മണിമലയാറിൻ്റെ സാംസ്കാരിക തുടർച്ചകൾ

   24-Jan-2025 : 12:41 PM   1      41

   ചെറുപ്പകാലത്ത് അനുഭവിച്ചിരുന്ന പാളത്തൈരിൻ്റെയും അതു നേർപ്പിച്ചുണ്ടാക്കുന്ന മോരിൻ്റെയും മണവും രുചിയും കവർപാലിൽ നിന്നുണ്ടാക്കുന്ന തൈരും മോരും കഴിച്ചു കൊണ്ടിരിക്കുമ്പോൾ വെറുതെ ഓർത്തു സങ്കടപ്പെടാറുണ്ട്.

      അന്നൊക്കെ മുപ്പറക്കൊട്ടയിൽ അടുക്കി നിരത്തിവച്ച പാളക്കൂടയിലെ തൈരുമായി വീടുതോറും കച്ചവടം ചെയ്തിരുന്ന പുതുപ്പള്ളിക്കാരനായ ഒരു മാപ്പിളയെ ഇപ്പോഴും ഓർക്കുന്നു. വീട്ടിലെ പശുവിന് കറവ വറ്റുമ്പോഴാണ് പാളത്തൈര് വാങ്ങിക്കുന്നത്. കുത്തുപാളയിലെ ഉറച്ച തൈര് പാത്രത്തിലേക്ക് കൊട്ടിയിട്ട ശേഷമുള്ള പാളയുടെ അവകാശം ഞങ്ങൾ പിള്ളേർക്കാണ്. പാളയെടുത്ത് അതിലെ മുനയുള്ള ഈർക്കിൽ സാവകാശം ഊരിയെടുത്ത് മടക്കിയ പാള നിവർത്തി ഇളംമഞ്ഞനിറത്തിൽ ഉൾവശത്തു പറ്റിപിടിച്ചിരിക്കുന്ന വെണ്ണ വടിച്ചെടുത്ത് അകത്താക്കാൻ മത്സരമാണ്. വീട്ടിൽ കറവയുള്ളപ്പോൾ അമ്മ തൈര് കടയുന്നതിന് ചുറ്റും പ്ലാവിലയുമായി കുത്തിയിരിക്കുന്നതും പൊന്തിവരുന്ന വെണ്ണ പ്രതീക്ഷിച്ചായിരുന്നു. എങ്കിലും കുത്തുപാളയിലെ വെണ്ണ വടിച്ചു തിന്നുന്നത് ഒരു പ്രത്യേക അനുഭവമായിരുന്നു.

പാളത്തൈര് എല്ലാ നാട്ടിലുമുണ്ടായിരുന്നോ എന്നറിയില്ല. സാധാരണ പാത്രത്തിൽ ഉറയൊഴിച്ചുണ്ടാക്കുന്ന തൈരിൽ നിന്ന് വേറിട്ട് നിർത്തിയിരുന്ന അതിൻ്റെ മണവും ഗുണവും അതിനെ വഹിച്ചിരുന്ന കുത്തുപാളയുടെ സംഭാവനയാണ് എന്നതിന് സംശയമില്ല. പഴയകാലത്ത് തൈര് കൊണ്ടുനടന്നു വിൽക്കാൻ കണ്ടെത്തിയ ഒരു പായ്ക്കിംഗ് വിദ്യ മാത്രമായിരുന്നു കവുങ്ങിൻപാള കൊണ്ടുള്ള ഈ കവർ. ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കാവുന്ന വസ്തു. പ്ലാസ്റ്റിക് കൂടുകളൊന്നും അന്ന് പ്രചാരത്തിലായില്ലല്ലോ. പ്ലാസ്റ്റിക് വന്നതോടെയാകാം പാളത്തൈര് വിപണിയിൽ നിന്ന് അപ്രത്യക്ഷമായതും. ഇന്നത് രുചിയോർമ്മകളിൽ മാത്രമായി അവശേഷിക്കുന്നു. ഇന്ന് ആരെങ്കിലും എവിടെയെങ്കിലും കുത്തുപാളയിൽ തൈര് ഉറയ്ക്കുന്നുണ്ടോ എന്നറിയില്ല. പാള കുത്തി കുത്തുപാളയുണ്ടാക്കാൻ അറിയാവുന്നവർ ഇന്നു ജീവിച്ചിരിപ്പുണ്ടോ എന്നുമറിയില്ല. "കുത്തുപാളയെടുത്തു" എന്ന ശൈലീപ്രയോഗത്തിലൂടെ മാത്രം അത് കാലത്തെ അതിജീവിക്കുന്നു എന്നറിയാം.

    നാട്ടിൽ നാടൻപശുക്കൾ മാത്രമുണ്ടായിരുന്ന അക്കാലത്ത് അവയുടെ പാൽ, നിരത്തിയടുക്കി കുത്തിനിർത്തിയ കുത്തുപാളകളിൽ ഒഴിച്ച് അതിലേക്ക് ഉറ തട്ടുന്ന രീതിയായിരുന്നു എന്നു കേട്ടിട്ടുണ്ട്. തൈര് ഉറയ്ക്കുന്നത് പാളയിലിരുന്നാണ്. പാളയുമായുള്ള സമ്പർക്കം മൂലം പഴുത്ത പാളയുടെ നീരും പാലിൽ കലർന്നേക്കാം; അതുകൊണ്ടായിരിക്കാം ലോഹപാത്രത്തിലുറയ്ക്കുന്ന തൈരിൽ നിന്നും വ്യത്യസ്തമായ സ്വാദും മണവും പാളത്തൈരിനുണ്ടാകുന്നത്. കവുങ്ങിൻപാളയ്ക്ക് ചിലപ്പോൾ എന്തെങ്കിലും ഔഷധഗുണങ്ങളും കണ്ടേക്കാം. എന്തായാലും പാളത്തൈരിൽ നിന്നുള്ള മോരും അതുകൊണ്ടുണ്ടാക്കിയ പുളിശ്ശേരിയും അപ്രാപ്യമാക്കിയ കാലത്തിൻ്റെ അനീതിയോട് കടുത്ത പ്രതിഷേധം, വളിച്ച മോര് കൂട്ടേണ്ടിവരുന്ന സാഹചര്യങ്ങളിലെങ്കിലും ഉള്ളിൽ തികട്ടിവരാറുണ്ട്.
 മണിമലയാറിൻ്റെ തീരത്തെ ചേനപ്പാടിഗ്രാമത്തിന് പാളത്തൈരിൻ്റെ പ്രശസ്തമായ ഒരു പാരമ്പര്യമുണ്ട്. പുറമറ്റത്തെ കട്ടിത്തൈരും പ്രശസ്തമാണ്. "ചേനപ്പാടി കേളുച്ചാരുടെ പാളത്തൈര് കൊണ്ടുവാ.... അതു കൊണ്ടുവാ..." എന്ന വിളിച്ചുചോദ്യം ആറൻമുള സദ്യയിലെ ഒരിനമാണ്. അതിന് ഒരു ഐതിഹ്യകഥയുമുണ്ട്. ആറന്മുളക്ഷേത്രത്തിലെ ഒരു പുനർനിർമ്മാണവേളയിൽ ചേനപ്പാടിയിലെ ആശാരിമാരും കല്പണിക്കാരുമൊക്കെയാണ് നിയോഗിക്കപ്പെട്ടത്. പുലർച്ചയ്ക്കു മുമ്പുതന്നെ പൊതിച്ചോറു കെട്ടി കൂട്ടുന്നതിനായി പാളത്തൈരും ഒപ്പം കരുതി മണിമലയാറ്റിലൂടെ വഞ്ചിയിൽ പുറപ്പെടുന്ന അവർ ഇടത്തോടുകൾ കടന്ന് പമ്പയിൽ പ്രവേശിച്ച് രാവിലെ പണി തുടങ്ങേണ്ട സമയത്തു തന്നെ ആറൻമുളയിലെത്തും. ഉച്ചയ്ക്ക് ഊണിന് സമയമാകുമ്പോൾ പൊതിച്ചോറ് തുറന്ന് പാളത്തൈര് കൂട്ടി ചോറുണ്ണുമ്പോൾ ഒരു ദരിദ്രബാലൻ അടുത്ത് വന്ന് അവർ കഴിക്കുന്നത് കൊതിയോടെ നോക്കിനിൽക്കും. പണിക്കാർ തങ്ങളുടെ പങ്കിൽ നിന്ന് ഒരു വീതം ചോറ് പാളത്തൈരും ചേർത്ത് അവന് കൊടുക്കും. ശിഷ്ടം വരുന്ന തൈര് പാളയോടെ കൊണ്ടുപോയി കഴിക്കുന്നത് ആ കുട്ടിക്ക് വലിയ ഇഷ്ടവുമായിരുന്നു. പണി കഴിയും വരെ എന്നും ഈ പതിവ് തുടർന്നു. തിരിച്ചു പോന്ന പണിക്കാർക്ക് നല്ല ജീവിതാനുഭവങ്ങൾ ഉണ്ടായപ്പോൾ അത് ആറന്മുളയപ്പൻ്റെ അനുഗ്രഹമാണെന്നും തങ്ങളുടെ പക്കൽവന്ന് തൈരും ചോറുമുണ്ടത് സാക്ഷാൽ പാർത്ഥസാരഥിയാണ് എന്നും അവർ വിശ്വസിച്ചു.

ഈ കഥ ഐതിഹ്യമായി പ്രചാരം നേടി. വള്ളസദ്യയിൽ കേളുച്ചാരുടെ പാളത്തൈര് ഇടം പിടിച്ചത് അതുകൊണ്ടുമാകാം. ഇന്നും ആറൻമുള വള്ളസദ്യയ്ക്ക് ചേനപ്പാടിയിൽ നിന്ന് തൈര് കൊണ്ടുപോകുന്നുണ്ട്. പക്ഷേ അത് വാഴൂർ തീർത്ഥപാദ ആശ്രമത്തിലെ സങ്കരയിനം പശുക്കളുടെ പാലിൽനിന്ന് വലിയ പാത്രങ്ങളിൽ ഉറയൊഴിക്കുന്നതാണെന്ന് മാത്രം. അതും വലിയ പ്ലാസ്റ്റിക് കണ്ടയിനറുകളിലാക്കി ലോറിയിലാണ് കൊണ്ടുപോകുന്നത്. പേരിന് ഒരു പാളക്കൂടയുണ്ടാക്കി അതിൽ കുറച്ച് തൈര് നിറച്ച് ആചാരപൂർവ്വം കൊണ്ടുപോകും. അതും ശരിയായ കുത്തുപാളയിൽ പാൽ ഉറച്ചുണ്ടാക്കിയ തൈര് അല്ലെന്നാണ് അറിയുന്നത്.

ചേനപ്പാടിക്കു സമീപം ചെറുവള്ളി എസ്റ്റേറ്റിലും പരിസരങ്ങളിലുമുള്ള കാടുകളിൽ വളർന്ന് മണിമലയാറ്റിലെ വെള്ളം കുടിച്ച് വളർന്നിരുന്ന നാടൻപശുക്കളായ ചെറുവള്ളിക്കുള്ളൻ്റെ ഔഷധഗുണമുള്ള പാലിൽ നിന്നുള്ള തൈരാണ് ക്ഷേത്രം പണിയാൻ പോയവർ കൊണ്ടുപോയത് എന്നതുറപ്പാണ്. ചെറുവള്ളിക്കുള്ളൻ പശുക്കൾ ഇന്ന് അപൂർവ്വം !നല്ല ചെറുവള്ളിക്കുള്ളൻ പശുവിൻ്റെ പാൽ കുത്തുപാളയിൽ ഉറയൊഴിച്ച് ആരെങ്കിലും പാളത്തൈര് ഉണ്ടാക്കുന്നുണ്ട് എങ്കിൽ മോഹവില കൊടുത്തെങ്കിലും ഒരെണ്ണം വാങ്ങാമായിരുന്നു....

പാളത്തൈര് ഉറയൊഴിക്കുന്ന കുത്തുപാളയുടെ ഒരു ചിത്രം കിട്ടാനില്ലാഞ്ഞിട്ട് അതിനോട് ഏതാണ്ട് സാമ്യം വരുന്ന ഒരു പാളകൂടയുടെ ഒരു പടം ഇവിടെ ചേർക്കുന്നു.

    അനുബന്ധമായുണ്ടായ  ചില  ചലനങ്ങളേയും  എടുത്തുപറയേണ്ടിയിരിക്കുന്നു .  പാളത്തൈരിനെക്കുറിച്ചുള്ള  സൂചനകളിൽ നിന്നുംപ്രചോദനം ഉൾക്കൊണ്ടുകൊണ്ട്  കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷൻ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ ജനുവരി 25ന് കല്ലൂപ്പാറ- പുറമറ്റം റോഡിനു സമീപം മണിമലയാറിൻ്റെ തീരത്തെ പച്ചത്തുരുത്തിൽ സംഘടിപ്പിക്കുന്ന വിത്തുവേലി ചന്തയിൽ പാളത്തൈരിനും ഇടം നൽകുന്നു! കാർഷികവിളകളുടെ വിത്തിനങ്ങൾ, നടുതലകൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, തവിടു കളയാത്ത അരി എന്നിവയുടെ വില്പനയും പ്രദർശനവുമാണ് എല്ലാ വർഷവും നടന്നുവരാറുള്ള ഈ ഏകദിന കമ്പോളത്തിലുള്ളത്. നാടൻ കന്നുകാലികളുടെ പ്രദർശനവുമൊരുക്കിയിട്ടുണ്ട്.

    കുത്തിയെടുത്ത പാളയിൽ പരമ്പരാഗത രീതിയിൽ തയ്യാറാക്കിയ തൈരാണ് വിൽപ്പനക്കെത്തിക്കുന്നത്. പാള കുത്തി ഉറയുണ്ടാക്കാൻ അറിയാവുന്നരെ കണ്ടെത്തി പരീക്ഷണാർഥം ഉണ്ടാക്കിനോക്കി വിജയം കണ്ടു. സമീപപ്രദേശങ്ങളിലെ കമുകിൻതോട്ടങ്ങളിൽനിന്ന് പഴുത്ത പുതിയ പാളകൾ ശേഖരിക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട്. പ്രദേശത്തു തന്നെയുള്ള ക്ഷീരകർഷകരിൽനിന്ന് പാൽ ശേഖരിച്ചാണ് പാളതൈര് തയ്യാറാക്കുന്നത്. മണിമല നദീതട പൈതൃകപദ്ധതിയുടെ ഭാഗമായി ഈ കാർഷികമേളയെ വരുംകാലങ്ങളിൽ കൂടുതൽ വൈവിധ്യമാക്കാനും ഉദ്ദേശമുണ്ട്.

  മണിമലയാറിൻ്റെ  തീരപ്രദേശങ്ങളിൽ  നിലനിന്നിരുന്ന സമൃദ്ധമായ പൈതൃക സാംസ്കാരിക വൈവിധ്യങ്ങളെ കൂടുതൽ അടുത്തറിയാൻ  പുതിയ തലമുറയ്ക്ക്  കഴിയുംവിധം അവയെ  പരിചയപ്പെടുത്തുന്ന ചില ശ്രമങ്ങളിലാണ്  ഞങ്ങൾ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതു . അതിനായിട്ടാണ്  Manimala River Valley Heritage Project  പരിശ്രമിക്കുന്നത് .  ആ നിലയ്ക്കുള്ള എഴുത്തുകളും ശ്രദ്ധക്ഷണിക്കലുകളും ചെയ്യുന്നുണ്ട് .  അതിൻ്റെ ഭാഗമായിട്ടാണ്     Cruise on Pepper Boat സംഘടിപ്പിക്കുന്നതും .  
    മണിമലയാറിൻ്റെ ഉത്ഭവം മുതൽ പതനം വരെയും  ഇരുകരകളിലെയും ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും പൈതൃകവും ചരിത്രവും കഥാരൂപത്തിൽ കേൾക്കാനും അറിയാനും  സാഹചര്യമൊരുക്കാനും നേരിൽ കണ്ട് മനസിലാക്കുന്നതിനും ആസ്വദിക്കുന്നതിനും അവസരമുണ്ടാക്കാനുമുള്ള വിനോദ സഞ്ചാരമേഖലയിലെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
     വിനോദസഞ്ചാരവും പ്രാദേശിക ചരിത്രപഠനവും പൈതൃക സംരക്ഷണവും പരിസ്ഥിതിസംരക്ഷണവും സമന്വയിപ്പിക്കുന്നതിലൂടെ ആത്യന്തികമായി നദിയുടെ വീണ്ടെടുപ്പും നിലനിൽപ്പുമാണ് മണിമല റിവർവാലി ഹെറിറ്റേജ് പ്രോജക്ടും അതിൻ്റെ ഭാഗമായ ക്രൂയിസ് ഓൺ എ പെപ്പർ ബോട്ടും മുന്നോട്ടുവയ്ക്കുന്നത്. പ്രദേശത്തെ സാമൂഹ്യബോധം വളർത്തുന്നതിനും വിവിധ വിജ്ഞാനശാഖകളുടെ പരിപോഷണത്തിനും അടിസ്ഥാന വികസനത്തിനും എല്ലാറ്റിനുമുപരി ഉത്തരവാദ ടൂറിസത്തിൻ്റെ മികച്ച നടത്തിപ്പിലൂടെ ബന്ധപ്പെട്ട ജനസമൂഹങ്ങൾക്ക് സാമ്പത്തികമായ നേട്ടമുണ്ടാകുന്നതിനും പദ്ധതി വഴിവയ്ക്കുമെന്ന് പ്രത്യാശിക്കാം.

What's Your Reaction?