിച്ച കയ്യുമായി ആ കറുത്ത സ്ത്രീ വെളളക്കാരനെ നേരിട്ടു. അടിയേറ്റ് അയാളുടെ ചെകിട് തകർന്നു. സഹായിക്കാൻ വന്ന തൊഴിലാളികളും അടി കൊണ്ട് തിരിച്ചോടി.
ഈ സ്ത്രീയുടെ പുത്രൻ മനുഷ്യാവകാശത്തിനു വേണ്ടി സധൈര്യം പോരാടിയതിൽ അദ്ഭുതമെന്തിരിക്കുന്നു!
യുങിൻ്റെ അമ്മയും ശക്തയായിരുന്നു.
What's Your Reaction?