കഴുകൻ (The Vulture): ഫ്രാൻസ് കാഫ്ക
ഒരു കഴുകൻ എൻ്റെ ഇരുകാലുകളിലും കൊത്തിക്കൊണ്ടിരുന്നു.
അവൻ ഇതിനകം എൻ്റെ ബൂട്ടും സോക്സും കീറിമുറിച്ചിരുന്നു,
ഇപ്പോഴിതാ എൻ്റെ കാലുകളെ നേരിട്ട് ആക്രമിച്ചു തുടങ്ങിയിരിക്കുന്നു.
ഇടയ്ക്കൊന്ന് നിർത്തി എനിക്കു ചുറ്റും അസ്വസ്ഥനായി പലതവണ വട്ടമിട്ടു,
ഉടൻ തന്നെ ജോലി പുനരാരംഭിക്കുകയും ചെയ്തു.
ഒരു വഴിപോക്കൻ കുറച്ചു നേരം ഈ കാഴ്ച കണ്ടതിനു ശേഷം
എന്തിനാണ് ഞാൻ ഈ കഴുകനെ സഹിക്കുന്നതെന്ന് ചോദിച്ചു.
"ഞാൻ നിസ്സഹായനാണ്.
കൊത്താൻ തുടങ്ങിയപ്പോൾ തന്നെ ഇവനെ തുരത്തണമെന്ന് ആഗ്രഹിച്ചതാണ്.
കഴുത്തു ഞെരിച്ച് കൊല്ലാൻ പോലും ഞാൻ ശ്രമിച്ചു.
നടന്നില്ല. ഇവന് നല്ല ഉശിരുണ്ട്.
ആദ്യം എൻ്റെ മുഖത്തേക്ക് ചാടാനാണ് നോക്കിയത്.
അതിലും ഭേദം കാലുകൾ ബലിയർപ്പിക്കുന്നതാണെന്ന് ഞാൻ കരുതി.
ഇപ്പോൾ അവ ഏതാണ്ട് കീറിമുറിഞ്ഞിരിക്കുകയാണ്."
"ഈ പീഢനം നിങ്ങൾക്ക് എങ്ങനെ സഹിക്കാനാകുന്നു!"
അയാൾ പറഞ്ഞു. "ഒറ്റ വെടിയുണ്ട മതി. പിന്നെ ഈ കഴുകൻ ചരിത്രമാണ്."
"നേരാണോ?" ഞാൻ ചോദിച്ചു,
"നിങ്ങളത് ചെയ്യുമോ?"
"തീർച്ചയായും. പൂർണ്ണമനസ്സോടെ! ” അയാൾ പറഞ്ഞു,
" എനിക്ക് വീട്ടിൽ പോയി തോക്ക് എടുക്കാനുള്ള താമസമേയുള്ളൂ.
നിങ്ങൾക്ക് അര മണിക്കൂർ കൂടി സഹിക്കാമോ?"
"എനിക്കറിയില്ല."
ഞാൻ വേദനയോടെ കുറച്ചുനേരം മിണ്ടാതെ നിന്നു.
"ശരി, എന്തായാലും നിങ്ങൾ ശ്രമിക്കൂ."
"ശരി," അയാൾ പറഞ്ഞു,
"ഞാൻ കഴിയുന്നത്ര വേഗത്തിൽ വരാം."
കഴുകൻ ഞങ്ങളുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു;
അവൻ എന്നെയും വഴിപോക്കനെയും മാറി മാറി നിരീക്ഷിച്ചുകൊണ്ടിരുന്നു.
ഞങ്ങൾ പറഞ്ഞതെല്ലാം അവനു മനസ്സിലായിക്കാണുമെന്ന് ഞാൻ ഊഹിച്ചു;
മേലോട്ട് പറന്നുപൊങ്ങി, പിന്നോട്ട് ചാഞ്ഞ്, ഒരു ശരം പോലെ അവൻ എന്നിലേക്ക് കുതിച്ചു.
അവൻ്റെ കൊക്ക് എൻ്റെ വായിലേക്ക് തുളഞ്ഞുകയറി.
ആ പ്രഹരത്തിൽ അടിതെറ്റി ഞാൻ പിന്നിലേക്ക് വീണപ്പോൾ,
എൻ്റെ എല്ലാ സിരകളിലും അണപൊട്ടിയൊഴുകുന്ന രക്തത്തിൽ അവൻ
വീണ്ടെടുക്കാനാവാത്തവിധം മുങ്ങിത്താഴുന്നതോർത്തപ്പോൾ
എനിക്ക് ആശ്വാസം തോന്നി.
What's Your Reaction?