എലി മാന്തി. പുലി മരണപ്പെട്ടു.
1.
വെളിച്ചം നന്നേ പരന്നെങ്കിലും കോലായിലെ കുഞ്ഞന്‍ കയറുപിരി കട്ടിലില്‍, വൃദ്ധന്‍ സമാധാനം അനുഭവിച്ച് ഉറക്കം തുടര്‍ന്നു. നീളന്‍ കരിമ്പടം അരയ്ക്കു താഴെ ചുരുണ്ടും കിടന്നു. ഓരോ ശ്വാസത്തിലും വൃദ്ധന്‍റെ നെഞ്ചിലെ വെള്ളരോമങ്ങള്‍ ഉയർന്നും താണും കളിച്ചു. സുഖനിദ്ര. എന്നാല്‍ നീണ്ട നേരം അത് തുടർന്നില്ല.
ഒരു നീളന്‍ ഓക്കാനം.
നിശബ്ദത
ഒന്ന്. രണ്ട്. മൂന്ന്.. പിന്നെ അത് നിന്നില്ല.
കരിമ്പടം കൊണ്ട് മുഖം മറച്ചു. വാ ഉറക്കമേ.
ഓക്കാനം കൂടുതല്‍ തീവ്രമായി. ആ ശബ്ദം നിലയ്ക്കുമെന്ന് വൃദ്ധന്‍ വിചാരിക്കുമ്പോഴെല്ലാം, അത് കൂടുതൽ ഉച്ചത്തില്‍ ചെമ്പന്‍ രോമം തഴച്ചുവളര്‍ന്ന അയാളുടെ കാതുകളില്‍ അങ്ങട് പ്രതിധ്വനിച്ചു. അസഹ്യമായ സ്വരം കേട്ട് ഉറക്കം ഒടുവില്‍ എങ്ങോട്ടേക്കോ പോയി.
'ഈ ചെക്കന്‍ മനുഷ്യന്‍റെ ഉറക്കം കെടുത്തി'. പണ്ടെങ്ങോ അവകാശമായി കാരണവര്‍ സമ്മാനിച്ച ആ കരിമ്പടം വലിച്ചെറിഞ്ഞു കട്ടിലില്‍ നിന്നെഴുന്നേറ്റപ്പോള്‍ നാണു പിറുപിറുത്തു.
നാണു - ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ് വര്‍ഷം കുറേ കഴിഞ്ഞെങ്കിലും വാര്‍ധക്യത്തിലേക്ക് കടക്കാന്‍ മടിക്കുന്ന ശരീരപ്രകൃതം. എലിവാലന്‍ നാണു - അങ്ങന്യാ നാട്ടില്‍ അറിയപ്പെടുന്നേ.
ചേനത്തലയാണെങ്കിലും തലയുടെ പിന്‍ഭാഗത്തെ കഴുത്തിന് മുകളിലുള്ള പ്രദേശത്ത് എലിവാല്‍ പോലെ തൂങ്ങിക്കിടക്കുന്ന ഒരുകഷ്ണം പൂട. കെട്ടിയവളും കൂടപ്പിറപ്പുകളും മക്കളും പറഞ്ഞതാണ് അത് വടിച്ചുകളയാന്‍. ആ വിചിത്രതയിൽ നിന്നും ഒരു മോചനം അവർ ആഗ്രഹിച്ചിരുന്നു. എന്നാൽ പലകുറി നിര്‍ബന്ധിച്ചെങ്കിലും അതിന് വഴങ്ങാതെ, ഒരു അലങ്കാരമായി, അടയാളമായി അയാള്‍ അത് കൊണ്ടുനടക്കുന്നു.
ഓക്കാനത്തിന്‍റെ ഉറവിടം തേടി വീടിന്‍റെ പിന്‍ വശത്തേക്ക് ചെന്നപ്പോൾ അവിടെ ഛർദ്ദിച്ച് തളര്‍ന്നിരിക്കുന്ന പേരസന്താനം സതീശനെ നാണു കണ്ടു.
'...ന്തുന്നാ ഈടെ നടക്കുന്നെ.'
സതീശന്‍റെ പുറം തടവുന്ന അവന്‍റെ അമ്മ തങ്കമണിയെ നോക്കി ഉച്ചിയില്‍ കൈയ്യും കൊടുത്ത് നില്‍ക്കുന്ന , ഭാര്യ രാധമ്മയോട് നാണു ചോദിച്ചു.
'രാത്രി മൊതല് ചെക്കന് ഛർദ്ദിയും തൂറ്റലുമാ.' അറ്റവും മുറിയും അവശേഷിക്കുന്ന കറപിടിച്ച പല്ലുകള്‍ക്കിടയിലേയ്ക്ക് ഒരു പുകലകഷ്ണം വ്യ്ക്കുന്നതിനിടയില്‍ രാധമ്മ പറഞ്ഞു.
രാത്രി മുഴുവൻ ഉറങ്ങാത്തതിനാല്‍ തങ്കമണി ക്ഷീണിതയായി കാണപ്പെട്ടു.
'കണ്ടെടം നിരങ്ങി ഒള്ള ചള്ള് മാങ്ങയെല്ലാം വാരിത്തിന്നും. ഉസ്കൂളിലേക്കെന്നു പറഞ്ഞ് പോണൊണ്ട്. ആടെ എത്തുന്നുണ്ടോന്ന് ആര്‍ക്കറിയാം. തന്തേന്‍റെ അല്ലെ മോന്‍. കൊണം കാണിക്കാണ്ടിരിക്കുവോ.'
നാണു പറഞ്ഞതുകേട്ട് തങ്കമണി ഇതിനോട് പ്രതികരിച്ചില്ലെങ്കിലും അവൾക്ക് അത് ഇഷ്ടപ്പെട്ടില്ല എന്ന് അവളുടെ മുഖത്ത് നിന്ന് രാധമ്മ വായിച്ചെടുത്തു. സതീശന്‍റെ അച്ഛനും നാണുവിന്‍റെ മകനുമായ കൃഷ്ണന്‍കുട്ടി പരലോകത്തെക്ക് പോയത് ഇന്നും വിശ്വസിക്കാന്‍ തങ്കമണിക്കായിട്ടില്ല.
വൈകിട്ട് കണ്ണാടി മോഹനന്‍റെ കടയില്‍ നിന്നും ചായയും ഒരു കഷ്ണം പുട്ടും കൃഷ്ണന് പതിവുള്ളതാണ്. ഒരു ദീസം അതും കഴിഞ്ഞ് കാറ്റിൽ നൃത്തം വയ്ച്ചുകൊണ്ടിരുന്ന കോലന്‍ മാഞ്ചിയം നിറഞ്ഞ കൊള്ളിലൂടെ കൃഷ്ണന്‍ സ്വഭവനം ലക്ഷ്യമാക്കി നടന്നു. വഴിനിറയെ അലസമായി കിടന്നുറങ്ങിയ ചെറുതും വലുതുമായ നൂറുകണക്കിന് ഉണക്കകരിയിലകള്‍ അയാളെ സ്വാഗതം ചെയ്തു. അതിനിടയില്‍ മലര്‍ന്ന് കിടന്ന അല്‍പം വലുപ്പമുള്ള ആ ഇലയിലും കൃഷ്ണന്‍ കാൽ വച്ചു. പെരുവിരലില്‍ മൂർച്ചയുള്ള ഒരു കുത്ത്. ഇലകള്‍ക്കിടയിലേക്ക് നോക്കിയപ്പോള്‍ ഉമ്മ കൊടുത്ത അണലിയുടെ വളിച്ച ചിരി.
കൃഷ്ണന്‍ ഇല്ലാണ്ടായപ്പോള്‍ മുതല്‍ സതീശനെയും ഇളയവന്‍ രമേശനെയും നോക്കാന്‍ ഒറ്റ ഒടപ്പെറന്നോന്മാരും തങ്കമ്മയെ ഒരു കൈ സഹായം നല്‍കാന്‍ തുനിഞ്ഞില്ല. കാര്യം തന്തയും മോനും കീരിയും പാമ്പുമാണെങ്കിലും തങ്കമണിയോടും മക്കളോടും നാണു സ്നേഹം മാത്രമേ കാണിച്ചിട്ടുള്ളൂ. അത് തങ്കമണിക്ക് നന്നായി അറിയുകയും ചെയ്യാം. സതീശന്‍ ഇപ്പൊ ആറില് രമേശന്‍ നാലില്. ഓരിക്കും തുണയായി നാണു മാത്രേ ഉള്ളൂ. തങ്കമണി മനസ്സില്‍ സമാധാനിച്ചു. എങ്കിലും ഇടയ്ക്കിടെ ഓള്‍ടെ കെട്ടിയോനെക്കുറിച്ച് പറയുമ്പോള്‍ തങ്കമണി അവളുടെ നാവ് കടിച്ചുപിടിച്ചു. പക്ഷേ വാക്കുകൾ ഹൃദയത്തെ വേദനിപ്പിച്ചില്ല എന്നല്ല.
തലയില്‍ ഇരുകൈയ്യും വെച്ച് സതീശന്‍ മുന്നോട്ടാഞ്ഞ് നീട്ടിയോന്ന് ഓക്കാനിച്ചെങ്കിലും തലേന്ന് രാത്രി കഴിച്ച രണ്ട് മൂന്ന് കുത്തരിച്ചോറുംവറ്റും ഒരു ഉണ്ണിമാങ്ങാക്കഷ്ണവും ഒരുപിടി പുളിച്ച വെള്ളവുമല്ലാതെ മറ്റൊന്നും വായില്‍നിന്ന് പുറത്തേക്ക് ചാടിയില്ല.
'ഇങ്ങനെ പോയാ കൊടല് വരെ പൊറത്ത് ചാടും. ലേശം ജാതി അരച്ച് കൊടുക്ക് ചെക്കന്,’ രാധമ്മയുടെ അഭിപ്രായം.
സംഗതി രാധമ്മ പറഞ്ഞത് കാര്യമാണെങ്കിലും ഒരൊറ്റ ജാതിമരം പോലും മുകളിലുള്ളവന്‍ സഹായിച്ച് നാണുവിന്‍റെ തൊടിയിലില്ല.
'ആ കിഴക്കേലെ പ്ലാവ് മുറിച്ചപ്പോ ഞാന്‍ പറഞ്ഞതാ. ഒരു ജാതി വയ്ക്കാന്ന്. ആരേലും കേട്ടീനാ. എന്നിട്ടിപ്പോ ഏടെന്ന് ഒണ്ടാക്കാനാ.' നാണു ദേഷ്യത്തില്‍ പറഞ്ഞു.
'നോക്കട്ടെ. അങ്ങാടീന്ന് വാങ്ങാം.' നിസ്സഹായനായി തന്നെ നോക്കിയ സതീശനെ നോക്കി നാണു പറഞ്ഞു.
'അത്രക്കൊന്നും കാക്കാന്‍ പറ്റൂലാ.' രാധമ്മയുടെ ശകാരം.
ഒന്നാലോചിച്ച് രാധമ്മ തിരുവായില്‍ മൊഴിഞ്ഞു. 'ഒരേടത്തൊണ്ട്.'
'ഏടെ?' ആകാംഷ നിറഞ്ഞ നാണുവിന്‍റെ ചോദ്യം.
'ആ പുലി രാമന്‍റെ അടുത്ത്.' ചവച്ചു ചാറാക്കിയ പുകലച്ചണ്ടി തുപ്പി രാധമ്മ പറഞ്ഞു.
രാമന്‍...., ആ പേര് കേട്ടപ്പഴെ നാണുവിന് ഉള്ള ആകാംഷയും താത്പര്യവും പോയി. പുലി രാമന്‍. അങ്ങനെയാ നാട്ടുകാര്‍ വിളിക്ക്യ. ആ പേര് എങ്ങനെ വന്നെന്ന് ആര്‍ക്കും അറിയില്ല. എന്‍ ആര്‍ രാമന്‍, ഇംഗ്ലീഷ് രാമന്‍, ട്രൌസര്‍ രാമന്‍, കൊക്കി രാമന്‍, കാലി രാമന്‍ തുടങ്ങി കുറെ രാമന്മാര്‍ കരയിലുള്ളപ്പോ തിരിച്ചറിയാന്‍ എന്തേലും ഒരു അടയാളം വേണ്ടേ. പുലി രാമന്‍. ആരോ ഒരിക്കല്‍ അങ്ങനെ അങ്ങട് വിളിച്ചു. അത്ര തന്നെ. അതങ്ങനെ ഓന്‍റെ തിരിച്ചറിയല്‍ അടയാളമായി.
'ഓനോക്കെ ഇപ്പൊ വല്ല്യ പാര്‍ട്ടിക്കാറല്ലേ. ഓന്‍റെ അച്ഛന്‍റെ അച്ഛന്‍റെ അച്ഛന്‍ മൊതല് ഈടെ നെല്ല് നോക്കിയിരുന്നതാ. ഇപ്പോ ബല്യ ആളായി.' നാണു പിറുപിറുത്തു.
'ഇങ്ങള് ഓനായിട്ട് കച്ചറ കൂടീട്ട് ഏഴ് ഓണം കഴിഞ്ഞ്. ഓനതെല്ലാം മറന്നീന്.' രാധമ്മ ഉറപ്പിച്ചു പറഞ്ഞു.
'രമേശനേടെ.' ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം, നാണു ചോദിച്ചു.
'ഓനെണീറ്റിട്ടില്ല.' തങ്കമണിയാണ് അതിനുത്തരം പറഞ്ഞത്.
അതുകേട്ടതും ദേഷ്യഭേദങ്ങളുടെ ആയിരത്തൊന്ന് ഭാവങ്ങള്‍ നാണുവിന്‍റെ മുഖത്ത് നിറഞ്ഞങ്ങട് ആടി. പനമ്പായയില്‍ സുഖമായി ചുരുണ്ടുകൂടികിടന്നുറങ്ങുന്ന രമേശനെ നാണു തട്ടി വിളിച്ചു.
'എന്തുന്നാന്ന്.' രമേശന്‍ കണ്ണുകൾ തിരുമ്മി.
'വെളിച്ചം മൂട്ടിലടിച്ചിട്ടും അനക്ക് ഒറക്കം മതിയായില്ലേ.'
നാണു പറഞ്ഞത് കേട്ട് വായില്‍ നിന്ന് ഒലിച്ചിറങ്ങിയ ഇത്തിള്‍ തുടച്ച് രമേശന്‍ ദയനീമായി നാണുവിനെ നോക്കി. 'അവധിദീസമാണെങ്കിലും മര്യാദക്ക് ഉറങ്ങാന്‍ ഈ എലിവാലന്‍ സമ്മതിക്കില്ല,' എന്ന് രമേശന്‍ മനസ്സില്‍ പറഞ്ഞു. പക്ഷെ ആ ശബ്ദം പുറത്തേക്ക് വന്നില്ല. കാരണം പുളിവാറലുകൊണ്ടുള്ള നാണുവിന്‍റെ മാസ്ടര്‍പീസ് അഭ്യാസത്തിന്‍റെ സുഖം രമേശന് ഒരുപാട് നിര്‍വൃതി നല്‍കിയിട്ടുള്ളതാണ്.
'നീയാ പുലി രാമന്‍റെ വീടില്‍പോയി ലേശം ജാതി ചോയ്ച്ച് മേടിച്ചോണ്ട് വാ.'
'എന്തിനാപ്പ അത്.' പാതി ഉറക്കത്തിൽ രമേശന്‍റെ പിറുപിറുക്കൽ .
നാണുവിന്‍റെ ക്ഷമ നശിച്ചു. 'അനക്കെല്ലാം അറിയണോ. പറയുന്നതങ്ങ് കേട്ടാമതി.'
'പല്ല് പോലും വെളുക്കിയിട്ടില്ല.' രമേശന്‍റെ ഒഴിവുകഴിവ്.
'പല്ലേടെയും പോവൂലല്ലോ. ഇയ്യ് പോയി വന്നിട്ട് സമയം പോലെ ചെയ്താ മതി.'
മനസ്സില്ലാമനസ്സോടെയാണെങ്കിലും നാണുവിന്‍റെ മുഖത്ത് ഗൌരവഭാവത്തിന്‍റെ തീവ്രത കൂടുന്നതുകണ്ട് രമേശന്‍ രാമന്‍റെ വീട്ടിലേക്ക് ഓടി. തെക്കേതിലെ വറീതിന്‍റെ കയ്യാലയും ചാമപ്പന്‍റെ അടപതിയന്‍ തോട്ടവും വിലാസിനിയുടെ റാക്ക് കടയും ആരെയുടെയോക്കെയോ വയലുകളും കടന്ന് രമേശന്‍ ഓടി. അവസാനം രാമന്‍റെ പുലിമടയ്ക്ക് താഴെ എത്തി. ഇരുവശത്തും മുളിപ്പന്നി നിറഞ്ഞുനിന്ന ഒരു തോടിന്‍റെ കര്യ്ക്കല്‍ തലയുയര്‍ത്തി നില്‍ക്കുന്ന രാമന്‍റെ മട.
അയാളുടെ വീട്ടില്‍ മരുമോന്‍റെ വീട്ടുകാര്‍ വിരുന്നിന് വന്ന ദിവസമായിരുന്നു അന്ന്. ഒരു മകനും മകളുമാണ് രാമന്. നാട്ടില്‍ നിന്നാല്‍ തെണ്ടിപ്പോകുമെന്ന് ഏതോ വകയിലുള്ള പല്ലില്ലാകിളവന്‍റെ വചനം കേട്ട് കുറച്ചുകാലത്തേക്ക് ഓനൊന്ന് മാറി നില്‍ക്കട്ടേന്ന് കരുതി സിലോണിലേക്ക് വിട്ടതാണ് രാമന്‍ മകനെ. കൊല്ലം മൂന്ന് കഴിഞ്ഞു. നാട്ടിലേക്ക് വരുന്ന കാര്യം ചോദിച്ചാ ഓന്‍റെ മിണ്ടാട്ടം മുട്ടും. ചുരുക്കിപ്പറഞ്ഞാ എല്ലാത്തിനും ഓടാന്‍ ഇപ്പൊ രാമനേയുള്ളൂ.
യുവാക്കളായ പുരുഷകേസരികള്‍ വീടിനു മുന്നില്‍ കുത്തിയിരുന്നു വെടിപറഞപ്പോള്‍, സ്ത്രീജനങ്ങള്‍ എപ്പോഴത്തെയും പോലെ അടുക്കളയില്‍ ചോറും മീന്‍കൂട്ടാനും സാമ്പാറും മോരുകറിയും കൊണ്ടാട്ടം വറുത്തതും പപ്പടവും പായസവും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. കാലത്ത് മുതല്‍ തിരക്കിട്ട പണി കഴിഞ്ഞ് വിശ്രമിക്കാനിരുന്ന രാമന്‍ മരുമോന്‍റെ അച്ഛനോടും സ്വന്തക്കാരായ മറ്റ് മുതിർന്ന പുരുഷന്മാരോടുമൊപ്പം ഗൌരവമേറിയ ചര്‍ച്ചയിലാണ്ടു.
കുട്ടികളുടെ ചിരിയും ഇരട്ടത്തലച്ചികളുടെ ചിലപ്പും ഒഴുകുന്ന വെള്ളത്തിന്‍റെ ശബ്ദവും അവിടെയാകെ കൂടിച്ചേർന്നുകേട്ടു. കുട്ടികൾ തോട്ടില്‍ നിന്ന് തോര്‍ത്തുകൊണ്ട് കുഞ്ഞന്‍ പരലുകളയും വാഴക്കാവരയന്മാരെയും തുപ്പല് നക്കികളെയും ചില്ലുകുപ്പിയിലാക്കുന്ന തിരക്കിലായിരുന്നു. രാമന്‍റെ വീട്ടിലേക്കുള്ള വഴിയിലെത്തിയ രമേശന്‍ അത് കണ്ടു നിന്നു. സമപ്രായക്കാര്‍ തനിക്കിഷ്ടപ്പെട്ട വിനോദത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്വാഭാവികമായും അത് നോക്കി നില്‍ക്കണമല്ലോ.
'സര്‍ക്കാറ് നിയമമുണ്ടേലും ചെലൊര് മാറൂലാ.' മരുമകന്‍റെ അച്ഛന്‍ അഭിപ്രായപ്പെട്ടു .
'പണ്ടത്തെ കാലം മാറീലെ. ഇപ്പൊ പേരിന്‍റെ വാലെന്താന്ന് ചോയിക്കാനൊന്നും ഒരുത്തനും ധൈര്യപ്പെടൂലാ.' രാമന്‍റെ മറുപടി.
'ഇനി ചോയ്ച്ചാലോ?' ഒരു ബന്ധുവിന്‍റെ പരിഹാസം.
'ചോയ്ച്ചാ ഓര്‍ടെ തല അങ്ങട് കൊയ്യും. അല്ലാണ്ടെന്താ.' അത് പറഞ്ഞപ്പോള്‍ രാമന്‍റെ പല്ലുകള്‍ ഇറുമ്മുന്നത് കണ്ടിട്ടാകണം ബന്ധു ഒരു വളിച്ച ചിരി സമ്മാനിച്ച് രംഗം തണുപ്പിച്ചു.
രാമന്‍റെ ഭാര്യ ചന്ദ്രിക മകളുടെ കല്യാണത്തിന് സ്വർണമെടുത്ത വകയിൽ സ്വർണക്കടക്കാർ സമ്മാനമായി നൽകിയ ഇത്തിരിക്കുഞ്ഞന്‍ പൂക്കളുള്ള ഒരു വട്ട പാത്രത്തില്‍ കൊറിക്കാന്‍ കായ വറുത്തതുമായി പുറത്തേക്ക് വന്നപ്പോൾ തോട്ടില്‍ കുട്ടികൾ കളിക്കുന്നത് നോക്കി നിൽക്കുന്ന രമേശനെ ശ്രദ്ധിച്ചു.
'ആ ചെക്കനേതാ.'
ചന്ദ്രിക ചോദിച്ചത് കേട്ട് രാമന്‍ തലയുയർത്തി ഒരു ഓന്തിനെപോലെ രമേശനെ അടിമുടി ഗഹനമായി നോക്കി. എന്നിട്ട് രമേശനെ കൈ കൊട്ടി വിളിച്ചു. വന്ന കാര്യം മറന്ന് നിന്ന രമേശന്‍ ആവേശത്തോടെ ഓടി രാമന്‍റെ അടുത്തെത്തി.
'എന്താ മോനെ.' രാമന്‍ ചോദിച്ചു.
വീടിനു മുന്നില്‍ കുറെ മനുഷ്യരെ കണ്ടപ്പോള്‍ രമേശന്‍റെ ആവേശം അങ്ങട് ഗ്യാസായി. ഓന്‍ അല്പം പരുങ്ങി.
‘അന്‍റെ പേരെന്താ.’
'രമേശന്‍.' മുന്‍നിരയിലുള്ള ചക്കപല്ല് കാട്ടി അവന്‍ പറഞ്ഞു.
'നീ കൃഷ്ണന്‍റെ മോനാ?' ജനിതകവും പാരമ്പര്യത്തിന്‍റെ അടയാളവുമെന്നോണം നിലകൊണ്ട ചക്കപ്പല്ല് കണ്ടപ്പോള്‍ രാമന്‍ സംശയം ചോദിച്ചു.
'ആം...' രമേശന്‍റെ മറുപടി.
'ഇയ്യെന്തിനാ വന്നെ.' രാമന്‍റെ മുഖത്ത് ആകാംക്ഷ.
'അച്ചച്ചന്‍ ഒരു കൂട്ടം ചോയ്ക്കാന്‍ പറഞ്ഞ്.' രമേശന്‍ ലളിതമായി പറഞ്ഞു.
'എന്തുന്നാ മോനെ.' രാമന്‍റെ സ്നേഹം നിറഞ്ഞ സ്വരം.
'ജാതി.'
അത് അപ്രതീക്ഷിതമായിരുന്നു.
രമേശന്‍റെ ആവശ്യം കേട്ട് രാമന്‍ ഞെട്ടിത്തരിച്ചിരുന്നു. അവിടെയുള്ള ആണും പെണ്ണും കലപില ശബ്ദം മുഴക്കിയിരുന്ന ഇരട്ടത്തലച്ചികളും പൊടുന്നനെ നിശബ്ദതയില്‍ നിന്നു. കളിചിരികള്‍ നിറഞ്ഞ ആ വീട് ശവപ്പറമ്പ് കണക്കെ നിന്നു.
2.
വീടിന് താഴയുള്ള വഴിയില്‍ നാണു അക്ഷമനായി രമേശനെ കാത്ത് നിൽക്കുന്നത് കൂറ്റന്‍ ഞാവല്‍ മരത്തിലെ കാക്കകൾ നിശബ്ദമായി നോക്കിയിരുന്നു. അതേസമയം തേനീച്ചകൾ മുഴങ്ങുന്നത് പോലെ ഒരു താഴ്ന്ന ശബ്ദം കേട്ട്, നാണു കാത് കൂര്‍പ്പിച്ചു.
ആ ശബ്ദം അടുത്തേക്ക് വരുന്നത് കണ്ടു അയാളുടെ നെറ്റി ചുളിഞ്ഞു. അപായ സൂചന നല്‍കി നാണുവിന് അരികിൽ ഓടിയെത്തിയ രമേശന് പിന്നാലെ രാമന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം വരുന്നത് നാണു ഗൗരവമായി നോക്കിനിന്നു. കയ്യിൽ ഒരു വാക്കത്തിയും പിടിച്ചാണ് രാമന്‍റെ വരവ്. വിറയലോടെ രമേശൻ നാണുവിന്‍റെ കയ്യിൽ മുറുകെ പിടിച്ചു.
‘എന്തുന്നാടാ’
നനവ് പറ്റിയ നിക്കറില്‍ നിൽക്കുന്ന രമേശനോട് നാണു ചോദിച്ചു. രമേശൻ ഒന്നും മിണ്ടിയില്ല. അവന് എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും അവന്‍റെ നാവ് ചുവപ്പ് നാടയില്‍ കിടന്ന സര്‍ക്കാര്‍ പദ്ധതിപോലെ മരവിച്ചു കിടന്നു. കോപം തിളച്ചു മറിഞ്ഞ രാമന്‍റെ കണ്ണുകൾ നാണുവിനെ ഭയപ്പെടുത്തി.
'നിങ്ങളാണോ ഈ ചെക്കന് ആടേയ്ക്ക് പറഞ്ഞയച്ചത്.' രാമു അലറി.
‘അയിനിപ്പ എന്താ.’ നാണു ആശയക്കുഴപ്പത്തിൽ പറഞ്ഞു.
പുലിയും എലിയും പരസ്പരം കണ്ണുകൊണ്ട് യുദ്ധം തുടങ്ങി. പക്ഷെ ഒട്ടും വൈകിയില്ല. രാമൻ നാണുവിനെ വെട്ടാൻ ചാടി വീണു. എന്നാല്‍ പ്രതീഷിച്ചത് സംഭവിച്ചില്ല. കാരണം നാണുവിന്‍റെ ചുളിവ് നിറഞ്ഞ കൈ രാമന്‍റെ കൈയ്യിൽ പിടിമുറുക്കിയിരുന്നു. മരുമോനും അച്ഛനും മറ്റ് ബന്ധുജനങ്ങളും പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും രാമൻ വീണ്ടും നാണുവിന് നേരെ കത്തിവീശി. അപ്പോള്‍ നാണു പിടിവിട്ടു. സൂര്യന്‍റെ പ്രഭ ആ കത്തിയുടെ തിളക്കം നാണുവിന്‍റെ മുഖത്ത് മിന്നിക്കളിപ്പിച്ചു. നാണുവിനെക്കാള്‍ പത്തിരുപത് വയസ്സ് കുറവാണ് രാമന്. എങ്കിലും ഓരോ തവണ കത്തി വീശുമ്പോഴും അസാമാന്യ മെയ് വഴക്കത്തോടെ, അമാനുഷികമായ ലാഘവത്തോടെ, നാണു രാമന്‍റെ പ്രഹാരത്തിൽ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. പുലിയുടെ പിടിയില്‍ നിന്ന് ഇര തേന്നിമാറുംപോലെ.
'കിളവന്‍റെ ഒരു ഊരെ.' മരുമോന്‍റെ ഒരു ബന്ധു അസൂയയോടെ അടുത്ത് നിന്നവനോട് നാണുവിനെക്കുറിച്ചു പറഞ്ഞു.
'അനക്കെന്തിന്‍റെ പ്രാന്താടാ.’ തണുപ്പിക്കാനായി അത് പറഞ്ഞപ്പോഴും രാമന്‍റെ ഉള്ളിലെ തീ ആളിക്കത്തുന്നത് അകകണ്ണില്‍ നാണു ദര്‍ശിക്കുന്നുണ്ടായിരുന്നു. എങ്കിലും അയാള്‍ അത് അറിയാത്തതായി ഭാവിച്ചു.
'വാ പൊത്തിക്കോ. നീ ജാതി ചോദിക്കാൻ ചെക്കനെ വിടൂല്ലേ ...' രാമൻ മുരണ്ടു.
'അതൊരു തെറ്റാൻട്രാ...' കാര്യം പിടികിട്ടാതെ നാണു പറഞ്ഞു.
രാമന്‍റെ രക്തം തിളച്ചു. അസഭ്യവാക്കുകൾ വിഷം പോലെ അവനിൽ നിന്ന് പുറത്തേക്ക് ഒഴുകി. അത് കേട്ട് പറപ്പകള്‍ അവിടെനിന്നും മാറിപ്പോയി. ഞാഞ്ഞൂലുകള്‍ നാണിച്ചു ആഴങ്ങളിലേക്ക് ഊളിയിട്ടു. കാക്കകള്‍ മാത്രം ഇതെല്ലം രസം പിടിച്ച് കണ്ടിരുന്നു.
ബന്ധുജനങ്ങൾ എങ്ങനെയോ രാമന്‍റെ കൈയിൽ നിന്നും കത്തി കൈക്കലാക്കിയപ്പോള്‍ അവരുടെ പിടിയിൽ നിന്നും കുതറി രാമൻ അതിന് തുനിഞ്ഞു. നാണുവിന്‍റെ മുടിയിൽ പിടിയമർത്തി. എലിവാൽ തൊട്ടാൽ കളി മാറുമെന്ന് രാമന്‍ അറിഞ്ഞില്ലേ ആവോ.
എലിവാലിന്മേലുള്ള സ്പര്‍ശനം നാണുവിന്‍റെ കോപവും ഇരട്ടിയാക്കി. രണ്ടും കല്‍പ്പിച്ച് അരയിലിരുന്ന അടയ്ക്കാപിച്ചാത്തി നാണു തപ്പിയെങ്കിലും പിച്ചാത്തി കൂട് മാത്രമേ അവിടെ കണ്ടുള്ളൂ.
'പെരട്ട മൂദേവി’ പിച്ചാത്തി രാധമ്മ എടുത്തതാണെന്ന് മനസ്സിലാക്കി നാണു ശപിച്ചു.
എലിയാണെങ്കിലും മോനെ പുലി, നീ കാണാത്ത അടവുകള്‍ എന്‍റെ കയ്യിലുണ്ട്. നാണു രാമനെ നോക്കി ഒരു കണക്കുകൂട്ടല്‍ നടത്തി. വജ്രായുധം. സകല ശക്തിയുമെടുത്ത് നാണു ആ അടവ് പുറത്തെടുത്തു. കയ്യിലെ സകല നഖവും കൊണ്ട് രാമന്‍റെ മുഖത്ത് നാണു ചിത്രം വരച്ചു. പുലിക്ക് പിടികിട്ടാത്ത ഇരയുടെ മുന്നേറ്റം. അതൊരിക്കലും കണക്കുകൂട്ടലില്‍ ഉണ്ടായിരുന്നില്ല എന്ന് തോന്നിപ്പിക്കുംവിധം മോങ്ങി രാമന്‍ പിന്നോട്ട് മാറി, പരാജയം പൂർണമായി പിടികൂടിയതുപോലെ.
കാൽ വച്ചതാകട്ടെ. സതീശനും രമേശനും കളിക്കാന്‍ കൊണ്ടിട്ട ഒരു പഴുത്തോലയുടെ മുകളിൽ. അടി തെറ്റിയാല്‍ ആന പോലും വീഴും. പിന്നെയാണോ പുലി. തിണ്ടിന് താഴെയുള്ള മണ്ണിൽ രാമൻ മുഖം അമർത്തി.
'ഇനി ആരേലും ഉണ്ടോടാ'. നാണുവിന്‍റെ വീരസ്യം. കണ്ണുകളിൽ ഉഗ്രമായ തിളക്കം.
ഭയന്ന് നിൽക്കുന്ന രാമന്‍റെ മരുമകന്‍റെയും കൂട്ടരുടെയും മുഖം കണ്ടപ്പോൾ ഒരു നായക പരിവേഷം ലഭിച്ചുവെന്ന് നാണു തെറ്റിദ്ധരിച്ചു. ഒരു ഏറ്റുമുട്ടലിൽ കുറഞ്ഞതൊന്നും താൻ പ്രതീക്ഷിച്ചിട്ടില്ലെന്ന മട്ടിൽ നാണു പരിഹാസത്തിൽ ഇരുപുരികവും ഉയർത്തി. എന്നാൽ നിക്കർ പോലീസ് പിന്നീട് വീട്ടിൽ വന്നപ്പോഴാണ് രാമൻ ഇഹലോകവാസം വെടിഞ്ഞ് പരലോകത്തേക്ക് പോയെന്ന് നാണുവിന് തിരിച്ചറിവ് ഉണ്ടായത്.
3.
‘Father Raman Expired. Please come. എന്ന് പോരെ’
രാമന്‍റെ ചാവ് സിലോണിലുള്ള മകൻ ശശിധരന് കമ്പിയടിക്കാൻ വീട്ടുകാര്‍ ഏല്‍പ്പിച്ച നാട്ടുകാരന്‍ ബാലനോട് തപാല്‍ ആപ്പീസിലെ ജീവനക്കാരന്‍റെ ചോദ്യം.
ഒരു കമ്പി സന്ദേശം അയയ്‌ക്കുന്നത് ആ ഗ്രാമത്തിലെ ഒരു വലിയ ബഹുമതിയായിരുന്നു. ഓരോ തവണയും ഒരു സംഭവം ഉണ്ടാകുമ്പോൾ - അത് പെറലോ, നൂലുകെട്ടൊ, ചാവോ, അടിയന്തിരമോ, അപകടമോ, ആഘോഷമോ എന്ത് തന്നെയാകട്ടെ - ആ സന്ദേശം കമ്പിയടിക്കാന്‍ ചങ്ങാടപുഴയ്ക്ക് അക്കരെയുള്ള തപാലാപ്പീസില്‍ പോകാന്‍ നിയോഗിക്കപ്പെടാനായി പലരും മത്സരിച്ചു. ബാലനാണ് ഇക്കുറി ഭാഗ്യം തുണഞ്ഞത് .
'എന്ന് വെച്ചാ.' ബാലന്‍ കൌതുകത്തോടെ ചോദിച്ചു.
'എന്ന് വെച്ചാ പിതാവ് രാമന്‍ മരണപ്പെട്ടു. ദയവായി വരിക.' ജീവനക്കാരന്‍ പരിഭാഷപ്പെടുത്തി.
'അപ്പീസറെ, പോരാ... മുഴുവനും വേണം.'
കമ്പിയാപ്പീസർ ജോലിയില്‍ തുടക്കക്കാരനാണെന്ന് കണ്ട് ബാലന്‍റെ ആളാവല്‍. ആളെയറിയാൻ വട്ടപ്പേരും കൂട്ടി ബാലനങ്ങ് പറഞ്ഞു.
'പുലി രാമന്‍. പുലി എന്തായാലും വേണം.'
പൊടിമീശ മുളച്ച ബാലന്‍റെ മുഖത്ത് ലേശം അഹംഭാവമില്ലേ എന്ന് ആപ്പീസര്‍ക്ക് തോന്നിത്തുടങ്ങി. ഇതേസമയം അങ്ങാടിയിലെ തയ്യല്‍ കോളേജിലെ പഠിപ്പും കഴിഞ്ഞ് വന്ന നാല് പാവാടക്കാരികള്‍ തപാലാപ്പീസിന് മുന്നിലേയ്ക്ക് വന്ന് നീളന്‍ മേശയില്‍ വെച്ച് എന്തോ എഴുതാന്‍ തുടങ്ങി.
'മരണപ്പെട്ടെന്ന് മാത്രം പോരെ.' ആപ്പീസറുടെ മാന്യമായ ചോദ്യം.
'പോരാ. ആര് കൊന്നൂന്ന് അറിയിക്കണ്ടേ.' ബാലന്‍ തറപ്പിച്ചുപറഞ്ഞു.
'അറിയിക്കണോ?' അപ്പീസർ മടിച്ചു ചോദിച്ചു.
'അറിയിക്കണം' ധിക്കാരത്തിന്റെ സൂചന നൽകി ബാലൻ എടുത്തടിച്ചു പറഞ്ഞു.
പൊക്കം കൂടിയ സുന്ദരിക്കോത ഇടയ്ക്കിടെ ഒളികണ്ണിട്ട് തന്നെ നോക്കുന്നുണ്ടെന്ന് ബാലന് തോന്നിത്തുടങ്ങി. അവളുടെ കണ്ണുകളിൽ ഒരു രഹസ്യമുണ്ടെന്ന് ബാലൻ വായിച്ചെടുത്തു. ബാലന് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒരു രഹസ്യം. പ്രതിപ്രവര്‍ത്തനം. ആദ്യ അനുഭവമായിരുന്നെങ്കിലും, തനിക്ക് കമ്പി അയച്ച് അനുഭവപരിചയമില്ലെന്ന് കാണിക്കാതിരിക്കാന്‍ ശരീരഭാഷയില്‍ ആവതും ശ്രമം തുടങ്ങി.
'എന്നാ പറയ്.'
'എലി നാണു മാന്തിയതാ.'
'എന്താ കാരണം?'
'ജാതി ചോദിച്ചു' ബാലൻ ശബ്ദം താഴ്ത്തിയാണ് അത് പറഞ്ഞത്.
'ഓയ്.... വരുന്നുണ്ടോ...' അക്കരയ്ക്കുള്ള കടത്തുക്കാരൻ കോയ ബാലനോട് നീട്ടിവിളിച്ചു ചോദിച്ചു. അക്കരയ്ക്കുള്ള അവസാന തോണിയാണ്. 'അതില്‍ തന്നെ തിരിച്ചു പോയില്ലെങ്കില്‍ പിന്നെ കളപ്പുര വഴി കറങ്ങിപ്പോണം. കാലിന്‍റെ ഊപ്പാട് എളകുന്ന ഏര്‍പ്പാടാ.' ബാലന്‍ മനസ്സില്‍ പറഞ്ഞു.
‘ഇപ്പൊ വരാ.’
ബാലന്‍റെ ഉച്ചത്തിലുള്ള മറുപടി കേട്ട് കോയ ദേഷ്യത്തോടെ തല ചൊറിഞ്ഞു. ഇതേസമയം സുന്ദരിക്കോത ഓടിപ്പോയി തോണിയില്‍ സ്ഥാനം പിടിച്ചു. വള്ളത്തിലുള്ള ആളുകളുടെ ക്ഷമ നശിക്കാന്‍ അധികം സമയം ഇല്ല എന്ന് തിരിച്ചറിഞ്ഞിട്ടാകണം അപ്പീസറോടുള്ള ബാലന്‍റെ സംസാരത്തിന് വേഗം കൂടി.
'എത്ര ഉറുപ്പിയാകും?'
'ആദ്യത്തെ പത്ത് വാക്കിന് ഒരു രൂപ. പിന്നെയുള്ള ഓരോ വാക്കിനും ഇരുപത്തഞ്ച് പൈസ.' ആപ്പീസര്‍ ശാന്തനായി പറഞ്ഞു.
'അത് ലേശം കൂടുതലാ.’
ആപ്പീസര്‍ക്ക് നല്ല ഭാഷയില്‍ മറുപടി പറയണമെന്നുണ്ട്. പക്ഷെ ജോലിക്കിടയില്‍ മാന്യത അഭിനയിക്കണമല്ലോ.
'എന്നാ സിലോൺ വരെ ഞാൻ നേരിട്ട് പോയി പറയാം.' അപ്പീസർ അതില്‍ ഒതുക്കി.
ഒന്നാലോചിച്ച് കോയ തോണി മുന്നോട്ടെടുത്തപ്പോൾ, കയ്യിലുള്ള തുട്ടുകള്‍ ആപ്പീസറുടെ മുന്നിലെ മേശയിലിട്ട് ബാലൻ തോണിക്കായി ഓടി.
'എന്നാപ്പിന്നെ അതിനുള്ളത് ഇങ്ങള് ഒന്ന് നോക്കി അയക്ക്.'
ഓട്ടത്തിനിടയിൽ ബാലൻ പറഞ്ഞത് അപ്പീസർ നീരസത്തോടെ കേട്ടിരുന്നു. അയാളുടെ മുഖം ഇരുണ്ടു. ബാലന്‍റെ ഓരോ വാക്കും കോപത്തെ ജ്വലിപ്പിക്കുന്ന തീപ്പൊരിയായി ആപ്പീസറുടെ കാതുകളിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. ഒരു തോന്ന്യാസക്കാറ്റ് വീശി അലയടിച്ച പുഴയിലെ വെള്ളം തപാലാപ്പീസിന്‍റെ ചുവരുകൾക്ക് മേല്‍ നിഴലുകൾ വീഴ്ത്തി നൃത്തം ചെയ്തപ്പോള്‍ അപ്പീസറുടെ മസ്തിഷ്കത്തില്‍ ഒരു കണക്കുകൂട്ടലുണ്ടായി.
സിലോണിലെ ആ പഴയ മെസേജ് സെന്ററിൽ നിന്ന് നാട്ടിൽനിന്നും അയച്ച കമ്പി സന്ദേശം ആംഗലേയഭാഷാ പരിജ്ഞാനമുള്ള ഉറ്റചങ്ങായി ഖാദര്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ ശശിധരൻ വാപൊളിച്ചു നിന്നു. അത് ഇങ്ങനെ വായിച്ചു.
ജാതി ചോദിച്ചു. എലി മാന്തി. പുലി മരണപ്പെട്ടു.
What's Your Reaction?