മറഞ്ഞ പക്ഷിക്കായുള്ള പ്രാർത്ഥനകൾ .

   17-Jan-2025 : 2:22 PM   0      14

ജോലിയുമായി ഞാന്‍ കൊച്ചിയില്‍ വന്ന ആദ്യനാളുകളില്‍  (1996 - 97) പരിചയപ്പെട്ട ഒരാളാണ് കവിത.

ഒരു ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയില്‍ ഉദ്യോഗസ്ഥ. ആര്‍മിയില്‍ ഡോക്ടറും നഴ്സുമായിരിക്കെ പ്രണയവിവാഹിതരായ ദമ്പതിമാരുടെ മകള്‍.

അച്ഛന്‍ പഞ്ചാബി. അമ്മ ആലപ്പുഴക്കാരി.

മര്‍ദ്ദകനും മദ്യപനുമായ അച്ഛനുമായുള്ള ബന്ധം പിരിഞ്ഞ് സ്വന്തം വീട്ടില്‍ വന്നു താമസിക്കുകയായിരുന്നു അമ്മ.

കവിത അമ്മയ്ക്കൊപ്പം കേരളത്തിലേയ്ക്കു വന്നു. അനിയത്തി അച്ഛനൊപ്പം ദല്‍ഹിയില്‍. 

 ഫാഷനബിള്‍ വസ്ത്രങ്ങളും ചമയങ്ങളുമണിഞ്ഞെത്തുന്ന തികഞ്ഞ ഒരു പഞ്ചാബി സുന്ദരിയായിരുന്നു കവിത.

പക്ഷേ അച്ഛന്‍റെ സ്വഭാവം മൂലമാകാം, ഉത്തരേന്ത്യക്കാരോടു തനിക്കു വെറുപ്പാണെന്നും മലയാളികളെയാണു തനിക്കിഷ്ടമെന്നും അവള്‍ ഇടക്കിടെ പറയുമായിരുന്നു.

മറൈന്‍ ഡ്രൈവില്‍ ഒരുപാടു വൈകുന്നേരങ്ങള്‍ ഞങ്ങള്‍ ഒന്നിച്ചു ചിലവഴിച്ചു,

തിയേറ്ററുകളിലും പുസ്തകശാലകളിലും എക്സിബിഷന്‍ കേന്ദ്രങ്ങളിലും അലഞ്ഞു.

 ഞങ്ങള്‍ സുഹൃത്തുക്കളായി കുറെ കഴിഞ്ഞ ശേഷമാണ് കവിത ഒരു പ്രധാനകാര്യം പറഞ്ഞത്.

അവളുടെ കല്യാണം കഴിഞ്ഞതാണ്. അച്ഛന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹത്തിന്‍റെ ബന്ധുവുമായി നടത്തിയ വിവാഹം.

മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥന്‍. അയാളും കുടിക്കും, തല്ലുണ്ടാക്കും.

ഒരു മര്‍ദ്ദനം ആദ്യത്തെ ഗര്‍ഭത്തിന്‍റെ അലസലില്‍ കലാശിച്ചപ്പോള്‍ ബന്ധം വേര്‍പെടുത്താനുറച്ചാണ് അവളും അമ്മക്കൊപ്പം പോന്നത്.   

മറ്റാരുടേയോ കഥ എന്ന മട്ടില്‍ അത്രമേല്‍ നിസംഗമായാണ് അവള്‍ സ്വന്തം അമ്മയുടെയും തന്‍റെയും തകര്‍ന്ന ദാമ്പത്യങ്ങളുടെ കഥ വിവരിച്ചിരുന്നത്.

എന്നാല്‍, ഒരിക്കല്‍ ഒരു വൈകുന്നേരം പിരിയാന്‍ നേരം അവള്‍ പറഞ്ഞു, 


"പകലൊക്കെ ഞാനിങ്ങനെ നടക്കും. പക്ഷേ, രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഭാവിയെ കുറിച്ചുള്ള ചിന്ത വരും.

ഞാനെന്തിനു ജീവിക്കണം? ആര്‍ക്കുവേണ്ടി ജീവിക്കണം? പിന്നെയെനിക്ക് ഉറങ്ങാന്‍ കഴിയില്ല. നേരം വെളുക്കാറാകുമ്പോഴാണ് ഒന്നു മയങ്ങുക.'' 

അന്നു രാത്രി, ആ ഒരു രാത്രി മാത്രം അവളുടെ വാക്കുകള്‍ എന്‍റെയും ഉറക്കം കെടുത്തി. 

ആ വര്‍ഷം ഓഫീസിലെ ക്രിസ്മസ് ആഘോഷത്തിനിടെ റിസപ്ഷനില്‍ നിന്ന് എനിക്കൊരു വിളിയെത്തി.

ചെല്ലുമ്പോള്‍ തപാല്‍ വകുപ്പുദ്യോഗസ്ഥന്‍ മനോഹരമായ ഒരു പൂച്ചെണ്ടുമായി നില്‍ക്കുന്നു.

"ഹാപ്പി ക്രിസ്മസ്''

എന്നു പറഞ്ഞ് അതെനിക്കു നല്‍കി. ടാഗില്‍ കെ.മല്‍ഹോത്ര എന്നു കുറിച്ചിരുന്നു.

തപാല്‍ വകുപ്പില്‍ ആശംസകളുടെ ബൊക്കെകള്‍ കൈമാറാന്‍ അങ്ങിനെയൊരു സംവിധാനമുള്ളത് ഞാന്‍ ആദ്യമായും അവസാനമായും കാണുകയായിരുന്നു.

അന്നു വൈകുന്നേരം നേരില്‍ കാണാനിരിക്കെയാണ് കവിത മല്‍ഹോത്രയുടെ ഈ അഭ്യാസം.

പിന്നീടൊരു ഡിസംബറിലും ആ പൂച്ചെണ്ട്  ഓർമകളിൽ സുഗന്ധം പരത്താതിരുന്നിട്ടില്ല. 

 അച്ഛന്‍ ദല്‍ഹിയിലേക്കു ചെല്ലാന്‍ അവളെ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു.

അനിയത്തിക്കു കൂട്ടാകണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം.

അനിയത്തിയെ ചൊല്ലിയല്ല തന്‍റെ വിവാഹബന്ധം വീണ്ടും കൂട്ടിയിണക്കാനാണ് വിളിക്കുന്നതെന്നും അതിനു താനില്ലെന്നും അവള്‍ പറയും. 

 ഒരു വൈകുന്നേരം ഒന്നിച്ചിരിക്കെ പെട്ടെന്നു അവള്‍ പറഞ്ഞു,


"നീ ഒരു പകല്‍ എന്നെ എങ്ങോട്ടെങ്കിലും കൊണ്ടുപോ.

അല്ലെങ്കില്‍ ഇവിടെ ഒരു ഹോട്ടലില്‍ മുറിയെടുക്കാം. ഇഷ്ടമുള്ളവര്‍ക്കിടയില്‍ അതൊന്നും ഒരു തെറ്റല്ല.''

 

ഞാന്‍ ഞെട്ടി. ഋഷ്യശൃംഗന്‍(24) വല്ലാതായി.   

അവള്‍ തുടര്‍ന്നു,


"അല്ലെങ്കില്‍ വേണ്ട. അതു കഴിഞ്ഞാല്‍ നിനക്കെന്നോടു വെറുപ്പാകും. വേണ്ട.'' 

എന്‍റെ ശ്വാസം നേരെ വീണു.  

ഒരു ദിവസം അവള്‍ അച്ഛന്‍ അയച്ചു കൊടുത്ത ഫ്ളൈറ്റ് ടിക്കറ്റു കാണിച്ചു തന്നു.

ദല്‍ഹിക്കു ചെല്ലാന്‍ നിര്‍ബന്ധിക്കുന്നതിന്‍റെ മറ്റൊരു രീതി.

 അനിയത്തിയും നിര്‍ബന്ധിക്കുകയാണെന്നും ഒന്നു പോയി നോക്കുകയാണെന്നും അവള്‍ പറഞ്ഞു.

ഞാന്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

 ആലപ്പുഴയിലെ അമ്മവീട്ടിലെ ലാന്‍ഡ് നമ്പര്‍ തന്നിരുന്നെങ്കിലും ഞാന്‍ അതിലേക്കു ഒരിക്കലും വിളിച്ചില്ല.

ഏതാണ്ട് രണ്ടു വര്‍ഷമാകാറായപ്പോള്‍ ഓഫീസ് വിലാസത്തില്‍ ഒരു കത്തു വന്നു. ഫ്രം അഡ്രസിന്‍റെ സ്ഥാനത്ത് കെ. മല്‍ഹോത്ര എന്നു മാത്രം. 

"ദല്‍ഹിയില്‍ എത്തിയതിനു ശേഷം ഭര്‍ത്താവുമായി വീണ്ടും ഒന്നിച്ചു,

താനൊരമ്മയായി, ഇരട്ടക്കുട്ടികളാണ്, അവര്‍ക്കിപ്പോള്‍ ഒരു വയസ്സായി, ഈ തിരക്കുകള്‍ക്കിടയില്‍ നിന്നെ കോണ്ടാക്ട് ചെയ്യാന്‍ സാധിച്ചില്ല,

എന്‍റെ ഇരട്ടക്കുട്ടികള്‍ക്കു വേണ്ടി നീ പ്രാര്‍ത്ഥിക്കണം.''  

ഇതാണു കത്ത്. കാര്യമാത്രപ്രസക്തം. 

ഇന്‍ലന്‍ഡ് മടക്കി, തപാല്‍ മുദ്രകളിലൂടെ കണ്ണോടിച്ചു. മുംബൈയില്‍ നിന്നാണു പോസ്റ്റ് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞയാഴ്ച മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ ഒരു വൈകുന്നേരം ചിലവിടുമ്പോള്‍,

എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കവിതയെ ഓര്‍ത്തു.

ഈ മഹാനഗരത്തിലെവിടെയോ അവളുണ്ടാകണം.

അവളുടെ ഇരട്ടക്കുട്ടികള്‍ ഇപ്പോള്‍ എത്രത്തോളം വളര്‍ന്നിട്ടുണ്ടാകും?

അവസാനത്തെ കത്തിലെ അവസാനത്തെ അഭ്യര്‍ത്ഥന ഞാനപ്പോള്‍ ഓര്‍ക്കുകയും ആദ്യമായി  അതനുസരിക്കുകയും ചെയ്തു:


 മുംബൈയുടെ ആകാശങ്ങളിലേയ്ക്കു

മിഴികളുയര്‍ത്തി ഞാന്‍ പ്രാര്‍ത്ഥിച്ചു, 

ആ ഇരട്ടക്കുട്ടികള്‍ക്കു വേണ്ടി.

What's Your Reaction?

ഷിജു ആച്ചാണ്ടി തൃശൂര്‍ ജില്ലയിലെ കൊരട്ടിയില്‍ 1973ല്‍ ജനനം.1996 മുതല്‍ സത്യദീപം വാരികയില്‍ സബ് എഡിറ്റര്‍. രണ്ട് ആക്ഷേപഹാസ്യ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇമെയില്‍: shijuachandy@gmail.com