നാണയത്തിളക്കം

   15-Mar-2025 : 3:13 PM   0      31

 'വെറുതെ മിഠായി വാങ്ങി കാശ് കളഞ്ഞില്ലല്ലോ ,

ഉള്ളം കയ്യിൽ ഒരു രൂപ കോയിൻ മുറുകെപ്പിടിച്ച് ഞാൻ വീട്ടിലെക്ക് നടന്നു.

അമ്മ എത്ര പണിത്തിരക്കിലാണെങ്കിലും മുന്നിൽ ചെന്ന് രണ്ട് കൈകളും നീട്ടി തൊടാൻ പറയണം. എന്നിട്ട് പതിയെ തുറന്നു കാട്ടണം കോയിനിൻ്റെ  തിളക്കം പോലെ

അമ്മയുടെ മുഖം എനിക്കിന്ന് കാണണം.

ഓർക്കുമ്പോൾ എനിക്കങ്ങെത്താൻ തിടുക്കം കൂടി.

അമ്മയുടെ മുന്നിലെത്തിയ എനിക്ക് ഒന്നിനും ക്ഷമ കിട്ടിയില്ല .

ഞാനെൻ്റെ  സമ്പാദ്യം ഉയർത്തി കാട്ടി

 "എവിടുന്നാ നിനക്ക് കാശ് ?"
 "കുട്ടൻ്റെ വീട്ടീന്ന് കിട്ടിയതാണ് "
 കവിളും കണ്ണും വീർത്ത അമ്മയുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ ഞാൻ തല കുനിച്ചു.

 " നീ അവിടുന്ന് കാശ് എടുത്തോ ? "
" ഇല്ല അവിടെക്കിടന്നു കിട്ടിയതാ  " ഞാൻ പതിയെ പറഞ്ഞു
 "നീ എന്തിനെടുത്തു ?"
 അമ്മയുടെ ചോദ്യം കേട്ട് എനിക്ക് സങ്കടം വന്നെങ്കിലും ഞാൻ കരഞ്ഞില്ല 


 " എടുത്തത് എവിടെ നിന്നാണോ ഇപ്പതന്നെ അത് അവിടെ കൊണ്ടുപോയി വെച്ചോണം "

 സവധാനം ഞാൻ തിരിഞ്ഞു നടന്നു.

 സോഫയിൽ നിന്നാണ് ഈ കാശ് കിട്ടിയത്.  എടുത്തതല്ല എന്ന്   ഓർത്തുകൊണ്ട് കുട്ടൻ്റെ വീട്ടിലേക്ക് കയറുമ്പോൾ  അവിടെ ആരും  ഉണ്ടായിരുന്നില്ല. എൻ്റെ കൂട്ടുകാരെല്ലാം അവിടം വിട്ടുപോയിരുന്നു.  ഞാൻ സോഫയുടെ അരികിലായിരുന്നു.

എത്ര ശ്രമിച്ചിട്ടും കൈ തുറന്ന് കോയിൻ താഴെയിടാൻ പറ്റണില്ല .

എനിക്ക് വല്ലാതെ പേടിയായി മുഖവും കൈകളും ചൂടെടുത്ത് വിയർത്തു .


"എന്താടാ നീ അവടെ ഒറ്റക്കിരിക്കണ്ത്?"

അകത്തുനിന്ന് ആരോ വിളിച്ചു ചോദിച്ചതു കേട്ട് ഞാൻ അനങ്ങാതിരുന്നു.

പിന്നെയും കൈ തുറക്കാനുള്ള ശ്രമം നടത്തി അവസാനം വിരലുകൾ വലിച്ചു തുറന്ന് കോയിൻ സോഫയിലേക്ക് ഇട്ട്  ഞാൻ എഴുന്നേറ്റ് പുറത്തേക്ക് ഓടി.

വര : മീര | സുധി എന്ന 

What's Your Reaction?