തിരുനെല്ലി......

   25-Jan-2025 : 5:05 PM   3      76

മഴ പെയ്യുന്നുണ്ട്. എങ്കിലും ബസ്സിന്റെ ഷട്ടർ അടയ്ക്കാൻ മനസ്സു വരുന്നില്ല.. മുഖത്തും കണ്ണിലും മഴ വീഴുന്നത് എത്ര ആശ്വാസമാണ്..തണുത്ത, നനുത്ത കാറ്റു വീശുന്നുണ്ട്. ഈ യാത്രയിൽ ഉടനീളം മഴ പെയ്യണം എന്ന് എത്ര കൊതിച്ചതാണ് .പക്ഷേ മഴയേക്കുറിച്ച് ഇനിയും നിന്നോട് പറഞ്ഞ് മടുപ്പിക്കുകയില്ലെന്ന് നേരത്തേ ഉറപ്പിച്ചിരുന്നു. നിനക്ക് മഴ പെയ്യുന്നത് ഇപ്പോഴായി ഇഷ്ടമല്ല. കാരണം മഴ പെയ്യുമ്പോഴേ കുറുകുന്ന ഒരു പ്രാവ് നിൻ്റെ  ഉള്ളിൽ  പിടയാൻ തുടങ്ങും .അത് ചിലപ്പോഴൊക്കെ കയ്യും കാലുമിട്ടടിച്ച് നിന്നെ വയ്യാതാക്കും. ഒരിറ്റു ശ്വാസത്തിനായി നീ പിടയുന്നതു കാണുമ്പോഴേ എൻ്റെ നല്ല ജീവൻ പോകും. അപ്പോഴൊക്കെ ഞാൻ മഴയെ അറിയാതെ വെറുത്തു പോകും. മഴയല്ല,. എനിക്കു വലുത് നീയാണ്.
     
         മഴ പെയ്തു തുടങ്ങിയപ്പോഴേ മടിച്ചിയായ നിൻ്റെ കണ്ണുകൾ കൂമ്പിയടയുന്നുണ്ട്. എൻ്റെ തോളിൽ തല ചായ്ച്ച് നീ മയക്കം തുടങ്ങിയിരിക്കുന്നു. അൽപം കഴിയുമ്പോൾ എൻ്റെ  മടിത്തട്ടിലാവും നിൻ്റെ ഉറക്കം. ഞാനോ, ബസ്സിൻ്റെ   ജനാലയിലൂടെ മഴക്കാഴ്ച്ചകൾ കണ്ട് എല്ലാം മറന്നിരിക്കുന്നു.


നാം മുന്നോട്ടു പോകുമ്പോൾ പിന്നോട്ട്  ഓടി  മറയുന്ന കാഴ്ചകൾ.. എത്ര കണ്ടാലും എനിക്കു മടുക്കില്ല. അരികിലെ സീറ്റിലിരുന്ന് ഓരോരോ പുറം കാഴ്ചകൾ കണ്ട്., പുഴയേയും, മരങ്ങളേയും മനുഷ്യരേയും നോക്കിയിരുന്ന് യാത്ര ചെയ്യുക.  എങ്ങാനും അരികിലെ സീറ്റു കിട്ടിയില്ല എങ്കിൽ ആ യാത്ര നഷ്ടബോധത്തിൻ്റെ സങ്കടക്കടലാകുന്നു..

           നിൻ്റെ നീണ്ട മുടിയിഴകൾ കാറ്റിൽ എൻ്റെ മുഖത്ത് പാറി വീഴുന്നുണ്ട്. അത് എന്നെ അലോസരപ്പെടുത്തുമെന്ന് കരുതിയാവാം നീയത് മാടിയൊതുക്കാൻ വൃഥാ ശ്രമിക്കുന്നുണ്ട്.   ഒരു വേള നിൻ്റെ ഈ നീണ്ട മുടിയും ,വിടർന്ന കണ്ണുകളും കണ്ടാണ് നിന്നെ ഞാനിഷ്ടപ്പെട്ടത് എന്ന് നിന്നോട് പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്. പിണങ്ങുമ്പോൾ മുടി മുറിച്ച് മൊട്ടച്ചിയാകുമെന്ന് എന്നെ നീ ഭീഷണിപ്പെടുത്തുന്നത് മുടിയോടുള്ള എൻ്റെ ഇഷ്ടം കണ്ടാണ്. ആ ഭീഷണിക്കു മുന്നിൽ എത്ര വട്ടമായി ഞാൻ തോൽക്കുന്നു.  ഇനിയും നിൻ്റെ സ്നേഹത്തിനും ,പിണക്കങ്ങൾക്കും മുൻപിൽ തോൽക്കാനാണ് എൻ്റെ ശേഷിച്ച ജീവിതയാത്ര മുഴുവനും.

      ജനാലയിലൂടെ പാറി വീഴുന്ന മഴച്ചാറ്റൽ പിറകിലെ യാത്രക്കാരനെ അലോസരപ്പെടുത്തുന്നുണ്ട്. മണ്ണും, മഴയും, കാറ്റും വെളിച്ചവും എന്നു മുതലാണാവോ മനുഷ്യൻ വെറുത്തു തുടങ്ങിയത്?
കയ്യിലോ., മുഖത്തോ വീഴുന്ന ഒരു ചെറിയ മഴത്തുള്ളിയെ വെറുത്ത് വാതിലെല്ലാമടച്ച്  പൂട്ടി ശവപ്പെട്ടിയിലെന്ന പോലെ കുറേ പേർ നമുക്കു ചുറ്റിലുമുണ്ട്. ഫോണിൽ മുഖം പൂഴ്ത്തിയിരിക്കുന്നുണ്ട് മറ്റു ചിലർ.. നീയിതൊന്നുമറിയാതെ ഉറക്കം തുടരുകയാണ്.
         
     മഴയിലും, മഞ്ഞിലും, കാറ്റിലും എളുപ്പത്തിൽ ആടിയുലയുന്ന ഒരു കുഞ്ഞു കിളിക്കൂടാണ് നിൻ്റെ ഹൃദയം. ഒരു ചെറു കാറ്റിൽ അത് തകർന്നു വീണേക്കാം. ആ കരുതലൊന്നും നിനക്കൊരിക്കലുമില്ല. വയ്യാത്തവൾ എന്ന പരിഗണന നീ ഒരിക്കലും ആഗ്രഹിക്കുന്നില്ല. തല്ലുകൂടിയും, പിണങ്ങിയും, പിന്നെയുമിണങ്ങിയും ജീവിതയാത്ര ആഘോഷമാക്കണം എന്നാണ് നിൻ്റെ  ആവശ്യം. ഈ യാത്രയിൽ നമ്മുടെ മടിയിലിരുത്താനും, കൊഞ്ചിക്കാനും ഒരു കുഞ്ഞു കയ്യ് ഉണ്ടാവാൻ ഇടയില്ല. അത് നിൻ്റെ  ജീവന്റെ കിളിക്കൂട് എറിഞ്ഞുടയക്കും. ആ സ്വപനം ഞാനുപേക്ഷിച്ചുവെങ്കിലും, നീയത് ഒരിക്കലും ഉപേക്ഷിക്കുവാൻ ഒരുക്കമല്ല. ഒരു കൂട്ടിൽ നീ ഒരമ്മക്കിളി., ചുറ്റിലും കൊക്കു വിടർത്തി ചിറകു മുളയ്ക്കാത്ത കുറേയേറെ കുഞ്ഞിക്കിളികളുടെ കലപിലകൾ.. ഇരതേടി ദൂരെ പറന്നു പോയ അച്ഛൻ കിളിയെ കാത്തിരിക്കുന്ന അമ്മക്കിളിയും, കുഞ്ഞുങ്ങളും. നീ ആവർത്തിച്ചു കാണാൻ ആഗ്രഹിക്കുന്ന നിൻ്റെ ഇഷ്ട സ്വപ്നങ്ങളിൽ ഒന്ന്.

  മഴ തെല്ലു ശമിച്ചിരിക്കുന്നു. എങ്കിലും ആകാശം മൂടിക്കെട്ടിത്തന്നെയാണ്. യാത്ര തുടങ്ങിയിട്ട് നേരം കുറച്ചായിക്കാണണം. തോളിൽ തല ചായ്ച്ചുള്ള ഉറക്കം ഇപ്പോൾ എൻ്റെ മടിത്തട്ടാക്കായിരിക്കുന്നു. എൻ്റെ കയ്യുകൾ നിന്റെ പുറത്ത് തലോടുന്നത് നീയറിയുന്നുണ്ടാകും.നിലച്ചു പോകാൻ ഇടയായപ്പോഴൊക്കെ എന്റെ വിരലുകൾ ആ മിടിപ്പിനെ തഴുകി ഉണർത്തിയിട്ടുണ്ട് എന്ന് നീ പറഞ്ഞിട്ടുണ്ട്. മരുന്നും, വൈദ്യവുമല്ല എൻ്റെ സ്നേഹമാണ് നിൻ്റെ  ജീവവായുവെന്ന് ഒരിക്കൽ കണ്ണീരോടെ...

വേണ്ട. ഒന്നുമോർക്കണ്ട..

ഈ യാത്ര ഒരു സ്വപ്നത്തിന്റെ ബാക്കിപത്രമാണ്. തിരുനെല്ലിയിൽ കുളിച്ചു തൊഴുത് ,പാപനാശിനിയിൽ മുങ്ങി നിവർന്നാൽ എല്ലാം മാറുമെന്ന് അമ്മ പറഞ്ഞ സ്വപനം.   മരിച്ചു പോയെങ്കിലും അമ്മയ്ക്കിപ്പോഴും നമ്മളെ എത്ര കരുതലാണ്... നീ എന്തു വിശ്വാസിച്ചാലും അതെൻ്റെ കൂടി വിശ്വാസമാണ്. അതിന്നു വേണ്ടി മാത്രമാണ് വയ്യാത്ത നിന്നേയും കൂട്ടി ഒരു തിരുനെല്ലി യാത്ര.

     മഴ വീണ്ടും കനം വച്ചിരിക്കുന്നു. വണ്ടിയിപ്പോൾ ചുരം കയറുന്ന കിതപ്പിലാണ്. ഷട്ടറുകൾ തുറന്നു വയ്ക്കാൻ വയ്യാത്ത വിധം മഴം തുടം വച്ച് ചെയ്യുന്നു. കിതച്ചും, കുന്നും മലയും താണ്ടി ഒടുവിൽ നാം തിരുനെല്ലിയിൽ എത്തിച്ചേരും. നിൻ്റെ (എൻ്റെയും) പ്രാർത്ഥനകൾ സഫലമാകും.

ഇനിയും ദൂരമുണ്ട്. എന്റെ കണ്ണുകൾ കനം വച്ചു തുടങ്ങിയിരിക്കുന്നു..

നിന്റെ മുടിയിഴകളിൽ തല ചേർത്ത് ഞാനും ഒന്നുറങ്ങാൻ പോകയാണ്..

മഴ പെയ്യട്ടെ.. യാത്രയും....

What's Your Reaction?