ആർത്തബാൻ -The Story of Other Wise Man.

   15-Jan-2025 : 3:44 PM   0      17

ആര്‍ത്തബാന്‍ 
(ഹെന്‍റി വാന്‍ ഡൈക് എഴുതിയ ദ സ്റ്റോറി ഓഫ് ദ അദര്‍ വൈസ് മാന്‍.)   


 
ജറുസലേമില്‍ നിന്ന് ഏറെ കിഴക്കുള്ള പാര്‍ഥിയ, അഥവാ പേര്‍ഷ്യയിലെ സൊരോവാസ്ത്രിയന്‍ മതത്തിലെ പുരോഹിതനും പണ്ഡിതനുമായിരുന്നു ആര്‍ത്തബാന്‍. ദിവ്യരക്ഷകന്‍റെ ജനനത്തെ കുറിച്ച് നക്ഷത്രങ്ങളില്‍ നിന്നറിഞ്ഞ ആര്‍ത്തബാന്‍ ആ ജനനത്തെ സൂചിപ്പിക്കുന്ന വാല്‍നക്ഷത്രം പ്രത്യക്ഷപ്പെടുന്നതു കാത്തിരിക്കുകയാണ്. അതു പ്രത്യക്ഷപ്പെടുമ്പോള്‍ യാത്ര പുറപ്പെടാന്‍ ബാബിലോണിയായിലെ 3 വിജ്ഞാനികളുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്. കാസ്പര്‍, മെല്‍ക്കോയ്രര്‍, ബെല്‍ത്താസര്‍ എന്നിവര്‍. താരമുദിക്കുന്ന രാത്രി, പാതിരാനേരത്തു ഇവര്‍ മൂന്നു പേരും ബാബിലോണിലെ ക്ഷേത്രത്തില്‍ നിന്നു ജറുസലേമിലേയ്ക്കു യാത്ര പുറപ്പെടും. അപ്പോള്‍ ആര്‍ത്തബാന്‍ അവിടെയെത്തി ഒപ്പം ചേരണം.

  ആര്‍ത്തബാന്‍ തനിക്കുള്ളതെല്ലാം വിറ്റ് മൂന്നു രത്നങ്ങള്‍ വാങ്ങി -  പേള്‍, സഫയര്‍, റൂബി. രക്ഷകനു കാഴ്ച വയ്ക്കാനുള്ളതാണ് ആ രത്നങ്ങള്‍. താരം പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ  ആര്‍ത്തബാന്‍ യാത്ര പുറപ്പെട്ടു. പാതിരാക്കു മുന്പ് നൂറ്റമ്പതു മൈല്‍ ദൂരം തരണം ചെയ്തു ബാബിലോണിലെത്തണം. കുതിരപ്പുറത്താണു യാത്ര. കുറേ നാഴികകള്‍ ചെന്നപ്പോള്‍ വഴിയരികില്‍ മരണാസന്നനായ ഒരു യഹൂദനെ കണ്ടു. അയാളെ ശുശ്രൂഷിച്ചു, കുറെ നേരം പോയി. പാതിരായ്ക്ക് ബാബിലോണില്‍ എത്താനായില്ല.  മറ്റു മൂന്നും പേരും കാത്തിരുന്നു കാണാഞ്ഞതിനാല്‍ യാത്ര പുറപ്പെട്ടുവെന്ന കത്താണു പ്രഭാതത്തിലെത്തിയപ്പോള്‍ ആര്‍ത്തബാന്‍ കാണുന്നത്.  

യാത്ര മുടക്കാന്‍ പക്ഷേ, ആര്‍ത്തബാന്‍ തയ്യാറായില്ല. മരുഭൂവിലൂടെയുള്ള യാത്രയ്ക്കു കുതിര പറ്റില്ല. ഭക്ഷണവും മരുന്നും തീര്‍ന്നു. അതിനാല്‍ ഒരു രത്നം വിറ്റു ഒട്ടകങ്ങളെ വാങ്ങി യാത്ര തുടര്‍ന്നു.  വഴിയില്‍ ശുശ്രൂഷിച്ച യഹൂദന്‍ നല്‍കിയ അറിവനുസരിച്ചു നേരെ രക്ഷകന്‍റെ ജന്മഗ്രാമമായ ബെത്ലഹേമിലേയ്ക്കു ചെന്നു. അവിടെ കൊച്ചുകുട്ടികളെ കൊല്ലാന്‍ നിയുക്തരായിരിക്കുന്ന ഹേറോദോസിന്‍റെ പട്ടാളക്കാരില്‍ നിന്ന് ഒരു കൊച്ചുകുഞ്ഞിനെ രക്ഷിക്കുന്നതിന് രണ്ടാമത്തെ രത്നം നല്‍കേണ്ടി വന്നു. 

ഉണ്ണീശോയും കുടുംബവും ഈജിപ്തിലേയ്ക്കു പലായനം ചെയ്തുവെന്നറിഞ്ഞ് അങ്ങോട്ടു പോയി. കണ്ടെത്തിയില്ല. അന്വേഷിച്ചലഞ്ഞു. അലച്ചില്‍ നീണ്ടതു മുപ്പത്തിമൂന്നു വര്‍ഷം. യേശുവിനെ അന്വേഷിച്ചും അതിനിടയില്‍ കണ്ടു മുട്ടുന്ന മനുഷ്യരെ സഹായിച്ചും ജീവിച്ചു. ഒടുവില്‍ ജറുസലേമിലേയ്ക്കു തിരികെയെത്തുമ്പോള്‍ ആളുകള്‍ ഗാഗുല്‍ത്താ ലക്ഷ്യമാക്കി നീങ്ങുന്ന കാഴ്ച. യേശുക്രിസ്തുവിനെ കുരിശില്‍ തറയ്ക്കുന്നിടത്തേയ്ക്കാണു ആ യാത്രയെന്നു മനസ്സിലാക്കുന്ന ആര്‍ത്തബാന്‍ അവസാന നിമിഷത്തിലെങ്കിലും യേശുവിനെ കാണാമെന്നും തന്‍റെ കൈയില്‍ അവശേഷിക്കുന്ന രത്നം കൊടുത്തു കഴിയുമെങ്കില്‍ യേശുവിനെ കഴുമരത്തില്‍ നിന്നു രക്ഷിക്കാമെന്നും കരുതി ഗാഗുല്‍ത്തായിലേക്കു പോകുന്നു. 

പക്ഷേ  പട്ടാളക്കാര്‍ പിടിച്ചു കൊണ്ടു പോകുകയായിരുന്ന ഒരു പെണ്‍കുട്ടി വഴിയില്‍ വച്ചു രക്ഷയ്ക്കായി ആര്‍ത്തബാന്‍റെ കാല്‍ക്കല്‍ വീഴുന്നു. പിതാവിന്‍റെ കടം വീട്ടാനായി അടിമച്ചന്തയില്‍ വില്‍ക്കാനാണ് അവളെ കൊണ്ടു പോകുന്നതെന്നു പട്ടാളക്കാരില്‍ നിന്നറിഞ്ഞ ആര്‍ത്തബാന്‍ അവളെ രക്ഷിക്കാന്‍ തന്‍റെ അവശേഷിക്കുന്ന രത്നം ആ പട്ടാളക്കാര്‍ക്കു നല്‍കുന്നു. 

 അപ്പോഴേയ്ക്കും ഭൂമി ഇരുണ്ടു. ഭൂചലനമുണ്ടായി. അതില്‍ പെട്ട് ഒരു മേല്‍ക്കൂര തകര്‍ന്നു തലയില്‍ വീണ് ആര്‍ത്തബാനു ഗുരുതരമായി പരിക്കേല്‍ക്കുന്നു. ആ പെണ്‍കുട്ടി അയാളെ മടിയില്‍ കിടത്തി. ജീവിതകാലമത്രയും അലഞ്ഞിട്ടും തന്‍റെ രക്ഷകനെ കാണാതെയും കാഴ്ചകള്‍ സമര്‍പ്പിക്കാതെയും താന്‍ മരിക്കാന്‍ പോകുകയാണല്ലോ എന്ന് ആര്‍ത്തബാന്‍ ആകുലപ്പെടുന്നു.

  ആര്‍ത്തബാന്‍ തന്‍റെ മടിയില്‍ കിടക്കുമ്പോള്‍ ഹീബ്രൂ ഭാഷയില്‍ മുകളില്‍ നിന്നാരോ അദ്ദേഹത്തോടു സംസാരിച്ചതായി പെണ്‍കുട്ടി കേട്ടു. എന്താണു സംസാരിച്ചതെന്നു വ്യക്തമായില്ല. എന്നാല്‍ ആര്‍ത്തബാന്‍റെ മറുപടി കേട്ടു. അതിങ്ങനെയായിരുന്നു: ""എപ്പോഴാണ് വിശക്കുന്നവനായി ഞാന്‍ അങ്ങയെ കണ്ടതും ഭക്ഷണം നല്‍കിയതും? എപ്പോഴാണ് കാരാഗൃഹവാസിയായി കണ്ടതും സന്ദര്‍ശിച്ചതും? എപ്പോഴാണ് രോഗിയായി കണ്ടു ശുശ്രൂഷിച്ചതും നഗ്നനായി കണ്ടു വസ്ത്രം നല്‍കിയതും? ഇല്ല പ്രഭോ അങ്ങിനെയൊന്നും ഉണ്ടായിട്ടില്ല. ഞാന്‍ അങ്ങയെ കണ്ടിട്ടുമില്ല.'' 

അതിനു മുകളില്‍ നിന്നു വന്ന മറുപടി പെണ്‍കുട്ടി വ്യക്തമായി കേട്ടു. അതിങ്ങനെയായിരുന്നു. ""എന്‍റെ ഈ എളിയ സഹോദരരില്‍ ഒരുവനു നിങ്ങള്‍ ഇതു ചെയ്തപ്പോഴെല്ലാം എനിക്കു തന്നെയാണു ചെയ്തത്.'' 

അതു കേട്ടുകൊണ്ടു ആര്‍ത്തബാന്‍ കണ്ണുകളടച്ചു, എന്നേക്കുമായി.

 ""അദ്ദേഹത്തിന്‍റെ യാത്ര സഫലമായി. 
അദ്ദേഹം തന്‍റെ ഗുരുവിനെ കണ്ടു. 
അദ്ദേഹത്തിന്‍റെ കാഴ്ചകള്‍ സ്വീകരിക്കപ്പെട്ടു.'' എന്നെഴുതിയാണു കഥ അവസാനിക്കുന്നത്. 

What's Your Reaction?

ഷിജു ആച്ചാണ്ടി തൃശൂര്‍ ജില്ലയിലെ കൊരട്ടിയില്‍ 1973ല്‍ ജനനം.1996 മുതല്‍ സത്യദീപം വാരികയില്‍ സബ് എഡിറ്റര്‍. രണ്ട് ആക്ഷേപഹാസ്യ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇമെയില്‍: shijuachandy@gmail.com