രാവ് പുലരുമ്പോൾ .

   17-Jan-2025 : 2:23 PM   0      13

കത്തിച്ച് വച്ച നിലവിളക്കിൻ്റെ പ്രകാശത്തിൽ അവളുടെ മുഖം

അപ്പോഴും തിളങ്ങുന്നത് പോലെ തോന്നി രവിക്ക്.

സ്വസ്ഥമായി, ശാന്തമായി ഉറങ്ങുന്ന കുഞ്ഞിനെപ്പോലെ. 

പകുതിയും എണ്ണ വറ്റിയ വിളക്കിൽ ആരോ എണ്ണ പകർന്ന് നൽകിയപ്പോൾ അത് വീണ്ടും തെളിഞ്ഞ് കത്തിത്തുടങ്ങി.

കത്തിത്തീർന്ന ചന്ദനത്തിരികളുടെ പൊടികൾ കുമിഞ്ഞ്കൂടി വിളക്കിന് ഇരുവശവും ചാരക്കൂമ്പാരം ആയിരിക്കുന്നു. വീണ്ടും തിരി കൊളുത്തിവക്കാൻ ഒരുങ്ങിയ  ആളോട്

ഇനി വേണ്ടെന്ന് രവി മുഖംകൊണ്ട് പറഞ്ഞു. 

മായക്ക് ചന്ദനത്തിരിയുടെ പുക ഇഷ്ടമേ ആയിരുന്നില്ല. ഒരു തരം ശ്വാസം മുട്ടലാണ് അതിന് എന്ന്

എപ്പോഴും അവൾ പറയും. ഇനിയും അവളെ ബുദ്ധിമുട്ടിക്കരുത്.. കഴിഞ്ഞ കുറേ മണിക്കൂറുകൾ ആയി

ഇതും ശ്വസിച്ചുള്ള അവളുടെ കിടപ്പ് തുടങ്ങിയിട്ട്.

"രവീ നീ കുറച്ച് നേരമെങ്കിലും വന്ന് കിടക്ക്. കുറേ നേരമായില്ലേ നിലത്തുള്ള ഈ ഇരിപ്പ് തുടങ്ങിയിട്ട്?"

ചേച്ചിയാണ്. 

വേണ്ടെന്ന് തലയാട്ടി അയാൾ മനസ്സിൽ ഓർത്തു.

വെറും നിലത്ത് മണിക്കൂറുകളായി ഒരേ കിടപ്പ് കിടക്കുന്ന മായക്ക് ഉണ്ടാകുന്ന അത്രയും ബുദ്ധിമുട്ടൊന്നും തനിക്കില്ലല്ലോ..? 

പെട്ടെന്നാണ് അയാൾ തൻ്റെ ചിന്തകളിലെ മാറ്റങ്ങൾ ശ്രദ്ധിച്ചത്. 

മായയുടെ ബുദ്ധിമുട്ടുകളെ താൻ എപ്പോൾ മുതലാണ് ശ്രദ്ധിച്ച് തുടങ്ങിയത്?  

കഴിഞ്ഞ ഒരാഴ്ച്ചയായി പതിവിലും ക്ഷീണിതയായി കണ്ടിരുന്ന അവളെ താൻ ശ്രദ്ധിച്ചിരുന്നില്ലല്ലോ..?

"രവ്യേട്ടാ.. കൊർച്ചീ സായിട്ട് നല്ല ക്ഷീണം തോന്ന്ണ്ണ്ട്.

ഓടി എത്ത്ണില്യാ.

അതോണ്ട് ട്യൂഷൻ പിള്ളേരോട് കൊർച്ചീസത്തിന് വരണ്ടാന്ന് പറഞ്ഞു ഞാൻ.

നമുക്കൊന്ന് ഡോക്ടറെ കാണിച്ചാലോ രവ്യേട്ടാ?"

'ആ നോക്കാം..'

എന്ന ഒറ്റ വാക്ക് ഉത്തരത്തിൽ ആ സംഭാഷണം അവിടെ അവസാനിച്ചു.

ദിവസം തോറും അവളിൽ പ്രസരിപ്പ് കുറഞ്ഞ് കൊണ്ടിരുന്നത് താൻ ശ്രദ്ധിച്ചില്ലല്ലോ..? 

അല്ലെങ്കിലും താനൊരിക്കലും ഒന്നും ശ്രദ്ധിച്ചിരുന്നില്ല.

ഇന്ന് രാവിലെ ജോലിക്ക് ഇറങ്ങുമ്പോൾ വാതിൽ പടിയിൽ ചാരി നിന്നിരുന്ന മായയുടെ മുഖത്ത്

പതിവ് ചിരി തെളിഞ്ഞില്ല എന്നതും താൻ ശ്രദ്ധിച്ചില്ലല്ലോ.. 

പകുതി ചാരിയ ജനൽപ്പാളികൾക്കിടയിലൂടെ വന്ന കാറ്റിൻ്റെ പ്രഹരത്തിൽ നിലവിളക്കിലെ നാളം ഉലഞ്ഞു.

ഇനി നേരം പുലരാൻ അധികമില്ല. ഈ രാവ് പുലരുമ്പോൾ മുതൽ രവിക്കൊപ്പം മായ ഇല്ല.

അയാൾക്ക് കണ്ണിലൂടെ ഇരുട്ട് കയറുന്ന പോലെ തോന്നി.

കഴിഞ്ഞ 22 വർഷങ്ങളിൽ അവൾ തൻ്റെ ജീവിതത്തെ സ്വാധീനിച്ചത് എത്ര ആഴത്തിലാണെന്നത് ,

കടന്ന് പൊയ്ക്കൊണ്ടിരുന്ന ഓരോ നിമിഷങ്ങളും അയാളെ ഓർമ്മപ്പെടുത്തി.

രവിയുടെ ചിറകിനടിയിൽ ഒരു ലോകം സൃഷ്ടിക്കാനായിരുന്നു അവൾ എന്നും ആഗ്രഹിച്ചത്.

അതെന്തോ, തൻ്റെ മിടുക്കാ യിട്ടാണ് അയാൾ കരുതിയത്. പക്ഷേ,അവിടെ താനറിയാതെ തൻ്റെ ലോകം,

അവളെ ആണ് ചുറ്റിക്കൊണ്ടിരുന്നത് എന്ന സത്യം അയാളെ അത്ഭുതപ്പെടുത്തി. 

ഉമ്മറത്തുനിന്നും അടക്കിപ്പിടിച്ച വർത്തമാനങ്ങൾ കേൾക്കാം.

 മായയെ കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.

ആശുപത്രിയിൽനിന്നും കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒരുപാട് പേർ മായയെ കാണാൻ വന്നു.

അവരൊക്കെ മായയെ കാണാനോ, അതോ തന്നോടുള്ള സഹതാപം അറിയിക്കാനോ എത്തിയത് എന്ന് രവിക്ക് മനസ്സിലായില്ല.

മോൾക്ക് നേരെ നീളുന്ന പല സഹതാപക്കണ്ണുകളും അയാളെ വീണ്ടും വീണ്ടും തളർത്തി.

15 വയസ്സുള്ള മകളുടെ ലോകം എന്താണെന്നോ, എങ്ങനെയെന്നോ അയാൾ അത് വരെ ശ്രദ്ധിച്ചിരുന്നില്ല.

അതിന് മായ ഉണ്ടായിരുന്നല്ലോ. അവൾ മോളുടെ കാര്യങ്ങളിൽ കാണിക്കുന്ന ആധിയെ,ഒരമ്മയുടെ കരുതലെന്നറിയാതെ പലപ്പോഴും പുച്ഛിച്ച് തള്ളിയിട്ടുണ്ട്.

പല കാര്യങ്ങളിലും അവൾ കാണിക്കുന്ന പരിഭവങ്ങളും, പിണക്കങ്ങളും ഒരു ഭാര്യയുടെ അഥവാ അമ്മയുടെ ജല്പനങ്ങൾ മാത്രം എന്ന് കരുതി

 വക വെക്കാതിരുന്നിട്ടുണ്ട്. ഓടി നടന്ന് ജോലി ചെയ്യുന്ന, അടുക്കും ചിട്ടയും ഇല്ലാത്തതിന് തന്നോട് ദേഷ്യപ്പെടുന്ന മായ

നാളെ മുതൽ തങ്ങളോടൊപ്പം ഇല്ല എന്ന സത്യം ഇനിയും രവിക്ക് ഉൾക്കൊള്ളാൻ ആയിട്ടില്ല.

ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അയാൾ മോളെ തിരഞ്ഞു.

പലരും പലയിടത്തായി തല ചായ്ച്ചിരിക്കുന്നു.  മുറിക്കകത്തേക്ക് എത്തി നോക്കുന്ന നിലാവിൻ്റെ വെട്ടത്തിൽ,

മുട്ടുകൾക്ക് മുകളിൽ തല കുനിച്ച് ഇരിക്കുന്ന മകളെ രവി കണ്ടു. പതുക്കെ ചെന്ന് അവളുടെ തലയിൽ കൈ വച്ചു.

 "ചാരൂ... "   തൊണ്ട ഇടറി അയാൾക്ക് ആ വിളി പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

മുഖം ഉയർത്തിയ മകൾ അച്ഛനെ കണ്ട് വിതുമ്പി.

ആ സാഹചര്യം എങ്ങനെ തരണം ചെയ്യണം എന്നറിയാതെ രവി വിഷമിച്ചു. കാരണം ഇത്തരത്തിലുള്ള സാഹചര്യങ്ങൾ എല്ലാം മായ ആണല്ലോ കൈകാര്യം ചെയ്തിരുന്നത്. 

"അച്ഛൻ വിഷമിക്കേണ്ട. ധൈര്യമായിട്ട് ഇരിക്കൂ." 

മകളിൽ നിന്ന് വന്ന ആ പ്രതികരണം തികച്ചും അപ്രതീക്ഷിതമായിരുന്നു.

നിലാവെളിച്ചത്തിൽ ചാരുവിൻ്റെ തളർന്ന കണ്ണുകളിൽ കണ്ട ആ ഉറപ്പ്  അയാളെ അത്ഭുതപ്പെടുത്തി.

മകളിൽ വന്ന പക്വത താൻ ഇത് വരെ ശ്രദ്ധിച്ചില്ലല്ലോ..?


അതിന്, മായയല്ലേ മകളുമായി കൂടുതൽ ഇടപഴകിയിരുന്നത്. അതായിരിക്കാം. അർത്ഥമില്ലാത്ത കാരണം കണ്ടെത്തി അയാൾ ആശ്വസിച്ചു.

ഒരു നിമിഷം കണ്ണടച്ച്, മകളുടെ മൂർദ്ധാവിൽ ചുംബിച്ച് രവി തിരികെ നടന്നു.

ചുമരിലെ ഘടികാരം രാവ് പുലരാറായെന്ന് സൂചിപ്പിച്ചു. 

ഉത്തരങ്ങളില്ലാത്ത കുറെയേറെ ചോദ്യങ്ങളുമായി,ഇനിയും എന്തൊക്കെയോ അറിയാൻ ആഗ്രഹിക്കുന്ന കൊച്ചുകുഞ്ഞിനെപ്പോലെ

രവി, മായക്കരികിലിരുന്നു. 

മായ അവസാന യാത്രയാകും മുൻപ് ഇനിയും ഒരുപാട് തിരിച്ചറിവുകൾ രവിയിൽ ഉണ്ടാകേണ്ടതുണ്ട്. 

പുലരാൻ ഒരുങ്ങിനിൽക്കുന്ന രാവിന് അത്രയെങ്കിലും കരുണ അയാളോട് കാണിക്കാൻ കഴിഞ്ഞാൽ,

കുറെയേറെ മാറ്റങ്ങൾ അയാളിൽ ഉണ്ടാക്കാൻ അത് ഒരു നിമിത്തമായാൽ..അതല്ലേ നല്ലത്..?

What's Your Reaction?