ഗുരു പറഞ്ഞ പ്രണയ കഥ

   16-Jan-2025 : 7:32 PM   0      21

മഹാകവി മോയിൻകുട്ടി വൈദ്യരുടെ "ബദറുൽ മുനീർ - ഹുസ്‌നുൽ ജമാൽ " എന്ന കാവ്യത്തെ മുൻനിറുത്തിയുള്ള വ്യത്യസ്ത പുനഃരാലോചന 


"യാത്രാമദ്ധ്യേ ആ ഗ്രാമത്തിന്റെ ഒരു കോണിൽ ഒന്നു നിൽക്കണേ...

 പ്രേമം കഥപറയുകയും കണ്ണുനീരാൽ അതെഴുതുകയും ചെയ്യട്ടെ…

അവളധിവസിക്കുന്ന ഗ്രാമത്തെ പോലും

പ്രണയിക്കുന്നതാണെന്റെ മാർഗ്ഗം.

ഒരോരോ അനുരാഗികൾക്കും താന്താങ്ങളുടെ പ്രണയത്തിൽ വ്യത്യസ്ഥ സരണികളുണ്ട്"

പത്താം നൂറ്റാണ്ടിലെ ക്ലാസിക് അറബി കവി അബൂഫിറാസുൽ ഹമദാനിയുടെ മേൽ കവിത പ്രശസ്ത സൂഫി ഗുരു ഇമാം അബ്ദുല്ലാഹിൽ യാഫിഈ (റ) തന്റെ 'ഇർശാദ്' എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട്. പ്രണയം തുളുമ്പുന്ന വികാരതീവ്രമായ നിരവധികവിതകളാൽ സമ്പുഷ്ടമായ  പ്രസ്തുതകൃതിയിൽ ലൈലയും മദ്യചഷകവും പ്രേമവുമൊക്കെ വിഷയീഭവിക്കുന്ന മെറ്റഫറിസം നിറഞ്ഞ കവിതകളുമുണ്ട്.പത്തെമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ പള്ളിദർസുകളിൽ 'തസവ്വുഫ്' സിലബസിന്റെ ഭാഗമായിരുന്നു ഈ ഗ്രന്ഥമെന്നു വരുമ്പോൾ സൂഫിസ്റ്റിക് പ്രണയത്തിന്റെ ബാലപാഠങ്ങൾ മതവിദ്യാഭ്യാസത്തിൽ അക്കാലത്ത് അന്യമായിരുന്നില്ല എന്നു മനസിലാക്കാം. ഇത്തരമൊരു പാരമ്പര്യത്തിന്റെ പരിസരത്തിലാണ് മഹാകവി മോയിൻ കുട്ടി വൈദ്യരുടെ 'ബദറുൽ മുനീർ ഹുസ്നുൽ ജമാൽ' പ്രണയകാവ്യത്തിന്റെ പിറവി. ലിബറൽ ആഖ്യാനങ്ങൾക്കും മതാതീത വായനകൾക്കും ഉപരിയായി ബദറുൽ മുനീറിന്റെ രചനാ ചരിത്ര പരിസരത്തെ അങ്ങനെ കൂടി പുനരാലോചിക്കേണ്ടതുണ്ട്.  ഒരോ അനുരാഗികൾക്കും പ്രണയം പറയാൻ വിവിധമാർഗങ്ങളാണുള്ളതെന്ന അബൂഫിറാസുൽ ഹമദാനിയുടെ തത്വം വൈദ്യർ നവീനമായ കഥപറച്ചിൽ കാവ്യമാക്കി മാറ്റുകയാണുണ്ടായത്. 

 

'ഇന്തെ കഥ ഉറ്റിട്ട് അഖൽ കൊണ്ടോർത്താൽ. 

ഏറ്റം ഫസാഹത്തും പൊരുളുണ്ട് കേൾ'

 

ഈ കഥ വായിച്ച് ബുദ്ധിപൂർവ്വം ചിന്തിച്ചാൽ സാഹിത്യമേന്മയും പൊരുളുകളും ഏറെയുണ്ടെന്ന്  മനസിലാക്കുക എന്ന് വൈദ്യർ അനുവാചകനോട് പറയുന്നു.  കേവല പ്രണയകഥയല്ല ഇതിലെ ഇതിവൃത്തമെന്നും സാഹിത്യഭംഗിയും അകം പൊരുളുകളും അടങ്ങിയ ഈ കാവ്യത്തെ സഗൗരവം സമീപിക്കണമെന്നുമാണ് വൈദ്യർ ഉണർത്തുന്നത്. ബദറുൽ മുനീറിന്റെ ആരംഭത്തിൽ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി, ശൈഖ് മുഈനുദ്ദീൻ ചിശ്ത്തി എന്നിവരെ മുൻ നിറുത്തിയുള്ള പ്രാരംഭ പ്രാർത്ഥനകളിൽ നിന്ന് വ്യഗ്യമായി ഖാദിരി ചിശ്ത്തി ത്വരീഖത്തിലെ ആത്മീയസരണിയാണ് കവി മുന്നോട്ട് വെക്കുന്നതെന്നും വ്യക്തമാണ്. ഈ രണ്ട് സരണികളും പതിനഞ്ചാം നൂറ്റാണ്ട് മുതൽ പൊന്നാനി മഖ്ദൂമുകളുടെ ആത്മീയമാർഗ്ഗമായി കേരളത്തിന്റെ മണ്ണിൽ വേരോടിയതുമാണ്.ആ പാരമ്പര്യത്തുടർച്ചയുടെ വൈദ്യർ ഭാഷ്യമാണ് ബദറുൽ മുനീർ കാവ്യത്തിന്റെ കാതലെന്ന് തിരിച്ചറിഞ്ഞ ഗവേഷണങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടില്ലെന്നത് ദു:ഖസത്യമാണ്. കവി വളർന്ന സാമൂഹ്യപരിസത്തിന്റെ വളക്കൂറ് എന്താണെന്ന തിരിച്ചറിയാതെ പല പഠനങ്ങളും വികലമായ രീതിയിൽ രൂപപരിണാമം സംഭവിച്ചതും  മേൽ അഭിപ്രായത്തെ പ്രശ്നവത്കരിക്കുന്നുണ്ട്. മതാത്മകസംഗീതത്തിന്റെ തരഭേതങ്ങളെ മൂന്നായി വിഭജിക്കാം.

  • 1. സാധാരണക്കാർക്കുവേണ്ടിയുള്ളത്. 
  • 2. ജ്ഞാനികൾക്ക് വേണ്ടിയുള്ളത്. 
  • 3. ജ്ഞാനികളിലെ ജ്ഞാനികൾക്ക് വേണ്ടിയുള്ളത്.  

ഇതിൽ രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗങ്ങൾ സൂഫി അവസ്ഥകളുമായി ബന്ധപ്പെട്ടവയാണ്.1 സൂഫി നിഗൂഢതകളിലെ  ഹഖാഇഖ് ജ്ഞാനങ്ങളുടെ ഭാണ്ഡം പേറിയ തമിഴ് പുലവന്മാരുടെ കവിതകൾക്ക് പത്തൊമ്പതാം നൂറ്റാണ്ട് വരെ കേരളത്തിൽ വമ്പിച്ച പ്രചാരമുണ്ടായിരുന്നു.എന്നാൽ ബദറുൽ മുനീർ ഒരേ സമയം സാധാരണക്കാർക്ക് പാടി രസിക്കാവുന്ന ലളിതമായ അജാഇബ് (ഫാന്റസി) കഥയാണെന്നതും ഒപ്പം ജ്ഞാനികൾക്ക് അവസ്ഥാനുസരണം അകം പൊരുകൾ വ്യാഖ്യാനിക്കാൻ കഴിയുന്ന കാവ്യമാണെന്നതും ഇരുകൂട്ടർക്കുമിടയിൽ ഈ കാവ്യത്തിന് പെട്ടെന്ന് സ്വീകാര്യത ലഭിക്കാൻ കാരണമായി. ഫത് വകൾക്ക് യാതൊരു പഞ്ഞവുമില്ലാതിരുന്ന  തികച്ചും ഉലമാകേന്ദ്രീകൃതമായ പത്തൊമ്പതാം നൂറ്റാണ്ടിൽ  തലയെടുപ്പുള്ള ഒരു മതപണ്ഡിതനും ബദറുൽ മുനീറിനെതിരിൽ മതവിരുദ്ധത ആരോപിച്ചിരുന്നില്ലെന്നതും സ്പഷ്ടമാണ്. തെറ്റായി വ്യഖ്യാനിക്കപ്പെട്ട പല തമിഴ് പുലവരുടെ കവിതകൾക്കെതിരെ തൂലികപടവാളാക്കിയ വൈദ്യരുടെ സമകാലികരായിരുന്ന ശുജാഇ മൊയ്തു മുസ്ല്യാരോ (നഹ്ജുദ്ദഖാഇഖ്) , പുവാർ നൂഹ് കണ്ണ് മുസ്ല്യാരോ (ഫത്ഹുസ്സമദ്), പാടൂര്‍ കോയക്കുട്ടി തങ്ങളോ  (വൈതുല്യം) സമൂഹത്തിൽ വ്യാപകമായി പ്രചരിച്ചിരുന്ന വൈദ്യർകൃതികളെ വിമർശിച്ചിട്ടില്ലെന്ന് മാത്രമല്ല ശുജാഇയെ പോലുള്ള പണ്ഡിതകവിസാമ്രാട്ടുകളെ വൈദ്യരുടെ ഇശലുകൾ വളരെയധികം സ്വാധീക്കുകയുണ്ടായി. സഫലമാലയിൽ വൈദ്യരുടെ ബദർ പടപ്പാട്ടിലെ 'ഉണ്ടെന്നും മിശ്കാത്ത്' എന്ന ഇശൽ ശുജാഇ ഇശലായി സ്വീകരിച്ചത് ഒരുദാഹരണം മാത്രം.

പ്രണയത്തിനും സ്നേഹത്തിനും അതിപ്രാധാന്യം നൽകുന്ന സൂഫിധാരയാണ് ചിശ്ത്തി.എ.ഡി 930 ലാണ് ഈ ധാര രൂപം കൊള്ളുന്നത്.സിറിയയിൽ ജനിച്ച് വളർന്ന ഖാജാ അബൂഇസ്ഹാഖ് ശാമി(റ) യാണ് ചിശ്തി ത്വരീഖത്തിന്റെ സംസ്ഥാപകൻ. ഇവരിലേക്ക് ചേർത്താണ് ചിശ്തി ത്വരീഖത്ത് അറിയപ്പെടുന്നത്. ചിശ്ത്തി ത്വരീഖത്തിന്റെ പ്രാരംഭ അനുയായികൾ അഫ്ഗാനിസ്ഥാനിലും തെക്കനേഷ്യയിലുമായിരുന്നു. അബൂഇസ്ഹാഖ് ചിശ്തിയുടെ പിൻഗാമികളിൽ പ്രധാനിയായ  ഉസ്മാൻ ഹാറൂനി(റ) നിന്നും  ഖാജ മുഈനുദ്ദീന്(റ) ത്വരീഖത് ലഭിക്കുകയും പന്ത്രണ്ടാം നൂറ്റാണ്ടോടെ   ഇന്ത്യ-പാക് ഭൂഖണ്ഡങ്ങളിൽ ത്വരീഖത്ത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ശൈഖ് ഫരീദുദ്ധീൻ ഗഞ്ച് ശക്കർ (റ), ഖുതുബുദ്ധീൻ ഭക്തിയാർ കാക്കി ദഹ്ലവി (റ), ശൈഖ് നിസാമുദ്ധീൻ ഔലിയ (റ), അമീർ ഖുസ്രു, നാസറുദ്ധീൻ ചിരാഗ് ദഹ്‌ലവി (റ)  എന്നിവരൊക്കെ ചിശ്ത്തി ത്വരീഖത്തിലെ ഇന്ത്യ കണ്ട സുപ്രധാന വ്യക്തിത്വങ്ങളാണ്. പൊന്നാനിയിലെ ശൈഖ് സൈനുദ്ധീൻ മഖ്ദൂം ഒന്നാമനും  ഖാദിരി, ചിശ്ത്തി സരണികളിൽ സഞ്ചരിച്ചിരുന്നുവെന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുമുണ്ട്. ശൈഖ് ഫരീദുദ്ധീൻ ഗഞ്ച് ശക്കർ ഇന്ത്യയൊട്ടുക്കും സഞ്ചരിക്കുന്നതിനിടയിൽ കേരളത്തിൽ  എത്തിചേർന്നതായും  പൊന്നാനിയിലെ ഏറ്റവും പുരാതനമായ തോട്ടുങ്ങൽ പള്ളി അദ്ദേഹത്തിന്റെ നിർദേശാനുസരണം നിർമ്മിച്ചതാനെന്നും പറയപ്പെടുന്നു.പള്ളിയോട് ചേർന്ന് കാണുന്ന മഖ്‌ബറ ഫരീദുദ്ധീൻ ശൈഖിന്റെ ആത്മീയശിഷ്യനായ  ഉസ്മാൻ എന്ന ഉത്താൻ മുസ്‌ലിയാരുടേതാണ്.  തോട്ടുങ്ങൽ പള്ളിയുടെ മഹത്വം  പറയുന്ന പൊന്നാനി മഖ്ദൂം തങ്ങളുടെ മകൻ കൊങ്ങണം വീട്ടിൽ ഇബ്രാഹിം കുട്ടി മുസ്‌ല്യാർ  (1849-1905) രചിച്ച കവിതകളിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ശൈഖ് നിസാമുദ്ധീൻ ഔലിയയുടെ ആത്മീയശിഷ്യനായ അമീർ ഖുസ്രുവിൻ്റെ 'ചാർ ദർവേശ്' പത്തൊൻപതാം നൂറ്റാണ്ടിൽ അറബിമലയാളത്തിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടതുമൊക്കെ ഇതോട് ചേർത്ത് വായിക്കാം.   ഏകദേശം നാലഞ്ച് നൂറ്റാണ്ടുകളായി ചിശ്ത്തി സ്വാധീനം കേരളത്തിൽ നിലനിന്നിരുന്നു എന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്.

പ്രസിദ്ധനായ  ചിശ്ത്തി സൂഫി ശൈഖ് നിസാമുദ്ധീൻ ഔലിയ തന്റെ ആത്മീയശിഷ്യർക്ക് പ്രണയത്തെ കുറിച്ച് മനസിലാക്കാൻ പറഞ്ഞു കൊടുത്ത കഥയാണ് 'ബദറുൽ മുനീർ ഹുസ്നുൽ ജമാൽ'.  പിന്നീടത് പല വേർഷനുകളായി സൂഫിധാരകളിലൂടെ പല നാടുകളിലേക്ക്  കൈമാറ്റം ചെയ്യപ്പെടുകയും ഇങ്ങ് കേരളക്കരയിൽ വൈദ്യർ അത് പാട്ടാക്കി മാറ്റുകയും ചെയ്തു. അതിനാൽ ബദറുൽ മുനീറിന്  സമാനമായ പല കഥകളും  പേർഷ്യനിലും ഉണ്ടാകാം എന്നല്ലാതെ വൈദ്യർ ഏത് കൃതിയെ അവലംബമാക്കി എന്നു പറയുക ദുഷ്കരമാണ്.ഉറുദു കവിയായ മീർ  ഹസൻ ദഹ്ലവി (1786) യുടെ 'മസ്‌നവി സിഹ്റുൽ ബയാൻ' എന്ന കഥാ-കാവ്യ സമാഹാരത്തിലെ 'ഖിസ്സെ ബേനസീർ, ബദർ മുനീർ' എന്ന കഥയാണ് വൈദ്യർ അവലംബമാക്കിയതെന്ന് പറയാൻ കഴിയില്ല.അല്പം ചില കാര്യങ്ങൾ ഒഴിച്ചു നിറുത്തിയാൽ  ഇരു കഥകളും തമ്മിൽ സാരമായ അന്തരമുണ്ടെന്ന് മാത്രമല്ല വൈദ്യരുടെ കഥ കുറേകൂടി വിശദവുമാണ്. പൊതുവിൽ തന്റെ കാവ്യങ്ങളുടെ ഉപാദാനങ്ങളെ കുറിച്ച് പറയാറുള്ള വൈദ്യർ ഇക്കാര്യത്തെ കുറിച്ച് മൗനം പാലിക്കുകയല്ലാതെ വ്യക്തമായി  മറ്റൊന്നും പറഞ്ഞിട്ടുമില്ല.ഇത്തരം മൗനങ്ങളും ഒരുതരത്തിൽ സൂഫി ചിന്തകളുടെ ഭാഗമാണ്.വൈദ്യരുടെ കൃതിയെ കുറിച്ച് പഠനം നടത്തിയ അക്കാലത്തെ ബ്രിട്ടീഷ് ഉദ്ദ്യോഗസ്ഥനായ ഫ്രെഡ് ഫൗസറ്റ് ഇങ്ങനെ ആശ്ചര്യപ്പെടുകയുണ്ടായി  ' ഇവിടെ നിന്നാണ് അദ്ദേഹത്തിന് ഈ ആശയങ്ങളൊക്കെ കിട്ടുന്നത്?'.

 

'നുവൽവാൻ ഇതിൻ റാവി നിസാമുദ്ധീനാം 

നാമം ഹനഫിയ്യിൽ മശ്ഹൂറാനാം'. 

 

ഹനഫികൾക്കിടയിൽ പ്രശസ്തനായ നിസാമുദ്ധീനാണ് ഈ കഥ പറഞ്ഞതെന്ന് വൈദ്യർ കാവ്യാരംഭത്തിലെ പറയുന്നുണ്ട്. ഇന്ത്യയിൽ കേരളമൊഴികെയുള്ള മറ്റു പ്രദേശങ്ങളിലാകെ ഹനഫിമദ്ഹബ് വ്യാപിച്ചു കിടക്കുമ്പോൾ കൊണ്ടോട്ടിയിൽ ജീവിച്ചിരുന്ന അപ്രശസ്തനും അജ്ഞാതനുമായ നിസാമുദ്ധീൻ എന്നയാളാണ് കഥാകാരനെന്ന് ഏതാണ്ടെല്ലാ വൈദ്യർകൃതികളുടെ ഗവേഷകരും തെറ്റിദ്ധരിക്കുകയും പിന്നീട് വന്നവരൊക്കെ പ്രസ്തുത അബദ്ധം അപ്പാടെ ആവർത്തിക്കുകയും ചെയ്തിടുണ്ട്. ചില കൈയ്യെഴുത്ത് പ്രതികളിൽ 'ഹനഫിയ്യിൽ' എന്നതിന് പകരം 'ജബ്ഹത്തിൽ' എന്നൊരു പദം കണ്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ ജബ്ഹത്ത് എന്ന അറബി പദത്തിന് നെറ്റിത്തടം എന്നർത്ഥം നൽകിയാൽ ഇന്ത്യയുടെ നെറ്റിത്തടമായ ഡൽഹിയിൽ പ്രശസ്തനായ നിസാമുദ്ധീനാണ് കഥാകാരൻ എന്ന അല്പം ശ്രമകരവുമായ ഒരു വ്യാഖ്യാനവുമാവാം.

കൊണ്ടോട്ടിയിലെ തന്നെ അറിയപ്പെടാത്ത ഏതോ പ്രമാണിയുടെ സുന്ദരിയായ മകളോട് വൈദ്യർക്കുണ്ടായ പ്രണയപരവേശമാണ് ബദറുൽ മുനീറിന്റെ രചനാകാരണമെന്നതും അബദ്ധജഡിലമായ മറ്റൊരു ആരോപണമാണ്.അറബി മലയാള രചനകളുടെ അച്ചടി  ആരംഭിക്കുന്ന കാലത്താണ് വൈദ്യരുടെ കൃതികൾ അച്ചടിക്കപ്പെടുന്നത് എന്നതിനാൽ ഈ കാവ്യത്തിന്റെ പിറവിക്ക് പിന്നിൽ എന്തെങ്കിലും ദുരുദ്ദേശ്യമുണ്ടായിരുന്നെങ്കിൽ സമകാലികരായ മതപണ്ഡിതർ പരസ്യമായി എതിർക്കുമായിരുന്നു. ഭക്തകവിയും സർവ്വസ്വീകാര്യനുമായ വൈദ്യരുടെ മാനസികനിലയെ പോലും എത്ര വികൃതമായാണ് ചില ഗവേഷകർ വിലയിരുത്തുന്നത് !. സ്വസമുദായത്തിലെ കവിചക്രവർത്തിയെ ഇത്തരത്തിൽ ഇകഴ്ത്തുക വഴി എന്ത് മേന്മയാണ് ഈ ഗവേഷകർക്ക് ലഭിക്കുക ?  വൈദ്യർ മുന്നോട്ടുവെയ്ക്കുന്നത് ദേഹബന്ധിതമായ കേവല പ്രണയമല്ലെന്നും ശരീരേച്ഛകളിൽ നിന്ന് മുക്തമായ ദിവ്യപ്രണയമാണെന്നും ബദറുൽ മുനീറിലെ സൂക്ഷമവായനകളിൽ നിന്ന് വ്യക്തമാകുന്ന യാത്ഥാർത്യമാണ്. അത്മീയജ്ഞാനവുമായി ബന്ധമുള്ളവർക്കെ അത് മനസിലാകുകയുള്ളു എന്ന് മാത്രം. ദൗർഭാഗ്യകരമെന്ന് പറയട്ടെ വൈദ്യരുടെ ബദറുൽ മുനീറിനെ ഗവേഷണപരമായി സമീപിച്ചവരിൽ ഏറിയപങ്കും സൂഫിസത്തിൽ പരിജ്ഞാനമുള്ളവരായിരുന്നില്ല. തസവ്വുഫ് അറിയുന്ന പിൻ കാല പണ്ഡിതരാണെങ്കിലോ ബദറുൽ മുനീർ കൈകൊണ്ട് തൊട്ട് നോക്കിയതുമില്ല.അങ്ങനെ അർഹർ കൈയ്യൊഴിയുമ്പോൾ അനർഹർ രംഗം കീഴടക്കുന്ന രംഗം സംജാതമായി.

ബിസ്മിയും ഹംദും ഓതി അല്ലാഹുവിനെ പുകഴ്ത്തി, മുഹമ്മദ് നബി (സ) യിലും നബി കുടുബത്തിന്റെ മേലിലും  സ്വലാത്തും സലാമും ചൊല്ലി  ഇസ്‌ലാമിക രചനകളുടെ കീഴ്‌വഴക്കമനുസരിച്ച് തുടങ്ങി, സച്ചരിതരായ നാലു ഖലീഫമാരിൽ( അതും അഹ്ലുസുന്നഃയുടെ ക്രമീകരണപ്രകാരം) അനുഗ്രഹം ചൊരിഞ്ഞും,  ശേഷം 

 

'ബരിശൈ മികന്ദ ബാഗ്ദാദിൽ ലങ്കും ബദർ അബ്ദുൽ ഖാദിർ ഗുരുവാം 

ബലദുറ്റെ ഖാജ അജ്മീരിൽ വാഴും മുഈനുദ്ധീൻ താമും  തുണയാം.

പരിശിൽ തികന്ദേ ഖുതുബീങ്ങൾ ശൈഖോർ വലിയാക്കൾ സാലിക്ക് അനപേർ

പരിപൂരണത്തിൽ തരുളായുദിത്ത നബി ഉമ്മത്ത് എവ്വർ തുണയാം '

 

എന്നിങ്ങനെ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ),ഖാജാ മുഈനുദ്ധീൻ ചിശ്ത്തി (റ), പിന്നെ ലോകത്തുള്ള സകല   ഖുതുബ്, ശൈഖ് , ഔലിയാക്കൾ, സാധകർ എന്നിവരെ മുൻ നിറുത്തി ഒടുക്കം തിരുനബിയുടെ ഉത്തമ സമുദായത്തെ ആകമാനം ഇടനിറുത്തി ഭക്തിസാന്ദ്രമായ പ്രാർത്ഥനകളോടെ ബദറുൽ മുനീർ ഹുസ്നുൽ ജമാലിന്റെ കാവ്യരചന ആരംഭിക്കുന്ന   വൈദ്യർക്ക് ഏതെങ്കിലും ഒരു പെൺകുട്ടിക്ക് പ്രേമലേഖനം എഴുതാനെങ്കിൽ ഇത്രയും മഹത്‌വ്യക്തികളെ അപമാനിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് ചിന്തിക്കാനുള്ള അല്പബുദ്ധി പോലും ചില ഗവേഷണങ്ങളിൽ നഷ്ടപ്പെട്ടിരിന്നുവെന്ന് കാണാം. എന്നാൽ വൈദ്യർ കവിതകളിലെ ആത്മീയമാനങ്ങളെ കുറിച്ചുള്ള മറ്റുചില‌ നിരീക്ഷണങ്ങൾ പ്രസക്തമാണ്.

സി.പി സൈതാലി എഴുതുന്നു "മോയിൻ കുട്ടി വൈദ്യർ പാട്ടെഴുത്തിനെ സമീപിച്ചത് ഒട്ടും അലസമായല്ല. പ്രാർത്ഥനാ നിർഭരമായ സൂക്ഷ്മതയോടെയാണ്. ഇതിവൃത്തങ്ങളിലൂടെ കണ്ണോടിച്ചാൽ പോലും അത് ബോദ്ധ്യമാകും. ബദ്റും ഉഹദും മലപ്പുറവും ഹിജ്റയും ഹുസ്നുൽ ജമാലുമൊക്കെ അളവറ്റ വൈഭവം വിനിയോഗിച്ച ഗൗരവപൂർണ്ണമായ ഇതിവൃത്തങ്ങളാണ്. വലിയ ഒരുക്കങ്ങളാണ് അദ്ദേഹം രചനക്ക് വേണ്ടി നടത്തിയത്. നിരന്തരമായ യാത്രകളും അന്വേഷണങ്ങളും കൂട്ടിന്. വിശദാംശങ്ങൾ വരെ പഠിച്ചുറപ്പിച്ചാണ് എഴുത്തിന് മുതിർന്നത്. സൂക്ഷമപഠനത്തിന് വേണ്ടി നടത്തിയ ശ്രമങ്ങളെ കുറിച്ചുള്ള സൂചനകൾ വായനക്കിടയിൽ കണ്ണിൽ പെടാതെ പോകില്ല. ആവശ്യമായ വിശദാംശങ്ങൾ ലഭിക്കാതിരുന്നപ്പോൾ അനുഭവിച്ച സന്ത്രാസം മലപ്പുറം പടപ്പാട്ടിൽ പ്രതേകിച്ച് പറയുന്നുണ്ട്. ഉള്ളടക്കത്തിൽ കാണിച്ച അതെ ശ്രദ്ധയുണ്ട് രൂപത്തിലും.പാട്ടുകെട്ടിന് പറയപ്പെട്ട ചിട്ടകളൊക്കെയും ചട്ടപ്രകാരം അനുവർത്തിച്ചു തന്നെയാണ് അദ്ദേഹം കവിതകളെഴുതിയത്. എല്ലാ ശ്രമങ്ങളും കലാപരമായി വിജയിക്കുന്നതിനാവശ്യമായ വാസന കൊണ്ട് അനുഗൃഹീതനുമായിരുന്നു വൈദ്യർ. അതു കൊണ്ടു തന്നെ പിൽകാല പാട്ടുകെട്ടുകാർ എഴുത്തിൽ വൈദ്യരെ ഗുരുതുല്ല്യനായി കണ്ടു". 

മലപ്പുറം പടപ്പാട്ടിൽ രക്തസാക്ഷികളുടെ പോരാട്ടവർണ്ണനകൾ വിശദീകരിക്കുമ്പോൾ കൂട്ടത്തിൽ വീരനായ പോക്കർ ശഹീദിനെ പറ്റി പറയുന്നിടത്ത് നിജസ്ഥിതി പാടാനാകാതെ രണ്ട് ദിവസത്തോളം കവിതാരചന മുടങ്ങിപ്പോയതും പിന്നീട് വെള്ളിയാഴ്ച രാവ് അദ്ദേഹത്തെ സ്വപ്നത്തിൽ ദർശിച്ച് സംശയനിവൃത്തി വരുത്തിയതും 55 ആമത്തെ ഇശലിൽ വൈദ്യർ സവിസ്തരമായി പറയുന്നുണ്ട്. വൈദ്യരുടെ ആത്മീയവളർച്ച വ്യക്തമാക്കുന്ന പ്രസ്തുത സംഭവം 'അനുഗ്രങ്ങളെ പ്രസ്താവ്യമാക്കി മാറ്റുക' (വി.ഖു: 99:11) എന്ന ആയത്തിന്റെ പ്രായോഗികതലത്തിൽ വ്യാഖ്യാനിക്കാവുന്നതാണ്. ഈ ഒരൊറ്റസംഭവം വൈദ്യരെ കേവലകവി മാത്രമായി വിലയിരുത്തുന്നവരുടെ വായടപ്പിക്കാൻ മതിയാകുന്നതാണ്.

പൊതുവിൽ മാപ്പിളകാവ്യങ്ങളിലെയും വിശേഷിച്ച് വൈദ്യർ കൃതികളിലെയും സൂഫിസ്വാധീനത്തെ കുറിച്ച് കെ.അബൂബക്കർ ഇപ്രകാരം എഴുതുന്നു. " ഹസ്രത് നിസാമുദ്ധീൻ ഔലിയയുടെ ശിഷ്യൻ അമീർ ഖുസ്രു(മ:1325) വാണ് ഇന്ത്യൻ പ്രാദേശിക ഭാഷ കാവ്യരചനാമാധ്യമമായി സ്വീകരിച്ച ഏറ്റവും പഴയ സൂഫികവികളിൽ ഒരാൾ. ഖഢീബോലിയിലെ പദാവലിക്കൊപ്പം തുർക്കി, പേർഷ്യൻ, അറബി ഭാഷാപദങ്ങൾ കൂടി ഉൾച്ചേർത്ത മിശ്രഭാഷയിൽ ആദ്യമായി കവിത രചിച്ചത് പേർഷ്യൻ ഭാഷയിലെ വിഖ്യാത കവിയായ ഖുസ്രുവാണെന്ന് സാഹിത്യ ഗവേഷകർ ചൂണ്ടികാണിക്കുന്നു.അദ്ദേഹം തുടങ്ങി വെച്ച ആ പ്രവണത നിരന്തരം വളരുകയും വികസിക്കുകയും ചെയ്ത് പതിനേഴാം നൂറ്റാണ്ടാകുമ്പേഴേക്കും ഇന്ത്യൻ പ്രാദേശിക ഭാഷകളിലെല്ലാം മിശ്രഭാഷാഭേതം രൂപപ്പെടുകയും സൂഫി സാഹിത്യകൃതികൾ രചിക്കപ്പെടുകയും ചെയ്യുന്നുണ്ട്.അറബിമലയാള മിശ്രഭാഷയും മാപ്പിളപ്പാട്ടും ഇതേ സാംസ്കാരിക പ്രവാഹത്തിന്റെ ഭാഗമാണ്". അറബിമലയാള സംഗീതത്തിൽ ഹിന്ദുസ്ഥാനിയുടെ സ്വാധീനം ഭാഷാപ്രയോഗത്തിൽ മാത്രം ഒതുങ്ങാതെ താളലയത്തിലും പാടിപ്പറയുന്നതിലുമൊക്കെ അന്തര്ലീനമായി നിഴലിച്ചു  കിടക്കുന്നുണ്ട്. മാപ്പിളപ്പാട്ടുകളിലെ ബംബ്‌   ഇശലും ഹിന്ദുസ്ഥാനി  ഖവാലിയും തമ്മിൽ  പാട്ടും പറച്ചിലുമായി എവിടെയോ മുജ്ജന്മ ബന്ധമുള്ളത് പോലെ അനുഭവപ്പെടുന്നു . 

ചിശ്ത്തി ഓർഡറിൽ ശൈഖ് നിസാമുദ്ധീൻ ഔലിയയുടെ ദർശനങ്ങളിൽ നിന്ന് പ്രണയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന അല്പം വിശദീകരിക്കുന്നത് ബദറുൽ മുനീറിലെ കഥാതന്തുസംബന്ധമായ സൂഫി മാനത്തിന്റെ വായനക്ക്  സഹായകമാവും. ശൈഖ് നിസാമുദ്ധീൻ  തന്റെ ശിഷ്യരോടായി പറഞ്ഞു: 

 "ഒരു ദർവേശിനെ (ആത്മീയശിഷ്യൻ) സംബന്ധിച്ചിടത്തോളം മൂന്ന് കാര്യങ്ങൾ അവന് അത്യന്താപേക്ഷിതമാണ്. ആ മൂന്നുകാര്യങ്ങളാവട്ടെ 'ഐൻ' എന്ന അറബ് അക്ഷരത്തിൽ ആരംഭിക്കുന്നു.ഒന്ന് : ഇഷ്ക് (അനുരാഗം) രണ്ട്: അഖ്ല് (ധിഷണ) മൂന്ന് : ഇൽമ്( ജ്ഞാനം)". അറബ് ഭാഷയിലെ ഉച്ചാരണസ്ഥാന പ്രകാരം 'ഐൻ' ഗളനാളത്തിന്റെ  താഴ്ഭാഗമായ ജുഗുലത്തിൽ നിന്ന് പുറപ്പെടുന്ന അക്ഷരശബ്ദമാണ്. ഇതരഭാഷകളിൽ നിന്ന് 'ഐൻ' അറബ് ഭാഷയെ വ്യത്യസ്തമാക്കുന്നു. മരണത്തിന്റെയും ജീവന്റെയും വാതില്പടിയാണ് സ്വരസ്ഥാനമായ തൊണ്ടക്കുഴി.പ്രാണൻ തൊണ്ടക്കുഴിലെത്തുവോളം മനുഷ്യന്  അവസരങ്ങൾ  നൽകുമെന്ന് ഖുർആൻ ഉത്ബോധിപ്പിക്കുന്നുമുണ്ട്.പ്രാണനിൽ നിന്ന് പ്രണയവും ജനിക്കുന്നു.  

 

"ആത്മനൊമ്പരമറിയാത്തവരോട് ഞാനെങ്ങനെ പറയും ; എന്റെ ഹൃദയാന്തരത്തിൽ കനലെരിയുന്നു" എന്ന്  ജലാലുദ്ധീൻ റൂമി ചോദിക്കുന്നത് പോലെ ഒന്നാമത്തെ കാര്യമായ പ്രേമത്തെകുറിച്ച് അനുഭവങ്ങളില്ലാത്തവർക്കെങ്ങനെ വിവരിച്ചു കൊടുക്കും. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരുടെ ഹൃദയങ്ങളിൽ ഏറ്റവും ഉദാത്ത വികാരമായ 

പ്രേമത്തിന്റെ വിത്ത് എങ്ങനെ മുളപ്പിക്കും.  അതിനായി ശൈഖ് നിസാമുദ്ധീൻ അത്ഭുതാവഹമായ ഒരു കഥ ശിഷ്യരോട് പറയുവാനാരംഭിച്ചു.കഥകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാവില്ല‌.കഠിന തത്വജ്ഞാനങ്ങളെ പോലും ഏതു പാമരനും മനസിലാക്കികൊടുക്കുവാൻ കഥകൾക്കുള്ളത്ര ശക്തി മറ്റൊന്നിനുമില്ല. ബദറുൽ മുനീറിന്റെയും ഹുസ്നുൽ ജമാലിന്റെയും ത്രസിപ്പിക്കുന്ന പ്രണയകഥ ഗുരു പറഞ്ഞു തുടങ്ങി. പല ദിവസങ്ങളിലായിട്ടാണ് ഗുരു ശിഷ്യരോട് കഥ പറഞ്ഞു തീർത്തത്. ആയിരത്തൊന്ന് രാവുകളുടെ ആഖ്യാനശൈലിയിലായിന്നു കഥ പറച്ചിലെന്നതിനാൽ ഒരോ‌ ദിവസവും കഥയുടെ ബാക്കി ഭാഗം കേൾക്കാൻ അതിയായ ജിജ്ജാസയോടെ ശിഷ്യന്മാർ കണ്ണും കാതും കൂർപ്പിച്ചിരുന്നു. 

 

എന്നാൽ മുൻപ് സൂചിപ്പിച്ചതുപോലെ നിസാമുദ്ധീൻ ശൈഖിൽ നിന്ന്  വൈദ്യരിലേക്ക് ഈ കഥ എത്തിചേർന്ന കൈവഴി ഇന്നും അജ്ഞാതമായി അവശേഷിക്കുന്നുവെങ്കിലും ഖ്വാജാ മുഈനുദ്ധീൻ  മുതൽ ഖുസ്രു വരെ യുള്ള ചിശ്ത്തി സിൽസിലയിലെ ഗുരുക്കന്മാരിലൂടെ പലതരം കഥ പറച്ചിലുകളുടെ എമ്പാടും ഉദാഹരണങ്ങൾ പലയിടത്തും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നേർക്കുനേർ ഗുരുവിൻ്റെ മുഖദാവിൽ നിന്നും സൂക്ഷ്മതയോടെ ഒപ്പിയെടുക്കുന്നത് പോലെയാണ് വൈദ്യരുടെ ബദറുൽ മുനീറിലെ കഥാവിവരണങ്ങൾ സഞ്ചരിക്കുന്നതെന്നത് നമ്മെ തികച്ചും അത്ഭുതപ്പെടുത്തുന്നതാണ്. ആസ്വാദകനെ മനോലോക ദൃശ്യാവിഷ്കാരങ്ങളിലേക്ക് കൂട്ടികൊണ്ടു പോകുന്ന  മാസ്മരികവിദ്യ ബദർ, ഉഹദ്, മലപ്പുറം പടപ്പാട്ടുകൾ ഉൾപ്പെടെ ഏതാണ്ടെല്ലാ കാവ്യങ്ങളിലും വൈദ്യർ ഉപയോഗിച്ചതുപോലെ ബദറുൽ മുനീറിലും ദൃശ്യമാണ്.   കഥയിലൊരിടത്ത് പക്ഷിയായി തീർന്ന ബദറുൽ മുനീറിൻെ മാനസികാവസ്ഥയെ കുറിച്ച് കഥാകാരനായ ശൈഖ് ഇപ്രകാരം വിവരിക്കുന്നു.  

 

'ഏളുന്നു റാവി ഞാൻ മുന്നം ഇൻസാനദെന്നുമേ 

എള്ളോളം ഊഹിക്കാൻ ഒയ്യെ ഇല്ല മറ്റൊന്നുമേ '

 

കഥാകാരൻ പറയുന്നു : മുൻപ് താനൊരു മനുഷ്യനായിരുന്നുവെന്ന് ഓർക്കാനല്ലാതെ  മറ്റൊന്നും ചെയ്യാൻ ആ അവസരത്തിൽ  ബദറുൽ മുനീറിന് കഴിഞ്ഞിരുന്നില്ല.

 

ഏകദേശം പതിനഞ്ചിലധികം സ്ഥലങ്ങളിൽ കഥാകാരനായ ശൈഖ് നിസാമുദ്ധീനെ വൈദ്യർ അനുസ്മരിക്കുന്നുണ്ട്. കഥാഖ്യാനങ്ങളിലെ  പല ടിസ്റ്റുകളിലും റാവിയുടെ വിശദീകരണങ്ങളും നൽകുന്നുണ്ട്. 

 

'എല്ലാരും ഉറങ്ങിപ്പോയ് പെരിയോൻ ഖുദ് റത്താൽ നിസാമുദ്ധീൻ ശൈഖ് റാവി'.

 

'ഖാല നിസാമുദ്ധീൻ അവൻ മുശ്താഖാം'. 

'ഇരിപ്പായി എനി ബദറുൽ മുനീറിൽ ബാർത്ത എടുത്തു നിസാമുദ്ധീൻ ശൈഖുരത്താർ'. 

'നളർത്തദേ കഥാ ശൈഖും

നിസാമുദ്ധീൻ ബിരുത്തെ'

'അടലിക്കദ ഉരയ് ചുരുക്കി നിസാമുദ്ധീൻ

ഹുസ്നുൽ ജമാലാറ്റക്കുളൽ അപ്പോൾ'

'ചിദം റാവി ബിരുത്തുന്നാ റജുലാനെ പുരിയിൽ

ശിഹാബെണ്ടെ അരശർ ജിൻ മകനാണെ'

 

തുടങ്ങിയ വരികളിലൂടെ നിസാമുദ്ധീൻ ശൈഖിന്റെ കഥാഖ്യാന വൈഭവം വൈദ്യർ മനോഹരമായി വിവരിക്കുന്നു. 

 

'പവനപ്പദി നാമം മഹാസിൻ എണ്ടെ

പദവിശുഹ്റത്തും പെരുത്തു കൊണ്ടെ' എന്നിങ്ങനെ അസ്മീറിലെ മഹാസിൻ രാജാവിന്റെ പ്രകീർത്തി പറഞ്ഞു തുടങ്ങുന്ന കാവ്യത്തിന്  വൈദ്യർ ബദറുൽ മുനീറിന്റെയും ഹുസ്‌നുൽ ജമാലിന്റെയും സംഭവബഹുലമായ കഥ പറഞ്ഞ ശേഷം പരിസമാപ്തി കുറിക്കുന്നതിപ്രകാരമാണ്

 

'സാരം പെരിയോനോടടുപ്പാനായേ 

സകലം ഒഴിത്തവർ സുഹ്ദായി പോയെ'

 

രാജാധികാരമെല്ലാം മരുമകൻ ബദറുൽ മുനീറിന് കൈമാറിയ ശേഷം മഹാസിൻ രാജൻ രാജ്യം ഉപേക്ഷിച്ച് അല്ലാഹുവിനോട് അടുക്കാൻ പരിത്യാഗിയായി യാത്ര ചെയ്യുന്നു. ഇഷ്‌കിലൂടെ കടന്ന് അഖ്‌ൽ ഉപയോഗപ്പെടുത്തി ഇൽമ് എന്ന ദൈവജ്ഞാനം തേടിപ്പോകുന്നു .ദിവ്യപ്രണയം മനസിനെ മഥിക്കുകയും അല്ലാഹുവിൻ്റെ സാമിപ്യം ആഗ്രഹിക്കുകയും ചെയ്യുന്ന ഏകാന്തതകളിൽ സാധകരുടെ  ചുണ്ടുകളിൽ ബദറുൽ മുനീറിലെ വരികൾ ആശ്വാസമായി പെയ്തിറങ്ങുകയും കണ്ണുകൾ ആർദ്രമാവുകയും ചെയ്യുമ്പോൾ  പ്രേമം കഥപറയുകയും കണ്ണുനീർ അതെഴുതുകയും ചെയ്യുന്നു.

 

"മാടം എനിക്കെന്ത്  മേന്മയെന്ത് 

മാനവിന് നിനവെന്ത്‌ സീനത്തെന്ത് 

കൂടിപ്പൊറുക്കേണ്ട ആശിഖിനെ 

കൂടാതെ നിഅമത്തെനിക്കെന്തിനാ 

കൂടും വിട്ട് ഓടി പറന്നു പോന്ന് 

കൊമ്പും കാമരില്ല ഞാൻ ഉയന്ന് 

ഉയന്നെൻ്റെ സങ്കിടം  എന്ന്  മാറാൻ 

ഉരുകും മർളെനിക്കെന്ന് തീരാൻ ".

 

എനിക്കെന്ത് വാസസ്ഥലം ? എന്തു മികവ് ?

എന്ത് മനഃസന്തോഷം ? എന്ത് അഴക് ?

ഒത്തുചേരേണ്ട കാമിനിയെ കൂടാതെ ഏതേത് അനുഗ്രഹങ്ങൾ എനിക്കെന്തിന് ?

കൂടുവിട്ട് പാറി വന്ന കിളിയാണ് ഞാൻ 

വിശ്രമിക്കാൻ കൊമ്പും കമരില്ലാതെ ഞാൻ വലയുന്നു.

വലയുന്ന എൻ്റെ സങ്കടം എന്ന് തീരും ?

എൻ്റെ രോഗം എനിക്കെന്ന് മാറും?

 

മറ്റൊരിടത്ത് വിരഹദുഖ:ത്താൽ ഹുസ്നുൽ ജമാലിന്റെ സങ്കടം കവി ഇപ്രകാരം വിവരിക്കുന്നു.

 

'പരി കെട്ടി അത്താനം ചേരെ കിടന്ദെ

പരിശിൽ ബദറുൽ മുനീറെ നിനന്ദെ

കരയുന്നു ഇശ്ഖാൽ കലങ്ങുന്നു ചിന്താൻ

കാണും ബദ്ർ എന്ന് കാഴ്ചക്കകം താൻ

ഒരുമിച്ചു നോം രണ്ടും കൂടുന്നതെന്ന്

ഒക്കെയും കൂടും മഹ്ശറയീന്ന്

തരിശിക്കുന്നത്താനത്തിന്നോ പുരാനെ

ക്ഷണമിൽ അടുപ്പിക്കന്നാളെന്നിൽ കോനെ'

 

കിടന്നപ്പോൾ അവൾ ബദറുൽ മുനീറിനെ ഓർത്തുപോയി. പ്രണയത്താൽ ചിന്ത കലങ്ങുകയും കണ്ണീർ വാർക്കുകയും ചെയ്തു. " ഇനിയെന്നാണ് ബദറുൽ മുനീറിനെ കാണുക? എന്ന് പരസ്പരം ഒരുമിച്ച് കൂടും ? എല്ലാവരും ഒരുമിച്ച് കൂടുന്ന മഹ്ശറിൽ വെച്ചോ? അങ്ങനെയെങ്കിൽ അല്ലാഹുവെ ആ ദിനം നീ പെട്ടെന്നാക്കുക".

അവലംബം :

1)  Ruzbaham Baquily Shirazi -Risalathul Quadz - Edited by T.Nourlaksh- Page 50-54.

2)  Ernst, Carl W. and Lawrence, Bruce B. (2002) Sufi Martyrs of Love: The Chishti Order in South Asia and Beyond Palgrave Macmillan.

3) Circulation of the Fantastic: Literary Networks, Persianate Sphere and Moyinkutty Vaidyar in Colonial Malabar’.

4) സി.പി സൈതലവി, രചനാ കാവ്യ ത്തിന്റെ കാവ്യപൂർണ്ണിമ. വൈദ്യരുടെ സമ്പൂർണ്ണകൃതികൾ പേജ് 12.

5)   കെ.അബൂബക്കർ - മാപ്പിളപ്പാട്ട് ഒരു സാംസ്കാരികപഠനം.

What's Your Reaction?

Shameer P Hasan ശമീർ പി ഹസൻ എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് സ്വദേശി. ആനുകാലികങ്ങളിൽ എഴുതുന്നു. ഡിക്സിംഗ് ടെക്നോളജീസ് സ്ഥാപകനാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള മുസ്ലിം സമൂഹം, സാധകൻ എന്നീ കൃതികൾ രചിച്ചു. യാത്രയും, ചരിത്രാന്വേഷണവും ഇഷ്ടമേഖല. വിലാസം: പാണ്ഡ്യാല ഹൗസ്, ചെങ്ങമനാട്, ആലുവ 683578. : 9895101243, meetshamee@gmail.com