അറിവിലുമേറിയറിഞ്ഞവൻ

   19-Jan-2025 : 7:59 PM   0      12

" അറിവിലുമേറി യറിഞ്ഞവൻ തന്നുരു വിലുമൊത്തു പുറത്തുമുല്ലസിക്കും കരുവിനുകണ്ണുകളഞ്ചുമുള്ളടക്കി തെരുതെരെ വീണുവണങ്ങിയോതിടേണം." - ആത്മോപദേശശതകം 

അറിവിൽ ഉറച്ചുപോയ പണ്ഡിതന്മാരാണ് നമുക്ക് അധികവും ഉള്ളത്. ഗുരുദേവൻ ആവട്ടെ ,അറിവിലുമേറി അറിയാൻ - അതായത് ഇന്ദ്രിയസന്നികർഷജ്ഞാനമായ അപരയുടെ തലത്തിൽ നിന്നും ആത്മഞാനമാകുന്ന പരയിലേക്ക് പ്രവേശിക്കുവാൻ മനുഷ്യരെ ഉപദേശിക്കുന്നു. ഇങ്ങനെ ഏറി അറിയുമ്പോഴാണ് കാലദേശങ്ങളുടെ അവധിയെ ഉല്ലംഘിക്കുന്ന ആത്മജ്ഞാനം ഉണ്ടാവുന്നത്. അപരയെന്ന അറിവ് ക്ലാസ് മുറികളിൽ പഠിക്കാം. പക്ഷേ, പരയെന്ന പരമാർത്ഥജ്ഞാനം ഗുരുവിൽ നിന്നേ ലഭിക്കൂ. "അധ്യാത്മവിദ്യാ വിദ്യാനാം" എന്ന ഗീതാ മന്ത്രാർത്ഥം ആത്മവിദ്യയോടു കടപിടിക്കുന്ന മറ്റു വിദ്യകൾ ഇല്ല എന്നാണല്ലോ വെളിപ്പെടുത്തുന്നത്. അറിവിലുമേറി അറിയുന്നവന് ലഭിക്കുന്ന ഈ ജ്ഞാനമാണ് അമൃതം. അത് നുകർന്നവന് മരണമില്ല. അതുണ്ടാവുമ്പോൾ അകത്തും പുറത്തും ആത്മചൈതന്യം നിറഞ്ഞുല്ലസിക്കുന്ന സ്വാനുഭൂതി ഉണ്ടാവും. നാമരൂപങ്ങൾ തിരോഭവിക്കും. ദ്വൈത ഭാവന അദ്വൈതമാകും. ആസ്ട്രോ ഫിസിക്സോ റോബോട്ടിക്സോ നിർമിത ബുദ്ധിയോ ഒന്നും മരണത്തിൽ നിന്നോ മരണഭയത്തിൽ നിന്നോ ഒരുവനെ രക്ഷിക്കുകയില്ല. അതുകൊണ്ട് " അറിവിലുമേറി അറിഞ്ഞവൻ "തന്നെ ഭാഗ്യവാൻ.

What's Your Reaction?