മാർക്വേസ്: വിചിത്രമരണങ്ങളുടെ വാങ്മയകാരൻ

   27-Jan-2025 : 1:22 PM   0      40

ഏകാന്തതയുടെ നൂറുവർഷങ്ങൾ

"വിചിത്ര മരണങ്ങളുടെ  വാങ്മയങ്ങൾ "   എന്ന പോലെയാണ് "ഏകാന്തതയുടെ  നൂറുവർഷങ്ങൾ" പുനർവായനയിൽ എനിക്ക് അനുഭവപ്പെട്ടത് .  
 ജീവിതത്തെ കൂടുതൽക്കൂടുതൽ ഇഷ്ടപ്പെടുത്താനാണ് പലപ്പോഴും, എഴുത്തുകാർ മരണങ്ങളെ വിവരിക്കാറ്. എന്നാൽ മാർക്വേസിൻ്റെ  മക്കൊണ്ടൊയിലെ മരണവർണ്ണനകൾ വായിക്കുമ്പോൾ മരണത്തെയും നാം വല്ലാതെ സ്നേഹിച്ചുപോകും. മക്കൊണ്ടൊ എന്ന സങ്കൽപ നഗരം സ്ഥാപിക്കുന്ന കുലപതി ജോസ് ആർക്കേഡിയോ ബുവേൻഡിയയുടെ, അവിടേയ്ക്ക് ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുമായെത്തി ബുവേൻഡിയുടെ ഉറ്റ ചങ്ങാതിയായി മാറുന്ന ജിപ്സി മെൽക്വിയാഡിസിൻ്റെ, ജോസ് ആർക്കേഡിയോ ബുവേൻഡിയയാൽ കൊല്ലപ്പെടുന്ന കോഴിപ്പോരുകാരൻ പ്രൂഡൻഷോ അഗ്വിലറുടെ, കൗമാരക്കാരെ ലൈംഗികത പഠിപ്പിക്കുന്ന നാടൻ വേശ്യ പിലർ ടെർണറെയുടെ, കുലപതിയുടെ മകൻ കേണൽ അറീലിയാനോ ബുവേൻഡിയയുടെ, റെമെഡിയോസിൻ്റെ, റെബേക്കയുടെ, റെമെഡിയോസ് സുന്ദരിയുടെ, ആ വംശാവലിയിൽ തുടർന്നങ്ങോട്ടുള്ള ഓരോ ആണിൻ്റെയും പെണ്ണിൻ്റെയും മരണങ്ങളൊക്കെ വിചിത്രസാഹചര്യങ്ങളിലോ വിചിത്രരീതിയിലോ ആണ് മാർക്വേസ് വിവരിക്കുന്നത്. മനസ്സിനെ ചൂഴുന്ന മരണഭയത്തിൽ ചാരിനിന്നുകൊണ്ട് തന്നെ, നിറം നിറഞ്ഞ സ്വപ്നം പോലെ അവയെയൊക്കെ നാമങ്ങനെ കണ്ടിരിക്കും.
മുറ്റത്തെ ചെസ്റ്റ്നട്ട് മരത്തിൽ ഇരുപതുപേർ ചേർന്ന് കെട്ടിയിട്ട, ജോസ് ആർക്കേഡിയോ ബുവേൻഡിയയുടെ അവസാനം ഇങ്ങനെയാണ്. "അവർക്ക് അയാളെ (ജോസ് ആർക്കേഡിയോ ബുവേൻഡിയയെ) ഉണർത്താൻ കഴിഞ്ഞില്ല. അൽപസമയം കഴിഞ്ഞ് മരപ്പണിക്കാരൻ, ശവപ്പെട്ടിയുണ്ടാക്കുന്നതിന് അളവെടുത്തുകൊണ്ടിരുന്ന സമയത്ത് വെളിയിൽ മഞ്ഞപ്പൂക്കൾ വർഷിക്കുന്നതായി ജനാലയിലൂടെ കണ്ടു.  നിശ്ശബ്ദമായ ഒരു  കൊടുങ്കാറ്റു പോലെ ആ പൂക്കൾ രാത്രി മുഴുവൻ നഗരത്തിലെല്ലാം പെയ്തു. മേൽക്കൂരകളെ പൊതിഞ്ഞു, വാതിലുകൾക്കു മുന്നിൽ തടസ്സം സൃഷ്ടിച്ചു, മൃഗങ്ങളുടെമേൽ വീണ് അവയെ ശ്വാസം മുട്ടിച്ചു. പൂക്കളെക്കൊണ്ട് പാതകൾ നിറഞ്ഞിരുന്നതിനാൽ ശ്മശാനയാത്രയ്ക്കു വേണ്ടി അവ നീക്കേണ്ടി വന്നു. " മരണം, മഞ്ഞയിൽ നിറഞ്ഞ് ഒരു കാമുകിയെപ്പോലെ കാൽപനികയായി വന്നു നിൽക്കുന്നു, മക്കൊണ്ടൊയിൽ.
നോവലിൻ്റെ ആദ്യഭാഗത്ത്, ജോസ് ആർക്കേഡിയോ ബുവേൻഡിയ കുന്തമെറിഞ്ഞ് കൊല്ലുന്ന, കോഴിപ്പോരുകാരൻ പ്രുഡൻഷ്യോ അഗ്വിലർ പിന്നീട് പല രാത്രികളിലും തൻ്റെ വീട്ടുമുറ്റത്തും കുളിപ്പുരയിലും മരണകാരണമായ, സ്വന്തം കഴുത്തിലെ മുറിവു കഴുകി നിൽക്കുന്നതായി ബുവേൻഡിയയും ഭാര്യ ഉർസുലയും കാണുന്നുണ്ട്.

ജിപ്സി മെൽക്വിയാഡിസിൻ്റെ മരണമാകട്ടെ ഇത്രയേയുള്ളൂ - "ആ ദിവസം ആറ്റിൽ ഒരു ചീത്ത സ്ഥാനത്താണ് അയാൾ ഇറങ്ങിയത്. പിറ്റന്നാൾ കുറെ നാഴിക താഴെ ആറ്റിൻ്റെ തെളിച്ചമുള്ള ഒരു തിരിവിൽ അയാളെ കണ്ടെത്തി; വയറ്റിൽ ഒരു ഒറ്റയാൻ കഴുകൻ ഇരിക്കുന്നു."
ജോസ് ആർക്കേഡിയോ ബുവേൻഡിയയുടെ ഭാര്യ ഉർസുല ഇഗ്വറാൻ അമരത്വം പ്രാപിച്ചവളാണെന്ന് നാം വിശ്വസിക്കും. ബുവേൻഡിയമാരുടെ കാടത്തങ്ങൾക്ക്, വിഫലമെങ്കിലും അത്ര വലിയ തടയായി നിൽക്കുന്ന ഒരു പെൺമരം. ഒരളവുവരെ ഏകാന്തതയുടെ നൂറുവർഷങ്ങൾ ഉർസുലയുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിൻ്റെയും അനുഭവതീക്ഷ്ണമായ പെണ്ണത്വത്തിൻ്റെയും കഥയാണെന്ന് പറയാം. പക്ഷെ, മരിക്കുമ്പോൾ ഉർസുലയും മാർക്വേസിൻ്റെ ഈ മാന്ത്രിക വാങ്മയദണ്ഡിൻ്റെ സ്പർശത്തിന് വിധേയയാകുന്നുണ്ട്.മരണത്തെ ചൂണ്ടി ജീവിതത്തെയാണോ അതോ ജീവിതത്തെ ചൂണ്ടി മരണത്തെയാണോ മാർക്വേസ് ഇഷ്ടപ്പെടുത്തുന്നതെന്ന് നാം നിശ്ചയമായും സംശയിക്കും. രതിയും മൃതിയും ഇത്രമേൽ ഇഴപിരിഞ്ഞു കിടക്കുന്ന ജീവിതസന്ദർഭങ്ങൾ മാർക്വേസിൻ്റെ മാന്ത്രികപ്പേനയിൽ നിന്നല്ലാതെ സൃഷ്ടിക്കപ്പെടില്ല, തീർച്ച.
മനുഷ്യൻ്റെ സദാചാരസംഹിതകളെ നിഗൂഢം പരിഹസിക്കുന്ന രതിയുടെ സാധ്യസന്ദർഭങ്ങളെല്ലാം ബുവേൻഡിയമാരിലൂടെ പ്രയോഗിക്കുന്നുണ്ട്, മാർക്വേസ്. വിജ്ഞാനകുതുകിയും ശാസ്ത്രതൽപരനുമായ ജോസ് ആർക്കേഡിയോ ബുവേൻഡിയയടക്കം ബുവേൻഡിയമാരെല്ലാം തന്നെ അപഥസഞ്ചാരശീലമുള്ളവരാണ്. മദിരയുടെ മണിക്കിടക്കയിൽ നിന്ന്, മരണത്തിൻ്റെ മടിത്തട്ടിലേയ്ക്ക് എടുത്തെറിയപ്പെടുകയോ നിശ്ശബ്ദം നീക്കിനിർത്തപ്പെടുകയോ ചെയ്യുന്ന അവരാരും തന്നെ നമ്മുടെ സാമ്പ്രദായിക സദ്ഗുണ നായകരല്ല. തീറ്റയും കുടിയും കാമവും കലഹവും ഏകാന്തതയും യുദ്ധവും മരണവും കൊണ്ട് തീക്ഷ്ണമാണ് മാർക്വേസിൻ്റെ മക്കൊണ്ടൊ. മരിച്ചവർ, മരിച്ചവരെപ്പോലെ മറക്കപ്പെടുകയോ മറയ്ക്കപ്പെടുകയോ ചെയ്യുന്നില്ല, അവിടെ. മരിച്ച പ്രൂഡൻഷോ അഗ്വിലറും മെൽക്വിയാഡിസുമെല്ലാം ജീവിച്ചിരിക്കുന്നവരോട് സ്നേഹം ചോദിച്ച് ചുറ്റുവട്ടങ്ങളിൽ വന്നു നിൽക്കുന്ന സുന്ദര സന്ദർഭങ്ങൾ നിരവധിയുണ്ട് നോവലിൽ.
ആദിമധ്യാന്തങ്ങളില്ലാത്ത ജീവിത നദിയായി അനവരതം ഒഴുകുകയാണ് ബുവേൻഡിയ വംശാവലി. ജോസ് ആർക്കേഡിയോ ബുവേൻഡിയയിൽ തുടങ്ങി അവസാനം പന്നിവാലുമായി പിറക്കുന്ന അറിലിയാനോ സന്തതി വരെ എത്തുന്ന ആ നദിയിൽ മനുഷ്യജീവിതത്തിന്റെ മാലിന്യമെല്ലാമുണ്ട്. പക്ഷെ, ആ മലിനാനുഭവങ്ങളിലൂടെ വായനക്കാരെ വിമലീകരിക്കുന്ന കലയുടെ രസതന്ത്രം മാർക്വേസിൻ്റെ രചനയുടെ സവിശേഷതയാണ്.          

മിത്തും യാഥാർത്ഥ്യവും സ്വപ്നവും സത്യവും കൂടിക്കുഴഞ്ഞു കിടക്കുന്ന മാർക്വേസിൻ്റെ ഭാവന മലയാളിക്കെന്നും പ്രിയപ്പെട്ടതാവുന്നത്, സ്വപ്നത്തിലൂടെയും മാന്ത്രികതയിലൂടെയുമുള്ള സുതാര്യമായ അതിൻ്റെ സഞ്ചാരസാധ്യതകൾ കൊണ്ടാണ്. നമ്മുടെ കഥാകഥനപാരമ്പര്യത്തിൽ അത് അത്രയേറെയുണ്ടല്ലോ.അധികാരത്തോട് എക്കാലവും വിധേയപ്പെടുന്ന ഒരു ജനത, തങ്ങളുടെ സ്വതേ അടക്കിവച്ച രതിലോകത്തെ സൗന്ദര്യാത്മകമായി പുനരനുഭവിക്കുന്നതാണ് മലയാളിയുടെ മാർക്വേസിയൻ സ്നേഹത്തിൻ്റെ ഒരു കാരണമെന്ന് എനിക്കു തോന്നുന്നു. അതിനെക്കാൾ, അത്തരമൊരു സാത്മ്യത്തിൻ്റെ വേര്, തീർച്ചയായും, നമ്മുടെ സ്വപ്നാത്മക അനുഷ്ഠാനങ്ങളുടെയും വിഭ്രാമക കഥാപാരമ്പര്യങ്ങളുടെയും വൈവിധ്യത്തിലാണ്.അതെന്തായാലൂം, മാർക്വേസിനെ - ലാറ്റിനമേരിക്കൻ സാഹിത്യത്തെ - മലയാളിയോട് ചേർത്തുനിർത്തുന്നതെന്താണെന്ന് വിശദമായിത്തന്നെ ഒന്ന്  അന്വേഷിക്കേണ്ടതുണ്ട്.

What's Your Reaction?